Photo: mathrubhumi
ഈ കഥ കേട്ടാല്‍ ഒരൊറ്റ ചോദ്യമേ ഉണ്ടാവൂ. ലൈംഗിക വികാരമില്ലാത്തവരോ? ഇങ്ങനെയുണ്ടോ മനുഷ്യര്‍? സെക്‌സ് എന്ന ഒരൊറ്റ ബ്രാക്കറ്റില്‍ സകലതും കുത്തിക്കയറ്റുന്ന ലോകത്ത് ലൈംഗിക വികാരവിചാരങ്ങളില്ലാത്തവരുടെ ഇതരജീവിതം തീര്‍ത്തും നിഷ്ഫലവും നിരര്‍ഥകവും അത്രമേല്‍ അവിശ്വസനീയവുമാണ് മറ്റുള്ളവര്‍ക്ക്. പക്ഷേ, അങ്ങനെയുമുണ്ട് ചില ജീവിതങ്ങള്‍. ഈ ജീവിതം ജീവിച്ചു തീര്‍ക്കുന്ന കുറേ മനുഷ്യരും. അത് ഉൾക്കൊള്ളാൻ പ്രയാസമുളളര്‍ അറിയണം അശ്വിനിയുടെ കഥ. അല്ല, കഥയെ വെല്ലുന്ന അവരുടെ അനുഭവസാക്ഷ്യം.
"ഡിഗ്രി പഠനകാലത്തായിരുന്നു അത്. രാത്രി ഹോസ്റ്റല്‍ മുറിയില്‍ ഏതോ ഇംഗ്ലീഷ് ചിത്രം കണ്ടുകൊണ്ടിരിക്കേയാണ് കൂട്ടുകാരികള്‍ ആ ചോദ്യം ചോദിച്ചത്. അല്ലാ.. നീ മാത്രം എന്താ ഇങ്ങനെ. നിനക്ക് ഇതൊക്കെ കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ.? എന്ത് തോന്നാന്‍ എന്ന എന്റെ നിര്‍വികാര ചോദ്യം കേട്ട് അവര്‍ ഒന്നുറപ്പിച്ചു. 'എന്നാല്‍ നിനക്കെന്തോ കാര്യമായ കുഴപ്പമുണ്ട്.' അവരുടെ ആ തീര്‍പ്പിലായിരുന്നു എന്റെ തിരിച്ചറിവ്.
അന്ന് മാത്രമല്ല, അതിനുശേഷവും ഇത്തരം രംഗങ്ങളോ എഴുത്തോ ഒന്നും എന്നില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. ആരോടും ലൈംഗികമായി ഒരാകര്‍ഷണവും തോന്നിയതുമില്ല. അതിലൊന്നും വലിയ പന്തികേടുള്ളതായി എനിക്കൊട്ടും തോന്നിയിരുന്നില്ല. എസെക്ഷ്വൽ എന്ന സ്വത്വം ശാരീരികമായോ മാനസികമായോ എനിക്ക് ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിരുന്നില്ല.

പക്ഷേ, കൂട്ടുകാരികള്‍ക്ക് മുന്നില്‍ ഞാനൊരു വിചിത്രജീവിയായി. ഇങ്ങനെ നിര്‍വികാരയായി ജീവിച്ചിട്ട് എന്തു കാര്യമെന്ന കുത്തുന്ന പരിഹാസമായിരുന്നു പിന്നീടെന്നും. ഉള്ളുതുറന്ന ഉറ്റ സുഹൃത്തുക്കളാവട്ടെ ഇങ്ങനെ ചെയ്തു നോക്ക് ശരിയാകും, അങ്ങനെ ചെയ്തു നോക്ക് എന്തെങ്കിലും തോന്നും. ഇത് കാണൂ അല്ലെങ്കില്‍ അതിനേക്കാളും കൂടിയ സാധനം കാണൂ എന്നൊക്കെയുള്ള ഉപദേശം കൊണ്ട് പിന്നെയും പിന്നെയും മുറിവേല്‍പ്പിച്ചുകൊണ്ടിരുന്നു. അവര്‍ അപരാധമായി കണ്ട നിര്‍വികാരതയല്ല, സഹതാപവും കുത്തും കൊണ്ടുള്ള അവരുടെ വാക്കുകളായിരുന്നു എന്നും എനിക്ക് വേദന. ഈ വേദനയ്ക്കിടയിലും ഒരു ചോദ്യം മാത്രം അന്നുമിന്നും എന്റെ ഉള്ളില്‍ നീറിക്കൊണ്ടിരുന്നു. ലൈംഗികചിന്തകളില്ലാതെ ജീവിച്ചാല്‍ എന്തു സംഭവിക്കും? ഒന്നും സംഭവിക്കില്ലെന്ന ഉത്തരം എന്റെ ജീവിതം തന്നെയാണ്. പക്ഷേ, അങ്ങനെയൊരു ഇതര ജീവിതം സമൂഹമോ വീട്ടുകാരോ അനുവദിച്ചുതരുന്നില്ല എന്നതാണ് ഇന്ന് ഞാൻ നേരിടുന്ന പ്രധാന പ്രശ്നം. ട്രാന്‍സ്‌ജെന്‍ഡറുകളെയും ഗേ, ലെസ്ബിയന്‍ പ്രണയിനിയികളെയും അംഗീകരിച്ചുതുടങ്ങിയ സമൂഹത്തിന് എസെക്ഷ്വൽ (Asexual) എന്നൊരു വിഭാഗം കൂടിയുണ്ടെന്ന തിരിച്ചറിവ് മാത്രമുണ്ടാവുന്നില്ല.
