Photo: instagram.com|swati_maliwal
'അനുഭവിച്ചോ'. താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ വിളിച്ച പെണ്‍കുട്ടിയോട് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറഞ്ഞ ചോര പൊടിയുന്ന വാക്ക്. ഉത്തരവാദിത്തമില്ലാതെ ഉരുവിട്ട ഈയൊരു വാക്കാണ് എം.സി ജോസഫൈനെ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കാനും സ്ത്രീകള്‍ക്ക് താങ്ങാവാനും വേണ്ടി രൂപവത്കരിച്ച കമ്മീഷന്റെ പ്രസക്തി തന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയാണ് ജോസഫൈന്റെ ഒരൊറ്റ വാക്ക് സൃഷ്ടിച്ചത്. എന്നാൽ, എങ്ങനെയാവണം വനിതാ കമ്മീഷൻ എന്ന് രാജ്യത്തിന് കാണിച്ചുകൊടുത്ത ഒരാളുണ്ട്. സ്വാതി മാലിവാൾ എന്ന മുപ്പത്തിയാറുകാരി. ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ.
ഇന്നത്തെ തലമുറയ്‌ക്കൊപ്പം നില്‍ക്കുന്ന, 'പാരമ്പര്യം' 'സംസ്‌ക്കാരം' 'നാട്ടുനടപ്പ്' തുടങ്ങി പുരുഷാധിപത്യ സമൂഹത്തിന്റെ കെട്ടുപാടുകളെ വകവയ്ക്കാത്ത, തുറന്നു ചിന്തിക്കുന്ന ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന് സ്വാതി മാലിവാളിനെ വിശേഷിപ്പിക്കാം.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമ്മീഷന്‍ അധ്യക്ഷയായാണ് 2015 ല്‍ അവര്‍ ആ സ്ഥാനത്തേക്ക് വരുന്നത്. എന്നാല്‍ പ്രായമല്ല പ്രവര്‍ത്തനമാണ് പ്രധാനം എന്ന് കാണിച്ചുതരുകയാണ് ആം ആദ്മി നേതാവുകൂടിയായ സ്വാതി. സ്വാതി തന്റെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ചത് പരിവര്‍ത്തന്‍ എന്ന സന്നദ്ധ സംഘടനയ്‌ക്കൊപ്പമാണ്.
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ 1984 ഒക്ടോബര്‍ 15 നാണ് സ്വാതിയുടെ ജനനം. അമിറ്റി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ജെ.എസ്.എസ് അക്കാദമി ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍നിന്ന് ഐടിയില്‍ ബിരുദവും നേടി. പഠനം കഴിഞ്ഞയുടനേ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ചാണ് സ്വാതി തന്റെ സഹജീവികള്‍ക്കായി ഇറങ്ങിത്തിരിച്ചത്.
2012 ല്‍ രാജ്യത്തിന്റെ രക്തം മരവിപ്പിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ നീതിക്കുവേണ്ടി രാജ്യതലസ്ഥാനത്ത് എത്തിയ യുവജനങ്ങള്‍ക്കൊപ്പം സ്വാതിയും മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. പിന്നീട് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തിലും പങ്കാളിയായി. 2015 ല്‍ ആം ആദ്മി അധികാരത്തില്‍ വന്നപ്പോള്‍ സ്വാതി ഡല്‍ഹി വനിതാ കമ്മീഷന്റെ അധ്യക്ഷയായി. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതോടെ 2018 ല്‍ കഴിയേണ്ട കാലാവധി വീണ്ടും മൂന്ന് വര്‍ഷം കൂടി ഡല്‍ഹി സര്‍ക്കാന്‍ ദീര്‍ഘിപ്പിക്കുകയായിരുന്നു.
പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന ഓര്‍ഡിനന്‍സിനായി സ്വാതി ആരംഭിച്ച ഒറ്റയാള്‍ നിരാഹാര സമരമാണ് ദേശിയ തലത്തില്‍ സ്വാതിയെ ശ്രദ്ധേയയാക്കിയത്. 2018 ഏപ്രില്‍ 13 നാണ് സ്വാതി തന്റെ നിരാഹാരസമരം ആരംഭിച്ചത്. കത്വയിലും ഉന്നാവയിലും കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് നടുക്കുന്ന സംഭവത്തെ തുടര്‍ന്നായിരുന്നു ഇത്. അത്തരം കേസുകളില്‍ അന്വേഷണം ഇഴയുന്നതും അക്രമികള്‍ രക്ഷപ്പെടുന്നതും സ്വാതിയെ കുപിതയാക്കിയിരുന്നു. ബലാത്സംഗത്തിനെതിരെ ശക്തമായ നിയമം വേണമെന്ന് ആവശ്യപ്പെട്ട് സ്വാതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയക്കുകയും ചെയ്തു. സമരത്തിനിടയില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ സ്വാതി തയാറായിരുന്നില്ല. അവസാനം, ഏപ്രില്‍ 22ന് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വധശിക്ഷ വരെ ഉറപ്പാക്കുന്ന തരത്തില്‍ പോക്‌സോ നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സ്വാതിയെ ശ്രദ്ധേയയാക്കി. ഡല്‍ഹിയില്‍ ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കാന്‍ നടപടി എടുക്കുകയും അനധികൃതമായി ആസിഡ് വില്‍പന നടത്തിയിരുന്ന കടകളില്‍ റെയ്ഡ് നടത്തി കെമിക്കലുകളും മറ്റും പിടിച്ചെടുക്കുകയും അവര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തതോടെ സ്വാതി വീണ്ടും മാധ്യമങ്ങളുടെ ഇഷ്ടവിഷയമായി. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ പ്രഖ്യാപനം സ്വാതിയുടെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായിരുന്നു.
സെക്‌സ് റാക്കറ്റുകളുടെ കേന്ദ്രമായ ഡല്‍ഹിയിലെ പലയിടങ്ങളിലെയും അനധികൃത സ്പാകളിലും പാര്‍ലറുകളിലും നടത്തിയ റെയ്ഡിലൂടെ മോചിപ്പിച്ചത് നിരവധി സത്രീകളുടെ ജീവിതം കൂടിയായിരുന്നു. ലൈംഗികത്തൊഴിലിനായി വിദേശത്തേക്ക് കടത്താനായി ഡല്‍ഹിയിലെത്തിച്ച സ്ത്രീകളെ രക്ഷപ്പെടുത്താനും സ്വാതിക്കായി. ഇതിനെല്ലാം പോലീസിന്റെ ശക്തമായ പിന്തുണയും അവര്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്തിരുന്നു. കമ്മീഷന്റെ 181 നമ്പരില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചവര്‍ക്ക് എല്ലാ സഹായവുമായി സ്വാതിയും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരും എപ്പോഴും സജീവമാണ്.
സ്ത്രീകളെ വിദേശത്തേയ്ക്ക് കടത്തല്‍, സെക്‌സ് റാക്കറ്റുകള്‍, ബാലവിവാഹം, ഗാര്‍ഹികപീഡനം, ആസിഡ് ആക്രമണം തുടങ്ങീ സ്ത്രീകള്‍ നേരിടുന്ന വലുതും ചെറുതുമായ നിരവധി ചൂഷണങ്ങള്‍ക്ക് തടയിടാന്‍ സ്വാതിക്കു കഴിഞ്ഞെന്നു വേണം കരുതാന്‍. ഡല്‍ഹിയില്‍ സ്ത്രീശരീരം വില്‍പനയ്ക്കു വയ്ക്കുന്നത് എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ സ്വാതി തുറന്നു പറഞ്ഞിരുന്നു. 2015 മുതല്‍ 2019 വരെ 50,000ത്തോളം കേസുകളിലാണ് ഡല്‍ഹിയില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടതും പരിഹാരം കണ്ടതും.
ഇനി കേരളത്തിലേക്ക്, ആരാവും ജോസഫൈന് ശേഷം എന്ന് ഉറ്റുനോക്കുകയാണ് സ്ത്രീകള്‍. 'അനുഭവിച്ചോ' എന്ന് പറഞ്ഞ് തള്ളിക്കളയുന്നയാളാണോ അതോ 'ഇറങ്ങിപ്പോരൂ ഒപ്പമുണ്ട്' എന്ന് ധൈര്യം നല്‍കുന്നവോരോ എന്ന് കാത്തിരുന്ന് കാണണം.
Content Highlights:Swati Maliwal, the chairperson of the Delhi Commission for Women
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..