മഞ്ജു | Photo: Mathrubhumi
തൃശ്ശൂര്‍ : ചാലക്കുടിയിലെ സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ബി.എ. ഇക്കണോമിക്‌സിന് പഠിക്കുമ്പോള്‍ ചെരിപ്പ് വാഴാത്ത പെണ്‍കുട്ടി എന്നായിരുന്നു മഞ്ജുവിന്റെ വിളിപ്പേര്. കാലിലിട്ട വള്ളിച്ചെരിപ്പുകള്‍ കാലില്‍ നില്‍ക്കാതെ ഊരിപ്പോകുക പതിവായിരുന്നു. എത്ര ശ്രമിച്ചിട്ടും ഇത് പരിഹരിക്കാനാകാതെ വന്നപ്പോള്‍ കെട്ടുചെരിപ്പിട്ട് പരിഹാരം കണ്ടു. തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററില്‍ എം.എ. ഇക്കണോമിക്‌സിന് പഠിക്കുമ്പോള്‍ പതര്‍ച്ച ചെരിപ്പിനായിരുന്നില്ല, കാലുകള്‍ക്കായിരുന്നു. ആരെയെങ്കിലും ആശ്രയിച്ചോ ഏറെ സമയമെടുത്തോ നടക്കാമെന്നായി.
കാലുകള്‍ക്ക് ബലക്ഷയം കൂടിവന്നപ്പോള്‍ ഡോക്ടറെ കാണിച്ചു. ത്വഗ്രോഗമാണെന്നും നട്ടെല്ലിന് പ്രശ്‌നമാണെന്നുമെല്ലാം വിധിയെഴുതി. ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം വരുന്ന വാസ്‌കുലൈറ്റിസ് എന്ന രോഗമാണെന്ന് കണ്ടെത്തിയപ്പോഴേക്കും പൂര്‍ണമായി മുച്ചക്ര സൈക്കിളിലായി ജീവിതം.
തൃശ്ശൂര്‍ നഗരത്തിലെ ഇക്കണ്ടവാരിയര്‍ റോഡിലെ അക്കരപ്പറ്റി വീട്ടില്‍ 2016 മുതല്‍ മുച്ചക്ര സൈക്കിളില്‍ ജീവിക്കുന്ന മഞ്ജു ജോസ് (42) ഇപ്പോള്‍ ജീവിതം തിരികെപ്പിടിക്കുകയാണ്. അതിനായി ഒന്നിനുപിറകെ ഒന്നായി മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുകയാണ്. ബിരുദാനന്തര ബിരുദത്തിന് റാങ്കിനൊപ്പം മാര്‍ക്ക് നേടിയിട്ടും ജോലിക്ക് പോകാനാകാതെ വിധി തളര്‍ത്തിയത് ചെറിയ നോവായി. ഈ ജീവിതം ഒരുപാട് അനുഭവങ്ങള്‍ നല്‍കി. അതെല്ലാം കുറിപ്പാക്കി പുസ്തകമിറക്കി. നടനം എന്ന് പേരിട്ട ജീവിതവിജയസന്ദേശമുള്‍ക്കൊള്ളുന്ന പുസ്തകത്തിന് നല്ല വായനക്കാരുണ്ടായി.
എഴുത്തിനുപുറമേ ട്യൂഷനിലേക്കും കൗണ്‍സിലിങ്ങിലേക്കും ഇറങ്ങി. ഒരു പ്രമുഖ സ്ഥാപനത്തില്‍ കൗണ്‍സിലറായും ജോലി ചെയ്യുന്നു. ഇനി അടുത്ത രംഗം സേവനമാണ്. വീട്ടില്‍ തയ്യാറാക്കുന്നതും സമാഹരിക്കുന്നതുമായ ഉച്ചഭക്ഷണം വിതരണം ചെയ്യാനാണ് പരിപാടി. അതിന് ഈയാഴ്ച തുടക്കമിടും. വീല്‍ച്ചെയറില്‍ സഞ്ചരിച്ച് വീടിന് സമീപത്തെ റോഡുകളിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുക. ജോസ്- മേരി ദന്പതിമാരുടെ മകളാണ് മഞ്ജു.
Content Highlights: vasculitis disease survivor manjus inspirational strory


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..