-
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗം വരുത്തിയ ഞെട്ടലിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല അദ്ദേഹത്തിന്റെ ആരാധകരും കുടുംബവുമൊക്കെ. സഹോദരന്റെ ഓർമകൾ പങ്കുവച്ച് സുശാന്തിന്റെ സഹോദരി ശ്വേത സിങ് കീർത്തി നേരത്തെ കുറിപ്പുകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കൊച്ചനുജനൊപ്പമുള്ള ഓർമകൾ കുറിച്ചിരിക്കുകയാണ് ശ്വേത. അനുജനെക്കുറിച്ചുള്ള ഓരോ ഓർമകളും തന്റെ ഹൃദയം തകർക്കുകയാണെന്നും പങ്കുവെക്കലിലൂടെ വേദന കുറയുമെന്നതുകൊണ്ടാണ് താൻ അവ കുറിക്കുന്നതെന്നും ശ്വേത പറയുന്നു.
അമ്മയും അച്ഛനും എന്നും ഒരു മകനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്നു പറഞ്ഞാണ് ശ്വേത തുടങ്ങുന്നത്. അതിനൊരു കാരണവുമുണ്ടായിരുന്നു. അമ്മയുടെ ആദ്യത്തെ കുഞ്ഞ് ആണായിരുന്നു, പക്ഷേ ഒന്നരവയസ്സുള്ളപ്പോൾ കുഞ്ഞിനെ നഷ്ടപ്പെട്ടു. തന്റെ ആദ്യത്തെ സഹോദരനെ കാണാൻ പോലുമുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. പക്ഷേ അമ്മയും അച്ഛനും രണ്ടാമതൊരു ആൺകുഞ്ഞുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. രണ്ടുവർഷത്തോളം അവർ അതിനായി പ്രാർഥിച്ചു. ഉപവസിച്ചും ധ്യാനിച്ചും പൂജ ചെയ്തും ആത്മീയ സ്ഥലങ്ങളിൽ പോയുമൊക്കെ അവർ പ്രാർഥിച്ചു. പക്ഷേ ഒരു ദീപാവലി ദിവസം താൻ അവർക്കു ജനിച്ചു. തന്നെ ഭാഗ്യമുള്ളവളായി കരുതിയ അമ്മ ലക്ഷ്മി എന്നാണ് വിളിച്ചിരുന്നത്. എന്നിട്ടും അവർ പ്രാർഥനകൾ മുടക്കിയില്ല. ഒരുവർഷത്തിനുശേഷം എന്റെ കുഞ്ഞനുജൻ ജനിച്ചു. അന്നുതൊട്ട് എല്ലാവരെയും തന്റെ മനോഹരമായ ചിരിയിലൂടെയും തിളങ്ങുന്ന കണ്ണുകളോടെയും വിസ്മയിപ്പിച്ചിരുന്നു അവൻ- ശ്വേത കുറിക്കുന്നു.
തന്റെ ഭാഗ്യം കാരണമാണ് സുശാന്ത് ജനിച്ചതെന്നാണ് അമ്മ വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അനുജന്റെ കാര്യത്തിൽ താൻ ഏറെ കരുതൽ പ്രകടിപ്പിച്ചുവെന്നും ശ്വേത. പഠിച്ചതും കളിച്ചതും കഴിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഒന്നിച്ചായിരുന്നു. തങ്ങൾ രണ്ടുപേരല്ല ഒരാളാണെന്നാണ് പലരും വിളിച്ചിരുന്നത്. സ്കൂളിൽ പോയിരുന്ന കാലത്ത് തങ്ങൾ രണ്ടും വെവ്വേറെ കെട്ടിടങ്ങളിലായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണത്തിനു ശേഷം തന്റെ ക്ലാസ്റൂമിൽ സുശാന്തിനെ കണ്ടപ്പോൾ ഞെട്ടിപ്പോയി. അരക്കിലോ മീറ്റർ അപ്പുറത്തുള്ള കെട്ടിടത്തിൽ നിന്ന് എങ്ങിനെ ഇവിടംവരെ തനിച്ചെത്തി എന്നായിരുന്നു അത്ഭുതപ്പെട്ടത്. അവിടെ തനിച്ചായതുപോലെ തോന്നുന്നുവെന്നും ഉത്കണ്ഠ തോന്നിയപ്പോൾ തനിക്കരികിലേക്കു വരികയായിരുന്നുവെന്നും പറഞ്ഞു. വാച്ച്മാന്റെ കണ്ണുവെട്ടിച്ച് എത്ര സാഹസികമായാണ് അവൻ വന്നതെന്ന് ഞാനോർത്തു. കരുതലുള്ള അഞ്ചുവയസ്സുകാരിയായ ആ ചേച്ചി തനിക്കൊപ്പം അനുജനോട് ഇരുന്നോളാൻ പറഞ്ഞു. ആദ്യം തനിക്കും സുഹൃത്തിനുമിടയിൽ ഒളിപ്പിച്ചിരുത്തുകയാണ് ചെയ്തത്. പക്ഷേ അറ്റൻഡൻസ് എടുക്കുന്ന സമയത്ത് അധ്യാപിക കണ്ടുപിടിച്ചു. അനുജന് സുഖം തോന്നുന്നില്ലെന്നും തന്റെ കൂടെ ഇരിക്കാൻ അനുവദിക്കാമോ എന്നും അധ്യാപികയോട് ചോദിച്ചു. പക്ഷേ രണ്ടു പീരിയഡിനു ശേഷം അവനെ തിരികെ കൊണ്ടുപോയി. പക്ഷേ അപ്പോഴേക്കും അവന്റെ ആശങ്കയൊക്കെ അകന്നിരുന്നു.
2007ൽ എന്റെ വിവാഹശേഷം ഞാൻ വീടുവിട്ടുപോവുമ്പോൾ സഹോദരൻ എന്നെ കെട്ടിപ്പിടിച്ച് ഏറെ കരഞ്ഞു. യുഎസ്എയിലേക്ക് പോയതോടെ പലപ്പോഴും കാണാനോ ഒന്നിച്ചിരിക്കാനോ കഴിഞ്ഞിട്ടില്ല. രണ്ടുപേരും അവരവരുടെ ജീവിതവുമായി തിരക്കിലായി, സഹോദരൻ ബോളിവുഡിലെത്തി, ഞങ്ങളെല്ലാം അവനെയോർത്ത് അഭിമാനിച്ചു. അപ്പോഴും അവനോട് കരുതലുള്ള സഹോദരിയായിരുന്നു ഞാൻ. യുഎസിലേക്കു വരാനും ബാല്യകാല ഓർമകൾ വീണ്ടെടുക്കാമെന്നും ഞാൻ അവനോടു പറയാറുണ്ടായിരുന്നു.
അവനെ എല്ലാത്തിൽ നിന്നും സംരക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുകയാണ്. ഇപ്പോഴും എഴുന്നേൽക്കുമ്പോൾ എന്റെ സഹോദരനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. - ശ്വേത കുറിക്കുന്നു.
Content Highlights: Sushant singh Rajput Sister Pens Touching Post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..