കടലാസുതുണ്ടില്‍ പകര്‍ത്തിയെടുത്ത നഗരഭാവങ്ങള്‍; ചില്ലറക്കാരിയല്ല അര്‍ച്ചന പെരേര!


അശ്വതി ബാലചന്ദ്രന്‍

4 min read
Read later
Print
Share

അർച്ചന പെരേര | Photo : Instagram

വളരെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയിലെ മട്ടാഞ്ചേരിയിലോ ഫോര്‍ട്ട് കൊച്ചിയിലോ ഉള്ള പഴമ മണക്കുന്ന തെരുവോരങ്ങളില്‍ ആരും ശ്രദ്ധിക്കാത്ത കോണിലൊരിടത്തിരുന്നു ഒരു പെണ്‍കുട്ടി ഡ്രോയിങ് പാഡില്‍ ചിത്രം വരയ്ക്കുന്നത് കണ്ടവരുണ്ടാകാം. അടുത്തേക്ക് ചെന്നാല്‍ ആ തെരുവിന്റെ ചിത്രം തന്നെയാണ് അവള്‍ വരയ്ക്കുന്നതെന്ന് മനസ്സിലാവും. അര്‍ച്ചന പെരേര എന്ന മലയാളിയല്ലാത്ത മലയാളിയായിരുന്നു ആ കുട്ടി. നഗരങ്ങളെ സ്വന്തം വിരലുകള്‍കൊണ്ട് പേപ്പറിലേക്ക് പറിച്ചുനടാനാഗ്രഹിച്ച കലാകാരി. കോവിഡ് കാലത്തും തളരാതെ തന്റെ ചിത്രങ്ങളെ ഓണ്‍ലൈനിലൂടെ പ്രദര്‍ശിപ്പിക്കുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്ത മിടുക്കി. അന്നെല്ലാം അര്‍ച്ചന എന്ന ആര്‍ക്കിടെക്റ്റിന് ചിത്രം വരയെന്നാല്‍ ഭ്രാന്തമായൊരിഷ്ടമായിരുന്നെങ്കില്‍ ഇന്നത് തൊഴിലാണ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് മുഴുവന്‍സമയ കലാകാരിയായി മാറിയ ഈ പെണ്‍കുട്ടി ജീവിതത്തില്‍ ഇല്ലസ്‌ട്രേഷന്റെ വിവിധ തലങ്ങള്‍ തേടുകയാണ്.

അര്‍ച്ചനയുടെ ഇല്ലസ്‌ട്രേഷന്‍ | Photo: Instagram

കടല മുതല്‍ കപ്പവരെ വെട്ടിനുറുക്കിച്ചേര്‍ത്ത് ഇളക്കിയെടുത്ത കാടന്‍ പുഴുക്കല്ല ഇന്ത്യന്‍ സംസ്‌കാരം. അത് മണ്മറഞ്ഞതും പരിവര്‍ത്തനം വന്നതുമായ സംസ്‌കാരത്തിന്റെ ബാക്കിയാണ്. പരിഷ്‌കൃതലോകത്തിന്റെ നിശ്വാസം നിറഞ്ഞ പളപളപ്പുള്ള എല്ലാ നഗരവീഥികള്‍ക്കിടയിലും ഒരു തെരുവുണ്ടാകാം. പഴമയുടെ ഹുക്കപുകച്ച് ഭൂതലാവണ്യത്തിന്റെ മങ്ങിയ നിറമുള്ള ഓര്‍മയുമായിരിക്കുന്ന ആ കോണിലാകും നഗരത്തിന്റെ സ്വത്വവും സംസ്‌കാരവും ചരിത്രവും ഉറങ്ങുന്നത്. ആകാശം മുട്ടുന്ന സ്വപ്‌നങ്ങള്‍ കണക്കെ സൗധങ്ങള്‍ പടുത്തുയര്‍ത്താന്‍ കൊതിക്കുന്ന പുതിയകാലത്തിന്റെ വാസ്തുവിദ്യാശില്പികളില്‍ എത്രപേര്‍ പകര്‍ത്താനാഗ്രഹിക്കും ഈ കോണുകളെ? അവിടെയാണ് അര്‍ച്ചന പെരേര വ്യത്യസ്തയാകുന്നത്. ഓരോ നഗരത്തിന്റെയും മുന്‍കാല വാസ്തുവും കലയും തിരഞ്ഞിറങ്ങിയ പുതിയകാലത്തിന്റെ ഈ സന്തതി കണ്ട കാഴ്ചകള്‍ അപ്പോള്‍ത്തന്നെ കയ്യാല്‍ പകര്‍ത്തി വാര്‍ത്തമാനകാലത്തിനും ഭാവിയ്ക്കും പരിചയപ്പെടുത്തുന്നു. ഈ ഇല്ലസ്‌ട്രേറ്റര്‍ക്ക് പറയാനുള്ളത് നഗരങ്ങള്‍ പകര്‍ന്നു നല്കിയ സംസ്‌കൃതിയുടെ മഷികൊണ്ട് വരച്ച മിഴിവുള്ള ചിത്രങ്ങളുടെ കഥയാണ്.

അര്‍ച്ചന പെരേര | ഫോട്ടോ: ഇന്‍സ്റ്റഗ്രാം

ആര്‍ക്കിടെക്റ്റില്‍നിന്ന് ഇല്ലസ്‌ട്രേറ്ററിലേക്ക്

മലയാളം കേട്ടാല്‍ മനസ്സിലാവുന്ന, പറയാനറിയുന്ന, കേരളത്തില്‍ വേരുകളുള്ള ബെംഗളൂരു സ്വദേശിനിയാണ് അര്‍ച്ചന പെരേര. കുട്ടിക്കാലത്ത് ഉള്ളിലെ കലാകാരിക്ക് വെള്ളവും വളവും ലഭിക്കുന്ന ചുറ്റുപാടുകളുണ്ടായിരുന്നെങ്കിലും പാതയിതെന്ന് തിരിച്ചറിഞ്ഞത് പഠനകാലത്താണ്. യാത്രകളാണ് കലയെ വാര്‍ത്തെടുത്തതെന്ന് പറയാം. അതില്‍ പ്രധാനമായും മറക്കാനാവാത്തത് കുട്ടിക്കാലത്തെ ട്രെയിന്‍ യാത്രകളാണ്. അന്നും ഇന്നും കണ്ണില്‍ കാണുന്നത് കയ്യിലെ ഡ്രോയിങ് ബുക്കില്‍ പകര്‍ത്തുന്ന ശീലം തുടരുന്നു. ഗ്ലാസ്‌ഗോ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ആര്‍ക്കിടെക്ച്ചര്‍ ബിരുദാനന്തര ബിരുദം ചെയ്തത് ഡ്രോയിങ് ആന്‍ഡ് റിസര്‍ച്ച് എന്ന വിഷയത്തിലാണ്. പഠനസമയങ്ങളില്‍ നഗരങ്ങളുടെ വ്യത്യസ്തഭാവങ്ങള്‍ പകര്‍ത്താനുള്ള അവസരങ്ങളേറെ ലഭിച്ചത് മുന്നോട്ടുള്ള പാത എളുപ്പമാക്കി. യാത്രകളും അതിനിടയില്‍ കണ്ട കാഴ്ചകളുമായിരുന്നു വരയ്ക്കാന്‍ പ്രചോദനമായത്. പിന്നീട്, വരച്ച ചിത്രങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചു. ലഭിച്ച പ്രതികരണങ്ങള്‍ പിന്നെയും വളരാനുള്ള വളമായി. ഇപ്പോള്‍ പൂര്‍ണമായും കലാകാരിയാണ്. ആര്‍ക്കിടെക്റ്റില്‍ നിന്ന് പരിണമിച്ച് മുഴുവന്‍സമയവും കലയില്‍ കഴിയുന്നു.

അര്‍ച്ചനയുടെ ഡെല്‍ഹി ഇല്ലസ്‌ട്രേഷന്‍ | Photo : Instagram

വരയില്‍ തെളിയുന്ന വഴികള്‍

നന്നായി കാണുക, കണ്ടത് പകര്‍ത്തുക. അതാണ് താന്‍ ചെയ്യുന്നതെന്ന് അര്‍ച്ചന പറയുന്നു. ഒരു പുതിയ നഗരത്തിലെത്തിയാല്‍ അവിടുത്തെ ഭക്ഷണരീതിയും ആളുകളുടെ വസ്ത്രധാരണവും ഉള്‍പ്പെടെ എല്ലാം ശ്രദ്ധിക്കും. അവിടെ കാണുന്നതും കേള്‍ക്കുന്നതും ശ്വസിക്കുന്നതുമെല്ലാം നഗരത്തിന്റെ മുഖം തന്നെയാണ്. ചിത്രത്തിന്റെ സാധ്യതയുള്ള ഒരു ഭാഗമോ തെരുവോ കണ്ടെത്തിയാല്‍ വരയുടെ ആദ്യഘട്ടം അവിടെത്തന്നെയിരുന്നു ചെയ്യും. പിന്നീടാണ് മിനുക്കുപണികള്‍ പൂര്‍ത്തിയാക്കുക. ഓരോ നഗരത്തിനുമുണ്ട് ഓര്‍മകള്‍. അതിനുവേണ്ടി കാതോര്‍ക്കുക, ആ ഓര്‍മകളെ നാടിന്റെ തനത് സംസ്‌കാരവുമായി സംയോജിപ്പിച്ചാല്‍ ആ നഗരത്തിന്റെ കഥയായി. അങ്ങനെ ഒരു ചിത്രം ഒരേ സമയം ഗൃഹാതുരത്വവും ചരിത്രവും പറയുന്ന രേഖയാകുന്നു.

