തനുശ്രീ ദത്ത | Photos: instagram.com/iamtanushreeduttaofficial/
നിലപാടുകൾ ഉറക്കെ വിളിച്ചു പറഞ്ഞ് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ബോളിവുഡ് നടി തനുശ്രീ ദത്ത. ഇപ്പോൾ വിക്കിപീഡിയ പ്രൊഫൈലിൽ തന്റെ പേരിനൊപ്പം നൽകിയ വിവരങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് തനുശ്രീ. അഭിനേത്രിയും സൗന്ദര്യ മത്സരവേദികളിലെ വിജയിയുമായ തന്നെ 'ഇന്ത്യൻ മോഡൽ' എന്നു മാത്രം വിശേഷിപ്പിച്ചതാണ് തനുശ്രീയെ ചൊടിപ്പിച്ചത്.
തൻറെ ചിത്രം പങ്കുവെച്ചതിനൊപ്പമാണ് ഇതേക്കുറിച്ച് നീണ്ട കുറിപ്പും തനുശ്രീ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി തന്നെ അലട്ടുന്ന വിഷയം എന്ന ആമുഖത്തോടെയാണ് തനുശ്രീ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അത് മറ്റൊന്നുമല്ല തന്നെക്കുറിച്ചുള്ള വിക്കീപിഡിയ പ്രൊഫൈലാണ്.
അതിൽ തന്നെക്കുറിച്ചുള്ളതെല്ലാം തെറ്റാണെന്നും തന്റെ യോഗ്യതകളെ ഒഴിവാക്കി വെറും ഇന്ത്യൻ മോഡൽ എന്നുമാത്രമാണ് വിളിച്ചിരിക്കുന്നതെന്നും തനുശ്രീ കുറിക്കുന്നു. താനത് തിരുത്താൻ ശ്രമം നടത്തിയെങ്കിലും പഴയതുതന്നെയാണ് കാണുന്നത്. താൻ മിസ് ഇന്ത്യാ യൂണിവേഴ്സും ബോളിവുഡ് താരവുമാണ്, എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യൻ മോഡൽ എന്നു വിളിക്കുന്നതെന്ന് അറിയില്ല- തനുശ്രീ കുറിക്കുന്നു.
ഒരു പ്രശസ്തനായ വ്യക്തിയെ ജോലിക്കോ പുരസ്കാരങ്ങൾക്കോ വേണ്ടി ഗൂഗിൾ ചെയ്യുമ്പോൾ ആളുകൾ ആദ്യം പരിശോധിക്കുക ഇക്കാര്യങ്ങളായിരിക്കും, എന്നാൽ തന്റേത് വളരെ വിചിത്രമായിരിക്കുന്നു. ജീവിതത്തിൽ ഇത്രത്തോളം ചെയ്തിട്ടും ശരിയായതും കൃത്യമായതുമായ ഒരു വിക്കിപീഡിയ വിവരം തന്നെക്കുറിച്ച് ഇല്ല.- തനുശ്രീ കുറിച്ചു.
തനുശ്രീയുടെ പോസ്റ്റ് വന്നതിനു പിന്നാലെ വിക്കിപീഡിയയിൽ തിരുത്തും പ്രത്യക്ഷമായി. മുൻ മിസ് ഇന്ത്യ യൂണിവേഴ്സും ബോളിവുഡ് താരവുമായ തനുശ്രീ ദത്ത എന്ന ആമുഖത്തോടെയാണ് വിക്കിപീഡിയയിൽ തിരുത്ത് വന്നത്.
ബോളിവുഡിൽ മീ ടൂ കൊടുങ്കാറ്റ് ആദ്യം അഴിച്ചുവിട്ട നടിയായിരുന്നു തനുശ്രീ ദത്ത.നടൻ നാന പടേക്കർക്കെതിരേയായിരുന്നു തനുശ്രീയുടെ ഞെട്ടിപ്പിക്കുന്ന ആരോപണം.
2008-ല്‍ പുറത്തിറങ്ങിയ ഒരു സിനിമയുടെ ഗാനചിത്രീകരണത്തിനിടയില്, ചിത്രത്തില്‍ നായകനായ നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു തനുശ്രീയുടെ പരാതി.
Content Highlights: tanushree dutta wikipedia, tanushree dutta instagram post, tanushree dutta movies list
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..