ശ്രുതി സിതാരയും ദയ ഗായത്രിയും
''എനിക്കുള്ള ശാരീരിക ബുദ്ധിമുട്ടുകളൊക്കെ തന്നെ ദയയ്ക്കും ഉണ്ട്, അതുകൊണ്ടുതന്നെ പരസ്പരം മറ്റാരേക്കാളും നന്നായി മനസ്സിലാക്കാൻ കഴിയും അതിലുപരി മറ്റെന്താണ് പ്രണയത്തിൽ വേണ്ടത്''.- മിസ് ട്രാൻസ് ഗ്ലോബൽ പട്ടം നേടിയ ട്രാൻസ് വുമൺ ശ്രുതി സിതാരയുടെ വാക്കുകളാണിത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ശ്രുതിയും സുഹൃത്തും ട്രാൻസ് വുമണുമായ ദയ ഗായത്രിയും പ്രണയത്തിലാണെന്ന വിവരം പുറത്തുവിട്ടത്. പ്രണയങ്ങൾക്ക് മുമ്പിൽ മുഖം ചുളിക്കുന്ന സമൂഹത്തിന് മുന്നിലേക്ക് ജീവിതത്തിലൂടെ മറുപടി നൽകുകയാണ് ശ്രുതിയും ദയയും. കമ്മ്യൂണിറ്റിയിൽനിന്നു തന്നെയുള്ള ഒരാൾ പങ്കാളിയായപ്പോഴുള്ള അനുഭവത്തെക്കുറിച്ചും മുൻവിധിയോടെ പ്രണയങ്ങളെ സമീപിക്കുന്ന സമൂഹത്തെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി മനസ്സു തുറക്കുകയാണ് ശ്രുതിയും ദയയും.
പ്രണയം തുറന്നുപറഞ്ഞതിങ്ങനെ...
ദയ: രണ്ടു വർഷത്തോളമായി വളരെ അടുത്ത സുഹൃത്തുക്കളാണ്. സാധാരണ കപ്പിൾസിലേതു പോലെ തന്നെ പൊസസീവ്നസും വഴക്കുമൊക്കെ ഞങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്. ശ്രുതി വളരെ മെച്വേഡ് ആയിട്ടുള്ള ആളും ഞാൻ നേരെ തിരിച്ചുമാണ്. നാലു വർഷത്തോളമായി മറ്റൊരു ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു. ആ ബന്ധം പിരിഞ്ഞതിനു ശേഷം ഞാൻ വളരെ തകർന്നിരുന്നു. ആ സമയത്ത് ശ്രുതി എനിക്ക് വളരെയധികം പിന്തുണയുമായി കൂടെ നിന്നിരുന്നു. ശ്രുതി ഉള്ളതുകൊണ്ടു മാത്രമാണ് ആ മാനസികാവസ്ഥയിൽനിന്ന് കരയകറിയത്. അങ്ങനെയാണ് സൗഹൃദം ദൃഢമാകുന്നത്. രണ്ടു വർഷത്തിനു മുമ്പു തൊട്ടേ പരിചയം ഉണ്ടായിരുന്നു. പ്രണയം തുറന്നു പറഞ്ഞപ്പോൾ പലരും പുതിയ ആളെ കിട്ടിയപ്പോൾ പഴയ പ്രണയം ഉപേക്ഷിച്ചു എന്നൊക്കെ നെഗറ്റീവ് കമന്റുകൾ ഉയർന്നിരുന്നു. എന്നാൽ, ഞാൻ മുൻകൈയെടുത്തല്ല ആ പ്രണയത്തിൽനിന്ന് പിൻവാങ്ങിയത്. ആ വ്യക്തിക്ക് എന്നോടൊപ്പം മുന്നോട്ടു പോകുന്നതിൽ ബുദ്ധിമുട്ടുണ്ട്, നമുക്ക് പിരിയാം എന്നു പറയുകയായിരുന്നു. അതൊരു ഒഴിവാക്കലും അല്ല. ഞാനതിനെ മാനിക്കുന്നു. നെഗറ്റീവ് കമന്റുകൾ ഇടുന്നവർക്കൊന്നും ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്താണെന്ന് അറിയില്ല. സാമൂഹിക മാധ്യമത്തിൽ സജീവമായി ഉണ്ടായിരുന്ന രണ്ട് വ്യക്തികൾ എന്ന നിലയ്ക്ക് ഞങ്ങളുടെ പ്രണയം പലരും ആഘോഷമാക്കിയിരുന്നു.
