കൃഷ്ണപ്രിയ, നന്ദകുമാർ
* ഈ പറമ്പ് എന്റേതാണെന്ന് വിളിച്ചുപറയുന്നതുപോലെയാണ് ഇയാൾ അല്ലെങ്കിൽ ഇവൾ എൻേറതാണെന്ന അവകാശ പ്രഖ്യാപനം. ഇത്തരം പ്രഖ്യാപനങ്ങൾ കണ്ടും കേട്ടും വളരുന്നവരാണ് 'സ്വത്ത് ' നഷ്ടപ്പെടുമ്പോൾ പെട്രോളും ആസിഡും കൈത്തോക്കുമായി ഇറങ്ങുന്നത്. ഒരു പെണ്ണും ഒരാണിന്റെയും സ്വത്തല്ലെന്ന് നമ്മുടെ കുട്ടികൾ തിരിച്ചറിയണം.

ഗൗരിയമ്മയല്ല ഈ കുറിപ്പിന്റെ നായിക. വഴിതെറ്റുന്ന ആണത്തത്തിന്റെ ക്രൗര്യതകൾക്കിരയാവുന്ന പെൺകുട്ടികളാണ് ഈ കുറിപ്പിന്റെ ആധാരം. തിരസ്‌കരിക്കപ്പെടുക എന്നത് ജീവിതത്തിന്റെ ഭാഗമാണ്. എപ്പോഴെങ്കിലും തിരസ്‌കരിക്കപ്പെടാത്തവരായി ആരാണ് ഈ ലോകത്തുള്ളത്. എത്രയോ വർഷങ്ങൾ പ്രണയം മനസ്സിൽ കൊണ്ടുനടന്ന ശേഷം ഒരു നിമിഷത്തിൽ ധൈര്യമവലംബിച്ച് കാമുകിയോട് അല്ലെങ്കിൽ കാമുകനോട് തുറന്നു പറയുമ്പോൾ ഞാൻ അങ്ങിനെയൊന്നും കുരുതിയിട്ടില്ല എന്ന മറുപടി കേട്ട് തളർന്നു പോയവർ ചുരുക്കമായിരിക്കില്ല.
ഒരു കാര്യം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. മാനസയുടെ കാര്യത്തിലായാലും കൃഷ്ണപ്രിയയുടെ കാര്യത്തിലായാലും സംഗതി പ്രണയമേയല്ല. ഒരു പെൺകുട്ടിക്ക് ചിലപ്പോൾ എപ്പോഴെങ്കിലും ഒരാൺകുട്ടിയോട് ഇഷ്ടം തോന്നിയിട്ടുണ്ടാവാം. എല്ലാ ഇഷ്ടങ്ങളും പ്രണയമല്ല. ഇനി അഥവാ അതിൽ പ്രണയമുണ്ടായിരുന്നാൽ പോലും പരസ്പരമുള്ള ബന്ധത്തിൽ നിന്ന് പിന്മാറാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും എല്ലായ്‌പോഴുമുണ്ട്. അതുകൊണ്ടുതന്നെ പ്രണയ നിരാസത്തിലാണ് പ്രതി കൊല ചെയ്തതെന്ന് പറയുമ്പോൾ അത് വലിയൊരു തെറ്റാവുന്നു. കൊല്ലപ്പെടുന്ന ഒരു പെൺകുട്ടിയും അവളുടെ മനസ്സ് തുറക്കാൻ നമ്മുടെ മുന്നിലേക്ക് തിരിച്ചുവരില്ല. അവളുടെ മനസ്സിൽ പ്രണയമുണ്ടായിരുന്നു എന്ന വ്യാഖ്യാനം അതുകൊണ്ടുതന്നെ നൂറുശതമാനവും ഒരു ക്രിമിനൽ കുറ്റമാവുന്നു. കഠാരയും പെട്രോളുമായി ആക്രമിക്കുന്നവർ പ്രണയമല്ല പകയും വിദ്വേഷവും മനസ്സിൽ കൊണ്ടുനടക്കുന്നവരാണ്. ആക്രമവാസനയുള്ള മനോരോഗികളാണ് ഇക്കൂട്ടർ. ഇക്കൂട്ടരെ കാമുകർ എന്ന് വിശേഷിപ്പിക്കുന്നത് നമ്മൾ മാനവ സമൂഹത്തോട് തന്നെ ചെയ്യുന്ന വഞ്ചനയയിരിക്കും.