വലിയ പഠിപ്പും ലോകപരിചയവുമൊന്നുമില്ലെങ്കിലും എന്റെ ആവലാതി ക്ഷമാപൂര്‍വം കേട്ട ഒരാളുണ്ടായിരുന്നു. അമ്മ. ചിലപ്പോള്‍ തോന്നാലാവും തമ്പുരാന്റെ കൃപയാല്‍ എല്ലാം നേരെയാകും എന്ന ആശ്വാസവാക്കിനൊപ്പം പ്രതീക്ഷ മാത്രം മുഖത്ത് കാട്ടി അമ്മയും മുന്നോട്ടുവച്ചു ആശ്വാസവാക്കിനൊപ്പം ഒരു നിബന്ധന. 'കൂടിയിട്ടില്ലല്ലോ മോളെ കുറഞ്ഞുപോയതല്ലേ. അതൊക്കെ മാറ്റാം. വേണമെങ്കില്‍ ഡോക്ടറെ കാണാം. പിന്നൊരു കാര്യം, അച്ഛനറിയണ്ട. അറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല.' അതുതന്നെയാണ് ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ നേരിടുന്ന പ്രശ്‌നം. ഒന്നും ആരും അറിയരുത്. അറിഞ്ഞാല്‍ ഭൂമി നെടുകേ പിളരും, ഒറ്റപ്പെടും, പരിഹാസ്യരാവും. ഇങ്ങനെ ഒന്നും അറിയിക്കാതെ കഴിയുന്ന കാലത്താണ് ഇത് എന്റെ മാത്രം പ്രശ്‌നമല്ല, ഇതുപോലെ നിരവധി പേര്‍ വേറെയുമുണ്ടെന്ന് ഞാനറിയുന്നത്. എന്നെ പോലെ ഒരുപാട് ചോദ്യങ്ങള്‍ ഉള്ളില്‍ പേറി സ്വത്വപ്രതിസന്ധി നേരിടുന്നവര്‍.
ഇന്റിമേറ്റ് രംഗങ്ങളും അശ്ലീല ചിത്രങ്ങളും കണ്ടാലും വികാരങ്ങള്‍ ജനിക്കാത്ത മനുഷ്യര്‍ വേറെയുമുണ്ടെന്ന തിരിച്ചറിവ് ഒരാശ്വാസമായിരുന്നു. എന്നാല്‍, ലോ സെക്ഷ്വല്‍ ഡിസയറില്‍ നിന്നും അലൈംഗികതയിലേയ്ക്ക് വലിയ ദൂരമുണ്ടെന്ന് തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടി വന്നു. ഇന്നൊരു ഭേദപ്പെട്ട സ്ഥാപനത്തില്‍ ജോലിയുണ്ടെനിക്ക്. സ്വാഭാവികമായും വിവാഹാലോചനകളും യഥേഷ്ടമുണ്ട്. പലതും പറഞ്ഞൊഴിയുകയാണ് പതിവ്. പക്ഷേ, ഈ ഒളിച്ചുകളി ഇനി എത്ര നാളെന്ന് അറിയില്ല. സ്വത്വം തിരിച്ചറിഞ്ഞയാളാണ് ഞാന്‍. എന്നാല്‍, അതുപോലും സാധ്യമാകാത്തവര്‍ ഏറെയുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ 'വ്യാധി'ക്ക് വിവാഹം തന്നെയാണ് ഒറ്റമൂലി. അങ്ങനെ കെട്ടിച്ചയക്കുന്നവര്‍ ഒടുവില്‍ കിടക്കയില്‍ 'പരാജയപ്പെട്ട'വരായി മുദ്രകുത്തപ്പെട്ട് ജീവിതം മുഴുവന്‍ നരകിക്കുന്നു. മറ്റു ചിലര്‍ ജീവിതമുടനീളം അഭിനയിച്ച് ഉള്ളൂനീറിക്കഴിയുന്നു. ദാമ്പത്യം അല്‍പായുസ്സായവരും ഏറെയാണ്. ഒരർഥത്തിൽ അവരാണ് ഭാഗ്യവാന്മാർ.'
