സുശാന്ത് സഹോദരി ശ്വേതയ്‌ക്കൊപ്പം
നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവാര്‍ത്ത ഉളവാക്കിയ ഞെട്ടലിലാണ് ഇപ്പോഴും കുടുംബവും സുഹൃത്തുക്കളും ആരാധകരുമൊക്കെ. മകനോട് അമ്മാവന്‍ മരിച്ചത് എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കിയതെന്ന് സുശാന്തിന്റെ സഹോദരി ശ്വേത കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സുശാന്തിനെക്കുറിച്ചുള്ള ശ്വേതയുടെ മറ്റൊരു കുറിപ്പ് വൈറലാവുകയാണ്. സുശാന്ത് തനിക്കു നല്‍കിയ ചെറിയ കത്തിന്റെ ഫോട്ടോസഹിതമാണ് ശ്വേതയുടെ കുറിപ്പ്.
സുശാന്ത് ഒരു പോരാളിയാണെന്ന് തനിക്കറിയാമെന്നും എന്തിനേയും നേരിടാന്‍ കരുത്തനായിരുന്നുവെന്നും ശ്വേത കുറിക്കുന്നു. സുശാന്തിന്റെ സഹനകാലങ്ങളില്‍ കൂടെയുണ്ടാവാതിരുന്നതിന് ക്ഷമ ചോദിക്കുന്നുവെന്നും ശ്വേത പറയുന്നു.
കുറിപ്പിലേക്ക്...
'' എന്റെ കുട്ടി, എന്റെ മോന്‍ ഇനിമുതല്‍ ഞങ്ങള്‍ക്കൊപ്പം ഇല്ല. എനിക്കറിയാം നീ ഏറെ വേദനയിലായിരുന്നുവെന്ന്, നീ ഒരു പോരാളിയായിരുന്നുവെന്നും ധീരതയോടെ പോരാടുന്നുണ്ടെന്നും അറിയാമായിരുന്നു. നീ അനുഭവിക്കേണ്ടി വന്ന എല്ലാ വേദനകള്‍ക്കും ക്ഷമ ചോദിക്കുന്നു. എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ ആ വേദനകളെല്ലാമെടുത്ത് എന്റെ എല്ലാ സന്തോഷവും നിനക്കു നല്‍കിയേനെ.
നിന്റെ തിളങ്ങുന്ന കണ്ണുകളാണ് ലോകത്തെ എങ്ങനെ സ്വപ്‌നം കാണണമെന്നു പഠിപ്പിച്ചത്, നിഷ്‌കളങ്കമായ ചിരി നിന്റെ ഹൃദയവിശുദ്ധി തെളിയിക്കുന്നതായിരുന്നു. നീ എന്നെന്നും സ്‌നേഹിക്കപ്പെടും എന്റെ മോനേ... നീ എവിടെയായാലും എന്റെ കുട്ടിയാണ്, സന്തോഷത്തോടെയിരിക്കൂ. എല്ലാവരും നിന്നെ സ്‌നേഹിച്ചിരുന്നു, സ്‌നേഹിക്കുന്നു, എന്നെന്നും സ്‌നേഹിക്കുകയും ചെയ്യും..
എന്റെ പ്രിയപ്പെട്ടവരോട്, ഇതൊരു പരീക്ഷണകാലമാണെന്ന് അറിയാം. പക്ഷേ ഉചിതമായൊന്നു തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ വെറുപ്പിനു പകരം സ്‌നേഹമാകട്ടെ, ദേഷ്യത്തിനു പകരം ദയയും അനുകമ്പയുമാകട്ടെ, സ്വാര്‍ഥതയ്ക്കു പകരം നിസ്വാര്‍ഥതയാകട്ടെ...
നിങ്ങളോടും മറ്റുള്ളവരോടും എല്ലാവരോടും ക്ഷമിക്കാന്‍ തയ്യാറാവുക. എല്ലാവരും അവനവന്റെ യുദ്ധത്തില്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. നിങ്ങളോടും മറ്റുള്ളവരോടും അനുകമ്പയുള്ളവരാവുക. എന്തുവന്നാലും നിങ്ങളുടെ ഹൃദയം കൊട്ടിയടയ്‌ക്കെപ്പെടാതിരിക്കട്ടെ. ''
അമേരിക്കയില്‍ താമസിക്കുന്ന ശ്വേത കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിച്ചേര്‍ന്നത്. സുരക്ഷിതമായി പാറ്റ്‌നയിലെ വീട്ടിലെത്തിയെന്നും ഇന്ന് സുശാന്തിന്റെ അസ്ഥി നിമജ്ജനം ചെയ്യുമെന്നും ശ്വേത കുറിച്ചു. സുശാന്തിന്റെ ജീവിതം ആഘോഷിക്കാമെന്നും സന്തോഷകരമായ യാത്രയയപ്പു നല്‍കാമെന്നും ശ്വേത പോസ്റ്റു ചെയ്തു.
മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തി സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി താരം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Sushant Singh Rajput’s sister touching note
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..