ഇന്ദു ആന്റണി, സിസിലിയ മാർഗരറ്റ് ലോറൻസ്| Photo:Indu Antony, instagram.com|ceciliaed_always
'ബംഗളൂരുവിലെ തെരുവില്‍ നിന്ന് ആക്രി സാധനങ്ങള്‍ എടുത്തു വില്‍ക്കുന്ന സ്ത്രീ ഇംഗ്ലീഷ് സംസാരിക്കുന്നതു കേട്ടാല്‍ ഞെട്ടും..' ഈ അടുത്ത കാലത്ത് ഏറെ വൈറലായ വീഡിയോ ആയിരുന്നു ഇത്. ഇത്തരത്തില്‍ വൈറലാകുന്നവയിലെ സത്യാവസ്ഥകള്‍ പലരും തിരക്കാറില്ല, മാത്രമല്ല ധാരാളം ഷെയര്‍ ചെയ്യുകയും ചെയ്യും. അങ്ങനെ വൈറലായ സിസിലിയ മാര്‍ഗരറ്റ് ലോറന്‍സ് എന്ന് വനിതയ്ക്ക് ലൈക്കുകളും ഷെയറുകളും മാത്രമല്ല സഹായഹസ്തങ്ങളും ഏറെ എത്തി. എന്നാല്‍ സിസിലിയ സേഷ്യല്‍ മീഡിയ കരുതുന്ന പോലെയല്ല. കൊച്ചിന്‍ ബിനാലെയിലും ലോകമേ തറവാട് എന്ന് ഫെസ്റ്റിവലിലും മുദ്രപതിപ്പിച്ച മലയാളിയായ ആര്‍ട്ടിസ്റ്റ്, ഇന്ദു ആന്റണി താനറിയുന്ന സിസിലിയയെ പറ്റി മനസ്സു തുറന്നു

ഞങ്ങള്‍ കണ്ടുമുട്ടിയത്
'എഴുപത്തഞ്ചുകാരിയായ സിസിലിയയുടെ വീട് ബംഗളൂരുവില്‍ തന്നെയാണ്. വീഡിയോയില്‍ വന്നതുപോലെ ജപ്പാനിലൊന്നുമല്ല. കുടുംബാംഗങ്ങളെല്ലാം മരിച്ചു. ഇനി സിസിലിയ മാത്രം. ആള്‍ വലിയ ഭക്തയാണ്. തനിക്ക് എല്ലാം യേശുവാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ബൈബിള്‍ കൈയില്‍ നിന്ന് ഒഴിവാക്കില്ല. എന്നും പള്ളിയില്‍ പോകും. കുര്‍ബാനകൂടും.' ഇന്ദു വെളിപ്പെടുത്തുന്നു. ഇന്ദുവിന് അഞ്ച് വര്‍ഷമായി സിസിലിയയെ പരിചയമുണ്ട്. 'എന്റെ ജീവിതം ബംഗളൂരുവില്‍ ഒറ്റക്കാണ്, അങ്ങനെയാണ് സിസിലിയയെ കണ്ടുമുട്ടുന്നത്, ഒരിക്കല്‍ പ്രായമാകുമ്പോള്‍ ഞാനും ഇവരെപ്പോലെ തന്നെ ആവില്ലെ എന്ന തോന്നലാണ് എന്നെ അവരുമായി അടുപ്പിച്ചത്. കണ്ടുമുട്ടി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ വലിയ അടുപ്പത്തിലായി. ധാരാളം സംസാരിക്കും, ചിത്രങ്ങളെടുക്കും. ഒന്നിച്ച് സമയം ചെലവഴിക്കും. സംസാരത്തില്‍ ഏറെയും സ്ത്രീകളുടെ ഉന്നമനത്തെ പറ്റിയും പ്രശ്‌നങ്ങളെ പറ്റിയുമാണ്. മനോഹരമായി വസ്ത്രങ്ങള്‍ ധരിക്കാനും തുറന്നു ചിന്തിക്കാനും ആഗ്രഹിക്കുന്ന പാറിപ്പറന്നു നടക്കുന്ന സ്ത്രീയാണ് സിസിലിയ. സിസിലിയയുടെ പഴയകാലത്തെ പറ്റി അവര്‍ അധികമൊന്നും തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ വീഡിയോയില്‍ പറഞ്ഞപോലെ തെരുവില്‍ ജീവിക്കുന്ന സ്ത്രീ അല്ല അവര്‍. ' ഇന്ദു പറയുന്നു.
'സിസിലിയ എല്ലാക്കാര്യങ്ങള്‍ക്കും ഒറ്റയ്ക്കാണ് യാത്രയൊക്കെ. സൈക്കിളില്‍ പോകും. വഴിയില്‍ ആളുകള്‍ വലിച്ചെറിയുന്ന സാധനങ്ങളില്‍ ഉപയോഗമുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അതെടുത്ത് സൂക്ഷിക്കും. ഇത് കണ്ടാവും സിസിലിയ ആക്രിപെറുക്കുന്ന ആളാണ് എന്ന് വീഡിയോ ഇറക്കിയവര്‍ കരുതിയത്. ഞാനും അങ്ങനെ സാധനങ്ങള്‍ ശേഖരിക്കാറുണ്ട്. ആര്‍ട്ട് വര്‍ക്കുകള്‍ക്കായി. അവരുടെ ഔട്ട്ഫിറ്റുകളെല്ലാം സ്വന്തം ഡിസൈനാണ്. സിസിലിയയുടെ വസ്ത്രങ്ങളുടെ ശേഖരം കണ്ട് ഞാന്‍ അമ്പരന്നിട്ടുണ്ട്. സോക്‌സുകള്‍ കളക്ട് ചെയ്യുന്നത് സിസിലിയയുടെ ഹോബിയാണ്. എനിക്ക് അത്ഭുതമാണ് ആ സ്ത്രീ.' ഇന്ദു തുടരുന്നു.
ആളുകള്‍ എന്തും പറയട്ടെ, ഞാന്‍ ഞാനാണെന്ന് എനിക്കറിയാം എന്നാണ് വൈറലായ വീഡിയോയെ പറ്റി സിസിലിയയുടെ മറുപടി. വീഡിയോ വൈറലായതോടെയാണ് വഴിയില്‍ പലരും സിസിലിയയെ തിരിച്ചറിഞ്ഞു തുടങ്ങിയത്. വൈറലായ സ്ത്രീയല്ലേ എന്ന് പറഞ്ഞ് പരിചയപ്പെടാന്‍ പലരും എത്തും. പാലും സാധനങ്ങളുമൊക്കെ ഫ്രീയായി നല്‍കും. സത്യത്തില്‍ ആ തെറ്റിദ്ധാരണ എന്‍ജോയ് ചെയ്യുകയാണ് സിസിലിയ എന്ന് ഇന്ദു.

സിസിലിയയാണ് താരം, വൈറലാകുന്നതിന് മുമ്പേ
ഈ വീഡിയോ വൈറലാകുന്നതിനും നാളുകള്‍ക്ക് മുമ്പേ താരമായ ആളാണ് സിസിലിയ, അതും നാഷണല്‍ മീഡിയകളില്‍ വരെ. ഇന്ദു ആരംഭിച്ച സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഒരു പ്രോജക്ടിന്റെ മുഖമുദ്രകൂടിയാണ് സിസിലിയ
'സ്ത്രീ ആയതുകൊണ്ട് മാത്രം പൊതു സ്ഥലങ്ങളില്‍ നിന്ന് വിവേചനങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടാവുന്നതിനെ പറ്റി ഒരിക്കല്‍ ഞാനും സിസിലിയും സംസാരിച്ചിരുന്നു. നമ്മുടെ പൊതു സ്ഥലങ്ങളെല്ലാം പുരുഷസൗഹൃദവും പുരുഷനിര്‍മിതവുമാണെന്ന സത്യം അപ്പോഴാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ഞങ്ങള്‍ക്ക് പരിചിതമായ മറ്റ് സ്ത്രീകളും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവര്‍തന്നെയായിരുന്നു.' അതിന് മാറ്റം വരുത്താന്‍ അതിനെ പറ്റി തുറന്ന് സംസാരിക്കാന്‍ ഒരു പദ്ധതി തുടങ്ങിയാലോ എന്നായി ഇന്ദുവിന്റെ ചിന്ത. അങ്ങനെയാണ് സിസിലിയ എഡ് (Cecilia'ed) എന്ന പ്രോജക്ടിന്റെ പിറവി.
സിസിലിയ എഡ് (Cecilia'ed)
'നമ്മുടെ പൊതു സ്ഥലങ്ങള്‍ എങ്ങനെയാണ്. ഒരു ബാര്‍ബര്‍ ഷോപ്പുണ്ടെങ്കില്‍ അതിനരുകില്‍ ഒരു വര്‍ക്ക്‌ഷോപ്പ് ഉണ്ടാവും, അതിനരികിലാവും ബിവറേജ്... എന്നാല്‍ സ്ത്രീകള്‍ക്ക് ആവശ്യമായ കടകളോ സ്ഥാപനങ്ങളോ എത്ര എണ്ണം ഒരു തെരുവില്‍, അല്ലെങ്കില്‍ പട്ടണത്തില്‍ അടുത്തടുത്ത് ഉണ്ടാവും.. ഇനി സ്ത്രീകള്‍ക്ക് ഈ ഇടങ്ങളില്‍ തന്നെ വരണമെന്ന് കരുതൂ, അവിടെ എത്രമാത്രം സുരക്ഷിതമായിരിക്കും? പ്രത്യേകിച്ചു നമ്മുടെ നാട്ടില്‍. ഈ ഉദാഹരണം പറയുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് ബ്യൂട്ടീപാര്‍ലറുകളല്ലാതെ അങ്ങനെ പ്രത്യേകിച്ച് സ്ഥാപനങ്ങളുടെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ആദ്യം ഉയരുക. അത്തരം വിവേചനങ്ങള്‍ക്കെതിരെയായി ഞങ്ങളുടെ സമരം.' സിസിലയയും ഇന്ദുവും ചേര്‍ന്ന് ആരംഭിച്ച ആ പദ്ധതി വേഗം ശ്രദ്ധ നേടി.