അലൈംഗികത.. കാണാപ്പുറത്തെ അറിയാലോകം
ഒരു വ്യക്തിക്ക് മറ്റൊരാളോട് ഒരു തരത്തിലുമുള്ള ലൈംഗിക വികാരങ്ങളും ഉണ്ടാകാതിരിക്കുക. ഇതാണ് അടിച്ചേല്‍പ്പിക്കപ്പെട്ട സത്യം. പക്ഷേ ഇതു മാത്രമല്ല അലൈംഗികരുടെ ഏകവചനം. ഇത്തരത്തിലുള്ളവര്‍ക്ക് തീര്‍ത്തും ലൈംഗിക ആകര്‍ഷണത്വം ഇല്ലാതിരിക്കുക അല്ലെങ്കില്‍ കുറഞ്ഞ താത്പര്യമെന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. ചിലര്‍ അലൈംഗികതയെ സെക്ഷ്വല്‍ ഓറിയന്റേഷനായി കണക്കാക്കുമ്പോള്‍ മറ്റു ചിലര്‍ ഇതിനെ സെക്ഷ്വല്‍ ഓറിയന്റേഷന്റെ അഭാവമായി കണക്കാക്കുന്നു. എസെക്ഷ്വാലിറ്റിയില്‍ തന്നെ പല തരങ്ങളുണ്ട്.
![]() *ഡെമിസെക്ഷ്വല്‍: താങ്ങള്‍ക്ക് വളരെ അധികം വൈകാരിക ബന്ധമുള്ള വ്യക്തികളോട് മാത്രം പ്രണയവും അതിനോടൊപ്പം ലൈംഗിക താത്പര്യവും തോന്നുന്നത്. |
കൊച്ചിക്കാരി സ്വാതിയുടെ കഥയില്‍ നിന്നറിയാം സമൂഹം എസെക്ഷ്വലുകാരെ എങ്ങനെയാണ് നോക്കിക്കാണുന്ന രീതി.
''ഒന്നു അടിപൊളിയായി പ്രേമിച്ചാല്‍ ഇതൊക്കെ ശരിയാകുമെന്ന ഉറ്റവര്‍ പറഞ്ഞതനുസരിച്ചാണ് ഞാന്‍ അതിന് തുനിഞ്ഞിറങ്ങിയത്. വലിയ താത്പര്യമൊന്നുമില്ലെങ്കിലും ഒറ്റയ്ക്ക് നിന്ന് ജീവിതം മുരടിച്ചു പോകുമല്ലോ എന്ന ആധിയാകും എന്നെ ഇതിലേക്ക് തള്ളിവിട്ടതെന്നും പറയാം. എന്നെ ഞാനായി സ്വീകരിക്കുന്ന വ്യക്തി. അതായിരുന്നു എനിക്ക് വേണ്ടത്. ഒടുവില്‍ ജോലിക്ക് കയറിയ ഉടനെ അത്തരത്തിലൊരാളെ കണ്ടെത്തി. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ശരീരമല്ലാതെ എന്റെ മനസ്സിനെ പ്രണയിച്ച വ്യക്തി. ഇന്റിമസിയില്ലാതെ തന്നെ ഞങ്ങള്‍ പ്രണയിച്ചു. മനോഹരവും മധുരവുമായിരുന്നു പ്രണയകാലം. പക്ഷേ ഇതിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. പ്രണയിനികള്‍ക്ക് അവശ്യംവേണ്ട സംഗതിയാണ് ഇന്റിമസി എന്ന പൊതുധാരണ അവന്റെയും ഉള്ളില്‍ ഉറങ്ങിക്കിന്ന കാര്യം ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഞാന്‍ ഒഴിഞ്ഞുമാറി. അവന്‍ പിന്നെ ഒരു സാധാരണ കാമുകനായിമാറിത്തുടങ്ങി. അവന്റെയുള്ളിലും ഒരു തരം ടോക്‌സിസിറ്റി വെളിപ്പെടുത്തി തുടങ്ങി. ആദ്യം കുറ്റപ്പെടുത്തല്‍. പിന്നെ ശാരീരികമായി കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങളായി. എന്റ നോ അവനെ പിന്തിരിപ്പിച്ചില്ല. 'ഇതൊക്കെ നോക്കേണ്ടേ ആജീവനാന്തം ഇങ്ങനെ പോകാനാണോ നിന്റെ പ്ലാന്‍ ഒന്നുമില്ലെങ്കിലും ഞാന്‍ ഒരു ആണല്ലേ'. ഈ ചോദ്യങ്ങളില്‍ അവസാനിച്ചു എന്റെ പ്രണയവും ആത്മവിശ്വാസവും. ഒരുപാട് പാടുപെട്ടു അതിന്റെ ട്രോമയില്‍ നിന്ന് കരകയറാന്‍. പിന്നെ പോയിട്ടേയില്ല പ്രണയത്തിന്റെ വഴിയേ. ലൈംഗികതയുടെ മേലങ്കിയൊന്നുമില്ലാത്ത പ്രണയം ഇന്നുമുണ്ട് എന്റെ മനസ്സില്‍. അതു തിരിച്ചറിയുന്ന ആരെങ്കിലും ഇല്ലാതിരിക്കുമോ?"

