ജോർജുകുട്ടി, മോഹനൻ
ഹരിപ്പാട്ടുകാരായ ജോര്‍ജുകുട്ടിയും മോഹനനും കൂട്ടുകാരാണ്. ഇരുവരും വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലിചെയ്തവര്‍. 30 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച ജോര്‍ജുകുട്ടി ഏഴുവര്‍ഷം മുന്‍പാണു നാട്ടില്‍ സ്ഥിരതാമസമാക്കിയത്. നല്ല വീടുവെച്ചു. മകളുടെ വിവാഹവും നടത്തി.
പക്ഷേ, പലപ്പോഴായി 16 വര്‍ഷത്തോളംനീണ്ട പ്രവാസം മോഹനനു സമ്മാനിച്ചത് ദുരിതങ്ങള്‍ മാത്രം. ഗള്‍ഫില്‍ ജോലിക്കിടെ പക്ഷാഘാതമുണ്ടായി കിടപ്പിലായി. നാട്ടില്‍ കടംപെരുകി. ഒടുവില്‍ വിമാന ടിക്കറ്റിനുള്ള പണം നാട്ടില്നിന്നയച്ചുകൊടുത്താണു ബന്ധുക്കള്‍ മോഹനനെ വീട്ടിലെത്തിച്ചത്. ദുരിതക്കടലില്‍ വീണുപോയ പ്രിയസുഹൃത്തിനു വീടുവെക്കാന്‍ അഞ്ചുസെന്റ് സ്ഥലം ജോര്‍ജുകുട്ടി സൗജന്യമായി നല്‍കിയിരിക്കുകയാണ്. സ്നേഹംമാത്രം പ്രതിഫലമായി വാങ്ങിയാണ് ഈ ഭൂദാനം.
അമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന മോഹനന്റെ കുടുംബം ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനുപിന്നില് ഒന്നേകാല്‍ സെന്റിലെ കൂരയിലാണു താമസം. ഭൂമിക്കു കൈവശരേഖയില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ ഇടംകിട്ടിയില്ല. ഏഴുവര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ മകന്റെ ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപയോളം ചെലവായി. ഇനിയും പണം വേണം. ഇതിനിടെ ഭൂമി വാങ്ങി വീടുവെക്കാനാകില്ലെന്ന് ഉറപ്പിച്ചായിരുന്നു ഇവരുടെ ജീവിതം. പലരോടും മോഹനന് ഈ സങ്കടം പങ്കുവെക്കാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ പഴയ കൂട്ടുകാരനായ ജോര്‍ജുകുട്ടിയോടും പറഞ്ഞു. വഴിയുണ്ടാക്കാമെന്നു പറഞ്ഞാണ് അന്ന് ജോര്‍ജുകുട്ടി പോയത്.
അടുത്ത ദിവസം ജോര്‍ജുകുട്ടി മോഹനനെ തേടിയെത്തി. തന്റെ വീടിനോടു ചേര്‍ന്നുള്ള അഞ്ചുസെന്റ് സ്ഥലം നല്‍കാം, സര്‍ക്കാര്‍ പദ്ധതിയില്‍ വീടുവെക്കാന്‍ വേണ്ടത് ചെയ്തുകൊള്ളാന്‍ പ്രിയ സുഹൃത്തു പറഞ്ഞതു വിശ്വസിക്കാനാകാതെ മോഹനന് ഏറെ നേരം നിന്നുപോയി. ഓട്ടോറിക്ഷപോകുന്ന വഴിയുള്ള സ്ഥലമാണ്. സെന്റിന് കുറഞ്ഞത് ഒന്നരലക്ഷം രൂപയെങ്കിലും വിലകിട്ടും. മണ്ണിട്ടുയര്ത്തിയെടുത്താല് വീടുവെക്കാം. മോഹനന് ഇപ്പോള്‍ നഗരസഭയില്‍ ലൈഫ് ഭവനപദ്ധതിക്കുള്ള അപേക്ഷനല്‍കി കാത്തിരിക്കുകയാണ്. വൈകാതെ ഈ കുടുംബത്തിനു വീടുകിട്ടും.
കിടപ്പാടം കിട്ടുമെന്ന പ്രതീക്ഷ ജീവിതം മാറ്റിമറിച്ചതായാണ് മോഹനന് പറയുന്നത്. തന്റെ രോഗാവസ്ഥയും മകന്റെ ചികിത്സയും അടച്ചുറപ്പില്ലാത്ത വീടും എല്ലാം ചേര്‍ന്ന് വല്ലാത്ത അവസ്ഥയിലായിരുന്നു ജീവിതം. ഇപ്പോഴാണു വീട്ടില്‍ എല്ലാവരും ചിരിച്ചു കാണുന്നത്. മോഹനന് ബാര്‍ബര്‍ തൊഴിലാളിയാണ്. മുന്‍പ് സ്ഥിരമായി ജോലിക്കു പോകാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ മൂന്നാഴ്ച മുന്‍പ് പുതിയ ബാര്‍ബര്‍ ഷോപ്പു തുറന്നു. അവിടെ നിന്നു തെറ്റില്ലാത്ത വരുമാനം കിട്ടുന്നുമുണ്ട്.
ഇതാണ് ജോര്‍ജുകുട്ടി
പള്ളിപ്പാട് വെട്ടുവേനി പാടിപ്പറമ്പില്‍ ജോര്‍ജുകുട്ടി 30 വര്‍ഷം മസ്കറ്റിലായിരുന്നു. 15 വര്‍ഷത്തോളം പ്രമുഖ കമ്പനിയില്‍ ഫോര്മാന് ആയി ജോലിചെയ്തു. പിന്നീട് സ്വന്തം കമ്പനി തുടങ്ങി. അത്യാവശ്യം സമ്പാദ്യവുമായാണ് മടങ്ങിയത്. ഭാര്യ: സുജ. മക്കള്‍: സോജി, ജോജി.
ഒരേക്കര്‍ 80 സെന്റ് ഭൂമിയാണു ജോര്ജുകുട്ടിക്കുള്ളത്. മോഹനന് ഭൂമി നല്‍കിയതറിഞ്ഞ് രമേശ് ചെന്നിത്തല എം.എല്‍.എ.യും എ.എം. ആരിഫ് എം.പി.യും ജോര്‍ജുകുട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ചു. ഇവര്‍ക്കാണ് ജോര്‍ജുകുട്ടിയും ഭാര്യ സുജയും ചേര്‍ന്ന് വസ്തുവിന്റെ രേഖകള്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് മോഹനനു കൈമാറി. വാര്‍ഡ് അംഗം അനസ് അബ്ദുള്‍ നസിം വഴിയാണ് ഇരുവരും വിവരമറിഞ്ഞത്. ഇതിനുശേഷമാണ് ഈ ഭൂദാനത്തെപ്പറ്റി നാട്ടുകാരും അറിയുന്നത്.
ഹരിപ്പാട് നഗരസഭയുടെ ആയുര്‍വേദ ആശുപത്രിക്കു ജോര്‍ജുകുട്ടി മൂന്നുസെന്റ് സ്ഥലം സൗജന്യമായി വാഗ്ദാനംചെയ്തിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഹരിപ്പാട് സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിക്ക് (ആരാഴി പള്ളി) കുരിശടി സ്ഥാപിക്കാനും മൂന്നുസെന്റു നല്കി.
Content Highlights: true friendship,muscat,gulf,friendship story,lifestory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..