സുധീഷും സിന്ധുവും. ഫോട്ടോ- മധുരാജ്
മനസ്, തീരെ നേര്‍ത്തൊരു നൂല്‍പ്പാലമാണ്. അടിയൊന്നു തെറ്റിയാല്‍ വിഭ്രാന്തിയുടെ ചുഴിയിലേക്ക് കൂപ്പുകുത്താനിടയുള്ള പാലം. വീണുപോകുന്നവരുടെ പൊട്ടിച്ചിരികളും വിഭ്രാന്തികളും ആളുകളെ ഭയപ്പെടുത്തും. ഇനിയൊരിക്കലും കയറാനാകാത്തവിധം അകറ്റിയും ഭയന്നും ഭയപ്പെടുത്തിയും ചുറ്റിനുമുള്ളവര്‍ അവരുടെ അവശേഷിച്ച മനോബലം തകര്‍ക്കും. അവരാകട്ടെ തിരസ്‌കാരത്തുടര്‍ച്ചകളില്‍ തളര്‍ന്ന് ചുഴിക്കുള്ളിലെ ഇരുട്ടില്‍ സ്വയം ഒതുങ്ങിക്കൂടും.
ഇത്തരത്തില്‍ എഴുതിത്തള്ളപ്പെട്ട ഭൂതകാലത്തില്‍ നിന്നും പ്രണയത്താല്‍ ജീവിതം തിരികെപ്പിടിച്ച രണ്ടുപേര്‍. കോട്ടയംകാരി സിന്ധുവും കോഴിക്കോട്ടുകാരന്‍ സുധീഷും. തെറ്റിക്കയറിയ പാളത്തില്‍ നിന്ന് താളം വീണ്ടെടുത്ത് ഓട്ടം തുടര്‍ന്ന തീവണ്ടിപോലെ അവര്‍ ഒന്നിച്ചൊരു യാത്ര തുടങ്ങുകയാണ്. ഒരുമിച്ചൊരു ജീവിതം പങ്കിടുമ്പോള്‍ അവര്‍ക്ക് കടന്നുപോയ കാലത്തെയോര്‍ത്ത് വേദനകളില്ല. പടിയടച്ച സമൂഹത്തോട് പരിഭവങ്ങളുമില്ല. മാനസികരോഗികളോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവം തിരുത്തപ്പെടേണ്ടതാണെന്ന് ഓര്‍മപ്പെടുത്തുകയാണ് ഇവര്‍ ജീവിതംകൊണ്ട്.
വഴിമാറിയ മനസ്സ്
കോട്ടയംകാരിയാണ് സിന്ധു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സിന്ധുവിന് അവിടെ ഒരു വീടുണ്ടായിരുന്നു. ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നു. അതിനിടയിലാണ് സിന്ധു മാനസികപ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. മനസ് കൈവിട്ടതോടെ സിന്ധു വീടുവിട്ടിറങ്ങി. പിന്നീട് ദിവസങ്ങളോളം തെരുവില്‍ അലഞ്ഞു. മനോനില തീര്‍ത്തും തകരാറിലായ സിന്ധുവിനെ പോലീസുകാരാണ് കോട്ടയത്തു തന്നെയുള്ള പുനരധിവാസ കേന്ദ്രത്തിലാക്കിയത്. ചികിത്സയും മരുന്നുമൊക്കെയായി സിന്ധുവിന്റെ രോഗം ഭേദമായി. പക്ഷേ, കാത്തിരുന്നത് ഒറ്റപ്പെടലും അവഗണനകളും മാത്രമായിരുന്നു.
''പതിനൊന്നു വര്‍ഷം ഞാനവിടെ കഴിഞ്ഞു. എന്റെ മക്കളന്ന് കുഞ്ഞുങ്ങളാണ്. ഞാനവരെ കണ്ണുനിറച്ചൊന്നു കണ്ടിട്ടില്ല. വിഷമം മറക്കാന്‍ അമ്പലത്തില്‍ പ്രാര്‍ഥിക്കാന്‍ തോന്നും. സാധാരണ മനുഷ്യരെപ്പോലെ തിയ്യറ്ററില്‍ സിനിമ കാണാന്‍ തോന്നും. പിന്നെപ്പിന്നെ ഞാനങ്ങുറപ്പിച്ചു ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഒന്നും ആഗ്രഹിക്കാനുള്ള അര്‍ഹതയില്ലെന്ന്''. സിന്ധുവിന്റെ കണ്ണുകളില്‍ ഓര്‍മ്മകളുടെ ഉറവപൊടിഞ്ഞു.