തിരസ്‌കാരത്തിൽ മനം നൊന്തിട്ടുള്ളവരിൽ പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്. പക്ഷേ, 1980 കളിലോ തൊണ്ണൂറുകളിലോ അതിനും മുമ്പോ ഇങ്ങനെ നൊ പറയുന്നവരുടെ ജീവനെടുക്കുന്ന പരിപാടി കേട്ടിട്ടില്ല. എനിക്ക് തന്നോട് പ്രണയമില്ല എന്ന് പറയുന്ന പെൺകുട്ടികൾ നേരെ പോയി പോലിസ് സ്‌റ്റേഷനിൽ സംഗതി ബോധിപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. കാരണം തിരസ്‌കാരം ഒരാളുടെ അവകാശവും സ്വാതന്ത്ര്യവുമാണെന്ന തിരിച്ചറിവ് തിരസ്‌കരിക്കപ്പെടുന്നവർക്കുണ്ടായിരുന്നു.
കാണാൻ ഭംഗിയില്ലാത്തവരെ ആങ്ങളമാരാക്കുന്ന പരിപാടി നിങ്ങൾക്ക് പണ്ടേയുള്ളതാണെന്ന് ഒരു സിനിമയിൽ നായികയോട് പറഞ്ഞ ശ്രീനിവാസന്റെ കഥാപാത്രത്തെ പോലെ ഇത്തരം തിരസ്‌കാരങ്ങളോട് വാക്കുകൾ കൊണ്ട് പ്രതികാരം ചെയ്യുന്നവരായിരുന്നു നമ്മളിൽ പലരും. തിരസ്‌കരിക്കുന്നവരെ കായികമായി ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ലോകമായിരുന്നില്ല അത്. തിരസ്‌കരിക്കപ്പെട്ടവർ താടിയും മുടിയും നീട്ടുകയും ചിലപ്പോൾ മുടി മുറിക്കുകയും വിവാഹം വേണ്ടെന്നു വെയ്ക്കുകയും പ്രണയ കവിതകളുടെ ശേഖരത്തിലേക്ക് തങ്ങളാൽ ആവുന്ന വിധത്തിൽ സംഭാവനകൾ നൽകുകയും ചെയ്തു. ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും തിരസ്‌കാരത്തിന്റെ വേദനകളിലൂടെ കടന്നു പോകുന്നുണ്ട്.
എന്തുകൊണ്ടാണ് ഇന്നിപ്പോൾ തിരസ്‌കരിക്കുന്നവരുടെ ജീവനെടുക്കണമെന്ന് നമ്മുടെ ചെറുപ്പക്കാർക്ക് തോന്നുന്നത്? ഇതൊരു സാമാന്യവത്കരണമല്ല. നമ്മളിൽ ഭൂരിപക്ഷം പേരും തിരസ്‌കരണങ്ങൾ ഉൾക്കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്. പക്ഷേ, നമ്മുടെ സമൂഹത്തിൽ എവിടെയൊക്കെയോ ചില പാകപ്പിഴകൾ ആഴത്തിലുണ്ടായിട്ടുണ്ട്. കാരുണ്യത്തിനും സ്നേഹത്തിനും പകരം പകയും ക്രൗര്യവും ജീവിത മുദ്രകളാവുന്നത് എന്തുകൊണ്ടാണെന്ന് നമ്മൾ അന്വേഷിച്ചേ തീരൂ. ഓർക്കുമ്പോൾ പേടിയാവുന്നു എന്നാണ് രണ്ടു പെൺകുട്ടികളുടെ പിതാവ് കഴിഞ്ഞ ദിവസം ഫോണിൽ പറഞ്ഞത്.
