ശ്രീദേവി
'ശ്രീദേവി ഈ വര്‍ഷം നിനക്ക് നേരുന്നു....
പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരന്‍ , ശ്രീയേഷ് 'ശ്രീദേവി ' ആയി മാറിയിരിക്കുന്നു.'
തന്റെ കളിക്കൂട്ടുകാരന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് നടി സുരഭി ലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇത്. സുരഭിക്കൊപ്പം കോഴിക്കോട്ടെ നരിക്കുനി എന്ന ഗ്രാമം ഒന്നടങ്കം ശ്രീദേവിയായി മാറിയ ശ്രീയേഷിനെ കാത്തിരിക്കുകയാണ് ഇപ്പോള്‍.
'എനിക്ക് എന്റെ നാട്ടില്‍ നിന്ന് മോശം അനുഭവവും ഉണ്ടായിട്ടില്ല, പരിഹാസങ്ങളുണ്ടായിട്ടില്ല. മറ്റ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ ആളുകളെപ്പോലെ നാട്ടില്‍ നിന്ന് ഓടിപ്പോകേണ്ട അവസ്ഥ വന്നിട്ടില്ല, അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്.'
ശസ്ത്രക്രിയക്കുശേഷം ആശുപത്രിയിൽവച്ച് ശ്രീദേവി തന്റെ അനുഭവങ്ങള്‍ പറഞ്ഞു തുടങ്ങിയത് ഇങ്ങനെ....
ഞാന്‍ എന്നിലേക്ക് ഉള്‍വലിഞ്ഞു
ചെറിയ പ്രായത്തിലേ എനിക്കിഷ്ടം പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും അവരുടെ കളിപ്പാട്ടങ്ങളുമൊക്കയായിരുന്നു. ഒരുപക്ഷേ എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും അവരുടെ ബാല്യത്തില്‍ ഇതുതന്നെയായിരിക്കും അനുഭവം. കുട്ടിയായതിന്റെ വികൃതിത്തരങ്ങളാണെന്ന മട്ടില്‍ അച്ഛനും അമ്മയുമൊക്കെ ഇത് തള്ളിക്കളഞ്ഞു. എനിക്ക് രണ്ട് ചേച്ചിമാരാണ്. ഞാന്‍ ഒരുപാട് കാലത്തെ പ്രാര്‍ഥനകള്‍ക്കും വഴിപാടിനും ശേഷം പിറന്ന ആണ്‍കുട്ടിയായിരുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ എന്റെ കൂട്ടുകാര്‍ എല്ലാം പെണ്‍കുട്ടികളായിരുന്നു. മുതിര്‍ന്ന ക്ലാസിലെത്തിയപ്പോള്‍ അത് വലിയ പ്രശ്‌നമായി. പെണ്‍കുട്ടികള്‍ ഇവനെന്താ ഇങ്ങനെ എന്ന മട്ടില്‍ അകറ്റിനിര്‍ത്തും, എനിക്ക് ആണ്‍കുട്ടികളോട് കൂട്ടുകൂടാന്‍ പറ്റുന്നുമില്ല, വലിയ മാനസിക സംഘര്‍ഷങ്ങളായിരുന്നു അക്കാലത്തെല്ലാം. പ്ലസ്ടു എത്തിയതോടെ പഠനത്തിലെല്ലാം വളരെ പിന്നിലായി. അതോടെ പഠനം ഉപേക്ഷിച്ചു.
