Representative Imgae|Gettyimages.in
പെരിയാറിന്റെ കൈവഴി ഇടറിയൊഴുകുന്ന താഴ്‌വര. ഹൈറേഞ്ചിനുമുകളില്‍ പൂത്തുലഞ്ഞ നീലക്കുറിഞ്ഞികള്‍പ്പോലെ മേഘങ്ങള്‍. ഒരു പാലം കടന്നാല്‍ നിബിഡ വനത്തിന്റെ കനം പടര്‍ന്ന തേയിലക്കാടുകള്‍. അതിന്റെ ഇരുണ്ടപച്ചപ്പിനപ്പുറം ചെങ്കല്‍ നിറമുള്ള ഇരുള്‍ വഴികള്‍. കുറച്ചു നടന്നാല്‍ കാണാം വരിയില്‍ നിരന്ന ചെറു കെട്ടിടങ്ങള്‍. പകിട്ടും നിറവുമില്ലാത്ത ജീവിതം പോലെ നരച്ച മേലാപ്പുകള്‍. വിണ്ട് ചുവരുകള്‍. പരിമിതമായ സ്വപ്‌നങ്ങള്‍ക്കു ചേരുംമട്ടില്‍ കെല്‍പില്ലാത്ത ചെറുമുറികള്‍. അസൗകര്യങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞ് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയം. പറക്കാന്‍ ആകാശമില്ലാത്തവരുടെ തടവറ. അതിലൊന്നിലൊരു കൊച്ചുപെണ്‍കുട്ടിയുണ്ടായിരുന്നു ഈ മഴക്കാലം വരേക്കും. അവള്‍ അക്ഷരങ്ങള്‍ എഴുതിപ്പഠിച്ചതിന്റെ അടയാളങ്ങള്‍ കാണാം ആ ചുമരുകളിലൊക്ക. അവളുടെ കുപ്പായങ്ങളും കളിപ്പാട്ടങ്ങളും നിറഞ്ഞ മുറിക്കുള്ളിലിരുന്ന് അച്ഛനമ്മമാര്‍ ഓര്‍മകള്‍ എണ്ണിപ്പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറിലെ ചുരക്കുളം ലയത്തില്‍ ആറ് വയസ്സുകാരി ലൈംഗികപീഡനത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ടത്. കളിചിരികളുടെ പ്രായത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ആ പെണ്‍കുഞ്ഞിന്റെ അച്ഛനനമ്മമാരുടെ വാക്കുകളില്‍ വ്യക്തമാണ് നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്ന യാഥാര്‍ത്ഥ്യം.
മറ്റൊന്നും വേണ്ട
ഗുഡ് ടച്ചും ബാഡ് ടച്ചും ഒക്കെ ഞാന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. എല്ലാക്കാര്യവും അച്ഛനോടും അമ്മയോടും പറയണമെന്നും പറഞ്ഞിട്ടുണ്ട്. അവളങ്ങനെ തന്നെയായിരുന്നു. എപ്പോഴും ചിരിയും കളിയും കുസൃതിയും. ഞങ്ങള് പണികഴിഞ്ഞ് വന്നാല്‍ ഒപ്പമിരുന്ന് ആ ദിവസത്തെ കാര്യങ്ങളൊക്കെ പറയും. എന്നിട്ടും അവളെന്താ ഇതുമാത്രം പറയാഞ്ഞതെന്ന് അറിയില്ല...
ഈ ലയത്തില് ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞവരാണ്. കൂട്ടത്തില്‍ ഒരാള്‍ ഇങ്ങനെ ക്രൂരത ചെയ്യുമെന്ന് കരുതിയില്ല. അമ്മമാര് കുഞ്ഞുങ്ങളെ ശ്രദ്ധിക്കണം. ആരെയും വിശ്വസിക്കരുത്, ഏറ്റവും അടുത്ത ബന്ധുവിനെപ്പോലും. എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായാലും കുഞ്ഞുങ്ങളുടെ സുരക്ഷ മറക്കരുത്. എന്റെ മൂത്തമകനെപ്പോലെയാണ് ഞാന്‍ അവനെ കരുതിയിരുന്നത്. അവന് ഏറ്റവും വലിയ ശിക്ഷ കൊടുക്കണം. അതിനപ്പുറം ഒന്നും വേണ്ട ഞങ്ങള്‍ക്ക്.