അമ്മത്തണലില്‍
കോഴിക്കോട് പുത്തൂര്‍മഠത്താണ് സുധീഷിന്റെ വീട്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യങ്ങള്‍ പതിവായിരുന്നു. അത് മകനിലേക്കും പകര്‍ന്നുകിട്ടി. പുറംലോകവുമായി കാര്യമായ ബന്ധമൊന്നുമില്ലാതെ അമ്മയും മകനും അവരുടെ വീടിനുള്ളില്‍ കഴിഞ്ഞു. ഇടയ്ക്കിടെ അമ്മയുടെ അവസ്ഥ വഷളാകും. അപ്പോഴൊക്കെ നാട്ടുകാരിടപെട്ട് അമ്മയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും. മറ്റുവഴികളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ ആ യാത്രകളിലൊക്കെ അമ്മയ്‌ക്കൊപ്പം സുധീഷും ഉണ്ടാകും. അത്തവണയും അമ്മയും മകനും ഒന്നിച്ചാണ് ആസ്പത്രിയിലെത്തിയത്. പക്ഷേ, അമ്മയ്ക്ക് അവിടെ നിന്നൊരു തിരിച്ചുപോക്ക് പിന്നീടുണ്ടായിരുന്നില്ല. കുതിരവട്ടം ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ അമ്മ മരിച്ചു. അതോടെ സുധീഷ് ഒറ്റയായി. ഏറ്റെടുക്കാന്‍ ബന്ധുക്കളാരും ഇല്ലാതെ വന്നതോടെ സുധീഷ് ആസ്പത്രിയിലെ സ്ഥിരതാമസക്കാരനാവുകയായിരുന്നു.
ആല്‍മരച്ചില്ലയില്‍
മനോനില തകര്‍ന്ന, ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബന്യന്‍ എന്ന സംഘടനയാണ് സുധീഷിന്റെയും സിന്ധുവിന്റെയും ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 'ബന്യന്‍ സ്‌നേഹക്കൂട്' എന്നപേരില്‍ വീടുകള്‍ ഒരുക്കിയിട്ടുണ്ട്. 2017-ല്‍ മലപ്പുറം ജില്ലയിലെ പുളിക്കലില്‍ ഉള്ള സ്‌നേഹക്കൂട്ടില്‍ സിന്ധുവെത്തി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തൊട്ടടുത്ത വര്‍ഷം സുധീഷിനെയും ബന്യന്‍ ഏറ്റെടുത്തു.
വീണ്ടെടുത്ത താളം
സുധീഷിന്റെയും സിന്ധുവിന്റെയും ജീവിതത്തില്‍ പിന്നീട് സംഭവിച്ച കാര്യങ്ങളെപ്പറ്റി ബന്യന്‍ കേരള ചാപ്റ്റര്‍ പ്രോഗ്രാം ലീഡ് സാലിഹ് പറഞ്ഞു തുടങ്ങി: ''സ്‌നേഹക്കൂടുകളിലെ അന്തേവാസികള്‍ക്ക് ജീവിതനൈപുണ്യ-തൊഴില്‍ പരിശീലനങ്ങള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്. ആ പരിശീലന കേന്ദ്രത്തില്‍ വച്ചാണ് സുധീഷും സിന്ധുവും പരിചയപ്പെടുന്നത്. സിന്ധു തുറന്ന പ്രകൃതക്കാരിയാണ്. വളച്ചുകെട്ടലില്ലാതെ കാര്യങ്ങള്‍ തുറന്നു സംസാരിക്കും. അങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്കിടയിലാണ് വിവാഹത്തെപ്പറ്റി സിന്ധു ആദ്യം പറയുന്നത്. മനസ്സിനിണങ്ങിയ ഒരാള്‍ വന്നാല്‍ ജീവിതം പങ്കുവെക്കാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ആരെങ്കിലും മനസ്സിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സുധീഷിന്റെ പേരാണ് പറഞ്ഞത്. ഞങ്ങള്‍ ഇക്കാര്യം സുധീഷുമായും സംസാരിച്ചു. അദ്ദേഹത്തിനും സമ്മതം. അങ്ങനെ ഞങ്ങള്‍ അവര്‍ക്ക് ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും കൗണ്‍സലിങ് കൊടുത്തു. അവരുടേത് ഉറച്ച തീരുമാനമാണെന്നും അവരതിന് പ്രാപ്തരാണെന്നും മനസ്സിലായി. അങ്ങനെ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി''.
