പ്രാണനാണ് പ്രണയം;ഭാര്യയെ കാണാന്‍ ഇന്ത്യയില്‍നിന്ന് സ്വീഡനിലേക്ക് സൈക്കിള്‍ ചവിട്ടിയ മഹാനന്ദിയയുടെ കഥ


സ്വന്തം ലേഖിക

5 min read
Read later
Print
Share

പികെ മഹാനന്ദിയയും ഷാർലറ്റ് വോൺ ഷെദ്‌വിനും | Photo: instagram/ pk mahanandia

രു പ്രണയത്തിനായി നിങ്ങള്‍ എത്ര ദൂരം സഞ്ചരിക്കും? പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പം ജീവിക്കാന്‍ എത്ര വലിയ ത്യാഗം സഹിക്കും? സ്വീഡനിലെ അറിയപ്പെടുന്ന ചിത്രകാരനായ ഇന്ത്യക്കാരന്‍ പി.കെ മഹാനന്ദിയയോട് ഈ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഒരു ചെറുപുഞ്ചിരി ആയിരിക്കും ഉത്തരം. കാരണം തന്റെ പ്രണയിനിയെ കാണാന്‍ ഇന്ത്യയില്‍ നിന്ന് സ്വീഡന്‍ വരെ ഒരു സൈക്കിളില്‍ സഞ്ചരിച്ച കാമുകനാണ് മഹാനന്ദിയ. നാല് മാസവും മൂന്ന് ആഴ്ച്ചയുമെടുത്ത് ആയിരക്കണിക്കിന്‌ കിലോമീറ്റര്‍ ദൂരമാണ് തന്റെ പ്രണയസാക്ഷാത്കാരത്തിനായി അദ്ദേഹം സൈക്കിള്‍ ചവിട്ടിയത്.

ഒഡീഷയിലെ കന്തപട ജില്ലയിലെ അതമലിക് ഗ്രാമത്തില്‍ നിന്നാണ് ഈകഥയുടെ തുടക്കം. വനപ്രദേശത്തോട് ചേര്‍ന്ന ഈ ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിലായിരുന്നു പ്രദ്‌യുമ്‌ന കുമാര്‍ മഹാനന്ദിയയുടെ ജനനം. ജാതിയുടേയും നിറത്തിന്റേയും പേരില്‍ കുട്ടിക്കാലം മുതല്‍ മഹാനന്ദിയ നേരിട്ടത് അവഗണനകള്‍ മാത്രമായിരുന്നു. മറ്റു കുട്ടികളോടൊപ്പം അവനെ ക്ലാസില്‍ ഇരുത്താന്‍ പറ്റില്ലെന്ന് അവന്റെ അമ്മയോട് അധ്യാപകന്‍ വരെ പറഞ്ഞു. പക്ഷേ അതൊന്നും അവനെ തളര്‍ത്തിയില്ല. നിലത്തിരുന്ന് പഠിച്ചും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിച്ചും കളിച്ചും അവന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചിത്രം വരയ്ക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ തന്റെ വഴി ചിത്രകലയാണെന്ന് കുട്ടിക്കാലത്ത് തന്നെ തിരിച്ചറിഞ്ഞിരുന്നു. 1971-ല്‍ ഡല്‍ഹിയിലെ ആര്‍ട്ട്‌സ് കോളേജില്‍ പ്രവേശനവും നേടി. സ്‌കോളര്‍ഷിപ്പോടെയായിരുന്നു പ്രവേശനം. എന്നാല്‍ സ്‌കോളര്‍ഷിപ്പ് തുക കൊണ്ട് മാത്രം പഠനം മുന്നോട്ടു പോകാനാകില്ലെന്ന് മനസിലാക്കിയ മഹാനന്ദിയ ജോലികള്‍ അന്വേഷിക്കാന്‍ തുടങ്ങി. ദളിതന്‍ ആയതിനാല്‍ പല സ്ഥലങ്ങളിലും ജോലിക്ക് പരിഗണിച്ചില്ല.

