യൂട്യൂബേഴ്‌സ് ആയ മാർക്ക് ആന്റണിയും ഭാര്യ സൂസൻ എബ്രഹാമും| ഫോട്ടോ: ഇൻസ്റ്റഗ്രാം/ സൂസൻ അബ്രഹാം | ഇ.വി. രാഗേഷ്
'പപ്പടം' പൊടിച്ച് സദ്യകഴിച്ച് കഴിയുമ്പോള്‍ ആരെങ്കിലും ചിന്തിച്ചുവോ. 'പപ്പട'ത്തിന് ഇംഗ്‌ളീഷില്‍ എന്താണ് പറയുക എന്ന്?. ഉത്തരം, സമൂഹമാധ്യമത്തിലൂടെ ശ്രദ്ധേയയായ 'സൂസന്‍ ടോക്‌സി'ലുണ്ട്, 'പൊപ്പടം'.
യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഇംഗ്ലീഷ് പഠിപ്പിക്കുന്ന സൂസന് ലക്ഷക്കണക്കിന് ഫോളോവേഴ്സാണ്. അതിലൊക്കെ മലയാളിയെ അമ്പരിപ്പിക്കുന്ന ചില മലയാളം വാക്കുകളുടെ ഇംഗ്‌ളീഷ് പദമാണ് സൂസന്‍ പറഞ്ഞു തരുന്നത്.
അടുത്തയിടെ ഹിറ്റായ സൂസന്റെ ചില വാക്കുകള്‍ ഇങ്ങനെ: ഒലക്കേടെ മൂട്- സ്ട്രിക്കഡോണിയ. തട്ടുകട-ബുക്കറ്റേറിയ, ചക്കയരക്ക്-ലാറ്റക്‌സ്, ചക്കച്ചകിണി-റാഗ്‌സ്, ചക്കമടല്‍-റൈന്‍ഡ്, താടിക്കാരന്‍-കോട്ടീഡ്.
ഒരുയാത്രയ്ക്കിടെ സൂസമ്മയെയും ഭര്‍ത്താവ് മാര്‍ക്ക് ആന്റണിയെയും കണ്ടുമുട്ടിയ പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു- 'അണ്ഡകടാഹ'ത്തിന്റെ ഇംഗ്ലീഷെന്ത്? ഉത്തരം ഉടന്‍ കൊടുത്തു 'അണ്‍ഫ്‌ളാഗിങ്'. ഇങ്ങനെ മലയാളിക്ക്, മലയാളത്തില്‍ പോലും അര്‍ഥം കണ്ടെത്താന്‍ കഴിയാത്ത വാക്കുകള്‍ കണ്ടെത്തുന്ന സൂസന് ഈ വഴിയില്‍ സഞ്ചരിക്കാന്‍ ധൈര്യം കൊടുത്തത് പിടികൊടുക്കാെത പോയ ജീവിതസാഹചര്യങ്ങളാണ്.
അത്തരം പ്രതികൂല സാഹചര്യങ്ങളിലാണ് സൂസനും ഭര്‍ത്താവ് മാര്‍ക്ക് ആന്റണിയും സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാകാന്‍ തയ്യാറെടുത്തതും. അവരുടെ കൂടിക്കാഴ്ചയ്ക്കുമുണ്ട് ഓണ്‍ലൈന്‍ ബന്ധം.
ഓണ്‍ലൈനിലെ പ്രാര്‍ത്ഥനാഗ്രൂപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2013 കാലം. അന്ന് തിരുവനന്തപുരത്ത് വീട്ടമ്മമാര്‍ക്ക് വേണ്ടി ഇംഗ്‌ളീഷ് പഠനക്‌ളാസ് തുടങ്ങി സൂസന്‍. നല്ല മാര്‍ക്കോടെ എം.എ. ഇംഗ്‌ളീഷ് ജയിച്ചതിനപ്പുറം ദുബായില്‍ പത്താംക്‌ളാസ് വരെ പഠിച്ചകാലത്ത് 'സ്വന്തമാക്കിയ ഇംഗ്‌ളീഷ്' മറ്റുള്ളവരെ പഠിപ്പിക്കാമെന്ന മോഹം ക്‌ളച്ചുപിടിച്ചില്ല. എന്നാല്‍ പിന്നെ ആഗ്രഹമുള്ള ആര്‍ക്കും പഠിക്കാമെന്ന വ്യവസ്ഥവെച്ചു. എന്നിട്ടും ആരും വന്നില്ല. ചെലവ് താങ്ങാനാകാത്ത അവസ്ഥയുമെത്തി.
ആ സമയം സുഹൃത്തായ മാര്‍ക്ക് ആന്റണിയുടെ സഹായം തേടി. ചെന്നൈയില്‍ ഹോട്ടല്‍ ബിസിനസ് ചെയ്യുന്ന മാര്‍ക്ക് ആന്റണി ബിസിനസില്‍ പങ്കാളിയായി. എന്നിട്ടും ബിസിനസ് തഥൈവ. അപ്പോഴേക്കും കൂനിന്മേല്‍ കുരുപോലെ കോവിഡുമെത്തി. അതോടെ ജീവിതം നടുക്കടലിലായി.
അറിയാവുന്ന പാചകപ്പണിചെയ്ത് ജീവിക്കാന്‍ ശ്രമിച്ച മാര്‍ക്ക് ആന്റണിയോട് ഹോട്ടലിലെ മൂത്രപ്പുരയും കഴുകണമെന്ന് പറഞ്ഞതോടെ സലാം പറഞ്ഞ് പിരിഞ്ഞു. ആ സമയത്ത് യൂട്യൂബില്‍ മുമ്പ് ലോഡ് ചെയ്ത മാര്‍ക്ക് ആന്റണിയുടെ 'താടിക്കാരന്‍' എന്ന പേരിലുള്ള 'ക്യാമ്പ് സെറ്റേഴ്‌സ്' ചാനലിലെ 'ബക്കറ്റ്ചിക്കന്‍' കേറിയങ്ങ് ഹിറ്റായി. ജീവിക്കാന്‍ ചെറിയവരുമാനം യൂട്യൂബിലൂടെ കിട്ടാന്‍ തുടങ്ങിയതോടെ സൂസനെയും മാര്‍ക്ക് ആന്റണി ആ വഴി നടത്തിച്ചു. ഇതിനിടെ ഇരുവരുടെയും കല്യാണവും കഴിഞ്ഞു.
പണമില്ലാതെ കഷ്ടപ്പെട്ടതിന് കാലം കരുതിവെച്ചത് മറ്റൊന്നായിരുന്നു, ഇപ്പോള്‍ മാര്‍ക്ക് ആന്റണിയും പൊണ്ടാട്ടി സൂസമ്മയും ജില്ലാ കളക്ടറേക്കാള്‍ കൂടുതല്‍ വരുമാനം യൂട്യൂബിലൂടെ നേടുന്നു. ഒപ്പം നാട് മുഴുവന്‍ ആരാധകരും. മാര്‍ക്ക് ആന്റണി പാചകത്തിലെ കസര്‍ത്താണ് കൂടുതലും നടത്തുന്നത്. കോട്ടയം സംക്രാന്തി കുഴിവേലിപ്പറമ്പില്‍ ടി.ജെ. തോമസിന്റെയും തങ്കമ്മ തോമസിന്റെയും മകനാണ് ടിജോ തോമസ് എന്ന താടിക്കാരന്‍ മാര്‍ക്ക് ആന്റണി. മല്ലപ്പള്ളി കല്ലൂപ്പാറ താഴത്തുപീടികയില്‍ ടി.സി. ഏബ്രഹാമിന്റെയും അന്നമ്മ സാലിയുടെയും മകളാണ് സൂസന്‍.
Content Highlights: susamma talks fame susan abraham talks about her life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..