വിദ്യാർഥികൾക്കൊപ്പം ശ്രീകല | ഫോട്ടോ: പി.പി രതീഷ്
ജന്മം നല്‍കിയ അമ്മയോ വിദ്യ പകര്‍ന്നുതന്ന അധ്യാപികയോ ആയിരുന്നില്ല അവര്‍. എന്നിട്ടും അവസാന പരീക്ഷയും കഴിഞ്ഞ് പടിയിറങ്ങുന്നതിന് മുമ്പ് പാലക്കാട് പിഎംജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവരുടെ അടുത്തേക്ക് ഓടിയെത്തി. അവരുടെ പ്രിയപ്പെട്ട 'കഞ്ഞി ചേച്ചി' ശ്രീകലയുടെ അടുത്തേക്ക്. സ്‌കൂള്‍ മതിലിന് അരികില്‍ നിന്ന് ആരും കാണാതെ സാരിത്തലപ്പ് കൊണ്ട് കണ്ണീരൊപ്പുകയായിരുന്നു ആ സമയത്ത് ശ്രീകല. അന്നം വിളമ്പിയ കൈകളിലും കണ്ണീര്‍ നനവ് പടര്‍ന്ന കവിളിലും വിദ്യാര്‍ഥികള്‍ ചുംബിച്ചു. ആശ്വസിപ്പിക്കാനായി ഇരുകൈകള്‍ കൊണ്ടും ചേര്‍ത്തുപിടിച്ചു. കഞ്ഞിപ്പുരയുടെ നാല് ചുമരുകള്‍ക്ക് പുറത്തേക്ക് വളര്‍ന്ന സ്‌നേഹത്തിന്റെ അടയാളമായി ആ ചിത്രം മാതൃഭൂമി സീനിയര്‍ ന്യൂസ് ഫോട്ടോ ജേണലിസ്റ്റ് പി.പി രതീഷ് ക്യാമറയില്‍ പകര്‍ത്തി. എല്ലാവരേയും കേള്‍ക്കാനും ബഹുമാനിക്കാനും അംഗീകരിക്കാനും പഠിക്കുന്നത് തന്നെയാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ മൂല്യമെന്ന് ആ ചിത്രം തെളിയിച്ചു.
ക്യാമറയ്ക്ക് മുന്നില്‍ നിന്ന ശ്രീകല തന്റെ ജീവിതവും ക്യാമറയ്ക്ക് പിന്നില്‍ നിന്ന രതീഷ് ആ വൈറല്‍ ചിത്രം വന്ന വഴിയും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
'അമ്മമ്മ ടിവിയും പേപ്പറിലുമെല്ലാം വന്നത് കണ്ടു'
57 വര്‍ഷത്തെ ജീവിതത്തിന് ഇടയില്‍ മകളുടെ കല്ല്യാണ ദിവസം ക്യാമറയ്ക്ക് മുന്നില്‍ നിന്നത് മാത്രമാണ് പാലക്കാട് കല്ലേപ്പുള്ളിക്കാരിയായ ശ്രീകലയുടെ ഓര്‍മയിലുള്ളത്. മൂന്നു കുഞ്ഞുങ്ങളേയും തന്നേയും തനിച്ചാക്കി ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം കഷ്ടപ്പാടുകളുടെ നടുക്കടലിലായിരുന്നു ശ്രീകല. അന്ന് ഇളയ മകള്‍ക്ക് ഏഴ് മാസം മാത്രമായിരുന്നു പ്രായം. അതിന് മുകളില്‍ ചെറിയ രണ്ട് ആണ്‍കുട്ടികള്‍. അതിലൊരാള്‍ കാല് വയ്യാത്ത കുഞ്ഞും. ജീവിതത്തിന് ഇവിടെ വിരാമം കുറിക്കാം എന്നുവരെ ആലോചിച്ചാല്‍ തെറ്റ് പറയാന്‍ പറ്റാത്ത ദുരവസ്ഥ. എന്നാല്‍ ഇളയ കുട്ടിയെ വരമ്പത്ത് കിടത്തി ശ്രീകല പാടത്തെ പണിക്കിറങ്ങി. അന്ന് 25 വയസ്സായിരുന്നു പ്രായം. അതിനിടയിലാണ് സ്‌കൂളില്‍ പാചകത്തൊഴിലാളിയുടെ ഒഴിവ് വന്നത്. അങ്ങനെ 26-ാം വയസ്സില്‍ പാലക്കാട് പിഎംജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുടെ 'കഞ്ഞി ചേച്ചി' ആയി.