എന്നാല്‍ ദിനപത്രങ്ങളുടെ ഒന്നാം പേജില്‍ വന്ന ഒരു ചിത്രം മഹാനന്ദിയയുടെ ജീവിതം മാറ്റിമറിച്ചു. ആദ്യമായി ബഹിരാകാശത്ത് എത്തിയ വനിതയായ സോവിയറ്റ് യൂണിയന്റെ വാലന്റീന തെരഷ്‌കോവയുടെ രൂപം ഒരു പേപ്പറില്‍ വരയ്ക്കുന്ന മഹാനന്ദിയയായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. ഇത് വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിച്ചു. പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ചിത്രവും മഹാനന്ദിയ പേപ്പറില്‍ കോറിയിട്ടു. ഇതോടെ പോര്‍ട്രയെറ്റ് വരയ്ക്കാനുള്ള മഹാനന്ദിയയുടെ കഴിവ് എല്ലാവരുമറിഞ്ഞു.

ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ ചിത്രകലയ്ക്കായി അദ്ദേഹം ഒരു സ്ഥലം കണ്ടെത്തി. അവിടെ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് അവരുടെ പോര്‍ട്രെയ്റ്റ് വരച്ചുകൊടുക്കുകയായിരുന്നു ജോലി. ഒപ്പം താന്‍ വരച്ച ചിത്രങ്ങളുടെ വില്‍പ്പനയും നടത്തി. അങ്ങനെ ഒരു ദിവസം ചിത്രം വരയ്ക്കിടയില്‍ ഒരു വിദേശ യുവതി അദ്ദേഹത്തിന് മുന്നില്‍ വന്നിരുന്നു. ഒരു ചിത്രം വരച്ചു കൊടുക്കണം എന്നായിരുന്നു യുവതിയുടെ ആവശ്യം. കൂട്ടുകാര്‍ക്കൊപ്പം ഇന്ത്യ കാണാനെത്തിയ സ്വീഡിഷുകാരിയായ ഷാര്‍ലറ്റ് വോണ്‍ ഷെദ്‌വിനായിരുന്നു ആ യുവതി.

യാത്ര ചെയ്ത സൈക്കിളിനൊപ്പം പികെ മഹാനന്ദിയ | Photo: instagram/ pk mahanandia

പത്ത് മിനിറ്റിനുള്ളില്‍ ചിത്രം വരച്ചു തരാമെന്ന് ഷെദ്‌വിനോട് മഹാനന്ദിയ പറഞ്ഞു. പക്ഷേ ആ വര ശരിയായില്ല. മഹാനന്ദിയ വരച്ച തന്റെ ചിത്രം ഷെദ്‌വിന് ഇഷ്ടമായില്ല. അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് അവര്‍ അവിടം വിട്ടു. വാക്കു തെറ്റിക്കാതെ വീണ്ടും ഷെദ്‌വിന്‍ ചിത്രകാരന് മുന്നിലെത്തി. ഇത്തവണയും വരച്ചത് ശരിയായില്ല. എന്തു ചെയ്യണം എന്നറിയാതെ മഹാനന്ദിയ അവരുടെ മുഖത്തേക്ക് ദയനീയതയോടെ നോക്കി. അപ്പോഴാണ് അമ്മ പണ്ട് പറഞ്ഞ ഒരു കാര്യം അദ്ദേഹം ഓര്‍ത്തത്. ജാതകം അനുസരിച്ച് വിദൂര ദേശത്ത് നിന്നുള്ള ഒരു പെണ്‍കുട്ടിയെയാണ് മഹാനന്ദിയ വിവാഹം കഴിക്കുകയെന്നും ആ പെണ്‍കുട്ടിക്ക് സംഗീതവുമായി ബന്ധമുണ്ടാകുമെന്നും സ്വന്തമായി വനപ്രദേശമുള്ളവള്‍ ആയിരിക്കുമെന്നും അമ്മ മഹാനന്ദിയയോട് പറഞ്ഞിരുന്നു. ഷെദ്‌വിനെ കണ്ടപ്പോള്‍ ഈ കാര്യങ്ങള്‍ എല്ലാമാണ് മഹാനന്ദിയയ്ക്ക് ചോദിക്കാനുണ്ടായിരുന്നത്. 'നിങ്ങള്‍ക്ക് നാട്ടില്‍ സ്വന്തമായി കാടുണ്ടോ?' എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ഷെദ്‌വിന്റെ ഉത്തരം. അമ്മ പറഞ്ഞതുപോലെ അവള്‍ ഇടവം രാശിയും ആയിരുന്നു. കൂടാതെ പിയാനോ പഠിക്കുന്നുമുണ്ടായിരുന്നു. അമ്മ കുട്ടിക്കാലത്ത് സമാധാനിപ്പിക്കാന്‍ പറഞ്ഞ കാര്യങ്ങളാണെങ്കിലും യാദൃശ്ചികമായ അതെല്ലാം ഒത്തുവന്നു. ആദ്യ കാഴ്ച്ചയില്‍തന്നെ ഷെദ്‌വിനോട് തനിക്കൊരു അടുപ്പം തോന്നിയത് അതുകൊണ്ടാകുമെന്നും മഹാനന്ദിയ വിശ്വസിച്ചു. അല്‍പം പരുങ്ങലോടെയാണെങ്കിലും ഷെദ്‌വിനെ ചായ കുടിക്കാന്‍ അദ്ദേഹം ക്ഷണിച്ചു. ആ ക്ഷണം ഷെദ്‌വിന്‍ നിരസിച്ചില്ല. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. ഇന്ത്യ കാണാനെത്തിയ ഷെദ്‌വിനെ ഒറീസയിലേക്ക് വിളിക്കാനും മഹാനന്ദിയ മറന്നില്ല.