ലൈംഗികതയില്ലാതെ പ്രണയിക്കാമോ?
അലൈംഗികരായ വ്യക്തികള്‍ക്ക് പ്രണയമൊന്നും പറഞ്ഞിട്ടില്ല. അവര്‍ക്ക് പ്രണയമുണ്ടാകാറില്ല. ഇതൊക്കെ വെറും തെറ്റിദ്ധാരണകളാണ്. അലൈംഗികതയുളളവര്‍ ആണെന്ന് കരുതി പ്രണയത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. ശരിയാണ് അലൈംഗികര്‍ ഒരു തരത്തില്‍ ലൈംഗിക വികാരങ്ങളോട് സമരസപ്പെടുന്നില്ല. പക്ഷേ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് സെക്സിലൂടെ മാത്രമാണോ? അല്ല.. മറിച്ച് അതു രണ്ട് മനസ്സുകള്‍ തമ്മിലുള്ള ഇണചേരലാണ്. ജാതി, മതം, ഇനം, ലിംഗം, നാട്, നിറം എന്നിവ തൊടാത്ത കാറ്റിനെ പോലെ പ്രണയവും ലോലമാണ്. അതുകൊണ്ട് തന്നെ യാതൊരു പ്രതീക്ഷകളും കൂടാതെ നില്‍ക്കുന്ന ഇത്തരത്തിലുള്ളവരുടെ പ്രണയത്തിന്റെ ആഴം അളന്ന് തിട്ടപ്പെടുത്താനാവില്ല. മാത്രമല്ല നോര്‍മലായ ഒരു കുടുംബജീവിതവും ഇത്തരത്തിലുള്ളവര്‍ക്ക് ഉണ്ടാകുന്നില്ല എന്ന അവലാതി മറ്റുള്ളവര്‍ക്ക് വേണ്ട. സെന്‍ഷ്വല്‍, പ്ലാറ്റോണിക്ക്, റൊമാന്റിക്ക്, ഇമോഷണൽ എന്നി തലങ്ങളിലാവും ഇവരുടെ പ്രണയം. മാത്രമല്ല ഇവരില്‍ ചിലരൊക്കെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുമുണ്ട്. പക്ഷേ മിക്കവര്‍ക്കും പൂര്‍ണമായ സന്തോഷം ലഭിക്കുന്നത് കൊണ്ടല്ല. പങ്കാളിയെ തൃപ്തിപ്പെടുത്താനും, അടുപ്പം കൂട്ടാനും കുട്ടികളുണ്ടാകാന്‍ വേണ്ടി തുടങ്ങിയ പല കാരണങ്ങളുണ്ട്. എന്നിരുന്നാലും സെക്സില്ലാതെ ജീവിക്കുന്നവരുമുണ്ട്. പ്രണയമെന്നാല്‍ സെക്സ് മാത്രമല്ലെന്ന് മനസ്സിലാക്കിയാല്‍ മതി ഇത്തരം സാമൂഹിക ആശങ്കകള്‍ക്ക് വിരാമമിടാന്‍.
