മൂന്ന് വയറ് നിറയ്ക്കണം; ടാങ്കര്‍ ലോറിയുടെ സ്റ്റിയറിങ് പിടിച്ച് മുലപ്പാല്‍ ചുരത്തുന്ന ഒരമ്മ


സജ്‌ന ആലുങ്ങല്‍

സുമയ്യ | Photo: Special Arrangement

'ഹൈലി ഇന്‍ഫ്‌ളെയ്മബ്ള്‍'- പെട്രോള്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ എഴുതിയിരിക്കുന്ന ഈ വാചകം നമ്മള്‍ അല്‍പം പേടിയോടെ പലപ്പോഴും വായിച്ചിട്ടുണ്ടാകും. ഒന്നു പാളിപ്പോയാല്‍ കത്തിപ്പടരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനം. എന്നാല്‍ അങ്ങനെയൊരു ഹെവി വെഹിക്ക്‌ളിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരിക്കാന്‍ സുമയ്യ എന്ന പറവൂര്‍കാരിക്ക് ഭയം ഒട്ടുമുണ്ടായിരുന്നില്ല. ചുട്ടുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍, എരിയുന്ന മൂന്നു വയറു നിറയ്ക്കാന്‍ അവര്‍ ആ പത്തു ചക്ര വണ്ടിയുടെ സ്റ്റിയറിങ് പിടിക്കാന്‍ തുടങ്ങുകയായിരുന്നു.

എറണാംകുളം പറവൂരിലെ സക്കീനയുടേയും സുലൈമാന്റേയും മകളായ സുമയ്യക്ക് കുട്ടിക്കാലം മുതല്‍ വാഹനങ്ങളോടായിരുന്നു ഇഷ്ടം. ടു വീലറും ഫോര്‍ വീലറുമെല്ലാം ഓടിക്കാന്‍ ചെറുപ്പത്തിലേ പഠിച്ചു. ആദ്യമായി ഓടിച്ചത് ഒരു അംബാസിഡര്‍ കാറാണ്. അഞ്ചു വര്‍ഷം മുമ്പ് 27-ാം വയസില്‍ ഹെവി വെഹ്ക്കിള്‍ ലൈസന്‍സ് എടുത്തു.

'ആദ്യം ബസ് ഡ്രൈവറായിട്ടാണ് ജോലി തുടങ്ങിയത്. അന്നു കിട്ടുന്ന ശമ്പളം ഒന്നിനും തികയില്ലായിരുന്നു. നാല് മാസം മുമ്പാണ് ടാങ്കര്‍ ലോറി ഓടിക്കാന്‍ തുടങ്ങിയത്. ആദ്യം ഭാരത് ബെന്‍സിന്റെ ആറു ചക്രമുള്ള വണ്ടിയാണ് ഓടിച്ചത്. മാഹിയില്‍ നിന്ന് കൊല്ലത്തേക്ക് ഡീസല്‍ കൊണ്ടുപോകുന്ന വണ്ടിയായിരുന്നു അത്. പിന്നീട് ഈ ടാങ്കര്‍ ലോറി വാടകയ്ക്ക് ഓടിക്കാന്‍ തുടങ്ങി. ഒരാള് ലീവിന് പോയപ്പോള്‍ കിട്ടിയ ഗ്യാപില്‍ ജോലിക്ക് കയറിയതാണ്. ഇപ്പോള്‍ ഓട്ടമുണ്ടാകുമ്പോള്‍ അവര് വിളിക്കും. പത്തു ചക്രമുള്ള വണ്ടിയായതിനാല്‍ അധികവും ലോങ് ഓട്ടമായിരിക്കും.' സുമയ്യ പറയുന്നു.

ഒരു വയസ്സും പത്തു വയസ്സും പ്രായമുള്ള രണ്ടു മക്കളുണ്ട് സുമയ്യക്ക്. അവരെ തൊട്ടടുത്തെ വീട്ടിലെ ചേച്ചിയെ നോക്കാന്‍ ഏല്‍പ്പിച്ചാണ് സുമയ്യ ജോലിക്ക് പോകാറുള്ളത്. ചിലപ്പോള്‍ ഉമ്മയുടെ അടുത്താക്കും. ഇളയ മകനെ പിരിഞ്ഞിരിക്കുന്നതാണ് ഈ ജോലി ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ സങ്കടമെന്ന് സുമയ്യ പറയുന്നു.

'ഇളയ മോന്റെ കരച്ചില്‍ കേട്ടിട്ടാണ് എന്നും വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ആ സമയത്ത് എനിക്കും സങ്കടം വരും. തിരിച്ചുചെന്ന് അവനെ എടുത്ത് ആശ്വസിപ്പിച്ചാലോ എന്നും. അവന് പാല് കൊടുക്കാനും അവന്റെ കൂടെ കളിക്കാനും തോന്നും. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊന്നും നടക്കില്ലെന്ന് എനിക്കറിയാം. ഈ സങ്കടമെല്ലാം ഉള്ളിലൊതുക്കിയാണ് വണ്ടി ഓടിക്കുന്നത്. മൂത്ത കുഞ്ഞിന് പഠനവൈകല്യമുണ്ട്. പറവൂരിലെ ഒരു ആശുപത്രിയില്‍ കാണിക്കുന്നുണ്ട്. ഐക്യുവിന്റെ പ്രശ്‌നമാണ്. അതിനും ഒരുപാട് പണം ചെലവ് വരും.' സുമയ്യ പറയുന്നു.