അവിടെ ആദ്യം പോയത് കൊണാര്‍ക് ക്ഷേത്രത്തിലായിരുന്നു. ആ ക്ഷേത്രം കണ്ടപ്പോള്‍ ലണ്ടനിലെ തന്റ് സ്റ്റുഡന്റ് മുറിയാണ് ഷെദ് വിന്റെ ഓര്‍മയില്‍ വന്നത്. അവിടെ കൊണാര്‍ക് ക്ഷേത്രത്തിന്റെ ഒരു ചിത്രമുണ്ടായിരുന്നു. എന്നാല്‍ അത് എന്താണെന്നും എവിടെയാണെന്നും ഷെദ് വിന് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ കൊണാര്‍ക് ക്ഷേത്രത്തിന് മുന്നില്‍ നിന്നപ്പോള്‍ ഷെദ് വിന് കരച്ചിലടക്കാനായില്ല. ഇരുവരുടേയും ജീവിതത്തിലെ അമ്പരപ്പിക്കുന്ന മറ്റൊരു യാദൃശ്ചികതയായിരുന്നു ആ സംഭവം.

ആ യാത്രക്കിടയില്‍ ഇരുവരുടേയും പ്രണയം വളര്‍ന്നു. ഷെദ് വിനെ മഹാനന്ദിയ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് ഒരു സാരിയായിരുന്നു ഷെദ് വിന്‍ ധരിച്ചിരുന്നത്. ആ വേഷത്തില്‍ കണ്ടതോടെ അച്ഛന് അവളോട് വാത്സല്യം തോന്നി. സാരി നേരെ പിടിക്കാന്‍ അല്‍പം കഷ്ടപ്പെട്ടെങ്കിലും വീട്ടുകാരെ പ്രണയം ബോധ്യപ്പെടുത്താന്‍ ആയതില്‍ ഇരുവരും സന്തോഷിച്ചു. വൈകാതെ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരായി. ഷെദ്‌വിന്‍ ചാരുലത എന്ന പേര് സ്വീകരിച്ചു.