സെക്സ് മാത്രമാണോ? വേറെയുമുണ്ടല്ലോ മാര്‍ഗങ്ങള്‍
ലൈംഗിക താത്പര്യമുണ്ടാകാതിരിക്കുക, ലൈംഗികതയെ വെറുക്കുക ഇവ രണ്ടും വേവ്വേറെ ധാരണകളാണ്. അലൈംഗികരായ വ്യക്തികള്‍ സെക്സിന് എതിരല്ല മറിച്ച് അവര്‍ക്ക് അതിനോട് താത്പര്യം കുറവായിരിക്കും എന്നു മാത്രമാണ്. എസെക്ഷ്വല്‍ ആയവര്‍ എല്ലാവരും ഇങ്ങനെ ആവണമെന്നില്ല. ചിലര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടും, വേറെ ചിലരാകട്ടെ ഇതില്‍ നിന്നൊക്കെ പൂര്‍ണമായും വിട്ടുനില്‍ക്കും. ലൈംഗികതയ്ക്ക് പുറമേ തങ്ങളുടെ സ്നേഹബന്ധം പ്രകടിപ്പിക്കാന്‍ വേറെയും മാര്‍ഗങ്ങള്‍ സ്വീകരിക്കാമല്ലോ. ഒഴിച്ചുകൂടാനാവാത്ത ഒന്നായി സമൂഹം സെക്സിനെ കണക്കാക്കുന്നതാണ് പലതും തെറ്റായി തോന്നുന്നത്.
ബ്രഹ്‌മചര്യമാണ് സാറേ മെയിന്‍ അത് കളായാതിരിക്കാനുള്ള കളിയാണ്
ഏതോ പള്ളിക്ക് വേണ്ടി നേര്‍ന്നു നില്‍ക്കുന്നതാവും ഇതൊക്കെ എന്ത് വെറും മറയല്ലേ എന്നു കേട്ടു മടുത്തവളാണ് കൊല്ലം സ്വദേശി ആന്‍സി. നെഴ്‌സാണ്. കേട്ടുകേട്ട് ഒരുപാട് വേദനിച്ചിട്ടുണ്ട് ഈ കുത്തുവാക്കുകള്‍. ഇപ്പോള്‍ വീട്ടുകാര്‍ അടക്കം എഴുതിത്തള്ളിയ മട്ടാണ്. അലൈംഗികതയാണന്ന് മനസ്സിലാക്കി ആരോടെങ്കിലും തുറന്നു പറയുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന ഡയലോഗുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശരിയായ ഒരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്‌നങ്ങള്‍ എന്നത്. അതിന്റെ ബലിയാടു കൂടിയാണ് ആന്‍സി എന്നത് അടുപ്പമുള്ളവര്‍ക്ക് പോലും അറിയാത്ത രഹസ്യം. കിടക്കയില്‍ പരാജയപ്പെട്ടവള്‍ എന്നതു മാത്രമല്ല, ദാമ്പത്യം ഒഴിയും വരെ കേട്ട പഴികള്‍.
ബ്രഹ്‌മചര്യവും അലൈംഗികതയും രണ്ടാണെന്നു വരെ അറിയില്ല ആള്‍ക്കാര്‍ക്ക്. ബ്രഹ്‌മചര്യം എന്നത് മതപരമോ സാംസ്‌കാരികപരമോ വ്യക്തിപരമോ ആയ കാര്യങ്ങള്‍ക്കായി ലൈംഗിക താത്പര്യങ്ങള്‍ അടക്കുന്നതാണ്. ജീവിതകാലം മുഴുവനും ഇത് തുടരേണ്ടതായും വരുന്നുണ്ട്. ചിലര്‍ ഒരു പ്രത്യേക കാരണത്താല്‍ ചില കാലത്തേക്ക് ഇത്തരം ആഗ്രഹങ്ങള്‍ വര്‍ജിക്കുന്നതായി കാണാം. അത്തരത്തിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിലപാടില്‍ നിന്ന് വ്യതിചലിക്കാനാവും. ഈ രണ്ടു കാര്യങ്ങളിലും തിരഞ്ഞെടുക്കുക എന്ന ഓപ്ഷനുണ്ട്. പക്ഷേ എസെക്ഷ്വാലിറ്റിയില്‍ അത് സംഭവിക്കുന്നില്ല. എന്തെന്നാല്‍ മനഃപൂര്‍വമല്ലല്ലോ ആരു അലൈംഗികരാവുന്നത്. ഇത് എത്രപേര്‍ക്ക് ഞാന്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ടെന്ന് എനിക്ക് പോലും എണ്ണി തിട്ടപ്പെടുത്താനാവുന്നില്ല.
ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്‌സ് ഒന്നു പരീക്ഷിച്ച് നോക്കെടി...
