അവനീതിന്റേയും അഞ്ജലിയുടേയും സേവ് ദ ഡേറ്റ് ഫോട്ടോ | Photo: Special Arrangement
'മെയ് മാസ 29ക്കു ഏങ്കള കല്യാണാഞ്ചു..ഒക്കളും വന്തൊയി മക്കളെ...' ഇത് എന്ത് ഭാഷയാണെന്ന് ആലോചിച്ച് കണ്ണു മിഴിക്കേണ്ട. പണിയ ഭാഷയില്‍ ഇങ്ങനെ പറഞ്ഞാല്‍ മലയാളത്തില്‍ 'മെയ് മാസം 29-ന് ഞങ്ങളുടെ കല്ല്യാണമാണ്. എല്ലാവരും കല്ല്യാണത്തിന് വരണം' എന്നാണ്. ഗോത്ര വിഭാഗത്തിലെ മാധ്യമപ്രവര്‍ത്തകനായ അവനീതും അഞ്ജലിയും തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷത്തിന് സാക്ഷിയാകാന്‍ എല്ലാവരേയും ക്ഷണിക്കുകയാണ്. അതും വ്യത്യസ്തമായ ഒരു സേവ് ദ ഡേറ്റ് വീഡിയോയിലൂടെ.
കാട്ടിനുള്ളില്‍ ചിത്രീകരിച്ച, സുന്ദരമായ കാഴ്ച്ചകള്‍കൊണ്ട് സമ്പന്നമായ ഈ സേവ് ദ ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പരമ്പരാഗത രീതിയില്‍ വിവാഹം നടത്തുന്നത് ഇപ്പോള്‍ ഊരില്‍ കുറവാണെന്നും അതിനെ പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ഒരു സേവ് ദ ഡേറ്റ് വീഡിയോ ചെയ്തുനോക്കിയതെന്നും അവനീത് പറയുന്നു. കാട്ടിനുള്ളില്‍ ചിത്രീകരിക്കാന്‍ പ്രത്യേക അനുമതി നേടേണ്ടി വന്നു. അതിനായി കുറച്ച് കഷ്ടപ്പെട്ടെന്നും അവനീത് വ്യക്തമാക്കുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പണിയ സമുദായത്തിന്റെ തനത് വസ്ത്രമായ 'ചേല കെട്ടിമേച്ചാ'ണ് വധു വിവാഹത്തിനായി എത്തുക. സേവ് ദ ഡേറ്റ് വീഡിയോയിലും ഇത്തരത്തില്‍ സാരി പ്രത്യേക രീതിയിലാണ് അഞ്ജലി ഉടുത്തിരിക്കുന്നത്. ഒപ്പം വരനും വധുവും മുടച്ചുള്‍ കഴുത്തില്‍ അണിയും (കഴുത്തിനോട് ഒട്ടിനില്‍ക്കുന്ന തരത്തിലുള്ള മാലയാണിത്). ഇതുകൂടാതെ വധുവിന്റെ കഴുത്തില്‍ കല്ല് മാലയും (ചെറിയ മുത്തുകള്‍ കൊണ്ട് കോര്‍ത്തുണ്ടാക്കിയത്), പണക്കല്ല മാലയും (നാണയത്തുട്ടുകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കുന്നത്) ഉണ്ടാകും. പുറത്തു നിന്ന് വാങ്ങുന്ന സാധനങ്ങള്‍ വിവാഹത്തിനായി ഉപയോഗിക്കില്ല. ഊരിലെ അമ്മമാരും അമ്മൂമ്മാരും ഒരുമിച്ചിരുന്ന് ചെറിയ മുത്തുകളും നാണയത്തുട്ടുകളുമെല്ലാം കോര്‍ത്തെടുത്താണ് മാലകളുണ്ടാക്കുന്നത്.
.jpg?$p=5fe1628&&q=0.8)
കോല്‌വല്ലി എന്ന പേരില്‍ വിവാഹ നിശ്ചയ ചടങ്ങുകളാണ് ആദ്യം നടക്കുക. വിവാഹം ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് പെണ്‍കുട്ടിയുടെ എല്ലാ ചെലവുകളും പ്രതിശ്രുത വരന്‍ നിര്‍വഹിക്കണം. പെണ്ണിന്റെ വീട്ടിലേക്ക് ഭക്ഷണമുണ്ടാക്കാനുള്ള ചപ്പും താളിയും അരിയും വിറകുമെല്ലാം വരന്‍ കൊടുക്കണം. എന്നാല്‍ ഇതെല്ലാം ആചാരപ്രകാരമുള്ള കാര്യമാണെന്നും ഇപ്പോള്‍ ആരും വിറക് പോലുള്ള സാധനങ്ങളൊന്നും കൊണ്ടുകൊടുക്കാറില്ലെന്നും അവനീത് പറയുന്നു.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് വിവാഹച്ചടങ്ങുകള്‍. ദൈവത്തെ കണ്ട്, ദൈവത്തെ വിളിച്ച്. തുടി കൊട്ടി, കുഴലൂതി വിവാഹ ദിവസം വൈകുന്നേരം വരന്റെ ആളുകള്‍ വധുവിന്റെ വീട്ടിലെത്തും. പരമ്പരാഗതമായ വട്ടക്കളി കളിക്കും. വരന്റെ വീട്ടുകാര്‍ കൊണ്ടുവന്ന അരി വധുവിന്റെ വീട്ടുമുറ്റത്ത് വിതറും. പൂര്‍വ്വികര്‍ വരനേയും വധുവിനേയും അനുഗ്രഹിക്കും. അന്ന് രാത്രി വരന്‍ വധുവിന്റെ വീട്ടിലാണ് താമസിക്കുക. അടുത്ത ദിവസം രാവിലെ മൂപ്പന്‍ വധുവിനെ വരന് കൈപിടിച്ച്കൊടുക്കും.
വിവാഹത്തിന് തയ്യാറാക്കുന്ന ഭക്ഷണവും പ്രത്യേകത നിറഞ്ഞതാണ്. ചോറും ചപ്പും താളിയുമാണ് ഭക്ഷണമായി ഉണ്ടാകുക. എന്നാല്‍ പുറത്തു നിന്നുള്ള പലരും വിവാഹത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഇപ്പോള്‍ ആരും ഉണ്ടാക്കാറില്ല. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന രീതിയില്‍ ഇപ്പോള്‍ അധികവും ബിരിയാണിയാണ് വിളമ്പാറുള്ളതെന്നും അവനീത് പറയുന്നു.
പ്രശാന്ത് ഉണ്ണിയും രഞ്ജിത് വെള്ളമുണ്ടയും ചേര്‍ന്നാണ് ഈ സേവ് ദ ഡേറ്റ് വീഡിയോ സംവിധാനം ചെയ്തത്. ക്യാമറ ചെയ്തത് പ്രശാന്ത് ഉണ്ണിയാണ്. എഡിറ്റിങ് കെന്റ് മീഡിയ. പശ്ചാത്തല സംഗീതം ഒരുക്കിയത് പ്രഥുല്‍ രാഘവാണ്. നിഥുന്‍ ആണ് കളറിസ്റ്റ്.
Content Highlights: wayanad paniya tribe wedding save the date video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..