പികെ മഹാനന്ദിയയും ഷാര്‍ലറ്റ് വോണ്‍ ഷെദ്‌വിനും| Photo: instagram/pk mahanandia

കുറച്ചു ദിവസം ഒറീസയില്‍ ചിലവഴിച്ച ശേഷം ഇരുവരും ഡല്‍ഹിയില്‍ തിരിച്ചെത്തി. എന്നാല്‍ കൂട്ടുകാര്‍ക്കൊപ്പം ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ സഞ്ചരിക്കാനുള്ളതിനാല്‍ ഭര്‍ത്താവിനോട് യാത്ര പറഞ്ഞ് ഷെദ്‌വിന്‍ പടിയിറങ്ങി. എത്രയും പെട്ടെന്ന് സ്വീഡനിലെ ബോറിസിലെത്തി തന്റെ കൂടെ ജീവിക്കുമെന്ന് മഹാനന്ദിയ നല്‍കിയ വാക്ക് ആയിരുന്നു അവളുടെ യാത്രയ്ക്ക് കരുത്തായത്. പിന്നീടുള്ള ഓരോ നിമിഷങ്ങളും അവള്‍ക്കൊപ്പം ചേരാനുള്ള ആഗ്രഹത്തിലായിരുന്നു മഹാനന്ദിയ ജീവിച്ചത്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ചിത്രം വരയ്ക്കുമ്പോഴുമെല്ലാം അതായിരുന്നു ചിന്ത. അതിനിടയില്‍ ഒരു വര്‍ഷം കടന്നുപോയി. ഇരുവരും കത്തുകളിലൂടെ സ്‌നേഹം കൈമാറി. കാലം മുന്നോട്ടുനീങ്ങിയതല്ലാതെ സ്വീഡനിലേക്കുള്ള വിമാന ടിക്കറ്റിനുള്ള പണം കണ്ടെത്താന്‍ മഹാനന്ദിയയ്ക്ക് കഴിഞ്ഞില്ല. ഇതോടെ അദ്ദേഹം ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു സൈക്കിള്‍ വാങ്ങി. ഷെദ്‌വിന്‍ ഇന്ത്യയിലേക്ക് വന്ന വഴിയിലൂടെയായിരുന്നു മഹാനന്ദിയയുടേയും യാത്ര. മിച്ചം വന്ന കാശും കുറച്ച് ബ്രഷും പെയിന്റുമായിരുന്നു കൈയിലുണ്ടായിരുന്നത്. ആദ്യം അഫ്ഗാനിസ്താനിലേയ്ക്ക്. അവിടുന്ന് ഇറാന്‍. പിന്നെ തുര്‍ക്കി, ബള്‍ഗേറിയ, യൂഗോസ്ലാവിയ, ജര്‍മനി, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്.

മുന്നൊരുക്കമോ റൂട്ട് മാപ്പോ ഇല്ലാതെ 1977 ജനുവരി 22-ന് മഹാനന്ദിയ ഡല്‍ഹിയില്‍ നിന്ന് യാത്ര തുടങ്ങി. ആദ്യം എത്തിയത് അമൃത്സറിലാണ്. അവിടെ മരംകോച്ചുന്ന തണുപ്പായിരുന്നു കാത്തിരുന്നത്. അഫ്ഗാനിസ്താനില്‍ എത്തിയപ്പോഴേക്കും മഞ്ഞുവീഴ്ച്ച തുടങ്ങിയിരുന്നു. ആളുകളുടെ ചിത്രങ്ങള്‍ വരച്ചുകൊടുത്ത് കിട്ടുന്ന പണത്തിനായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ചിലര്‍ പ്രതിഫലമായി ഉറങ്ങാനുള്ള സ്ഥലവും ഭക്ഷണവും നല്‍കി. യാത്രക്കിടയില്‍ പല തവണ ടയര്‍ പഞ്ചറായി. പട്ടിണി കിടക്കേണ്ടിവന്നു. ആരോഗ്യം മോശമായി. ഭാഷ പ്രശ്‌നമായി. പക്ഷേ അതൊന്നും മഹാനന്ദിയയെ പിന്നോട്ടുവലിച്ചില്ല. അഫ്ഗാനിസ്താനിലെ ഹെരാത് നഗരത്തില്‍ ഗവര്‍ണര്‍ ഡോ. ഖുലാം അലിയുടെ ചിത്രം വരച്ചതു വഴിയാണ് വിസ കാലാവധി നീട്ടിക്കിട്ടിയത്. തുര്‍ക്കിയില്‍ ട്രാന്‍സിറ്റ് വിസ ലഭിക്കാന്‍ കാബൂളിലെ തുര്‍ക്കി അംബാസിഡര്‍ ആല്‍പ് കരോസമിന്റെ ചിത്രമാണ് മഹാനന്ദിയ വരച്ചുനല്‍കിയത്. കാബൂളില്‍ വച്ചു പരിചയപ്പെട്ട ഓസ്ട്രേലിയക്കാരിയായ മരിയ ഇറാനിലെ ട്രാന്‍സിറ്റ് വിസ തരപ്പെടുത്തിക്കൊടുത്തു. തുര്‍ക്കിയില്‍ ട്രക്ക് ഡ്രൈവര്‍മാരായിരുന്നു സഹായിക്കള്‍. അവിടേയും ചിത്രംവര തുണച്ചു.