"നീ പ്രേമിക്കണ്ട ചെറിയൊരു അഡ്ജസ്റ്റ്‌മെന്റ് ആകാമല്ലോ. അതാവുമ്പോ തലയില്‍ ആകുമെന്ന പേടിയും വേണ്ട. ഒരാളെ തന്നെ നോക്കണമെന്നില്ല ഒരു രണ്ട് മൂന്ന് പേരെയൊക്കെ നിന്റെ കൂടെ കൊണ്ട് നടക്ക്. നിന്റെ ഈ സൂക്കേട് മാറ്റാന്‍ ആര്‍ക്കാണ് കെല്‍പ്പുള്ളതെന്ന് അറിയാമല്ലൊ." ഉളളിലെ വേദന തുറന്നു പറഞ്ഞതിന് കേട്ടുകേട്ട് മടുത്തയാളാണ് രോഷ്‌നി. പഠിത്തം ഉപേക്ഷിച്ചാലോ എന്നുവരെ ചിന്തിച്ച കാലമുണ്ടായിരുന്നുവെന്ന് പറയുന്നു ഈ തൃശ്ശൂരുകാരി.
സെക്ഷ്വല്‍ ഓറിയന്റേഷന്‍ എന്താണെന്ന് എന്നുപോലുമറിയാത്തവരാണ് ഇത്തരം ഒറ്റമൂലികള്‍ നിര്‍ദേശിക്കുന്നത്. ഒരു വ്യക്തിയുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ നിശ്ചയിക്കുന്നതില്‍ 'പണിയറിയാവുന്നയാള്‍' ക്ക് പോലും കൈകടത്താന്‍ സാധിക്കില്ല. ചിലപ്പോള്‍ അത്തരത്തില്‍ ഒരാളുടെ ജീവിതത്തില്‍ പ്രണയം കൊണ്ട് വൈകാരിക മാറ്റങ്ങള്‍ വേണമെങ്കില്‍ വളര്‍ത്താം. പക്ഷേ ലൈംഗിക താത്പര്യങ്ങളില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നത് അവരുടെ മാത്രം അവകാശമാണ്.
''എടി സത്യം പറ നീ മറ്റേതല്ലേ. നിനക്ക് ഇതൊന്നും തോന്നാത്തതൊന്നുമല്ല വെറുതെ ആള്‍ക്കാരെ പറ്റിക്കാന്‍. നിനക്ക് ആണ്‍പ്പിള്ളേരോട് ഇന്ററസ്റ്റ് ഇല്ലെന്ന് തുറന്നു പറഞ്ഞാല്‍ പോരെ.'' ഇവള്‍ ലെസ്ബിയനാണ് പുരുഷന്‍മരോട് ഒന്നും തോന്നില്ല, നീ ട്രാന്‍സ്‌ജെന്‍ഡറാണ്...' കേട്ട് കേട്ട് മടുത്ത വാക്കുകള്‍. ഒരു തുറന്നുപറച്ചിന്റെ വേദന സഹിക്കവയ്യാതെ ജോലി പോലും കളയേണ്ടിവന്നിട്ടുണ്ട് ലസിതയ്ക്ക്. പലരുടെയും ചിന്ത അലൈംഗികരായ വ്യക്തികള്‍ക്ക് സാധാരണ എല്ലാ മനുഷ്യര്‍ക്കുമുള്ള പലതുമില്ലെന്നാണ്. അവര്‍ക്ക് എല്ലാവരെയും പോലെ ലൈംഗിക അവയവങ്ങളില്ല അല്ലെങ്കില്‍ ഉള്ളതില്‍ എന്തെങ്കിലും കേടുപാടുകള്‍ കാണുമെന്നൊക്കെ പറയുന്നത് തീര്‍ത്തും യുക്തിരഹിതമായ പ്രവൃത്തിയാണ്. ജെന്‍ഡര്‍ റിവീല്‍ ചെയ്യുന്നതും വ്യക്തിത്വം തുറന്നു പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എന്തിനേറെ അലൈംഗികരായ സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രമില്ലെന്ന വാദം വരെ ഉയര്‍ത്താറുണ്ട് പലരും.
ഒരു പെണ്ണ് ഓപ്പണായി ചോദിക്കുമ്പോള്‍ ആണായ ഞാന്‍ മാറി നില്‍ക്കുന്നത് മോശമല്ലെ
'ബെംഗളൂരുവില്‍ ആര്‍ക്കിടെക്റ്റ് ആണ് കിഷോര്‍. എസെക്ഷ്വാലിറ്റി എന്ന സ്വത്വ യാഥാര്‍ഥ്യത്തിന് മുന്നില്‍ പകച്ചുപോയതാണ് കിഷോറിന്റെ അനുഭവം. 'ജോലിയിലും ജീവിതത്തിലും ഒരുപോലെ സന്തോഷമാഗ്രഹിച്ച വ്യക്തി. ബന്ധങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു എനിക്ക്. പക്ഷേ യൗവ്വനത്തില്‍ ഞാനനുഭവിച്ച പ്രശ്നങ്ങള്‍ ഇന്നുമെന്നെ അലട്ടുന്നുണ്ട്. ബെംഗളൂരുവിലെ പ്രമുഖ കോളേജിലാണ് ഞാന്‍ പഠിച്ചത്. ആ പ്രായത്തില്‍ പല ആണ്‍ക്കുട്ടികളെയും പോലെ പഠിത്തത്തിന് പുറമേ ഫളേട്ട് ചെയ്ത് പ്ലേ ബോയ് ചമയാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും എന്റെയുള്ളില്‍ ലൈംഗിക വേഴ്ചകള്‍ തരിമ്പുമുണ്ടായിരുന്നില്ല താത്പര്യം. ഇതിനിടയിലാണ് ഞാനവളെ കണ്ടു മുട്ടുന്നത്. പൊതുവേ എക്‌സ്‌ട്രോവേര്‍ട്ടായ എനിക്ക് അവളെ അപ്രോച്ച് ചെയ്യാന്‍ മടിയൊന്നുമുണ്ടായില്ല. പുരോഗമനചിന്താഗതിയുമുള്ളവളായിരുന്നു അവള്‍. ഒരിക്കല്‍ അവള്‍ തന്നെ ചോദിച്ചു ശരീരം കൊണ്ടും ഒന്നായി കൂടെയെന്ന്. ചോദ്യം എന്നെ ഞെട്ടിച്ചു. ഒരു പെണ്‍കുട്ടിയായിട്ടും അവള്‍ ഇങ്ങനെ ഓപ്പണായി ചോദിക്കുമ്പോള്‍ ഒരാണായി ഞാന്‍ മാറിനില്‍ക്കുന്നത് അപമാനമല്ലയെന്ന് എന്നായിരുന്നു അന്നത്തെ ചിന്ത. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ആ സംഭവം. അവള്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എന്റെ ആധി കൂടി. ആണല്ലെന്ന് മുദ്രകുത്തി അവള്‍ എന്നെ വിട്ടുപോകുമോ എന്നായിരുന്നു ഭയം. ഞാന്‍ അവളുടെ ആഗ്രഹപൂര്‍ത്തിക്ക് പലവട്ടം ശ്രമിച്ചു. ഒന്നും നടന്നില്ല. വേശ്യാലയങ്ങള്‍ വരെ സന്ദര്‍ശിച്ചു. എല്ലാം വെറുതെയായിരുന്നു. ആ അനുഭവങ്ങള്‍ സമ്മാനിച്ചത് വേദനയായിരുന്നെങ്കിലും ഇപ്പോള്‍ അതിനെ പറ്റി ചിന്തിക്കുന്നില്ല. ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് തനിച്ചു കയറാനുള്ള പരിശ്രമങ്ങളിലാണ് ഞാനിപ്പോള്‍'..
' അടിമുടി റൊമാന്റിക്കായിരുന്നു അനാമിക. സ്‌കൂള്‍ കാലം മുതല്‍ നിരവധി പേരെയാണ് പ്രണയിച്ചത്. പുസ്തകത്താളിലെ മയില്‍പ്പീലിപോലെ ആദ്യ ചുംബനത്തിന്റെ ഓര്‍മ മധുരമൊട്ടും ചോരാതെ ഉള്ളില്‍ സൂക്ഷിക്കുന്നവള്‍. ലൈംഗികതാത്പര്യം തൊട്ടുതീണ്ടിയിട്ടില്ലെന്ന് അവള്‍ പറഞ്ഞാല്‍ അടുത്തറിയുന്നവര്‍ പോലും വിശ്വസിക്കില്ല. കെട്ടിപ്പിടിക്കുകയും കൈകോര്‍ത്ത് നടക്കുകയും മെസ്സേജുകളിലൂടെ പ്രണയം പങ്കുവെക്കുകയുമൊക്കെ ചെയ്തിരുന്നു ഞാന്‍. പക്ഷേ ഇതൊന്നുമല്ല പ്രണയം എന്ന് തെറ്റിദ്ധാരണകള്‍ അടിച്ചേല്‍പ്പിക്കാനായി ഒരാള്‍ എന്റെ ജീവിതത്തില്‍ വന്നു. എന്തുകൊണ്ടെന്നറിയില്ല ആ സ്പര്‍ശം എന്നെ വളരെ അസ്വസ്ഥയാക്കി. അവന് നീരസമാകുമെന്ന് കരുതി ഇഷ്ടക്കേടുകള്‍ ഉള്ളിലൊളിപ്പിച്ചു. അവനുവേണ്ടി മാത്രം ശാരീരിക ബന്ധത്തിന് നിന്നുകൊടുത്തു. അവനെ തൃപ്തിപ്പെടുത്താന്‍ അഭിനയിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരു ദിവസം മടുത്ത് അവനോട് കാര്യം തുറന്നു പറഞ്ഞു. ഗുഡ്‌ബൈ എന്ന ഒരൊറ്റ മറുപടിയായിരുന്നു അവനില്‍ നിന്ന്. പക്ഷേ, ഞാന്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. കുറച്ചുകാലം വിഷാദത്തിന്റെ പിടിയിലായെങ്കിലും എനിക്ക് എന്റെ സ്വതം തിരിച്ചുപിടിച്ചതിന്റെ സന്തോഷമുണ്ട്. എന്നെ ഞാനായി അംഗീകരിച്ച് കൂടെ നിര്‍ത്തിയ പങ്കാളിയെയും ലഭിച്ചു.'