ആൺമേൽക്കോയ്മ, അധികാരം , വ്യക്തിബന്ധങ്ങളിലെ അസമത്വങ്ങൾ, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ വേർതിരിവുകൾ ഇവയൊക്കെ ഈ അപചയത്തിന് പിന്നിലുണ്ടാവാം. നമ്മുടെ കുട്ടികളെ നമ്മൾ എങ്ങിനെയാണ് വളർത്തുന്നതെന്നത് വലിയൊരു വിഷയമാണ്. പെൺകുട്ടികൾക്ക് അവരുടെ സ്വന്തം നിലപാടുകളുണ്ടെന്നും അവർ ആരുടെയും അടിമകളല്ലെന്നും അവർ ആൺകുട്ടികളെപ്പോലെതന്നെ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളാണെന്നുമുള്ള വസ്തുത സംശയാതീതമായി ഊട്ടിയുറപ്പിക്കപ്പെടേണ്ടതുണ്ട്.
ആരും ആരുടെയും സ്വത്തല്ല. പക്ഷേ, നമ്മുടെ കുടുംബങ്ങളിൽ സ്ത്രീകളെ കാണുന്നത് സ്വത്തായിട്ടാണ്. അങ്ങാടിയിൽ തോറ്റാൽ വീട്ടിൽ വന്ന് സ്ത്രീകളുടെ മെക്കിട്ട് കയറിക്കഴിയുമ്പോഴാണ് നമ്മളിൽ പലർക്കും ഒരാശ്വാസം കിട്ടുക. സ്ത്രീകളോടുള്ള ആക്രമണത്തിന്റെ വേരുകൾ വീട്ടിനുള്ളിലേക്കാണ് നീളുന്നത്. ഓരോ പെൺകുട്ടിയും അത്താഴമാണ് എന്ന ശീർഷകത്തിൽ സുമണ റോയിയുടെ ഒരു കവിതയുണ്ട്. ആണുങ്ങൾ മോട്ടോർ വാഹനങ്ങളാണെന്നും തന്റെ ശരീരം തിരക്കുപിടിച്ച സമയത്തെ ഗതാഗതമാണെന്നും സുമണ എഴുതുന്നു. ലക്കും ലഗാനുമില്ലാതെ പായുന്ന മോട്ടോർ വാഹനങ്ങളെപ്പോലെ നമ്മുടെ ആൺസമൂഹം സ്ത്രീകളുടെ മജ്ജയും മാംസവും കടിച്ചുപറിക്കുകയും ചിതറിപ്പിക്കുകയും ചെയ്യുന്നു.
