വി.ബി. രാജി
കൊച്ചി: 'പെണ്ണൊരു പിണമല്ല... പട്ടുടുത്ത പാവയുമല്ല...' രാജിയുടെ പാട്ടിന്റെ ആദ്യ വരികളാണിത്. തന്റെ കൂട്ടുകാര്‍ക്കും ചുറ്റുവട്ടത്തുള്ള സ്ത്രീകള്‍ക്കും വേണ്ടി ചെയ്തൊരു പാട്ട്. ഭൂമിയോളം സഹിച്ച പെണ്ണെന്ന സങ്കല്പത്തിന് മാറ്റങ്ങള്‍ വരുന്നുണ്ട്, പക്ഷേ, ചിലയിടങ്ങളില്‍ ഇപ്പോഴും പെണ്ണിന്റെ സ്ഥാനം അടുക്കളയിലാണ്. അവര്‍ക്കു വേണ്ടിയാണ് സ്ത്രീസമത്വം വിഷയമാക്കിയൊരു പാട്ടുമായി വി.ബി. രാജി എന്ന നാടന്‍പാട്ട് കലാകാരി എത്തിയത്.
'ബോധി സൈലന്റ് സ്കേപ്സ്' ആണ് പെണ്ണകം പാട്ടിനെ യു ട്യൂബില്‍ എത്തിച്ചത്. സ്ത്രീ-പുരുഷ സമത്വം പ്രചരിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പ് ആരംഭിച്ച 'സമം' പദ്ധതിയും രാജിയുടെ പാട്ടിനെ സ്വാധീനിച്ചിട്ടുണ്ട്.
രചനയും സംവിധാനവും അഖില്‍ ജി. ബാബുവും സംഗീതവും പ്രോഗ്രാമിങ്ങും സായി ബാലനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പാട്ട് യു ട്യൂബില്‍ ആയിരങ്ങള്‍ കണ്ടതോടെ പാട്ടുപാടി അഭിനയിച്ചിരിക്കുന്ന പുതുമുഖത്തെയും അന്വേഷിച്ച് വിളികളെത്തി.
18 വര്‍ഷമായി നാടന്‍പാട്ട് രംഗത്തെ സ്ഥിര സാന്നിധ്യമാണ് പലര്‍ക്കും കണ്ടുപരിചയമില്ലാത്ത ഈ മുഖം.
കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് കിട്ടിയ അധ്യാപികയാണ് രാജി. 2011-ല്‍ ചൈനയില്‍ നടന്ന ഇന്ത്യ-ചൈന യൂത്ത് ഡെലിഗേഷന് പ്രോഗ്രാമില്‍ ഇന്ത്യയുടെ പ്രതിനിധിയുമായിരുന്നു. 2019-ലെ ഫോക്ലോര് അക്കാദമി യുവപ്രതിഭാ പുരസ്കാരവും 2020-ലെ കലാഭവന്‍ മണി ഓടപ്പഴം പുരസ്കാരവും രാജിയുടെ സമ്പാദ്യങ്ങളിലുണ്ട്.
സാംസ്കാരിക വകുപ്പിലെ ഫെലോഷിപ്പ് അധ്യാപികയായപ്പോഴാണ് നാടന്പാട്ടിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞത്. ഇപ്പോഴും ആ പഠനം തുടരുകയാണ്. പല കോളേജുകളിലും ഫോക്ലോര് ക്ലാസുകള്‍ എടുക്കാനും പോകുന്നുണ്ട്. അതിനുപുറമേ മുടങ്ങിപ്പോയ പി.ജി. മലയാളം പഠനം വീണ്ടും ആരംഭിച്ചു എന്നും രാജി പറയുന്നു.
പാട്ട് പഠിക്കാതെയാണ് ഈ വേദികളിലേക്ക് എത്തിയത്. പക്ഷേ, വര്‍ഷങ്ങളോളം സംഗീതം പഠിച്ചിട്ട് കല്യാണ ശേഷം അടുക്കളയില്‍ ഒതുങ്ങേണ്ടിവന്ന അടുത്ത പരിചയക്കാരുണ്ട്. അവര്‍ക്കുവേണ്ടിയാണ് 'പെണ്ണകം' എന്ന സംഗീത ആല്‍ബത്തില്‍ പങ്കാളിയായത്. സ്വര്‍ണം പണയം വെച്ചാണ് പാട്ടിറക്കാനുള്ള പണം സ്വരൂപിച്ചത്. പഴയ പാട്ടുകളെ കണ്ടെത്തി പുതുതലമുറയ്ക്കായി ഒരുക്കാനായി കാത്തുെവച്ചിട്ടുണ്ട്. 'നാഗ' എന്ന പേരില്‍ 38 വര്‍ഷം പഴക്കമുള്ള പാട്ടിനെ പുനരവതരിപ്പിച്ചിട്ടുണ്ട്.
ഒരു പെണ്‍കുട്ടി കൂടി ഈ മേഖലയിലേക്കു വന്നാല്‍ വളരെ സന്തോഷമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകാനാണ് തീരുമാനം - രാജി പറയുന്നു.
Content highlights: traditional folk song singer and writer v b raji
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..