ഉമർ ഖാലിദും ബനൊജ്യോത്സ്‌ന ലാഹിരിയും | Photo: instagram/ banojyotsna lahiri
'പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍ ഞാന്‍ തൂങ്ങിയാടുകയാണ്.'- 2020-ലെ ഡല്‍ഹി കലാപക്കേസില്‍ യു.എ.പി.എ. ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് തന്റെ ഡയറിയില്‍ കുറിച്ച വരികളാണിത്. രണ്ടര വര്‍ഷത്തോളമായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഉമര്‍ തടവറയ്ക്കുള്ളിലെ ഭയാനകമായ ഏകാന്തതയ്ക്കിടയില്‍ എപ്പോഴോ കുത്തിക്കുറിച്ച വരികള്‍. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയം. എന്നാല്‍, ഇതിനിടയില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടം പകര്‍ന്നു നല്‍കുന്നത് കുടുംബവും സുഹൃത്തുക്കളും ജീവിതപങ്കാളി ബനൊജ്യോത്സ്‌ന ലാഹിരിയുമാണ്.
കഴിഞ്ഞ ജനുവരില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കോടതി ഉമറിന് ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം കുടുംബത്തോട് ചിരിച്ച് യാത്ര പറഞ്ഞ് ഉമര്‍ തിരിച്ച് ജയിലിലേക്ക് പോയി. ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍ ഈ ചിത്രം ട്വീറ്റ് ചെയ്ത് കുറിച്ചത് ഇങ്ങനെയാണ്: 'അനീതിയെ പുഞ്ചിരിയോടെ നേരിടുന്ന ഉമര്‍'. ഉമറിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഏഴ് ദിവസങ്ങളായിരുന്നു അതെന്ന് ബനൊജ്യോത്സ്‌ന പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അന്നത്തെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് ഉമറിന്റെ പങ്കാളി പറഞ്ഞത് 'ഒരാഴ്ച്ച എന്നത് നിങ്ങള്‍ക്ക് എത്ര ദിവസമാണ്? ഞങ്ങള്‍ക്ക് അത് ഒരു ജീവിതകാലം തന്നെയായിരുന്നു' എന്നാണ്.
2008-ലാണ് ഉമറും ബനൊജ്യോത്സ്‌നയും കണ്ടുമുട്ടുന്നത്. അന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു ഉമര്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എം.ഫിലുകാരിയായിരുന്നു ബനൊജ്യോത്സ്‌ന. ബട്‌ല ഹൗസ് ഏറ്റുമുട്ടലിന് ശേഷം ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇരുവരും പോയി. അന്ന് തുടങ്ങിയതാണ് ഉമറും ബനൊജ്യോത്സ്‌നയും തമ്മിലുള്ള സൗഹൃദം. ഇതിനിടയില്‍ വര്‍ഷങ്ങള്‍ കടന്നുപോകുകയും ലിംഗഭേദത്തെയും ജാതിയെയും കുറിച്ചുള്ള തീവ്ര ഇടതുപക്ഷ നിലപാടിനെ തങ്ങള്‍ ചോദ്യം ചെയ്യുകയും ആ ചിന്താധാരയില്‍ നിന്ന് അകന്നുപോകുകയും ചെയ്തുവെന്നും 'ഇന്ത്യ ലൗ പ്രൊജക്റ്റ്' എന്ന ഇന്‍സ്റ്റഗ്രാം പേജിന് നല്‍കിയ അഭിമുഖത്തില്‍ ബനൊജ്യോത്സ്‌ന പറയുന്നു. നീതിയും സമത്വവുമുള്ള ഒരു സമൂഹം വിഭാവനം ചെയ്യാനുള്ള യാത്രയാണ് തങ്ങളെ ഒരുമിച്ചു കൊണ്ടുവന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. 2013-ല്‍ ഇരുവരും പ്രണയം തുറന്നുപറയുകയും ഡേറ്റിങ് ആരംഭിക്കുകയും ചെയ്തു.
2018-ല്‍ ഉമറിന് നേരെ വധശ്രമമുണ്ടായപ്പോഴും കൂടെ ബനൊജ്യോത്സനയുണ്ടായിരുന്നു. അന്ന് ഉമറിനെ കൊല്ലാന്‍ വന്ന വ്യക്തി റിവോള്‍വര്‍ പുറത്തെടുക്കുന്നത് അവര്‍ കണ്ടു. ഭാഗ്യത്തിന് അത് ജാം ആയിപ്പോയതിനാല്‍ ഉമര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസുകാരന്‍ പറഞ്ഞുവെന്നും ബനൊജ്യോത്സന പറയുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലമായിരുന്നു അത്. അത്തരം ഘട്ടങ്ങളില്‍ ഒരുമിച്ച് നിന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നത്.
എന്നാല്‍, ഉമര്‍ ജയിലില്‍ ആയതിന് ശേഷം 'ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പ്'-ലുള്ള കമിതാക്കളെ പോലെയാണ് ഇരുവരും പ്രണയിക്കുന്നത്. ആഴ്ച്ചയില്‍ ഒരിക്കല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ രണ്ടു പേരും കണ്ടുമുട്ടും. ഇന്റര്‍കോമിലേയുള്ള സംസാരം. ചുറ്റുമുള്ള പോലീസുകാര്‍ അറിയാതെ സ്‌നേഹത്തോടെ ഒരു വാക്ക് പോലും പറയാനാകില്ല. കാണുമ്പോള്‍ എപ്പോഴും തമാശയുള്ള എന്തെങ്കിലും സംഭവങ്ങളാണ് പറയുക. അതുകേട്ട് ഉമര്‍ പൊട്ടിച്ചിരിക്കും. ഒരിക്കലും സങ്കടമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയാറില്ല. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഒറ്റയ്ക്ക് പുറത്തേക്ക് നടക്കുമ്പോള്‍ സങ്കടക്കല്‍ ബനൊജ്യോത്സനയുടെ നെഞ്ചിനുള്ളില്‍ ആര്‍ത്തലയ്ക്കും. പക്ഷേ, ഒരു തുള്ളി കണ്ണുനീര്‍ അവര്‍ പൊഴിക്കില്ല.
.jpg?$p=3c0c101&&q=0.8)
'കോടതിയില്‍വെച്ചും ഇടയ്ക്ക് കാണാറുണ്ട്. അപ്പോഴെല്ലാം ആംഗ്യഭാഷയിലാണ് സംസാരിക്കുക. അങ്ങനെയുള്ള ഒരു കൂടിക്കാഴ്ച്ചയ്ക്കിടയില്‍ 'നിന്റെ ഹെയര്‍കെട്ട് ഭംഗിയില്ല' എന്ന് ഞാന്‍ അവനോട് പറഞ്ഞു. മെസ്സിയുടെ പോലുള്ള നിന്റെ ഹെയര്‍ കട്ടും കൊള്ളില്ലെന്ന് അവന്‍ എന്നോട് തിരിച്ചുപറഞ്ഞു. ഞാന്‍ ഒരു ഫുട്‌ബോള്‍ ഭ്രാന്തിയാണ്. ലാ ലിഗയിലെ മത്സരങ്ങളെല്ലാം കാണും. അവന് പക്ഷേ ക്രിക്കറ്റിനോടാണ് താത്പര്യം. ഐ.പി.എല്‍. മത്സരങ്ങള്‍ കാണും. എന്റെ ഇഷ്ട ടീം ഏതാണെന്ന് ചോദിച്ചു. ക്രിക്കറ്റ് കാണാത്ത ഞാന്‍ എന്തു പറയാനാണ്? സ്‌പോര്‍ട്‌സില്‍ ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണെങ്കിലും പുസ്തകങ്ങളുടെ കാര്യത്തില്‍ ഒരുപോലെയാണ്. ജയിലില്‍ അവന്‍ വായിക്കുന്ന പുസ്തകങ്ങളെല്ലാം സൂക്ഷിക്കാന്‍ ഞാന്‍ ഒരു അലമാര വാങ്ങിയിട്ടുണ്ട്.
എന്റെ മാതാപിതാക്കള്‍ എന്നേക്കാള്‍ അവനെ കുറിച്ചാണ് അഭിമാനിക്കുന്നത്. അവന്റെ മാതാപിതാക്കളും എന്നെ സ്‌നേഹിക്കുന്നു. അവര്‍ ഉമറിന്റെ സ്വാതന്ത്ര്യം എടുത്തുകളഞ്ഞു. പക്ഷേ, സന്തോഷത്തിനായി ഞങ്ങള്‍ ഇപ്പോഴും പോരാടുകയാണ്. വേര്‍പിരിയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായ ഈ വര്‍ഷങ്ങളിലാണ് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ അടുത്തത്.' അഭിമുഖത്തില്‍ ബനൊജ്യോത്സന പറയുന്നു.
story courtesy: indialoveproject
Content Highlights: umar khalid and banojyotsna lahiri love story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..