ജീവിതം ഇരുട്ടില്‍
അവര്‍ കടന്നുപോയ ദുരന്തത്തിന് അവരുടെ ജീവിത സാഹചര്യങ്ങളും ഒരു പരിധിവരെ കാരണമാണ്. അച്ഛന്റെ വാക്കുകളില്‍ തെളിയുന്നുണ്ട് നിരാശ്രയരുടെ ഗതികേടുകളുടെ ആഴം. 'ദിവസക്കൂലിക്കാരാണ് ഞങ്ങള്‍. കഴിഞ്ഞ കുറെ നാളുകളായി കൂലി കുറവാണ്. തേയിലയ്ക്ക് വിലയില്ലെന്നാണ് പറഞ്ഞത്. ദിവസം നൂറ് രൂപ കണക്കില്‍ ആഴ്ചയില്‍ 600 രൂപ കൂലി കിട്ടും. വല്ല അസുഖവും വന്ന് ഒരു ദിവസം പണിക്കിറങ്ങിയില്ലെങ്കില്‍ അന്നത്തെ കൂലിയില്ല. ഈ പൈസയ്ക്ക് ഒരു കുടുംബം എങ്ങനെ കഴിയാനാണ്. അതുകൊണ്ട് ഒക്കെയാണ് കുഞ്ഞിനെ വീട്ടിലിരുത്തി ഭാര്യയും പണിക്കിറങ്ങിയത്. രാവിലെ ഏഴ് മണിക്ക് ജോലിയ്ക്ക് കയറണം. വൈകിട്ട് നാലരവരെ പണിയുണ്ടാകും. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കി വച്ചിട്ടാണ് പോകുന്നത്. പതിനൊന്നരയ്ക്ക് വന്ന് മക്കളുടെ കൂടെ ഊണും കഴിച്ചിട്ട് തേയിലക്കാട്ടിലേക്ക് തിരിച്ചു പോകും. വീട്ടിലെ കാര്യങ്ങള്‍ അല്ലലില്ലാതെ നടക്കേണ്ടെ.
പണ്ടൊക്കെ തൊഴിലാളികളുടെ കുഞ്ഞുങ്ങളെ നോക്കാന്‍ പിള്ളപ്പറ എന്നൊരു സംവിധാനം ഉണ്ടായിരുന്നു. പണിക്കിറങ്ങുമ്പോള്‍ മക്കളെ അവിടെ ഏല്‍പിക്കും. നോക്കാന്‍ ആയമാരുണ്ടാവും. അന്നൊന്നും മക്കള്‍ വല്ലതും കഴിച്ചോ എന്നൊന്നും ഓര്‍ത്ത് വേവലാതി വേണ്ടിയിരുന്നില്ല. പക്ഷേ പിന്നെ പിള്ളപ്പിറകള്‍ ഇല്ലാതായി.
പൊലിഞ്ഞു സ്വപ്‌നങ്ങള്‍
ലയത്തിലെ ഏറ്റവും ചെറിയ കുഞ്ഞായിരുന്നു. ആറ് വയസ്സ് തികഞ്ഞിട്ടില്ല അവള്‍ക്ക്. പക്ഷേ നല്ല തിരിച്ചറിവുണ്ട്. എന്റെ മകനുള്‍പ്പടെ ആര് എന്ത് കുരുത്തക്കേട് കാണിച്ചാല്‍ ഞങ്ങള്‍ വരുമ്പോള്‍ തന്നെ അത് പറഞ്ഞു തരും. അങ്ങനെയുള്ള മോള് ഇവന്റെ കാര്യം പറയാതിരുന്നത് എങ്ങനെയാണെന്ന് അറിയില്ല. കുഞ്ഞല്ലേ.. അതൊന്നും മനസ്സിലാക്കാന്‍ അവള്‍ക്ക് അറിയില്ലല്ലോ. അതല്ലെങ്കില്‍ അവന്‍ അവളെ പേടിപ്പിച്ചിട്ടുണ്ടാവും. മൂന്ന് വര്‍ഷമായി അവനിത് തുടര്‍ന്നിട്ട് നിങ്ങള്‍ അറിഞ്ഞില്ലേ എന്നൊക്കെ പലരും ചോദിക്കുന്നു. സ്വന്തം കുഞ്ഞിന് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായാല്‍ ഏതെങ്കിലും അച്ഛനമ്മമാര്‍ അത് മറച്ചു വയക്കുമോ, ആ അച്ഛന് ഇടറിത്തുടങ്ങി.
Content Highlights: vandiperiyar case victim parents open up about incident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..