Photos: https:/twitter.com/TarynDeVere
വീട്ടിൽ ദൈനംദിനം ഉപയോഗിക്കുന്ന വസ്തുക്കളുടെ നിറങ്ങൾക്ക് സമാനമായി വസ്ത്രം ധരിച്ചാലോ? മഹാമാരിക്കാലത്തെ വിരസതയകറ്റാനും മറ്റു മുഖങ്ങളിൽ പുഞ്ചിരി വിടർത്താനുമായി അയർലൻഡിൽ നിന്നുള്ള ഒരു ഫാഷൻ ഡിസൈനർ സ്വീകരിച്ച മാർഗമാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. ഓരോ ദിവസവും വീട്ടിലെ വസ്തുക്കളുടെ നിറങ്ങൾക്ക് സമാനമായ ഔട്ട്ഫിറ്റ് ധരിച്ച് അവ സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കുകയാണ് കക്ഷി.
ഫാഷൻ ഡിസൈനറായ ടരിൻ ഡി വെരെയാണ് വ്യത്യസ്തമായ വഴിയിലൂടെ വാർത്തയിൽ നിറയുന്നത്. സിങ്കിന്റെ ബ്ലോക്ക് തടയാനുള്ള ഉത്പന്നത്തിന്റെ കവർ മുതൽ കറി പൗഡറുകളുടെ കവറുകളുടെ നിറം വരെ ഔട്ട്ഫിറ്റിൽ കൊണ്ടുവരികയാണ് ടരിൻ. കോവിഡ് മൂലം വീട്ടകത്ത് ഒതുങ്ങിക്കൂടിയതിനെ ക്രിയേറ്റീവായി മാറ്റുകയാണ് ടരിൻ.
പാൽപ്പൊടിയുടെ പാക്കറ്റിലെ പച്ചയും വെള്ളയും നിറമാണ് ഒരു ദിവസം ടരിൻ സ്വീകരിച്ച ഔട്ട്ഫിറ്റിന്റെ നിറവും. അടുത്ത ദിവസം സൺഫ്ളവർ ഓയിലിന്റെ കുപ്പിയുടെ മഞ്ഞയും പച്ചയും കോമ്പിനേഷൻ സ്വീകരിച്ചു. നൂഡിൽസിന്റെയും സ്നാക്സ് കവറുകളുടെയുമെല്ലാം നിറങ്ങൾ ടരിൻ പരീക്ഷിച്ചു. ഇങ്ങനെ ജനുവരി ആദ്യം മുതൽ ധരിച്ച ഓരോ വസ്ത്രങ്ങളും ടരിൻ ട്വിറ്ററിൽ പങ്കുവെച്ചു. വൈകാതെ ടരിന്റെ ആശയം ശ്രദ്ധിക്കപ്പെടാനും തുടങ്ങി.
കഴിഞ്ഞ രണ്ടുവർഷവും വിശ്രമമില്ലാതെ ജോലി ചെയ്തതിന് പകരമായി അവനവനെ ആനന്ദിപ്പിക്കാനുള്ള വഴി കൂടിയായിരുന്നു ടരിന് ഇത്. എന്നാൽ പുതിയ വസ്ത്രങ്ങൾ വാങ്ങിയല്ല ടരിൻ ഔട്ട്ഫിറ്റ് തയ്യാറാക്കുന്നത്. പകരം നിലവിലുള്ളവ തന്നെ ക്രിയേറ്റീവായി ഉപയോഗിക്കുകയാണ്. ഓരോ വസ്തുക്കൾ കാണുമ്പോഴാണ് തന്റെ പക്കലുള്ള വസ്ത്രങ്ങൾ ഓർക്കുന്നതും അതു യോജിപ്പിച്ച് ഇടാമെന്ന് തീരുമാനിക്കുകയും ചെയ്യുന്നതെന്ന് ടരിൻ പറയുന്നു. സസ്റ്റെയ്നബിൾ ഫാഷൻ ലക്ഷ്യം വച്ചതുകൊണ്ടുതന്നെ നിലവിലുള്ളവ മാത്രമേ ഉപയോഗിക്കൂ എന്ന വെല്ലുവിളിയും സ്വീകരിച്ചു.
കഴിഞ്ഞ പത്തുവർഷത്തോളമായി കളർഫുൾ ആയി വസ്ത്രം ചെയ്യുന്നതിനാൽ തന്നെ ആവശ്യത്തിലധികം ഔട്ട്ഫിറ്റുകൾ ടരിന്റെ പക്കലുണ്ടായിരുന്നു. ഇത്തരത്തിൽ കളർഫുൾ ആയി വസ്ത്രം ചെയ്യാൻ തീരുമാനിച്ചതിനു പിന്നിലും കാരണമുണ്ട്. ഒരു മോശം ബന്ധത്തിലൂടെ കടന്നുപോയതിനാൽ ഏറെ നിരാശപ്പെട്ടു കഴിഞ്ഞ കാലമുണ്ടായിരുന്നു. അതിൽ നിന്ന് അതിജീവിക്കാൻ ടരിൻ സ്വയം കണ്ടെത്തിയ മാർഗമായിരുന്നു ഇത്.
മഹാമാരിക്കാലത്തു തന്നെ ഇത്തരമൊരു ഔട്ട്ഫിറ്റ് ചലഞ്ച് സ്വീകരിച്ചതിനു പിന്നിലും ടരിന് കൃത്യമായ കാരണമുണ്ട്. മിക്കയിടങ്ങളിലും ആളുകൾ തകർന്നിരിക്കുന്ന കാലമാണത്. അത്തരമൊരു അവസ്ഥയിൽ അവരിൽ ഒരു പുഞ്ചിരി വിടർത്താൻ തന്നെക്കൊണ്ടാവുമെങ്കിൽ അതിലും മികച്ച സന്തോഷമില്ലെന്നാണ് ടരിൻ പറയുന്നത്.
തനിക്ക് കിട്ടിയ പ്രതികരണം അത്ഭുതപ്പെടുത്തിയെന്നും ടരിൻ. ലോകമെമ്പാടു നിന്നും നിരവധി പേരാണ് ടരിന് അഭിനന്ദനവുമായെത്തിയത്. സംഗതി സ്വീകരിക്കപ്പെട്ടതോടെ മറ്റൊരു പദ്ധതിയും ടരിനുണ്ട്. ഫെബ്രുവരിയിൽ തന്നെ ഇഷ്ടപ്പെടുന്നവരും ഇത്തരത്തിൽ ഔട്ട്ഫിറ്റ് ചലഞ്ച് സ്വീകരിക്കണം എന്നതാണത്.
Content Highlihts: The woman dressing as a household item every day in January
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..