കോബിയും മകൾ ജിയാനയും, വനേസ
അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകള്‍ ജിയാനയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത ആരാധകരെയാകെ ഉലച്ചിരുന്നു. പതിമൂന്നുകാരിയായ ജിയാനയുടെ ടീമിനെ പരിശീലിപ്പിക്കാന്‍ കാലിഫിലെ മാംബ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഇപ്പോഴിതാ പ്രിയപ്പെട്ട ഭര്‍ത്താവിനേയും മകളേയും ഓര്‍ത്ത് വിങ്ങിപ്പൊട്ടുന്ന കോബിയുടെ ഭാര്യ വനേസയുടെ വീഡിയോ ആണ് ഹൃദയം തൊടുന്നത്.
കോബിക്കും മകള്‍ക്കും ഈ ഭൂമിയില്‍ ഒരിക്കലും പിരിഞ്ഞു ജീവിക്കാന്‍ കഴിയില്ലെന്ന് ദൈവത്തിനറിയാം അതുകൊണ്ടാണ് അവര്‍ മരിക്കുമ്പോഴും ഒന്നിച്ചായതെന്ന് വനേസ പറയുന്നു. കോബിയുടേയും മകളുടേയും സ്മരണാര്‍ഥം സ്റ്റേപ്പിള്‍സ് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വനേസ ഭര്‍ത്താവിനേയും മകളേയും കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്.
അവള്‍ എല്ലായ്‌പ്പോഴും ചിന്തകളിലായിരുന്നു, എപ്പോഴും ഒരു ചുംബനത്തിലൂടെയാണ് ഗുഡ്‌മോണിങ്ങും ഗുഡ്‌നൈറ്റുമൊക്കെ പറയുക. ആ ചുംബനങ്ങള്‍ എനിക്കെത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അവള്‍ക്കറിയുമായിരുന്നു. ശരിക്കും അവളൊരു അച്ഛന്‍ കുട്ടിയായിരുന്നു, പക്ഷേ എനിക്കറിയാം അമ്മയേയും അവള്‍ ഏറെ സ്‌നേഹിച്ചിരുന്നുവെന്ന്- മകളെക്കുറിച്ച് വനേസപറയുന്നു.

സൂര്യപ്രകാശം പോലെയാണ് മകളുടെ ചിരിയെന്നും വനേസ. കോബി എപ്പോഴും പറയുമായിരുന്നു അവള്‍ എന്നെപ്പോലെയാണെന്ന്. അവള്‍ക്ക് എന്റെ ഊര്‍ജസ്വലതയും വ്യക്തിത്വവും നര്‍മബോധവും ലഭിച്ചിരുന്നു, കോബിയുടെ മത്സരബുദ്ധിയും. ഇന്ന് അവളുടെ മനോഹരമായ മുഖം എനിക്ക് മിസ് ചെയ്യുന്നു. വിവാഹദിനത്തില്‍ നീയെത്ര സുന്ദരിയായിരിക്കുന്നുവെന്ന് അവളെ നോക്കി പറയാന്‍ കഴിയില്ല. അച്ഛനും മകളും ഒന്നിച്ചുള്ള നൃത്തവും എനിക്കൊപ്പമുള്ള നൃത്തവും അവള്‍ക്കുണ്ടാകാന്‍ പോകുന്ന മക്കള്‍ക്കൊപ്പമുള്ള നൃത്തവുമൊന്നും ഇനി കാണില്ല.
കോബി അങ്ങേയറ്റം സ്‌നേഹവും കെയറിങ്ങും ഉള്ള ഭര്‍ത്താവായിരുന്നുവെന്നും വനേസ ഓര്‍ക്കുന്നു. തനിക്ക് പതിനേഴര വയസ്സുള്ളപ്പോഴാണ് കോബിയുമായി പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ആദ്യപ്രണയിനിയും ഭാര്യയും ആത്മസുഹൃത്തും സംരക്ഷകയുമൊക്കെയായിരുന്നു ഞാന്‍. തങ്ങളുടെ ബന്ധത്തില്‍ ഏറ്റവും റൊമാന്റിക് കോബിയായിരുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പ് നമുക്കെല്ലാം കൂടുതല്‍ സമയം ഒന്നിച്ചിരിക്കണം എന്നു കോബി മെസേജ് അയച്ചിരുന്നു. പക്ഷേ ഞങ്ങള്‍ക്കൊരിക്കലും അതിനുള്ള അവസരം ലഭിച്ചില്ല. ഞങ്ങള്‍ എല്ലായ്‌പ്പോഴും ദൈനംദിന കാര്യങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്ന തിരക്കിലായിരുന്നു. പക്ഷേ മരിക്കുന്നതിനൊടുവില്‍ ഒരു മെസേജ് എങ്കിലും ലഭിച്ചല്ലോ എന്ന് ഇപ്പോള്‍ ആശ്വസിക്കുന്നുണ്ട്.
കോബി ബ്രയാന്റിന്റെ മരണാനന്തരം വനേസ പങ്കെടുക്കുന്ന ആദ്യപൊതുപരിപാടിയുമായിരുന്നു ഇത്. കിം കര്‍ദാഷിയാന്‍, ജെന്നിഫര്‍ ലോപസ്, ബിയോണ്‍സ് തുടങ്ങിയ വന്‍താരനിരയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Content Highlights: Vanessa Bryant breaks down on stage during Kobe Bryant tribute
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..