ശ്രുതി: ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടമില്ലാത്ത ഒരാളാണ് ഞാൻ. സർജറിക്കു ശേഷം മൂഡ് സ്വിങ്സൊക്കെ നന്നായി ഉണ്ടായിരുന്നു. എപ്പോഴും ഒരാൾ കൂടെ വേണമെന്നും എന്നെ മനസ്സിലാക്കുന്ന ഒരാൾ വേണമെന്നും ആഗ്രഹിച്ചിരുന്നു. ദയ അത്തരത്തിൽ എന്നെ മനസ്സിലാക്കിയ ഒരാളാണ്. രണ്ടു പേർക്കും കുറച്ചുനാളായി ഇഷ്ടം ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും തുറന്നു പറഞ്ഞിരുന്നില്ല. പ്രണയം ഏറ്റവും മൂർധന്യാവസ്ഥയിൽ എത്തിയപ്പോഴാണ് തുറന്നു പറയാൻ തീരുമാനിക്കുന്നത്. റിലേഷൻഷിപ്പിനെയും പ്രണയത്തെയുമൊക്കെ എതിർത്ത് സംസാരിച്ചിരുന്ന ആളാണ് ഞാൻ. സ്വാഭാവികമായി സംഭവിച്ച പ്രണയമാണിത്.
.jpg?$p=7acd88e&&q=0.8)
മനസ്സിലാക്കുന്ന പങ്കാളി...
ശ്രുതി: ഏറ്റവുമധികം മനസ്സിലാക്കാൻ കഴിയുന്ന ഒരു പങ്കാളിയെയാണ് കിട്ടിയത്. എനിക്കുള്ള ശാരീരിക ബുദ്ധിമുട്ടുകളൊക്കെ തന്നെ ദയയ്ക്കും ഉണ്ട്. അതുകൊണ്ടുതന്നെ പരസ്പരം മനസ്സിലാക്കാൻ കഴിയും. സിസ്ജെൻഡർ വ്യക്തിയാണെങ്കിൽ ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ള ഒരാളെ മനസ്സിലാക്കാനൊക്കെ വലിയ ബുദ്ധിമുട്ടായിരിക്കും. മൂഡ് സ്വിങ്സ് കാരണം പെട്ടെന്നാകും ദേഷ്യവും സങ്കടവുമൊക്കെ വരിക. അപ്പോൾ ഇതുപോലൊരു പങ്കാളിയാകുമ്പോൾ കൂടുതൽ മനസ്സിലാക്കാൻ കഴിയും. പിന്നെ എന്നെയും ദയയെയും ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു എന്നു പറയുന്നവരുണ്ട്. അതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം.
ലെസ്ബിയൻ, ഗേ പ്രണയങ്ങളെ പുച്ഛത്തോടെ നോക്കുന്നവരോട്...
ആളുകൾ എങ്ങനെയാണോ ഉള്ളത് അതുപോലെ അവരെ അംഗീകരിക്കാൻ പഠിക്കണം. ഒരുപാട് വ്യത്യസ്തതകൾ ഉള്ളതാണ് ഈ ലോകം. പക്ഷേ, പാട്രിയാർക്കൽ സിസ്റ്റത്തിൽ അവർ പഠിച്ചു വച്ചിരിക്കുന്ന ചില കാര്യങ്ങളാണ് ഇതിനു കാരണം. സെക്ഷ്വാലിറ്റി, ജെൻഡർ തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാനോ പഠിക്കാനോ ശ്രമിക്കുന്നില്ല. ഇനിയുള്ള തലമുറയ്ക്കെങ്കിലും ശരിയായ ലൈംഗിക വിദ്യാഭ്യാസവും അറിവും ലഭിച്ചിരുന്നെങ്കിൽ ആളുകളുടെ മനോഭാവത്തിൽ മാറ്റം വരും. സ്റ്റീരിയോടൈപ്പുകളെ തച്ചുടയ്ക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. നമ്മെ സന്തോഷിപ്പിക്കുന്ന നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ചിന്തിക്കാൻ പോയാൽ അവനവന് സംതൃപ്തി പകരുന്നതൊന്നും ചെയ്യാൻ കഴിയില്ല.
ഭാവി പരിപാടികൾ
റിലേഷൻഷിപ്പിൽ ആയി എന്നതുമാത്രമേ ഇപ്പോൾ പറയാനുള്ളു. സിനിമകളും മോഡലിങ്ങുമൊക്കെയായി ഇരുവരും കരിയറിൽ സജീവമായുണ്ടാകും. ഞങ്ങളുടെ ബന്ധം ഒരിക്കലും കരിയറിന് തടസ്സമാകാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോവും. പരസ്പരം തുണയാവാൻ ഒരാൾ എന്നതാണ് നിലവിലത്തെ പ്ലാൻ.
Content Highlights: trans couple sruthy sithara daya gayathri speaking, lesbian love, transgender life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..