അവരൊന്നായി
ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് കോഴിക്കോട് പുത്തൂര്‍മഠം വയ്യോലില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര നടയില്‍ വച്ച് അവര്‍ വിവാഹിതരായി. ലോക്ഡൗണ്‍കാലത്ത് ആരുടെയും മനസ്സുണര്‍ത്തുന്ന നല്ലവാര്‍ത്തയായി ആ പ്രണയകഥ മാറി. ഇരുവര്‍ക്കുമായി പുളിക്കലില്‍ ബന്യന്‍ ചെറിയ വീട് എടുത്തുകൊടുത്തിരുന്നു. വിവാഹശേഷം കുറച്ചുകാലം അവിടെയായിരുന്നു താമസം... അതിനിടെ സംഘടനയും കുറേ കോളേജ് കുട്ടികളും ചേര്‍ന്ന് സുധീഷിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വീട് താമസയോഗ്യമാക്കി. അങ്ങനെ അവര്‍ അവിടേക്ക് മടങ്ങി. വിവാഹശേഷം ആദ്യത്തെ ഓണവും അവിടെ ആഘോഷിച്ചു.
സുധീഷിന്റെ ബന്ധുക്കളൊക്കെ ഇരുവരെയും വിരുന്നിനു ക്ഷണിക്കാറുണ്ട്. കാര്യങ്ങള്‍ അന്വേഷിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനുമൊക്കെ കുടുംബക്കാരെ കിട്ടിയ സന്തോഷത്തിലാണ് സിന്ധു. പ്രണയത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയും ചോദിച്ചപ്പോള്‍ അവര്‍ ഉഷാറായി. ''ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടുണ്ട്. മനസ്സു തുറന്നു സംസാരിക്കാന്‍ കൂടെ ഒരാള്‍ വേണമെന്ന് ചിന്ത വന്നപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് സുധീഷേട്ടന്റെ മുഖമാണ്. അന്ന് ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമൊന്നുമില്ല. എന്നിട്ടും എനിക്ക് അങ്ങനെ തോന്നി'', വരാന്തയില്‍ സുധീഷിനോടു ചേര്‍ന്നിരുന്ന് സിന്ധു പറഞ്ഞു.
അവരുടെ ജീവിതം താളം വീണ്ടെടുത്തുകഴിഞ്ഞു. സിന്ധു വീടുകളില്‍ ജോലിക്കു പോകുന്നുണ്ട്. സുധീഷ് വീടിനടുത്ത് ചെറിയ കട നടത്തുന്നു. ഭാവിയെപ്പറ്റിയുള്ള പ്ലാനുകള്‍ ചോദിക്കുമ്പോള്‍ സുധീഷിന് ചിരി. ''ഇവള്‍ ആഗ്രഹിച്ചതുപോലെ അമ്പലങ്ങളില്‍ പോകാനുണ്ട്. പിന്നെ ഒരുമിച്ച് തിയേറ്ററില്‍ പോയൊരു സിനിമ കാണണം. ആദ്യം കൊറോണയൊക്കെ ഒന്നുമാറട്ടെ''.
സുധീഷിന്റെയും സിന്ധുവിന്റെയും കണ്ണുകളില്‍ പുതിയൊരു ജീവിതം തളിരണിഞ്ഞതിന്റെ തിളക്കമുണ്ട്.
Content Highlights: Sudheesh and Sindhu support each other when family abandoned them after psychiatric treatment


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..