-
ലെബനീസ് തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ധാരാളം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൽസമയ ചിത്രീകരണത്തിനിടെ സ്ഫോടനം വീടിനകം വരെയെത്തുന്നതിന്റെയും വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടയിൽ നവവധു ഓടിരക്ഷപ്പെടുന്നതുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ സ്ഫോടനത്തിനിടയിൽ പ്രസവത്തിന് ആശുപത്രിയിലെത്തുകയും സ്ഫോടനം വകവെക്കാതെ യുവതിയുടെ പ്രസവമെടുക്കുകയും ചെയ്യുന്ന വീഡിയോ ആണ് വൈറലാവുന്നത്.
സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പാണ് പ്രസവവേദനയുമായെത്തിയ എമ്മാനുവലെ ഖനൈസർ എന്ന യുവതിയെ സെന്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സ്ട്രക്ചറിൽ കിടത്തി എമ്മാനുവലിനെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതും കാണാം. ഇതിനിടയ്ക്കാണ് സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനൽച്ചില്ലുകൾ തകരുന്നതും ആശുപത്രിയിലെ ഉപകരണങ്ങൾ വീണുകിടക്കുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ ഭർത്താവായ എഡ്മണ്ട് ആണ് പ്രസവവേദനയുമായി കൊണ്ടുപോകുന്ന ഭാര്യയുടെ വീഡിയോ പകർത്തിയത്.
തങ്ങൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് എഡ്മണ്ട് പറയുന്നു. ആരോഗ്യപ്രവർത്തകരോട് എന്നും കടപ്പെട്ടിരിക്കും. പരിക്കേറ്റിട്ടും അവർ തന്റെ ഭാര്യയുടെ അരികിൽ നിന്നുമാറിയില്ല. പരമ്പരാഗത രീതിയിലാണ് പ്രസവം എടുത്തതെന്നും എഡ്മണ്ട് പറയുന്നു. കൃത്യമായ ചികിത്സയുടെയോ ഉപകരണങ്ങളുടെയോ സേവനമില്ലാതെയാണ് പ്രസവമെടുത്തത്. സംഭവം നടന്നതോടെ ലേബർ റൂമിലേക്ക് താൻ ഓടിക്കയറുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഓർത്തായിരുന്നു ആധി. ഭാര്യയുടെ ശരീരം മുഴുവൻ ഗ്ലാസുകൾ നിറഞ്ഞിരുന്നു. ബെഡ് പുറത്തേക്കെത്തിക്കാനും ഡോക്ടർമാരെയും നഴ്സുമാരെയും സഹായിക്കാനും താൻ കൂടെ നിന്നിരുന്നുവെന്നും എഡ്മണ്ട് പറയുന്നു.
ടോർച്ചുകളും മൊബൈൽ ഫോൺ വെളിച്ചവും വച്ച് ആരോഗ്യപ്രവർത്തകർ തന്റെ ഭാര്യയുടെ പ്രസവം എടുക്കുന്ന ചിത്രങ്ങളും എഡ്മണ്ട് പങ്കുവച്ചു. സ്ഫോടനത്തോടെ ആശുപത്രിയിലെ വൈദ്യുതിവിതരണം നഷ്ടപ്പെട്ടതിനാലാണിത്. പ്രസവശേഷം പ്ലാസ്റ്റിക് ചെയറിലിരുത്തിയാണ് ഭാര്യയെ പാർക്കിങ്ങിലേക്ക് കൊണ്ടുവരുന്നത്. ശേഷം അഞ്ചു മൈൽ അകലെയുള്ള മറ്റൊരു ആശുപത്രിയിലെത്തിച്ചാണ് തുടർചികിത്സയും വിശ്രമവും സാധ്യമായതെന്നും എഡ്മണ്ട്.
സ്ഫോടനത്തെ അതിജീവിച്ചെത്തിയ മകന്റെ പേരിലും എഡ്മണ്ട് നന്ദി പറയുന്നുണ്ട്. തന്റെ മകൻ എന്നെങ്കിലും ഈ കടങ്ങൾ വീട്ടുമെന്നാണ് എഡ്മണ്ട് പറയുന്നത്.
Content Highlights: Video shows mother in labour as Beirut explosion shatters hospital room
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..