രണ്ടുകൊല്ലം മുമ്പ് നവംബറിൽ ഹാദിയ എന്നൊരു പെൺകുട്ടി സുപ്രീംകോടതിയിൽ ഉറക്കെ വിളിച്ചുപറഞ്ഞു : '' എനിക്ക് സ്വാതന്ത്ര്യം വേണം. '' ലൗ ജിഹാദിന് കേരളത്തിൽ നിർമ്മിക്കപ്പെട്ട പ്രതിരൂപമായിരുന്നു ഹാദിയ. വീട്ട് തടങ്കലിലായിരുന്ന ഹാദിയ സുപ്രീംകോടതിയിൽ ഹാജരായപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആ പെൺകുട്ടിയോട് ചോദിച്ചു : '' എന്താണ് ഭാവിക്കുവേണ്ടിയുള്ള നിങ്ങളുടെ സ്വപ്നം? '' ഈ ചോദ്യത്തിന് ഹാദിയ നൽകിയ മറുപടി നമ്മൾ എല്ലാവരും ഒന്ന് മനസ്സിരുത്തി കേൾക്കണം. '' സ്വാതന്ത്ര്യം , മോചനം . '' ശരീരത്തിന്റെ മോചനവും സ്വാതന്ത്ര്യവുമാണ് ആ പെൺകുട്ടി ആവശ്യപ്പെട്ടത്. തനിക്ക് പഠനം പൂർത്തിയാക്കണമെന്നും ഡോക്ടറാവണമെന്നും ഭർത്താവിനൊപ്പം ജീവിക്കണമന്നെും ഹാദിയ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ആ പെൺകുട്ടിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കി. സേലത്തെ കോളേജിൽ തുടർന്നു പഠിക്കുന്നതിനുള്ള അവസരം ആ പെൺകുട്ടിക്ക് ലഭ്യമാക്കണമെന്ന് സർക്കാരിന് ഉത്തരവ് നൽകി. സ്വാതന്ത്ര്യവും മോചനവുമാണ് സ്ത്രീകൾ ആവശ്യപ്പെടുന്നത്. നൊ എന്ന് പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ഈ അവകാശത്തിനായി ജീവിതം ബലി നൽകേണ്ട ഗതികേടിലാണ് ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകൾ എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദയനീയതയുടെ സാക്ഷ്യപത്രമാണ്.

അപാരമായ ശൂന്യതയുടെ നിമിഷത്തിലാണ് ആത്മഹത്യകൾ നടക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊലകളും ആക്രമണങ്ങളും ഇത്തരം ശൂന്യതകളിൽ തന്നെയായിരിക്കാം നടക്കുന്നത്. ഇന്ത്യയെ കണ്ടെത്തൽ എന്ന ഗ്രന്ഥത്തിൽ നെഹ്രു ഇന്ത്യൻ സംസ്‌കൃതിയുടെ മൂല്യങ്ങൾ എടുത്തുപറയുന്നുണ്ട്.വ്യത്യസ്തവും വിഭിന്നവുമാർന്ന ഇന്ത്യൻ സംസ്‌കൃതി രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ നിരവധി തിരസ്‌കരണങ്ങൾ അതിജീവിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ ശൂർപ്പണക നേരിട്ട തിരസ്‌കരണമാണ് രാമായണത്തിന്റെ ആധാരം. ഒരാൾ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാടല്ല ഇന്ത്യൻ ജനാധിപത്യത്തെ വളർത്തിയത്. ഒരു സംസ്‌കാരം മാത്രം മതിയെന്ന സമീപനവുമല്ല അത്. വെറുപ്പും വിദ്വേഷവും അപരവത്കരണവും വളർത്തുന്ന രാഷ്ട്രീയ സംഹിതകൾക്ക് പ്രാമുഖ്യം കൈവരുന്നതിന്റെ പ്രതിഫലനം കൂടി നമ്മൾ ഇന്ന് നേരിടുന്ന പ്രതിസന്ധികൾക്ക് കാരണമാവുന്നുണ്ടോ എന്നും നമ്മൾ ആലോചിക്കേണ്ടതായുണ്ട്. ഒരു ദേശം ഒരു ഭാഷ, ഒരു ദേശം ഒരു തിരഞ്ഞെടുപ്പ് , ഒരു ദേശം ഒരു നേതാവ് എന്നീ മുദ്രാവാക്യങ്ങളും ഈ പരിസരത്തിൽ ചോദ്യം ചെയ്യപ്പെടണം.