അര്‍ച്ചന വരച്ച മൈസൂര്‍ ഇല്ലസ്‌ട്രേഷന്‍ | Photo: Instagram

പോള്‍ ഫെര്‍ണാണ്ടസിനേയും മരിയോ മിറാന്‍ഡയേയും സ്മരിക്കുന്നു

അര്‍ച്ചനയുടെ ഇല്ലസ്‌ട്രേഷനുകള്‍ കാണുമ്പോള്‍ പലപ്പോഴും പോള്‍ ഫെര്‍ണാണ്ടസിനേയോ മരിയോ മിറാന്‍ഡയേയോ ഓര്‍ക്കാന്‍ സാധ്യത ഏറെയാണ്. ഉത്തരേന്ത്യ കണ്ട മികച്ച കലാകാരന്മാരാണ് ഇരുവരും. നഗരങ്ങളേയും അവിടുത്തെ ജീവിതത്തെയും കാര്‍ട്ടൂണ്‍ കണ്ണില്‍ക്കണ്ട് കൃത്യമായി പകര്‍ത്തിയ ഇരുവരും അര്‍ച്ചനയുടെ മാതൃകകളാണ്. അവര്‍ മാധ്യമസ്ഥാപനങ്ങളുടെ ഭാഗമായിരുന്നു എന്നും അര്‍ച്ചന ഒരു ആര്‍ക്കിടെക്റ്റായിരുന്നു എന്നതുമാണ് ഇവരെ വ്യത്യാസപ്പെടുത്തുന്ന ഘടകം. സാമൂഹികപ്രശ്‌നങ്ങളേക്കാള്‍ സാംസ്‌കാരിക തലത്തിന് ഊന്നല്‍ നല്കുന്നതാണ് അര്‍ച്ചനയെ വ്യത്യസ്തയാക്കുന്ന മറ്റൊരു ഘടകം.

സാമ്പത്തികമാണ് വെല്ലുവിളി

കലാകാരനാവുക എന്ന തീരുമാനമെടുക്കുമ്പോള്‍ പലരേയും അലട്ടുന്നത് സാമ്പത്തിക പ്രതിസന്ധിയായിരിക്കും. സ്വന്തം വഴി തിരിച്ചറിഞ്ഞ് അതില്‍ കാലുറയ്ക്കുന്നത് വരെ ആ പ്രതിസന്ധി തുടരും. പക്ഷെ ഇഷ്ടങ്ങളെ പിന്തുടരുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണ്.

മാര്‍ക്കറ്റിങ് എന്ന മഹാസാഗരം

കല കയ്യിലുണ്ടായാല്‍ പോരാ, അത് കാണികളിലെത്തിക്കണം, അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങണം. അതാണ് പുതിയകാലത്തിന്റെ കലാനൈതികത. അതിനായി പലരീതികളും പിന്തുടരാറുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രധാനമായും ആളുകളുമായി ഇടപെടുന്നത്. അതിനായി വ്യത്യസ്ത സീരീസുകളും ചെയ്യാറുണ്ട്. പോര്‍ട്ട് ഫോളിയോയാണ് മറ്റൊരു രീതി. മുറികളുടെ ചുവരുകളിലും നോട്ട് പാഡുകളിലും ഡയറികളിലും ബുക്ക് മാര്‍ക്കുകളിലും അങ്ങനെ ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കാവുന്ന എല്ലാ സാധ്യതകളും അര്‍ച്ചന പരീക്ഷിക്കാറുണ്ട്. വര്‍ക്കുകള്‍ തന്നെ മാര്‍ക്കറ്റിങ് സാധ്യത കൂട്ടുന്നു. ഇന്ന് ഇല്ലസ്‌ട്രേറ്റുകള്‍ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. അത്തരം പലരേയും പല പരിപാടികള്‍ക്കിടയിലും എക്‌സിബിഷനുകള്‍ക്കിടയിലും കണ്ടുമുട്ടാറുണ്ട്. ഓരോരുത്തര്‍ക്കും തനതായ ശൈലിയുണ്ട്.