പെണ്‍കുട്ടിയാകണമെന്ന ആഗ്രഹത്തിന്റെ പേരില്‍ കളിയാക്കലുകള്‍ ഉണ്ടാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല, വഴിയൊരുക്കിയുമില്ല. അതിന് കണ്ടെത്തിയ മാര്‍ഗം എല്ലാറ്റിൽ നിന്നും ഉള്‍വലിയുകയായിരുന്നു. നാട്ടിലെ ഉത്സവങ്ങള്‍, കല്യാണങ്ങള്‍, കൂട്ടുകാര്‍ക്കൊപ്പമുള്ള സന്തോഷങ്ങള്‍ എല്ലാം ഞാന്‍ പതിയെ ഒഴിവാക്കി. മരണവീട്ടില്‍ പോലും ഞാന്‍ പോവില്ല. ഓരോരോ കാരണങ്ങള്‍ കണ്ടുപിടിച്ചു. വീട്ടിലെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അമ്മയും അച്ഛനും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അവരെ വിഷമിപ്പിക്കരുതെന്ന ആഗ്രഹവും ആ ഉള്‍വലിയലിന് പിന്നിലുണ്ടായിരുന്നു. എന്റെ പ്രശ്‌നങ്ങള്‍ ഞാനറിഞ്ഞാല്‍ മതിയെന്ന ചിന്തയായിരുന്നു. അക്കാലത്ത് ശരിക്കും ഞാൻ ഒറ്റപ്പെട്ടുപോയി. ഒപ്പം നഷ്ടങ്ങള്‍ ഏറെയായിരുന്നു. കോളേജ് ജീവിതവും തുടര്‍പഠനവും അതിലെ വലിയ നഷ്ടങ്ങളില്‍ ചിലതാണ്.
എങ്കിലും പ്ലസ്ടു കഴിഞ്ഞ് വീട്ടില്‍ വെറുതേ ഇരിക്കാന്‍ മനസ്സനുവദിച്ചില്ല. അച്ഛന്‍ ബേക്കറി നടത്തിയിരുന്നു. അതിനടുത്തുള്ള കടമുറിയില്‍ ഒരു തയ്യല്‍ യൂണിറ്റ് തുടങ്ങി. രണ്ടുമൂന്നു തൊഴിലാളികളെയും ഒപ്പം കൂട്ടി. എനിക്ക് തയ്യല്‍ അറിയില്ലായിരുന്നു. പക്ഷേ ചെയ്യുന്നതു കണ്ടും മറ്റും ഡിസൈനിങ്ങും തയ്യലുമെല്ലാം ഞാന്‍ പഠിച്ചെടുത്തു.

പ്രായം കൂടി വരുന്നതനുസരിച്ച് എന്റെ മനസ്സിലെ മാറ്റങ്ങള്‍ ഞാനറിഞ്ഞു തുടങ്ങി. അങ്ങനെ ഒന്നു രണ്ട് ഡോക്ടര്‍മാരെ ഞാന്‍ കണ്ടു. അവര്‍ക്ക് ഇതെന്താണെന്ന് അറിയില്ലായിരുന്നു. തെറ്റായ കാര്യങ്ങളാണ് അവരെന്നോട് പറഞ്ഞത്. എന്റെ മനസ്സിലുള്ള കാര്യങ്ങളും ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.
എന്റെ അമ്മ മരിച്ചതിന് കാരണം ഇതാണ്
വീടും ചേച്ചിമാരുടെ വിവാഹവുമെല്ലാമായി ജീവിതം മുന്നോട്ടുപോയി. അക്കാലമെല്ലാം ജോലി-വീട് എന്ന ജീവിതമായിരുന്നു. എനിക്ക് എല്ലാം തുറന്നു പറയാമായിരുന്നു, പക്ഷേ അപ്പോഴെല്ലാം എന്റെ വീട്ടുകാര്‍ വേദനിക്കുമല്ലോ എന്ന സങ്കടമായിരുന്നു മനസ്സില്‍.
ഇരുപത്തിയേഴ് വയസ്സൊക്കെ ആയപ്പോള്‍ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു തുടങ്ങി. അപ്പോഴാണ് ഞാന്‍ എന്റെ മനസ്സിലുള്ളത് തുറന്നു പറയുന്നത്. അമ്മയോടാണ് പറഞ്ഞത്. വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ച എന്നോട് അമ്മ എന്താണ് ചെയ്യാന്‍ പറ്റുക എന്നാണ് ചോദിച്ചത്. എന്തിനാണ് ഇത്രയും കാലം ഇത് മറച്ചു വച്ചത് എന്നും അമ്മ ചോദിച്ചു. അമ്മ തന്നെ അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു. ഒറ്റയ്ക്ക് വിഷമിച്ചത് എന്തിനാണെന്നായിരുന്നു അവരുടെ ചോദ്യം. അച്ഛനും അമ്മയും എന്നോട് ഒരു ദേഷ്യവും കാണിച്ചില്ല, എന്തുണ്ടെങ്കിലും ഒപ്പം നില്‍ക്കാമെന്നായിരുന്നു അവരുടെ വാക്ക്.