ഇത്തരത്തില്‍ ജീവിതത്തില്‍ എല്ലാമറിഞ്ഞു കൂടെ കൂട്ടുന്നവരെക്കാളും അകറ്റി നിര്‍ത്തുന്നവരെയാകും കൂടുതലും കാണാന്‍ സാധിക്കുക. |
ഓര്‍ക്കേണ്ട ഒരു കാര്യം. എല്ലാ കാര്യങ്ങള്‍ക്കും ഘടനാവസ്ഥയുള്ളത് പോലെ അലൈംഗികതയ്ക്കുമുണ്ട്. ഈ കമ്മ്യൂണിറ്റിയിലുള്ളവര്‍ പൂര്‍ണമായും ലൈംഗികതയെ വെറുക്കുന്നില്ല. ഒട്ടും താത്പര്യമില്ലാത്ത ചിലര്‍ കുറച്ചെങ്കിലും താത്പര്യം കാണിക്കുന്നവര്‍ എന്നിങ്ങനെ പല തരം ആളുകള്‍ ഈ കുടക്കീഴില്‍ വരുന്നുണ്ട്. ഇത്തരത്തിലുള്ളവരെ ഗ്രേ സെക്ഷ്വല്‍സ് എന്നു പറയുന്നു. സമൂഹത്തില്‍ പലപ്പോഴായി കണ്ടുവരുന്ന ഒന്നാണ് ഇത്തരം ആളുകളെ പറഞ്ഞു മാറ്റാന്‍ ശ്രമിക്കുന്നത്. ഇത്തരം പറച്ചിലുകളും എംപതിയുമെല്ലാം അലൈംഗികരായ വ്യക്തികളുടെ മനസ്സിനെയും ബുദ്ധിയെയും എത്രത്തോളം സങ്കോചത്തിലാഴ്ത്തുമെന്ന് പറഞ്ഞറിയിക്കാനാവില്ല. തങ്ങളുടെ സ്വത്വം ഒരു പാപമാണെന്ന് ചിന്തകള്‍ പോലും അവരില്‍ ഉടലെടുക്കുന്നു. എന്തിനാണ് ഒരാളെ അവരല്ലാതാക്കാന്‍ ശ്രമിക്കുന്നത്, മറിച്ച് അവരെ അവരുടെ സ്വത്വത്തില്‍ തന്നെ അംഗീകരിച്ച് ചേര്‍ത്തുനിര്‍ത്തിയാല്‍ പോരേ? ഓര്‍ക്കുക, അപ്പോള്‍ മാത്രമേ നമ്മള്‍ ഒരു പരിഷ്‌കൃത സമൂഹമാവുകയുള്ളൂ.
സ്വാതി പറഞ്ഞത് ഒരിക്കൽക്കൂടി ഓർക്കാം. "ജീവിതത്തിലുടനീളം അനുഭവിക്കുന്ന വേദന ഒന്നു പങ്കുവയ്ക്കാൻ പോലുമാകുന്നില്ല എന്നതാണ് ഞാനടക്കമുള്ളവർ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന. ട്രാൻസ്വുമണും മെന്നുമൊക്കെ തലയുയർത്തി തന്നെ തങ്ങളുടെ സ്വത്വം പ്രഖ്യാപിക്കുന്നു. ഞങ്ങൾക്ക് മാത്രം അതിനാവുന്നില്ല. സ്വന്തം അനുഭവം പങ്കിടാൻ പോലും വേണം ഇതുപോലൊരു അപരനാമം. സ്വന്തം പേരിൽ സ്വന്തം കഥ പറഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഊഹിക്കാം ഞങ്ങൾക്ക്. ഇതിനെങ്കിലും ഉണ്ടാവുമായിരിക്കും ഒരു മാറ്റം. അത്രയൊക്കെയേ ഞങ്ങളിൽ പലരും ആഗ്രഹിക്കുന്നുള്ളൂ.''
Content Highlights: asexuality and asexual s


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..