അര്‍ച്ചനയുടെ ഫോര്‍ട്ട് കോച്ചി ഇല്ലസ്‌ട്രേഷന്‍ | Photo: Instagram

ഒരു ചിത്രപുസ്തകമുണ്ട് മനസ്സില്‍

യാത്രകള്‍ക്കിടയില്‍ വരച്ച ചിത്രങ്ങളും മറ്റും ചേര്‍ത്തൊരു പുസ്തകം ഉടന്‍ തന്നെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ പണിപ്പുരയിലാണ് അര്‍ച്ചന. തമിഴ്‌നാട് പുരാവസ്തു വകുപ്പിന്റെ കീഴില്‍ മധുരയില്‍ തുറക്കാനിരിക്കുന്ന ഒരു മ്യൂസിയത്തിലേക്കുള്ള ഭൂപടത്തിന്റെ ജോലികളും നടക്കുകയാണ്. കൂടാതെ മൈസൂരിനെ അടിസ്ഥാനമാക്കിയൊരു പരമ്പരയും നടക്കുന്നുണ്ട്.

ഭാവിയിലെ ഇന്ത്യന്‍ ഇല്ലസ്‌ട്രേഷന്‍

തിരക്കേറിയ ജീവിതശൈലി പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. ഇത്തരം ചുറ്റുപാടില്‍ മനുഷ്യര്‍ക്ക് സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാനും ശാന്തമായ മാനസികാവസ്ഥ സൃഷ്ടിക്കാനും കല വലിയ പങ്കുവഹിക്കും. മാത്രമല്ല സാമൂഹികപ്രശ്‌നങ്ങളെ അതിന്റെ എല്ലാ പ്രാധാന്യത്തോടുകൂടിയും സമൂഹത്തിലെത്തിയ്ക്കാനുള്ള മികച്ച മാധ്യമമാണ് ഇത്തരം കലാസൃഷ്ടികള്‍. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും എപ്പോഴും മികച്ച ഭാവിയുള്ള മേഖല തന്നെയാണിത്. അവര്‍ തേടുന്നതും കണ്ടെത്തുന്നതും അവരുടെ ഇടങ്ങളാണെന്ന് അര്‍ച്ചന പറഞ്ഞവസാനിപ്പിക്കുന്നു.

അര്‍ച്ചനയുടെ മറ്റൊരു ഇല്ലസ്‌ട്രേഷന്‍ | Photo: Instagram

ഓരോ കലോപാസകരും അവരുടെ ഇടങ്ങള്‍ കണ്ടെത്തുകയും ചുറ്റുമുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കയും ചെയ്യട്ടെ. പരിണാമങ്ങളും ഉപാപചയങ്ങളും കടന്ന് പൂര്‍ണതയിലേക്ക് നീങ്ങട്ടെ, ഇന്ത്യന്‍ ഇല്ലസ്‌ട്രേഷന്‍ രംഗം. കാലം കടന്നു പോകുമ്പോള്‍ അര്‍ച്ചനയെപ്പോലെ പലരും ഇതുവഴി കടന്നുവന്ന് സ്വന്തം കയ്യൊപ്പ് പതിയ്ക്കുമിവിടെ. അവര്‍ കാലത്തെ കുറിയ്ക്കുമ്പോള്‍ ആ സൃഷ്ടികളില്‍ ലോകം ഒരു നിമിഷം നിശ്ചലമാകും. അവര്‍ക്കായി ലോകം കാതോര്‍ക്കും, കാലത്തിന്റെ കഥകള്‍ കേള്‍ക്കാനായി.

Content Highlights: the story of how architect archana perera converts into an illustrator portraying pictures of cities

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anil kumble
Premium

4 min

ആദ്യവിവാഹം പരാജയം, കുഞ്ഞ്, പ്രായക്കൂടുതല്‍; പ്രണയത്തില്‍ വിശ്വാസമില്ലാതായ ചേതനയെ കൂടെകൂട്ടി കുംബ്ലെ

Sep 30, 2023


meera nandan

2 min

മാട്രിമോണിയല്‍ സൈറ്റ് വഴി വന്ന ആലോചന; മീരയെ കാണാന്‍ ലണ്ടനില്‍ നിന്ന് ദുബായില്‍ പറന്നെത്തിയ ശ്രീജു

Sep 14, 2023


ashok selvan

ആരുമറിയാതെ 10 വര്‍ഷംനീണ്ട പ്രണയം, പ്രൊപ്പോസലിന് ശേഷം ഇരുവരും കരഞ്ഞു; അശോക്-കീര്‍ത്തി പ്രണയകഥ

Sep 28, 2023


Most Commented