ജര്‍മനിയില്‍ മയക്കുമരുന്ന് കടത്തുകാരനാണെന്ന സംശയത്തില്‍ പോലീസ് പിടികൂടി. പെയിന്റും ബ്രഷുകളും ചിത്രപ്രദര്‍ശനത്തിന്റെ വാര്‍ത്ത വന്ന പേപ്പര്‍ കട്ടിങ്ങുകളുമല്ലാതെ മറ്റൊന്നും കണ്ടത്താന്‍ കഴിയാതായതോടെ അവര്‍ വിട്ടയച്ചു. ഒടുവില്‍ 1977 മെയ് 28-ന് ഷെദ്‌വിന്റെ നാടായ സ്വീഡനിലെ ഗോഥന്‍ബര്‍ഗില്‍ അദ്ദേഹം കാലുകുത്തി. അവിടെ സ്വീഡിഷ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. സ്വീഡിഷുകാരിയായ ഭാര്യയെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു. പക്ഷേ അത് അവര്‍ അംഗീകരിച്ചില്ല. ഡല്‍ഹിയില്‍ നിന്നെടുത്ത വിവാഹ ഫോട്ടോ കാണിച്ചിട്ടും ഫലമുണ്ടായില്ല. കറുപ്പ് തൊലിയുള്ള ഒരു ഇന്ത്യക്കാരെ സ്വീഡിഷ് പ്രഭ്വി വിവാഹം കഴിക്കും എന്ന് കരുതാന്‍ മാത്രം വിഡ്ഢികളല്ല തങ്ങള്‍ എന്നായിരുന്നു അവരുടെ നിലപാട്. ഒടുവില്‍ ബോറസില്‍ നിന്ന് 70 കിലോമീറ്റര്‍ കാര്‍ ഓടിച്ച് ഷെദ്‌വിന്‍ ഗോഥന്‍ബര്‍ഗിലെത്തി കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നു.

പികെ മഹാനന്ദിയയും ഷാര്‍ലറ്റ് വോണ്‍ ഷെദ്‌വിനും| Photo: instagram/ pk mahanandia

ഷെദ്‌വിന്റെ വീട്ടുകാര്‍ ആദ്യം ബന്ധത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇരുവരുടേയും സ്‌നേഹത്തിന്റെ ആഴം മനസിലായതോടെ അവര്‍ വിവാഹത്തിന് സമ്മതം മൂളി. സ്വീഡിഷ് ആചാരപ്രകാരം 1979-ല്‍ ഇരുവരും വീണ്ടും വിവാഹിതരായി. പിന്നീട് സ്വീഡിഷ് സര്‍ക്കാരിന്റെ സ്വന്തം ആളായി മഹാനന്ദിയ മാറി. പ്രണയയാത്രയെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കി സര്‍ക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. സര്‍ക്കാരിന്റെ കലാ, സാംസ്‌കാരിക ഉപദേഷ്ടാവാക്കി. ഇപ്പോള്‍ എമിലി,സിദ്ധാര്‍ഥ് എന്നീ രണ്ട് മക്കള്‍ക്കൊപ്പം സ്വീഡനില്‍ സ്വസ്ഥജീവിതം നയിക്കുന്നു.

Content Highlights: the man who cycled from india to sweden for love pk mahanandia and charlotte von schedvin love story

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
handcuff
Premium

11 min

'വിലങ്ങുവെച്ച കൈകളുമായി അവന്‍ മുന്നില്‍, എന്നെ കാണാതിരിക്കാന്‍ ഞാന്‍ മാറിനിന്നു'

Sep 21, 2023


sathyabhama

3 min

ചിത്രങ്ങളുടെ 'തെരിക'യുണ്ടാക്കി കൂലിപ്പണിക്കാരിയായ സത്യഭാമ; ഭാരം ഇറക്കിവെച്ച് കാഴ്ച്ചക്കാര്‍

Apr 23, 2022


meera nandan

2 min

മാട്രിമോണിയല്‍ സൈറ്റ് വഴി വന്ന ആലോചന; മീരയെ കാണാന്‍ ലണ്ടനില്‍ നിന്ന് ദുബായില്‍ പറന്നെത്തിയ ശ്രീജു

Sep 14, 2023


Most Commented