-
നൈന എന്ന പേരിന് കണ്ണുകള്‍ എന്ന് അര്‍ത്ഥം. ഇത് ദൈവം കണ്ണുതുറന്ന് അനുഗ്രഹിച്ച ഒരു കുഞ്ഞിന്റെ കഥയാണ്. ജനിക്കുമ്പോള്‍ അവള്‍ക്ക് ഭാരം വെറും 480 ഗ്രാം. ഒരു കൈവെള്ളയില്‍ ഒതുങ്ങുന്നത്ര വലിപ്പം. പിറന്നതാവട്ടെ 23-ാമത്തെ ആഴ്ചയിലും. വൈദ്യശാസ്ത്ര നിഗമനപ്രകാരം കുഞ്ഞ് ജീവിക്കാനുള്ള സാധ്യത വെറും അഞ്ച് ശതമാനമാണ്. എങ്കിലും അവള്‍ അതിജീവിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ കരുതലില്‍. ഇപ്പോള്‍ അമ്മ അഫ്‌സാനയുടെ കൈകളില്‍ കിടന്ന് ചിരിക്കുമ്പോള്‍ കുഞ്ഞ് നൈന ആ കരുതലിന്റെ കഥ ഉള്ളില്‍ കാത്തുവെച്ചിട്ടുണ്ട്. വളരുമ്പോള്‍ ലോകത്തോട് പറയാന്‍.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഒരു കുഞ്ഞിനെ പുറത്തെടുക്കണമെങ്കില്‍ കുറഞ്ഞത് 24 ആഴ്ചയാവണമെന്നാണ് ലോകമെങ്ങുമുള്ള വൈദ്യശാസ്ത്ര പ്രമാണം. അതിനുമുന്നേ ജനിക്കുന്ന കുഞ്ഞുങ്ങള്‍ തുടര്‍ന്ന് ജീവിക്കാനുള്ള സാധ്യത വിരളമാണ്. അഥവാ അതിജീവിച്ചാല്‍ തന്നെ പലതരം വൈകല്യങ്ങള്‍ക്കുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം തരണം ചെയ്താണ് നൈന ലോകത്തിന് മുന്നില്‍ ചിരിച്ചുനില്‍ക്കുന്നത്.
കൊച്ചി ജനറല്‍ ആസ്പത്രിയില്‍ ദന്തരോഗവിഭാഗം ഡോക്ടറായ അഫ്‌സാനയുടെയും ഓയോ റൂംസ് സെയില്‍സ് മേധാവി ജയ്‌സലിന്റെയും രണ്ടാമത്തെ കുഞ്ഞായാണ് നൈന പിറന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് വളരേണ്ട സമയത്ത് അവള്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഐസിയുവിലായിരുന്നു. അവിടെ നിന്നാണ് പുറംലോകത്തേക്ക് എത്താനുള്ള വളര്‍ച്ചയെത്തിയത്.
രണ്ടാമതൊരു കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പാണ് അഫ്‌സാനയെയും ജയ്‌സലിനെയും ആസ്പത്രിയില്‍ എത്തിച്ചത്. ആ ദിവസങ്ങളിലെ ആഹ്ലാദവും ആകാംക്ഷയുമെല്ലാം ജയ്‌സലിന്റെ വാക്കുകളിലുണ്ട്. 'വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷമായിരുന്നു. മൂത്ത മോന് ഒമ്പത് വയസ്സായി. അഫ്‌സാനയ്ക്ക് നേരത്തെ രണ്ടുവട്ടം അബോര്‍ഷനായിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ ഞങ്ങള്‍ നേരത്തെ മുതല്‍ ചികിത്സയിലായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ ആവശ്യമായ മുന്‍കരുതലുകളൊക്കെ എടുത്തു. ഡോക്ടര്‍മാരും അപകടസാധ്യത മുന്‍കൂട്ടി കണ്ടിരുന്നു.'
ഇതൊരു വെല്ലുവിളി നിറഞ്ഞ കേസായിരുന്നുവെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷമീമ അന്‍വര്‍ സാദത്തും പറയുന്നു. 'അഫ്‌സാനയ്ക്ക് പ്രശ്‌നമുള്ളൊരു അവസ്ഥയായിരുന്നു. മുന്നോട്ടുള്ള ഓരോ ദിനവും പ്രധാനപ്പെട്ടതായിരുന്നു.'
ഇരട്ടക്കുഞ്ഞുങ്ങളാണ് ഗര്‍ഭപാത്രത്തിലെന്ന് മനസ്സിലായതോടെ എല്ലാവരുടെയും ശ്രദ്ധ ഇരട്ടിയായി. അങ്ങനെ 22-ാമത്തെ ആഴ്ചയിലെ ചെക്കപ്പിന് വേണ്ടിയാണ് അഫ്‌സാന ആസ്പത്രിയിലെത്തിയത്. ചെന്നപ്പോള്‍ തന്നെ അപകടാവസ്ഥയുടെ ആദ്യസൂചന വന്നു. 'അപ്രതീക്ഷിതമായി യൂട്രസ് തുറന്നുപോവുന്ന അവസ്ഥയുണ്ടായി. ഈയൊരു സമയത്ത് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കലായിരുന്നു പ്രധാനം.' ഡോ. ഷമീമ ഓര്‍മിക്കുന്നു.
അങ്ങനെ രണ്ടാമത്തെ ദിവസം അഫ്‌സാന പ്രസവിച്ചു. ഇരട്ടക്കുഞ്ഞുങ്ങള്‍. ഒരാണും ഒരു പെണ്ണും. കുഞ്ഞുങ്ങളെ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അഫ്‌സാനയെ ഡിസ്ചാര്‍ജ് ചെയ്തു. അപ്പോഴും കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍. അമ്മ വീട്ടിലും. ഈയൊരു അവസ്ഥ മറികടക്കുന്നത് ഒരമ്മയെ സംബന്ധിച്ച് ഏറെ പ്രയാസകരമായിരുന്നു.
'ആദ്യത്തെ ഒരു മാസം ഞങ്ങളെ സംബന്ധിച്ച് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന കാലമാണ്. പക്ഷേ ആ സമയത്തൊക്കെ ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞത് പ്രതീക്ഷയെക്കുറിച്ചായിരുന്നു. നമ്മള്‍ പെട്ടെന്ന് തകര്‍ന്നുപോവാന്‍ പാടില്ലല്ലോ. ഞങ്ങള്‍ ഡോക്ടര്‍മാരെ വിശ്വസിച്ച് കാത്തിരുന്നു. അവര്‍ ഞങ്ങളോട് എല്ലാ വിവരങ്ങളും പങ്കുവെച്ചു. മുന്നോട്ട് കാത്തിരിക്കാനുള്ള പ്രചോദനം തന്നു', അഫ്‌സാന ഓര്‍ക്കുന്നു.
ഈ ദിനങ്ങള്‍ തങ്ങളെ സംബന്ധിച്ചും നിര്‍ണായകമായിരുന്നുവെന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ നവജാത ശിശുരോഗവിഭാഗത്തിലെ ഡോക്ടര്‍ ജോര്‍ജ് ജോസും പറയുന്നു. 'ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പുറത്തെടുത്താല്‍ വിജയം വളരെ കുറവാണെന്ന് പറയണം. ചിലപ്പോള്‍ മുന്നോട്ട് ബുദ്ധിമുട്ടുണ്ടാവുമെന്ന് രക്ഷിതാക്കളെ ഓര്‍മിപ്പിക്കണം.'എന്നാലും ഡോക്ടര്‍മാര്‍ പരിശ്രമം തുടര്‍ന്നു. ജാഗ്രതയും കരുതലും നീണ്ടു. പ്രതീക്ഷകള്‍ വീണ്ടും ആശുപത്രിയില്‍ ചുറ്റിക്കറങ്ങി.
മക്കളെ കാണാതെ, മക്കള്‍ക്ക് പാലൂട്ടാന്‍ കഴിയാതെ ഒരമ്മ. എങ്കിലും അഫ്‌സാന ദിവസവും ആശുപത്രിയില്‍ പോവും. ദൂരെ ചില്ലുവാതിലിലൂടെ കുഞ്ഞുങ്ങളെ കാണും. അപ്പോഴും അകത്ത് ഇരട്ടകള്‍ ജീവന്റെ തുടിപ്പ് നിലനി ര്‍ത്താനുള്ള പരിശ്രമത്തിലായിരുന്നു. ആ ദിവസങ്ങളെ ഡോ. ജോര്‍ജ് ജോസ് ഓര്‍ത്തെടുക്കുന്നു. 'തുടക്കത്തില്‍ മൂന്ന് നാല് ആഴ്ച ഏറെ കഠിനമായിരുന്നു. എന്തും സംഭവിക്കാം. പെട്ടെന്നൊരു ബുദ്ധിമുട്ട് വന്നാല്‍ എല്ലാം നമ്മുടെ കൈയില്‍ നിന്ന് പോവും. കുഞ്ഞുങ്ങളുടെ അവയവങ്ങളെല്ലാം വളര്‍ച്ചയെത്താത്ത നിലയിലാണ്. അതിന് അനുസരിച്ചുള്ള വെന്റിലേറ്റര്‍ പിടിപ്പിച്ചു. കുറെ ദിവസങ്ങള്‍ അങ്ങനെ പോയി. ഇടയ്ക്ക് പാല്‍ ചെറിയ തുള്ളികളായിട്ട് കൊടുത്തുനോക്കി. പതിയെ അതിന്റെ അളവ് കൂട്ടി. ഈ സമയത്ത് മിക്കപ്പോഴും കുഞ്ഞ് ശ്വാസമെടുക്കാന്‍ മറന്നുപോവും. ശ്വസിക്കാന്‍ തലച്ചോറില്‍നിന്നുള്ള സിഗ്നല്‍ വരില്ല. ഇതിനുവേണ്ടി തന്നെ പലതവണ വെന്റിലേറ്റ് ചെയ്യുകയും മരുന്നിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യേണ്ടി വന്നു. അങ്ങനെയാണ് നില മെച്ചപ്പെട്ടത്.'
പക്ഷേ ഇതിനിടെയാണ് ഏറ്റവും ദുഃഖകരമായ ആ സംഭവം ഉണ്ടായത്. അറുപതാംദിവസം. ഇരട്ടകളിലെ ആണ്‍കുഞ്ഞ് ലോകത്തോട് വിടപറഞ്ഞുപോയി. അപ്പോഴും നൈന ലോകത്തെ നോക്കുന്നുണ്ടായിരുന്നു, പ്രതീക്ഷയോടെ. പതുക്കെ അമ്മ കൊടുത്തുവിട്ട പാല്‍ അവള്‍ കുടിച്ചു. ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിച്ചുതുടങ്ങി. വളരുന്നതിന്റെ തുടിപ്പുകള്‍. ആ ദിവസങ്ങളില്‍ ആസ്പത്രിയും വീടുമായി ഓട്ടത്തിലായിരുന്നു നൈനയുടെ മാതാപിതാക്കള്‍.'രാവിലെ ഞങ്ങള്‍ ആസ്പത്രിയിലേക്ക് പോവും. ഓരോ രണ്ട് മണിക്കൂറിലും പാല്‍ കൊടുക്കും. ട്യൂബിലൂടെയാണ് കൊടുത്തിരുന്നത്. രാത്രി പതിനൊന്ന് വരെ ആസ്പത്രിയില്‍ ഇരിക്കും. നാലുമാസത്തോളം ഇങ്ങനെ മുന്നോട്ടുപോയി.' ജയ്‌സല്‍ പറയുന്നു.
പ്രസവിച്ച കുഞ്ഞിനെ ആദ്യമായി തൊടുന്നതാണ് ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും ദിവ്യമായ മുഹൂര്‍ത്തം. ഒടുവില്‍ അഫ്‌സാനയുടെ ആ ആഗ്രഹം നടന്നു. കുഞ്ഞിനെ അമ്മ കുറെ നേരം മാറോട് അണച്ചുകിടത്തി. അതും ചികിത്സയുടെ ഭാഗമായി. കങ്കാരുമദര്‍ കെയര്‍. ലോകത്ത് ഏറ്റവുമധികം നിര്‍ദേശിക്കപ്പെട്ട ഈ ചികിത്സാരീതിയില്‍ നൈനയും പങ്കാളിയായി. 'അേതാടെ കുഞ്ഞിന് അമ്മയോടുള്ള അടുപ്പവും ആരോഗ്യത്തില്‍ പുരോഗതിയും വരാന്‍ തുടങ്ങി. പതുക്കെ അവളുടെ തൂക്കം കൂടി. 480 ഗ്രാമില്‍നിന്ന് രണ്ടുകിലോ ആയി.' ജയ്‌സല്‍ ഓര്‍ക്കുന്നു.
അങ്ങനെ 170 ദിവസങ്ങള്‍. കരുതലും പരിചരണവും നേടി നൈന ചുറുചുറുക്ക് നേടി. മൂന്നരക്കിലോ ഭാരമായി. അതോടെ അവള്‍ക്ക് അമ്മയുടെ അടുത്തേക്ക് പോവാമെന്നായി. കുഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആസ്പത്രിയിലുള്ളവരുടെ കണ്ണുകളും നിറഞ്ഞു. 'ആസ്പത്രി വിടുമ്പോള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് കേക്ക് മുറിച്ചു. ഞങ്ങളെല്ലാം ഒരു കുടുംബം പോലെയായിരുന്നല്ലോ. ഇപ്പോഴും കുഞ്ഞിനെ കാണാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം വീഡിയോ കോള്‍ ചെയ്യും.' ജയ്‌സലെന്ന അച്ഛന്‍ സന്തോഷിക്കുന്നു.
ഇപ്പോള്‍ കുഞ്ഞു നൈന അച്ഛനും അമ്മയ്ക്കുമിടയില്‍ സുരക്ഷിതയാണ്. എങ്കിലും കരുതല്‍ അവസാനിച്ചിട്ടില്ല. പുറത്തുനിന്നൊരാളെയും അവളിതുവരെ കണ്ടിട്ടില്ല. അണുബാധയുണ്ടാവാന്‍ ഇടയുള്ളതിനാല്‍ കുറച്ചുകാലം കൂടെ സാമൂഹിക അകലം അവളുടെ ജീവിതത്തില്‍ ബാധകമാണ്. ഇപ്പോഴത് ലോകംമൊത്തം അനുസരിക്കുന്നൊരു കാര്യമായതിനാല്‍ നൈനയ്ക്കും അതിലൊരു പ്രയാസമില്ല. അതുകൊണ്ടാവും വീഡിയോകോളില്‍ അതിഥികളെ കാണുമ്പോള്‍ അവള്‍ കുഞ്ഞിളം മോണ കാട്ടി പുഞ്ചിരിക്കുന്നത്. ആ ചിരിയില്‍ ദൈവത്തിന്റെ കണ്ണുകള്‍ വീണ്ടും പ്രകാശിച്ചുകൊണ്ടിരിക്കുന്നു.
Content Highlights: The story of a baby named Naina who was born at 23 weeks and survive to life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..