Photos: Instagram
വണ്ണം കൂടിയിരിക്കുന്നതും കുറഞ്ഞിരിക്കുന്നതുമൊക്കെ ഓരോരുത്തരുടേയും ജീവിതശൈലിയും പാരമ്പര്യവുമൊക്കെ അടിസ്ഥാനമാക്കിയാണുള്ളത്. കൃത്യമായ ഡയറ്റിങ്ങിലൂടെയും വ്യായാമത്തിലൂടെയുമൊക്കെ അതിശയിപ്പിക്കുന്ന വിധത്തില്‍ വണ്ണം കുറച്ച കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ എഴുപതുകാരിയായ ഒരു മുത്തശ്ശിയും വണ്ണംകുറച്ച് അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് കൈവരിച്ചിരിക്കുന്നത്.
തൊണ്ണൂറു കിലോ ഉണ്ടായിരുന്ന ജോവാന്‍ മക്‌ഡൊണാള്‍ഡ് എന്ന മുത്തശ്ശിയാണ് ഈ കഥയിലെ നായിക. അമിതമായ ബിപിയും കൊളസ്‌ട്രോളും ആര്‍ത്രൈറ്റിസുമൊക്കെ മൂലം നന്നേ കഷ്ടപ്പെട്ടിരുന്നു ജോവാന്‍. ആരോഗ്യസ്ഥിതി ദിനംപ്രതി മോശമായിക്കൊണ്ടിരിക്കെ മരുന്നിന്റെ അളവു കൂട്ടുയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടര്‍മാരും അറിയിച്ചു. അങ്ങനെയാണ് ജോവാന്‍ വണ്ണംകുറയ്ക്കാന്‍ തീരുമാനിക്കുന്നത്.

തീര്‍ത്തും അരക്ഷിതമായ അവസ്ഥയായിരുന്നു തന്റേതെന്ന് ജോവാന്‍ പറയുന്നു. ഒരു ഫോട്ടോയില്‍ പെടാതിരിക്കാന്‍ അത്രത്തോളം ശ്രദ്ധിച്ചിരുന്നു. പതുക്കെ നാല്‍പ്പത്തിയെട്ടുകാരിയായ മകള്‍ മിഷേലിന്റെ സഹായത്തോടെ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. ജിം ഉടമയും ട്രെയിനറുമായ മിഷേല്‍ അമ്മയ്ക്കായി ഒരു ആറുമാസക്കാലത്തെ ഫിറ്റ്‌നസ് പ്രോഗ്രാം നിര്‍ദേശിച്ചു. ജോവാന്റെ കഠിനാധ്വാനം ഫലം കണ്ടു, ഇരുപത്തിയെട്ടു കിലോയാണ് കക്ഷി കുറച്ചത്.
ഈ പ്രായത്തില്‍ ജിമ്മില്‍ ഭാരം ചുമക്കുന്നത് സുരക്ഷിതമല്ലെന്നു പറയുന്നവരുണ്ട്. എന്നാല്‍ എത്രത്തോളം ഫിറ്റ് ആയിരിക്കുന്നോ അത്രത്തോളം എല്ലുകളും ശക്തമായിരിക്കും എന്നാണ് ജോവാന്റെ അഭിപ്രായം. മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ ജോവാന്‍ മരുന്നുകളോട് പൂര്‍ണമായും വിടപറഞ്ഞിരിക്കുന്നു. ഇപ്പോഴും ആഴ്ചയില്‍ നാലുദിവസവും കൃത്യമായി വ്യായാമം ചെയ്യും. ഒരുദിവസം അഞ്ചുനേരം എന്ന രീതിയില്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല.
വണ്ണം കൂടിയതില്‍ വിഷമിക്കുന്നവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കാനാണ് ജോവാന്‍ പറയുന്നത്. പ്രായം കൂടുതലാണെന്നോ രോഗബാധിതരാണെന്നോ പറഞ്ഞ് പിന്തിരിഞ്ഞു നില്‍ക്കാതെ ഉറച്ച തീരുമാനമെടുത്താല്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ജോവാന്‍ പറയുന്നു.
Content Highlights: tremendous weight loss journey of 73 year old lady
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..