ജാതീയത,ക്ലാസ്മുറിയിലെ വിലക്കപ്പെട്ട ഇരിപ്പിടം: മുത്തച്ഛനെക്കുറിച്ച് ഓക്‌സ്ഫഡ് വരെയെത്തിയ പേരക്കുട്ടി


ജൂഹി | Photo:linkedin/Juhi Koré

താഴ്ന്നജാതിക്കാരനായതിന്റെ പേരില്‍ ക്ലാസ്മുറിയില്‍ ഇരിക്കാന്‍ പോലും അനുവാദമുണ്ടാകാതിരുന്ന മുത്തച്ഛന്‍, ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദമെടുത്ത കൊച്ചുമകള്‍.. കംപാരറ്റീവ് സോഷ്യല്‍ പൊളിറ്റിക്‌സില്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ജൂഹി കോര്‍ ലിങ്കിഡിനില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ജീവിതാനുഭവം സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ജൂഹി പങ്കുവെച്ച കുറിപ്പ്

1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.

അക്കൂട്ടത്തില്‍ പെട്ട ഒരാളായിരുന്നു, മഹാരാഷ്ട്രയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ താഴ്ന്നജാതിയില്‍ ജനിച്ച സ്‌കൂളില്‍ പോകുന്ന പ്രായത്തിലുളള ഈ ബാലന്‍. സ്‌കൂളില്‍ പോയി പഠിക്കേണ്ട പ്രായമായിരുന്നെങ്കിലും അദ്ദേഹത്തെ സ്‌കൂളില്‍ വിടാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നില്ല. അതിന് പ്രധാനമായും രണ്ടുകാരണങ്ങളാണ് ഉണ്ടായിരുന്നത്.

നാലുമക്കളില്‍ മൂത്തയാളായിരുന്നു ആ കുട്ടി. അതുകൊണ്ടുതന്നെ ആ ദരിദ്ര കുടുംബത്തിന് ഭക്ഷണം കഴിക്കണമെങ്കില്‍ അവനും കൂടി ഫാമില്‍ ജോലിയെടുത്തേ മതിയാകൂ. തന്നെയുമല്ല താഴ്ന്നജാതിക്കാരാനായ അവനെ സ്‌കൂളിലയച്ചാല്‍ മറ്റുവിദ്യാര്‍ഥികളും അധ്യാപകരും എങ്ങനെ പെരുമാറുമെന്നും അവര്‍ക്ക് ഭയമുണ്ടായിരുന്നു.

എന്തൊക്കെയായാലും പഠിക്കാന്‍ തന്നെയായിരുന്നു ആ കുട്ടിയുടെ തീരുമാനം. അവന്‍ മാതാപിതാക്കളുമായി ഒരു വ്യവസ്ഥയുണ്ടാക്കി. എല്ലാവരും എഴുന്നേല്‍ക്കുന്നതിന് മുമ്പ് രാവിലെ മൂന്നുമണിയോടെ ഫാമില്‍ പണിയെടുക്കാം. പ്രഭാതത്തിന്റെ രണ്ടാംപകുതിയില്‍ സ്‌കൂളിലേക്കും പോകാം. അങ്ങനെ അവന്‍ സ്‌കൂളിലേക്ക് പോയിത്തുടങ്ങി. നിര്‍ഭാഗ്യവശാല്‍ അവന്റെ മാതാപിതാക്കള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു. നല്ലൊരുപാദരക്ഷയില്ലാതെ ഒന്നരമണിക്കൂര്‍ നടന്ന് സ്‌കൂളിലെത്തിയിരുന്ന അവന് ക്ലാസ്മുറിയുടെ അകത്തിരിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല.

ജൂഹി പങ്കുവെച്ച കുറിപ്പ്

പക്ഷേ അവന്‍ തുടര്‍ന്നു. ഫാമിലെ ജോലിക്ക് കൂലി ഭക്ഷണമായിരുന്നു. അതിനാല്‍ തന്നെ തന്നെപ്പോലെ താഴ്ന്നജാതിയിലുളള മുതിര്‍ന്ന വിദ്യാര്‍ഥികളില്‍ നിന്ന് പഴയ പുസ്തകങ്ങള്‍ വാങ്ങിയാണ് അവന്‍ പഠിച്ചിരുന്നത്. തന്റെ ഗ്രാമത്തിലെ ഏക വൈദ്യുതവിളക്കിന് കീഴിലിരുന്ന് വൈകുവോളം അവന്‍ പഠിക്കും.

ഉന്നതജാതിക്കാരായ സഹപാഠികളുടെയും അധ്യാപകരുടെയും പരിഹാസവും കുത്തുവാക്കുകളും ഏറ്റുവാങ്ങി, ക്ലാസ്മുറിയില്‍ ഇരിക്കാന്‍ പോലും അനുവാദമില്ലാതെ തന്റെ നിശ്ചയദാര്‍ഢ്യം മാത്രം മുതല്‍ക്കൂട്ടാക്കി അവന്‍ പഠനം തുടര്‍ന്നു. പരീക്ഷയില്‍ സഹപാഠികളെയെല്ലാം പിന്നിലാക്കി ഉയര്‍ന്നമാര്‍ക്ക് കരസ്ഥമാക്കി.

എല്ലാ നായകന്മാരുടെയും ജീവിതയാത്രയില്‍ ഒരു ഗുരുവിന്റെ സാന്നിധ്യം ഉണ്ടായിരിക്കുമല്ലോ. ഈ കുട്ടിയുടെ കഥയിലെ നായകന്‍ അവന്‍ പഠിച്ച വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. കുറച്ചുനാളുകള്‍ അവനെ നിരീക്ഷിച്ച അദ്ദേഹത്തിന് കുട്ടിയുടെ അക്കാദമിക രംഗത്തെ മികവ് മനസ്സിലായി. വലിയ നഗരത്തിലെ അവന്റെ പഠനത്തിന്റെയും ജീവിതച്ചെലവുകളുടെയും ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു.

സ്വപ്‌നങ്ങളുടെ നഗരമായ ബോംബെയില്‍ ഇംഗ്ലീഷ് പഠിക്കുന്നതിനായി അവന്‍ എത്തപ്പെട്ടു. നിയമത്തില്‍ ബിരുദമെടുത്തു. (അതും ഒരു സര്‍ക്കാര്‍ കെട്ടിടത്തിലെ ശുചീകരണ തൊഴിലാളിയായി മുഴുവന്‍ സമയജോലി ചെയ്യുന്നതിനിടയില്‍) വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കെട്ടിടത്തില്‍ നിന്ന് ഉന്നത സര്‍ക്കാരുദ്യോഗസ്ഥനായി വിരമിച്ചതിന് ശേഷം അറുപതാം വയസ്സില്‍ അദ്ദേഹം ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.

ആ ബാലനില്‍ ഞാന്‍ അഭിമാനം കൊളളുന്നു. അതെന്റെ അമ്മയുടെ അച്ഛനാണ്‌. എന്റെ മനസ്സില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഊട്ടിയുറപ്പിച്ച വ്യക്തി, അതുകൊണ്ടുതന്നെ അഭിമാനത്തോടെ ഞാന്‍ പറയുന്നു..

ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ഞാന്‍ ബിരുദാനന്തരബിരുദം നേടിയിരിക്കുന്നു!

സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച ദിവസം ഇക്കാര്യം പറയുന്നതിനായി അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നു. 12 മണിക്കൂറിനുളളില്‍ അദ്ദേഹത്തിന്റെ വീടിന് ചുറ്റുമുളള കടക്കാരും പച്ചക്കറി വില്പനക്കാരും അയല്‍ക്കാരുമുള്‍പ്പടെ എല്ലാവരും ഇക്കാര്യം അറിഞ്ഞു.

നിര്‍ഭാഗ്യവശാല്‍ ഒരു വര്‍ഷം മുമ്പ് എനിക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു. എന്റെ ഗ്രാജ്വേഷന്‍ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ ഒന്നിച്ചുകണ്ട സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചില്ല. പക്ഷേ എനിക്കറിയാം, അദ്ദേഹം എന്നെ സ്‌നേഹത്തോടെ നോക്കിക്കൊണ്ടിരിക്കുകയായിരിക്കും.

രണ്ടുതലമുറയ്ക്കുളളില്‍ ക്ലാസ്മുറിയുടെ അകത്തിരിക്കാന്‍ അനുവദിക്കാത്ത തന്റെ യാഥാര്‍ഥ്യത്തെ ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലയുടെ ഹാളിലൂടെ നടക്കുന്ന തന്റെ പേരക്കുട്ടിയിലൂടെ അദ്ദേഹം മാറ്റിമറിച്ചിരിക്കുന്നു. അദ്ദേഹത്തെയോര്‍ത്ത് ഞാനേറെ അഭിമാനിക്കുന്നു. തന്റെ പാരമ്പര്യത്തില്‍ അദ്ദേഹവും അഭിമാനിക്കുന്നുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: The story of a grandfather and his granddaughter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented