അജിത്തും ശാലിനിയും | Photo: twitter/ shalini/ pti
അജിത്തും ശാലിനിയും-ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡി. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും ബ്ലോക്ക്ബസ്റ്റര്‍ വിജയം കൈവരിക്കാന്‍ സാധിച്ച ദമ്പതികള്‍. ഇരുവരും ഒരുമിച്ചുള്ള ജീവിതം 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2000 ഏപ്രില്‍ 24-നായിരുന്നു ശാലിനിയുടെ കൈപിടിച്ച് അജിത് പുതിയ ജീവിതത്തിന് തുടക്കമിട്ടത്.
വളരെ നാടകീയമായിരുന്നു ശാലിനിയും അജിത്തും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കം. ബാലതാരമായി പിന്നീട് കുഞ്ചാക്കോ ബോബനൊപ്പം 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലൂടെ മലയാളി ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ശാലിനി അതിന്റെ തമിഴ് പതിപ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 'കാതലുക്ക് മര്യാദൈ' എന്ന ചിത്രത്തില്‍ വിജയ് ആയിരുന്നു നായകന്‍. അതിനുശേഷം അജിത്തിനൊപ്പം 'അമര്‍ക്കളം' എന്ന ചിത്രത്തില്‍. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രവും അതായിരുന്നു.
'അമര്‍ക്കളത്തി'ലേക്ക് സംവിധായകന്‍ ശരണ്‍ സമീപിച്ചപ്പോള്‍ ശാലിനി ആദ്യം കൂട്ടാക്കിയില്ല. കാരണം ശാലിനിക്ക് പ്ലസ് ടു പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് താന്‍ ഒന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ശാലിനി പറഞ്ഞു. പക്ഷേ ശരണ്‍ വിട്ടില്ല. ശാലിനിയും അജിത്തും സിനിമയില്‍ നല്ല ജോഡിയാണെന്ന് ശരണിന് തോന്നിയിരുന്നു. ഒരു നിവൃത്തിയുമില്ലാതെ ശരണ്‍ അജിത്തിനെകൊണ്ട് ശാലിനിയെ വിളിപ്പിച്ചു. പരീക്ഷയുടെ കാര്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു, 'ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ, ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവെച്ചോളാം.'
പരീക്ഷയ്ക്ക് ശേഷം ശാലിനി ഷൂട്ടിങിനെത്തി. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈത്തണ്ടയില്‍ അബദ്ധത്തില്‍ ഒരു വലിയ മുറിവുണ്ടാക്കി. വേദന സഹിക്കാനാകാതെ കണ്ണുനിറഞ്ഞ ശാലിനിയെ കണ്ടപ്പോള്‍ അജിത്തിന്റെ മനസ്സ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി മാറിയതെന്ന് അജിത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

'ഒരിക്കല്‍ ഞാന്‍ മുടിയൊക്കെ ചുരുട്ടിവെച്ച് പുതിയ സ്‌റ്റൈലില്‍ സെറ്റില്‍ പോയി. അന്ന് എന്നെ കണ്ട അജിത് എന്നോട് പറഞ്ഞു എനിക്കത് ചേരുന്നില്ലെന്ന്. പെട്ടന്ന് തന്നെ അദ്ദേഹം തിരുത്തി പറഞ്ഞു 'എന്നെ തെറ്റിദ്ധരിക്കരുത്, കുട്ടിയുടെ 'കാതലുക്ക് മര്യാദൈ' ഞാന്‍ കണ്ടിട്ടുണ്ട്. അതിലെ സ്‌റ്റൈലാണ് നല്ലത്'- ശാലിനി ജെ.ഡബ്ല്യൂ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
'അമര്‍ക്കള'ത്തിന്റെ ചിത്രീകരണത്തിന് ശേഷം ശാലിനിയാണ് തന്റെ ജീവിതത്തിലെ പെണ്‍കുട്ടിയെന്ന് അജിത്തിന് തോന്നി. അല്‍പ്പം ഭയത്തോടെ ആയിരുന്നു ഇഷ്ടം തുറന്ന് പറഞ്ഞത്. ആ സമയത്ത് ശാലിനിയുടെ മനസ്സിലും പ്രണയം മൊട്ടിട്ടിരുന്നു.
2000-ലാണ് അജിത്തും ശാലിനിയും വിവാഹം ചെയ്യുന്നത്. അതിന് മുന്‍പ് തന്നെ മണിരത്നം ചിത്രം 'അലൈപ്പായുതേ' അടക്കമുള്ള സിനിമ ശാലിനി പൂര്‍ത്തിയാക്കിയിരുന്നു. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞിട്ട് 23 വര്‍ഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക്. അനൗഷ്‌ക, ആദ്വിക് എന്നിവരാണ് ശാലിനി-അജിത് താരദമ്പതികളുടെ മക്കള്‍.
Content Highlights: thala ajith kumar and shalini love story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..