.jpg?$p=c666875&&q=0.8)
എന്നും രാവിലെ 8.30ന് ശ്രീകല സ്‌കൂളിലെത്തും. രുചികരമായ ഭക്ഷണമുണ്ടാക്കും. ചില ദിവസങ്ങളില്‍ സാമ്പാറും ചോറുമാണെങ്കില്‍ ഇടയ്ക്ക് മീന്‍ കറിയും ചിക്കന്‍ കറിയും എല്ലാം ഉണ്ടാക്കുമെന്ന് ശ്രീകല പറയുന്നു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പണം തികയാതെ വരുമ്പോള്‍ മാനേജ്‌മെന്റും അധ്യാപകരും സ്വന്തം കൈയില്‍ നിന്ന് പൈസ എടുക്കും. പത്താം ക്ലാസ് വരേയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ ഭക്ഷണം കൊടുക്കുന്നത്. '31 വര്‍ഷമായി ഞാന്‍ പണിയെടുക്കുന്ന സ്‌കൂളാണ്. ഇവിടേയുള്ള എല്ലാവര്‍ക്കും എന്നോട് സ്‌നേഹമാണ്. ടീച്ചര്‍മാര്‍ അവരുടെ മക്കളുടെ കല്ല്യാണത്തിനും വീട്ടിലെ പരിപാടിക്കുമെല്ലാം എന്നെ വിളിക്കും. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ക്കും എന്നോട് ഒരുപാട് ഇഷ്ടമാണ്. ഈ ചിത്രം പുറത്തുവന്ന ശേഷം പലരും വിളിച്ചിരുന്നു. കാണാന്‍ വരാം എന്ന് പറഞ്ഞിട്ടാണ് അവരൊക്കെ ഫോണ്‍ വെച്ചത്.' ശ്രീകല പയുന്നു.
'ഭക്ഷണത്തിനൊപ്പം ഞാന്‍ സ്‌നേഹം കൂടി വിളമ്പുന്നു എന്നാണ് കുട്ടികള്‍ പറയുന്നത്. അതു കേള്‍ക്കുമ്പോള്‍ മനസിന് സന്തോഷമാണ്. ഭക്ഷണം ബാക്കി വന്നാല്‍ ഞാന്‍ എല്ലാവരേയും വിളിച്ച് വീണ്ടും വിളമ്പിക്കൊടുക്കും. ചിലര്‍ ഭക്ഷണം കഴിക്കാതെ ക്ലാസില്‍ ഇരിക്കുന്നുണ്ടാകും. അവരയൊക്കെ വിളിച്ചുകൊണ്ടുവരും. അവരെ എല്ലാവരേയും ഞാന്‍ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. വീട്ടിലാണെങ്കിലും മക്കള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നാല്‍ നമ്മള്‍ നിര്‍ബന്ധിപ്പിച്ചു കഴിപ്പിക്കില്ലേ. അതുപോലെത്തന്നെ. പണ്ടൊക്കെ ഏഴാം ക്ലാസ് വരേയുള്ള കുട്ടികള്‍ക്കായിരുന്നു ഉച്ചഭക്ഷണമുണ്ടായിരുന്നത്. അന്ന് ഭക്ഷണം ബാക്കി വരുമ്പോ ഞാന്‍ പത്താം ക്ലാസിലെ കുട്ടികളെ വിളിച്ച് കൊടുക്കുമായിരുന്നു. അതിന് ഒരു ടീച്ചര്‍ എന്നെ ചീത്ത വിളിക്കുക വരെ ചെയ്തിരുന്നു. പത്ത് പതിഞ്ച് വര്‍ഷം മുമ്പായിരുന്നു ആ സംഭവം നടന്നത്.' ശ്രീകല പറയുന്നു.
.jpg?$p=cd3b9ad&&q=0.8)
ചിത്രം മാതൃഭൂമിയില്‍ വന്നപ്പോള്‍ പേരക്കുട്ടി വിളിച്ച് പറഞ്ഞ വാക്കുകളാണ് ശ്രീകലയെ ഏറെ സന്തോഷിപ്പിച്ചത്. 'എന്റെ മകള്‍ പ്രവീണയുടെ മകന്‍ അപ്പൂസ് എന്നെ വിളിച്ചിരുന്നു. അവന് ആറ് വയസ്സാണ് പ്രായം. അമ്മമ്മ ടിവിയും പേപ്പറിലുമെല്ലാം വന്നത് കണ്ടു എന്ന് എന്നോട് പറഞ്ഞു. അതു കേട്ടപ്പോ കണ്ണൊക്കെ നിറഞ്ഞു.' ശ്രീകലയുടെ വാക്കുകളില്‍ സന്തോഷം മാത്രം. കൂലിപ്പണിക്കാരായ രണ്ട് ആണ്‍കുട്ടികള്‍ കൂടി ശ്രീകലയ്ക്കുണ്ട്. മൂത്ത മകന്‍ പ്രമോദ് പെയിന്റിങ് തൊഴിലാളിയാണ്. രണ്ടാമത്തെ മകന്‍ പ്രദീപ് ഓട്ടോറിക്ഷ ഡ്രൈവറും. 'മക്കള്‍ക്ക് ഇടയ്‌ക്കെല്ലാം മാത്രമേ പണിയുണ്ടാകു. പ്രദീപിന് കാലിന് വയ്യാത്തതിനാല്‍ അങ്ങനെ പണിയെടുക്കാന്‍ കഴിയില്ല. എന്റെ ശമ്പളം കൊണ്ടാണ് കുടുംബം മുന്നോട്ടു പോയിരുന്നത്. ഭക്ഷണം ഉണ്ടാക്കുന്ന കണക്ക് അനുസരിച്ചാണ് പൈസ കിട്ടുക. ചില മാസങ്ങളില്‍ 13,000 രൂപ വരെ കിട്ടിയിട്ടുണ്ട്. 5000, 6000 രൂപ കിട്ടിയ മാസങ്ങളുമുണ്ട്. ഇപ്പോ ശമ്പളം ലഭിച്ചിട്ട് നാല് മാസത്തോളമായി. കാര്യങ്ങളെല്ലാം തട്ടിയും മുട്ടിയുമാണ് പോകുന്നത്. പൈസ കിട്ടിയിരുന്നെങ്കില്‍ ബുദ്ധിമുട്ടുകളെല്ലാം മാറുമായിരുന്നു.' ശ്രീകല പറഞ്ഞുനിര്‍ത്തി.
'ആ ക്ലിക്ക് വന്നത് അപ്രതീക്ഷിതമായി'

സ്‌കൂളിലെ അവസാന ദിവസം ആയതിനാല്‍ പതിവുപോലെ കുട്ടികളുടെ ആഘോഷം ക്യാമറയില്‍ പകര്‍ത്താനാണ് ഫോട്ടോഗ്രാഫര്‍ രതീഷ് പോയത്. 'സ്‌കൂളിലെ ഫിസിക്‌സ് ടീച്ചര്‍ ശില്‍പയും കുട്ടികളും തമ്മില്‍ വളരെ അറ്റാച്ച്ഡ് ആയിരുന്നു. അവരുടെ ഒരുമിച്ചുള്ള ചിത്രം എടുക്കുകയായിരുന്നു പ്രധാന ഉദ്ദേശം. അതിനിടയിലാണ് ഒരു സ്ത്രീ മതിലിന് അടുത്ത് നിന്ന് കരയുന്നത് കണ്ടത്. കുട്ടികള്‍ അവരുടെ അടുത്തുപോയി കെട്ടിപ്പിടിക്കുന്നതും ഉമ്മ വെയ്ക്കുന്നതുമെല്ലാം കണ്ടു.
അവരോട് അന്വേഷിച്ചപ്പോള്‍ ടീച്ചറല്ല, കഞ്ഞി ചേച്ചിയാണ് എന്ന് പറഞ്ഞു. കുട്ടികള്‍ ശ്രീകലയെ 'കഞ്ഞി ചേച്ചി' എന്നാണ് വിളിക്കുന്നത്. അവരുടെ സ്‌നേഹബന്ധം കണ്ടപ്പോള്‍ അത് ക്യാമറയിലാക്കാന്‍ തോന്നി. അങ്ങനെ ഒരു കുട്ടി അവരെ കെട്ടിപ്പിടിക്കുന്ന സമയത്ത് ക്ലിക്ക് ചെയ്യുകയായിരുന്നു. ആ സമയത്ത് അവരുടെ കണ്ണുകളെല്ലാം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അങ്ങനെ അത് നല്ലൊരു ചിത്രമായി മാറി. പക്ഷേ ഇത്രത്തോളം വൈറലാകുമെന്ന് കരുതിയില്ല. ആ ചിത്രം കണ്ട് ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.' രതീഷ് ആ ക്ലിക്കിനെ കുറിച്ച് പറയുന്നു.
Content Highlights: the story behind the viral picture of school farewell day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..