സിസിലിയയെ ഒരു താരമാക്കുകയാണ് ഇതിനായി ഇന്ദു ചെയ്തത്. കാരണം താരങ്ങളെ കാണുമ്പോള്‍ മാത്രമേ ആള്‍ക്കൂട്ടം ഉണ്ടാവൂ, അത്തരം ആള്‍ക്കൂട്ടങ്ങളോട് സ്ത്രീസ്വാതന്ത്യത്തെ പറ്റി സംസാരിക്കാനാണ് ഇന്ദു തീരുമാനിച്ചത്. 'സിസിലിയയുടെ മനോഹരമായ ഫോട്ടോ ഷൂട്ടുകള്‍ സംഘടിപ്പിച്ചു, ഹോര്‍ഡിങുകളും ഫ്‌ളക്‌സുകളും വച്ചു. ആള്‍ക്കൂട്ടമുള്ള തെരുവുകളില്‍ ഫാന്‍സി കാറുകളില്‍ തിളങ്ങുന്ന വസ്ത്രമണിഞ്ഞ് സിസിലിയയെ എത്തിച്ചു. ആളുകള്‍ കൂടുമ്പോള്‍ അവരോട് സ്ത്രീകളുടെ പ്രശ്‌നങ്ങളെ പറ്റി പറഞ്ഞു. ബോധവത്ക്കരിച്ചു.' സിസിലിയക്കൊപ്പമുള്ള തന്റെ പദ്ധതി വിജയമായതില്‍ അഭിമാനിക്കുകയാണ് ഇന്ദു.
ഒരു ബാറില്‍ പോയി ഒരു പെണ്ണിന് മദ്യപിക്കാനാകുമോ, മദ്യം വാങ്ങാനാകുമോ, പ്രത്യേകിച്ചും ലോക്കല്‍ ബാറാണെങ്കില്‍... അവിടെ സുരക്ഷിതമാകുമോ അവര്‍. ബംഗളൂരുവില്‍ പുരുഷന്മാര്‍ മാത്രം വരുന്ന അത്തരം ബാറുകളിലേക്ക് സത്രീകള്‍കൂട്ടമായി എത്തിയാല്‍ എന്താവും നാട്ടുകാരുടെ പ്രതികരണം. എന്നാല്‍ ആ ശ്രമം വിജയമായിരുന്നു. സ്ത്രീകളെ മദ്യപിക്കാന്‍ പ്രേരിപ്പിക്കുകയല്ല, മാറ്റിനിര്‍ത്തലുകളെ ചോദ്യം ചെയ്യുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് ഇന്ദുവിന് ഇതേ പറ്റി നല്‍കാനുള്ള മറുപടി.
സിസിലിയ എഡിന് ഒരു ഹെല്‍പ് ലൈന്‍ നമ്പരും ഇന്ദുവും കൂട്ടരും ഒരുക്കി. അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്ക് ഏത് സമയവും ആ നമ്പരിലേക്ക് പരാതി വോയിസായി അയക്കാം ഉത്തരവാദിത്തപ്പെട്ട അധികാരികളിലേക്ക് ആ പരാതി ഇവര്‍ കൈമാറും. പ്രോജക്ട് തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട് (FICA)യുടെ അംഗീകാരം നേടി ഇന്ദുവിന്റെ ഈ പ്രോജക്ട്. അവര്‍ ധനസഹായവും നല്‍കി. എന്നാല്‍ പിന്നീട് സ്വന്തം പണം മുടക്കിയാണ് ഇന്ദു പ്രോജക്ടിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. കൊറോണ പടര്‍ന്നു പിടിച്ചതോടെ സ്ത്രീകള്‍ക്കെതിരെയുള്ള പുറത്തെ അതിക്രമങ്ങള്‍ വീടിനുള്ളിലായി. അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ പറ്റി കോമിക്ക് ബുക്ക് പോലെ ഒരു പ്രസിദ്ധീകരണം പുറത്തിറക്കാനുള്ള ഒരക്കത്തിലാണ് ഇരുവരുമിപ്പോള്‍.
'സിസിലിയ ഒരു സൂപ്പര്‍ വുമണാണ്, സ്ത്രീവിവേചനത്തിനെതിരെ അവര്‍ വയ്ക്കുന്ന ഈ ചുവടു വയ്പുകള്‍ വലിയൊരു മാതൃകയാണ്.' ഇന്ദു അഭിമാനത്തോടെ പറഞ്ഞു നിര്‍ത്തുന്നു.
Content Highlights: viral ragpicker women not just an ordinary women, artist Indu Antony share her experience with Cecilia and their project


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..