അവരാണ് എന്നെ ഒരു ഡോക്ടറുടെ വീട്ടില്‍ കൊണ്ടുപോയത്. ആ ഡോക്ടര്‍ക്കും ഇതിനെ പറ്റിവലിയ അറിവില്ല. അയാള്‍ ഞങ്ങളോട് ആശുപത്രിയിലേക്ക് വരാനും അവിടെയുള്ള മറ്റ് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നുമാണ് മറുപടി നല്‍കിയത്. അവിടെ എത്തിയപ്പോഴും 'പുറത്തൊക്കെ നടക്കുന്നുണ്ട്, ഇവിടെ അങ്ങനെയൊന്നുമില്ല' എന്ന മട്ടായിരുന്നു ഡോക്ടര്‍മാര്‍ക്ക്. ആ ആശുപത്രിയിലെ ആദ്യത്തെ കേസായിരുന്നു ഞാന്‍.
അവിടെ എന്നെ സൈക്യാട്രി വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്തത്. അത് തന്നെ അമ്മയ്ക്കും അച്ഛനും വലിയ ഷോക്കായി. അവിടെ അക്രമാസക്തരായ രോഗികള്‍ വരെ ഉണ്ടായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നിര്‍ബന്ധമായി ഡിസ്ചാര്‍ജ് വാങ്ങി തിരിച്ചുപോന്നു. ഡോക്ടര്‍മാര്‍ പോലും എന്നെ അപമാനിക്കുന്ന രീതിയിലാണ് സംസാരിച്ചത്. നീ ആണല്ലേ, ശരീരം ആണിന്റേതല്ലേ, പിന്നെ എന്താണ് കുഴപ്പം എന്നൊക്കെ ധാരാളം ആക്ഷേപങ്ങള്‍. ആ ദിവസങ്ങളിലെ അനുഭവങ്ങള്‍ അമ്മയെ വല്ലാതെ ബാധിച്ചിരുന്നു. തിരിച്ചെത്തിയ രാത്രി എന്റെ അമ്മ ആത്മഹത്യ ചെയ്തു.
പിന്നീട് പലരും ഞാന്‍ ഇങ്ങനെയായതുകൊണ്ടാണ് അമ്മ മരിച്ചതെന്നും മറ്റും പറഞ്ഞിരുന്നു. അങ്ങനെയല്ല, നീ ആണായാലും പെണ്ണായാലും ഞാന്‍ നിന്റെ കൂടെ ഉണ്ടാകുമെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞതാണ്.
എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അമ്മയായിരുന്നു, അമ്മയ്ക്കും ഞാനായിരുന്നു ജീവന്‍. അമ്മ ഇല്ലാതായതോടെ ഞാനും തനിച്ചായി. പിന്നെ കുറച്ച് മാസങ്ങളോളം ഞാന്‍ വീടിനുള്ളില്‍ തന്നെയായിരുന്നു. അച്ഛന്‍ വേറെ വിവാഹം കഴിച്ചു. എന്നെയും വിവാഹം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചു തുടങ്ങി. അങ്ങനെയൊരു ജീവിതം ആരംഭിച്ചെങ്കിലും ഞാനെന്നെ പറ്റി എല്ലാം തുറന്നു പറഞ്ഞിരുന്നു. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി പിരിഞ്ഞു.
വീണ്ടും തിരിച്ചുപിടിച്ച സ്വപ്‌നങ്ങള്‍
'വീണ്ടും ട്രിറ്റ്‌മെന്റിനും സര്‍ജറിക്കുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ ഞാനാരെയും അറിയിച്ചില്ല. പിന്നീടാണ് എല്ലാവരും അറിഞ്ഞത്. പക്ഷേ ആരും എതിര്‍പ്പുമായൊന്നും എത്തിയില്ല. വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. ആരും കളിയാക്കുകയോ മോശമായി പറയുകയോ ഒന്നുമില്ല. അച്ഛനും ചേച്ചിമാരുമെല്ലാം പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ചികിത്സകള്‍ക്കായി എനിക്ക് വരുമാനമുണ്ട്, എന്റെ സ്ഥാപനം നന്നായി പോകുന്നുണ്ട്...' ശ്രീദേവിയുടെ വാക്കുകളില്‍ അഭിമാനം.

കൊച്ചി അമൃതയിലെ സന്ദീപ് ഡോക്ടറാണ് എന്റെ ശസ്ത്രക്രിയക്കും ചികിത്സക്കുമെല്ലാം നേതൃത്വം നല്‍കിയത്. മുമ്പ് ഉണ്ടായ ദുരനുഭവങ്ങള്‍ മാഞ്ഞത് ഡോക്ടറെ കണ്ടതോടെയാണെന്നും ശ്രീദേവി.
സുരഭി തന്ന കരുത്ത്
സുരഭിയോട് ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. മറ്റുള്ളവര്‍ മനസ്സിലാക്കുന്നതിലും കൂടുതല്‍ സുരഭി എന്നെ മനസ്സിലാക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അവളെനിക്ക് ഒരുപാട് സപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീട്ടില്‍ എനിക്ക് കരുത്ത് അമ്മ ആയിരുന്നെങ്കില്‍ സുഹൃത്തുക്കളില്‍ സുരഭിയായിരുന്നു ആദ്യംമുതലേ ഒപ്പം നിന്നത്.
ഇഷ്ടമുള്ള രൂപത്തില്‍ അവന് പുറത്തിറങ്ങി നടക്കാന്‍ പറ്റണം
ചെറുപ്പം മുതലേ തനിക്കൊപ്പം കളിച്ചുവളര്‍ന്ന കൂട്ടുകാരന് മനോധൈര്യം നല്‍കി ഒപ്പം നിന്നതിനെ പറ്റിയാണ് നടി സുരഭി ലക്ഷ്മിക്ക് പറയാനുണ്ടായിരുന്നത്. 'എന്നെ ആദ്യമായി സൈക്കിള്‍ കയറാന്‍ പഠിപ്പിച്ചത് ശ്രീയേഷാണ് (ശ്രീദേവി). ബ്രേക്കില്ലാത്ത സൈക്കളില്‍ നിന്ന് വീണതൊക്കെ നല്ല ഓര്‍മയുണ്ട്. ഞങ്ങള്‍ക്കൊപ്പം ഒപ്പന കളിക്കാന്‍ കൂടും, സംഘനൃത്തത്തിന് പെണ്‍കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ വരും. അന്നൊക്കെ ആളുകള്‍ക്ക് ഇതൊരു കൗതുകമായിരുന്നു. പിന്നെ നാടുവിട്ട് പഠനത്തിനും അഭിനയവുമായൊക്കെയായി യാത്ര പോയപ്പോഴാണ് ശ്രീയേഷിനെ പോലുള്ള ആളുകളെ ഞാന്‍ കണ്ടുമുട്ടുന്നത്. നമ്മള്‍ കളിയാക്കി പറയുന്ന ഇത്തരം ആളുകളുടെ ജീവിതത്തെ പറ്റി ഞാന്‍ അറിഞ്ഞത്. 2020 എല്ലാവര്‍ക്കും മോശം വര്‍ഷമായിരുന്നു. എന്നാല്‍ അവനോട് ഞാന്‍ ഇത് എല്ലാം മാറിമറിയുന്ന വര്‍ഷമാക്കി മാറ്റാനാണ് പറഞ്ഞത്. അങ്ങനെ ഡിസംബറില്‍ തന്നെ അവന്‍ സര്‍ജറി ചെയ്തു. 2021 ല്‍ ഇഷ്ടമുള്ള രൂപത്തില്‍, ശരീരത്തില്‍ അവന് പുറത്തിറങ്ങി നടക്കാന്‍ പറ്റണം.'

ഇനി സിനിമയില്‍ ഒരു കൈനോക്കണം, നൃത്തം പഠിക്കണം, മോഡലിങ്ങും... കൈവിട്ടുപോയ സ്വപ്‌നങ്ങള്‍ തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീദേവി.
Content Highlights: Surabhi Lakshmi childhood friend Sreeyesh Genderchange surgery Transwoman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..