പ്രണയങ്ങൾ സുസ്ഥിരമാണെന്നത് പഴങ്കഥയാണ്. ഒരാൾക്കും ഒരാളോടും നിരന്തരമായ പ്രണയമുണ്ടാവണമെന്നില്ല. സുസ്ഥിരമായ പ്രണയം പലപ്പോഴും സ്വത്തവകാശം പോലെയാണ്. ഈ പറമ്പ് എന്റേതാണെന്ന് വിളിച്ചുപറയുന്നതുപോലെയാണ് ഇയാൾ അല്ലെങ്കിൽ ഇവൾ എൻേറതാണെന്ന അവകാശ പ്രഖ്യാപനം. ഇത്തരം പ്രഖ്യാപനങ്ങൾ കണ്ടും കേട്ടും വളരുന്നവരാണ് 'സ്വത്ത് ' നഷ്ടപ്പെടുമ്പോൾ പെട്രോളും ആസിഡും കൈത്തോക്കുമായി ഇറങ്ങുന്നത്. ഒരു പെണ്ണും ഒരാണിന്റെയും സ്വത്തല്ലെന്ന് നമ്മുടെ കുട്ടികൾ തിരിച്ചറിയണം. അങ്ങിനെയാരു തിരിച്ചറിവ് അവർക്കുണ്ടാവണമെങ്കിൽ അതിന്റെ പാഠങ്ങൾ വീട്ടിൽ നിന്നു തന്നെ തുടങ്ങണം .

വീട്ടിൽ നിന്ന് തുടങ്ങണമെന്ന് വെറുതെ പറഞ്ഞതല്ല. അനീതിയുടെ കോട്ടയും കൊത്തളവുമാണ് പലപ്പോഴും വീടുകൾ. ഫ്രഞ്ച് ദാർശനികനും എഴുത്തുകാരനുമായ റൊമെയ്ൻ റൊളന്ദിന്റെ വചനം ഓർക്കുക : '' നിലവിലുള്ള ക്രമം അനീതിയാണെങ്കിൽ ക്രമരാഹിത്യം നീതിയുടെ തുടക്കമാണ് ( If order is injustice then disorder is the beginning of justice. ) സ്ത്രീകൾ നേരിടുന്ന അനീതിയുടെ വേരുകൾ തുടങ്ങുന്നത് വീടുകളിൽ നിന്നാണ്. ജനാധിപത്യരാഹിത്യത്തിന്റെ വലിയൊരു നിഴലിലാണ് നമ്മുടെ വീടുകൾ മിക്കവാറും നിലകൊള്ളുന്നത്. ഇപ്പോള്‍ നമ്മുടെ വീടുകളില്‍ നിലനില്‍ക്കുന്ന പല ക്രമങ്ങളും അനീതിയുടെ ഉറവിടങ്ങളും തുടര്‍ച്ചയുമാണ്. ഈ ക്രമം തീർച്ചയായും തച്ചുടയ്ക്കപ്പെടേണ്ടതായുണ്ട്. വീടുകളിലേക്ക് കൂടുതൽ വെളിച്ചവും കാറ്റും കടന്നുവരണം. ലിംഗ നീതിയുടെ വായുവും പ്രകാശവും. ആണധികാരത്തിന്റെ വൈറസുകളിൽ നിന്ന് നമ്മുടെ സമൂഹത്തെ മുക്തമാക്കാൻ വീടുകളിൽ ഇങ്ങനെയൊരു വാക്‌സിനേഷൻ അനിവാര്യമാവുന്നു.
വഴിയിൽ കേട്ടത് : രാത്രിക്ക് രാത്രി കുടുംബത്തെ ഉപേക്ഷിച്ച് ബുദ്ധൻ മോക്ഷം തേടിപ്പോയത് ന്യായമാണോ? യശോധരയാണ് ഇതിനുത്തരം നൽകേണ്ടത്. മരിച്ചുപോയവരെ തിരിച്ചുവിളിക്കാനാവില്ലെന്നതിനാൽ അത് നടക്കില്ല. നിർബ്ബന്ധമാണെങ്കിൽ യശോദബെന്നിനോട് ചോദിക്കാം.
പുനഃപ്രസിദ്ധീകരണം
Content Highlights: vazhipokkan, thikkodi murder, violence against women, rejection violence and murders,


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..