ഇപ്പോള്‍ പോകുന്ന ഈ വണ്ടിയിലെ ആദ്യത്തെ യാത്ര തിരുവനന്തപുരത്തേക്കായിരുന്നു. അന്നത്തെ അനുഭവം മനോഹരമായിരുന്നെന്ന് സുമയ്യ ഓര്‍ക്കുന്നു. 'എല്ലാവരും എന്നെ അദ്ഭുതത്തോടെയാണ് നോക്കിയത്. പമ്പില്‍ ചെല്ലുമ്പോള്‍ അവിടുത്തെ സെക്യൂരിറ്റി ഓടിവന്ന് 'നിങ്ങളാണോ ഈ വണ്ടി ഓടിച്ചത്' എന്നെല്ലാം ചോദിച്ചു. കൂടെ നിന്ന് സെല്‍ഫിയെല്ലാം എടുത്തു. മറ്റു ചിലര്‍ സഹതാപത്തോടെയാണ് നോക്കാറുള്ളത്. രാത്രിയില്‍ ഒരു സ്ത്രീ ജോലി ചെയ്ത് കഷ്ടപ്പെടുന്നതിന്റെ സഹതാപമാണ് ആ നോട്ടങ്ങളിലുള്ളത്. അതു ഞാന്‍ കാര്യമാക്കാറില്ല. തുറിച്ചുനോട്ടങ്ങള്‍ ഇതുവരെ ഏല്‍ക്കേണ്ടി വന്നിട്ടില്ല. അതൊരു ആശ്വാസമാണ്. ചിലപ്പോള്‍ ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് കയറിയാല്‍ രാത്രി ഒരു മണി വരെയൊക്കെ വണ്ടി ഓടിക്കേണ്ടി വരും. പമ്പിലെത്തുമ്പോള്‍ അവിടുത്തെ ജീവനക്കാര്‍ സഹായിക്കും. അവര്‍ ഓടിവന്ന് വണ്ടിയുടെ മുകളില്‍ കയറി ഡിപ് എല്ലാം പരിശോധിക്കും. അതു വലിയൊരു സഹായമാണ്.'

ചെറിയ വണ്ടിയേക്കാള്‍ ഓടിക്കാന്‍ സുഖം വലിയ വണ്ടിയാണെന്നും സുമയ്യ പറയുന്നു.

മഴയും ബ്ലോക്കും ഉണ്ടെങ്കില്‍ മടുപ്പായിപ്പോകും. പ്രത്യേകിച്ച് രാത്രിയില്‍. ചിലപ്പോള്‍ പമ്പില്‍ മൂന്ന്- നാല് മണിക്കൂര്‍ വരെയൊക്കെ കാത്തിരിക്കേണ്ടിവരും. അങ്ങനെയുള്ള ദിവസങ്ങളിലും ജോലി വലിയ സുഖമുണ്ടാകില്ല. എങ്ങനെയെങ്കിലും മക്കളെ അടുത്തെത്തിയാല്‍ മതി എന്നെല്ലാം തോന്നിപ്പോകും. പിന്നെ പ്രാരാബ്ധങ്ങള്‍ കാരണമാണ് പിടിച്ചുനില്‍ക്കുന്നത്. ഭര്‍ത്താവിന് ഒരുപാട് കടങ്ങളുണ്ട്. ഉത്തരവാദിത്തങ്ങളുമുണ്ട്. രണ്ടു പേരും സാമ്പത്തിക അടിത്തറയുള്ള വീട്ടില്‍ നിന്ന് വരുന്നവരല്ല. ഇതൊക്കെ ആലോചിക്കുമ്പോ മടുപ്പൊക്കെ പമ്പ കടക്കും.

പലരും എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. തലയില്‍ കൈവെച്ച് ആശിര്‍വദിച്ചിട്ടുണ്ട്. മോള് ഉയരങ്ങളില്‍ എത്തും, നല്ലത് എന്തോ വരാനുണ്ട് എന്നെല്ലാം പറഞ്ഞ് ആശ്വസിപ്പിച്ചിട്ടുണ്ട്. അതു കേള്‍ക്കുമ്പോള്‍ പ്രതീക്ഷയാണ്. അതെല്ലാമാണ് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതെന്നും സുമയ്യ പറയുന്നു.

ഹെവി വെഹിക്കിൾ ഡ്രൈവറിനുള്ള പിഎസ്‌സി പരീക്ഷ എഴുതി മെയ്ന്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയെങ്കിലും സുമയ്യക്ക് നിയമനം ഒന്നും കിട്ടിയില്ല. ഇനി സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പരീക്ഷയെ പ്രതീക്ഷയോടെയാണ് അവര്‍ കാത്തിരിക്കുന്നത്. ഗള്‍ഫില്‍ പോയി ടാങ്കര്‍ ലോറി ഓടിക്കുക എന്നതാണ് ഏറ്റവും വലിയ സ്വപ്‌നം. ഇഷ്ടപ്പെടുന്ന പ്രൊഫഷനും ഒപ്പം സാമ്പത്തിക നേട്ടവുമാണ് ഇതിനു പിന്നിലുള്ളത്. അങ്ങനെയൊരു ജോലി കണ്ടെത്താനായി തന്നെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയാണ് സുമയ്യ ഇപ്പോള്‍ ജീവിക്കുന്നത്.


Content Highlights: the inspiring story of a mothers fight and story of tanker lorry driver sumayya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented