കല്ല്യാണം കുളമാക്കിയ തല്ലുകാര്‍ അറിയണം, നാലു കെട്ട് പപ്പടം ജീവിതം മാറ്റിമറിച്ച ഈ പെണ്ണുങ്ങളുടെ കഥ


ബി.കെ.രാജേഷ്In Depth

Photo: AFP

ങ്ങനെ കലഹിച്ച് കോലാഹലമുണ്ടാക്കാന്‍ മാത്രം എന്തു ചേരുവയാണ് ഈ പപ്പടത്തിലുള്ളത്. ഉടനെ വരും മുംബൈയില്‍ നിന്ന് ഒരുത്തരം. ഉഴുന്നുപൊടിയും ഉപ്പും മസാലയുമല്ല. നല്ല ഒന്നാന്തരം ജീവിതം. കേരളത്തില്‍ കലഹിച്ച് പോലീസ് സ്‌റ്റേഷന്‍ കയറിയ ഈ പപ്പടം കൊണ്ട് ഇന്ന് പശിയകറ്റുന്നത് ഒന്നും രണ്ടുംപേരല്ല, ആയിരക്കണക്കിന് ആളുകളാണ്. അതും ഒരുകാലത്ത് കണ്ണീരിലും ഇല്ലായ്മയിലും വലഞ്ഞിരുന്ന തീര്‍ത്തും നിരാലംബരായിരുന്ന സാധാരണക്കാരായ സ്ത്രീകളും അവരുടെ കുടുംബങ്ങളും. ഇന്നവര്‍ സാമ്പത്തിക സ്വാശ്രയത്വം നേടി സാഭിമാനം സ്വന്തം കാലില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരൊറ്റ കാരണമേയുള്ളൂ. അവര്‍ സ്വന്തം വീടുകളില്‍ പരത്തിയെടുത്ത് നടന്നു വില്‍ക്കുന്ന പപ്പടം. സാക്ഷര കേരളത്തില്‍ സദ്യയ്ക്കൊപ്പം പപ്പടം വിളമ്പാത്തതിന് തമ്മിലടിച്ച് കല്ല്യാണം താറുമാറാക്കിയവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് അക്ഷരാഭ്യാസം പോലുമില്ലാതെ ഏഴ് സ്ത്രീകള്‍ നിസാരമായ ഈ പപ്പടം കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ച, അവര്‍ നടത്തിയ നിശബ്ദ വിപ്ലവത്തിന്റെ കഥ.

പറഞ്ഞുവരുന്നത് ലിജ്ജഡ് പപ്പടത്തിന്റെ കഥ തന്നെ. ഈ കഥ തുടങ്ങുന്നത് ആറു പതിറ്റാണ്ട് മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ അറുപതിമൂന്ന് കൊല്ലം മുന്‍പ് തെക്കന്‍ മുംബൈയിലെ ഗിര്‍ഗ്വാമിലെ ഒരു പഴയ വീടിന്റെ ടെറസില്‍. 1959 മാര്‍ച്ച് പതിനഞ്ചിനായിരുന്നു ഗുജറാത്തികളായ ഏഴ് വീട്ടമ്മമാരുടെ ഒത്തുകൂടല്‍. ജസ്വന്തിബെന്‍ ജംനാദാസ് പൊപ്പട്, ജയാബെന്‍ വി.വിത്തലാനി, പാര്‍വതിബെന്‍ രാംദാസ് തൊഡാനി, ഉജയംബെന്‍ നരന്‍ദാസ് കുണ്ടല, ബാനുബെന്‍ എന്‍. തന്ന, ലഘുബന്‍ അമൃതര്‍ ഗൊഖാനി. നിത്യജീവിതത്തില്‍ കഷ്ടപ്പാട് നിഴലിട്ടതോടെ ഇനിയെന്ത് എന്ന ചിന്തയിലായിരുന്നു എല്ലാവരും. ഭര്‍ത്താക്കന്മാരുടെ ചെറിയ ശമ്പളത്തിന് കുടുംബം മുന്നോട്ടുപോകില്ല. ഒരു ചെറിയ വരുമാനം തങ്ങളും ഉണ്ടാക്കിയേ പറ്റൂ ഒരു കരപറ്റാന്‍. കാര്യമായ വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ ജോലി കിട്ടുക എളുപ്പമാവില്ല. കച്ചവടം തുടങ്ങണമെങ്കില്‍ അതിന്റെ സൂത്രങ്ങളൊന്നും വശവുമില്ല. പോരാത്തതിന് മുതലിറക്കാന്‍ കാശുംവേണം. എന്തെങ്കിലുമൊരു വഴി കണ്ടെത്തിയേ പറ്റൂ ജീവിതം മുന്നോട്ടുപോവാന്‍. ഒരു കൊച്ചു സംരംഭം തുടങ്ങിയാലോ എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് ജസ്വന്തിബെന്‍ തന്നെ. എല്ലാവര്‍ക്കും സമ്മതം. പക്ഷേ, എന്ത് സംരംഭം. ആകെ അറിയാവുന്നത് പാചകമാണ്. എന്നാല്‍, അതില്‍ തന്നെ തുടങ്ങിയാലോ എന്നായി ചിന്ത. അങ്ങനെയാണ് ആലോചന വീട്ടുമെനുവിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമായ പപ്പടത്തിലെത്തിയത്. പോരാത്തതിന് പപ്പടം ഉണ്ടാക്കാന്‍ വലിയ വിദ്യാഭ്യാസത്തിന്റെയോ സാങ്കേതികജ്ഞാനത്തിന്റെയോ ആവശ്യവുമില്ല. അപ്പോള്‍ സാധനങ്ങള്‍ വാങ്ങാനുള്ള കാശോ? അടുത്ത പ്രതിസന്ധി. സഹായത്തിനായി സാമൂഹ്യ പ്രവര്‍ത്തകന്‍ ഛഗന്‍ലാല്‍ കരംസി പരേഖിനെ പോയി കണ്ടു. നവീന ആശയങ്ങളുള്ള പരേഖ് മൂലധനമായി എണ്‍പത് രൂപയ്ക്ക് പുറമേ ഒരു ഉപദേശം കൂടി കൊടുത്തു അവര്‍ക്ക്. എന്തിനുവേണ്ടിയിട്ടാണെങ്കിലും ആരില്‍ നിന്നും ഒരു നായപൈസ സംഭാവന വാങ്ങരുത്. ആ എണ്‍പത് രൂപയേക്കാള്‍ വിലയുണ്ടായിരുന്നു അവര്‍ക്ക് ഛഖന്‍ ബാപ്പയുടെ ഉപദേശം. അന്ന് മുതല്‍ ഇന്നുവരെ ഒരാളില്‍ നിന്നും ചില്ലിക്കാശ് സഹായം വാങ്ങിയിട്ടില്ല അവര്‍. അതുകൊണ്ടുതന്നെ നാളിതുവരെയായിട്ടും കാലണയുടെ ബാധ്യതയുമില്ല.

അങ്ങനെ അവര്‍ പപ്പട നിര്‍മാണത്തിലേയ്ക്കിറങ്ങി. സ്വന്തം വീടുകളുടെ ടെസറിലായിരുന്നു പരത്തലും ഉണക്കലുമെല്ലാം. സ്വാദ് എന്ന് ഗുജറാത്തിയില്‍ അര്‍ഥം വരുന്ന ലിജ്ജഡ് എന്ന പേരു നല്‍കി. നാല് പായ്ക്ക് ഉണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം. സാമൂഹ്യ പ്രവര്‍ത്തകനായ പുരുഷോത്തം ദാമോദര്‍ ദത്താനി എന്ന ദാദാജിയായിരുന്നു അവര്‍ക്ക് തുണ. ദാദാജിയുടെ വാക്ക് വിശ്വസിച്ചാണ് ചൗപ്പാട്ടിയിലെ ആനന്ദ്ജി പ്രേംജി ആന്‍ഡ് കമ്പനി ആദ്യമായി സ്ത്രീകളില്‍ നിന്ന് പപ്പടം വാങ്ങാനും അവര്‍ക്ക് ഒരു തുക അഡ്വാന്‍സ് നല്‍കാനും തയ്യാറായത്. സുഖകരമായിരുന്നില്ല തുടക്കകാലത്ത് ബിസിനസ്. കച്ചവടത്തിന്റെ സൂത്രവാക്യങ്ങളൊന്നുമറിയാത്ത സ്ത്രീകള്‍ക്ക് ഉല്‍പന്നം വില്‍ക്കാനുള്ള ഗുട്ടന്‍സൊന്നും വശമുണ്ടായിരുന്നില്ല. ആദ്യമൊക്കെ പപ്പടം വിറ്റുപോകാന്‍ നന്നായി ബുദ്ധിമുട്ടി. വിറ്റതിന്റെ കാശ് കിട്ടാന്‍ അതിലും ബുദ്ധിമുട്ട്. എങ്ങനെ മുന്നോട്ടുപോകും എന്ന ചിന്ത വരെ മുളപൊട്ടി പലരുടെയും മനസ്സില്‍. ജീവിതമെന്ന വലിയ സമസ്യയ്ക്ക് മുന്നില്‍ ഈ വെല്ലുവിളിയൊക്കെ വഴിമാറി. അവര്‍ നിശ്ചയദാര്‍ഢ്യത്തോടെ തന്നെ മുന്നോട്ടുപോയി. ആനന്ദ്ജിയുടെ കടയില്‍ നിന്ന് കച്ചവടം സമീപത്തെ മറ്റ് കടകളിലേയ്ക്ക് വ്യാപിച്ചു. എല്ലാം കൊണ്ടുപോയി വിറ്റത് ഈ ഏഴ് സ്ത്രീകള്‍ തന്നെ. ആദ്യദിവസം ഒരു കിലോ പൊടി കൊണ്ടാണ് പപ്പടം നിര്‍മിച്ചത്. എട്ടണയാണ് ലാഭം കിട്ടിയത്. പിറ്റേ ദിവസം രണ്ട് കിലോ കൊണ്ട് ഉണ്ടാക്കി. ലാഭം ഒരു രൂപയായി ഉയര്‍ന്നു. ഗുണനിലവാരം തിരിച്ചറിഞ്ഞതോടെ കൂടതല്‍ ആവശ്യക്കാരെത്തിക്കൊണ്ടിരുന്നു. വില്‍പന കൂടുതല്‍ കടകളിലേയ്ക്ക് വ്യാപിപ്പിച്ചു. നാലു മാസം കൊണ്ട് തന്നെ സൊസൈറ്റിക്ക് നല്ല വേരോട്ടം ലഭിച്ചു. പപ്പട നിര്‍മാണത്തിനും വില്‍പനയ്ക്കും കൂടുതല്‍ പേരെത്തി. ജാതിയും മതവും പോലുള്ള ഭേദങ്ങളൊക്കെ അവര്‍ക്ക് വഴിയൊഴിഞ്ഞുകൊടുത്തു. കൂട്ടായ്മയ്ക്ക് അങ്ങനെ 'ശ്രീ മഹിള ഗൃഹ ഉദ്യോഗ് ലിജ്ജഡ്' എന്ന പേരും നല്‍കി. വൈകാതെ വാഡ്‌ലയില്‍ രണ്ടാമത്തെ ശാഖ തുടങ്ങി. എട്ടണ ലാഭത്തില്‍ തുടങ്ങിയ കമ്പനിയുടെ ആദ്യ വര്‍ഷത്തെ ലാഭം ആറായിരം രൂപയായിരുന്നു. ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജഡ് പപ്പഡ് എന്ന ആദ്യത്തെ പേര് മൂന്ന് കൊല്ലത്തിനുശേഷം വെറും ലിജ്ജഡ് പപ്പട് ആയി. ഭക്ഷണപ്രിയരുടെ നാവിന്‍തുമ്പില്‍ ആദ്യമെത്തുന്ന നാമമായി. ലിജ്ജഡ് പിന്നെ പടിപടിയായി വളര്‍ന്നുകൊണ്ടേയിരുന്നു.

ഉറുമ്പ് അരിമണി ശേഖരിച്ചുവയ്ക്കുന്നത് പോലെയായിരുന്നു അവര്‍ കിട്ടുന്ന ഓരോ കാശും സൂക്ഷിച്ചത്. പരസ്യങ്ങള്‍ പോലുള്ള യാതൊരു ധാരാളിത്തവുമുണ്ടായില്ല. വിപണിയില്‍ ചുവടുറപ്പിച്ച് സാമ്പത്തിക ഭദ്രത കൈവരിച്ചശേഷം മാത്രമാണ് അവര്‍ ഒരു ടെലിവിഷന്‍ പരസ്യത്തെ കുറിച്ച് ചിന്തിച്ചതുതന്നെ. പപ്പടം നിര്‍മിച്ചതും വിതരണം ചെയ്തതമെല്ലാം അംഗങ്ങള്‍ തന്നെ. പപ്പടത്തിന്റെ ഗുണനിലവാരത്തില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. അതുതന്നെയായിരുന്നു ലിജ്ജഡിന്റെ മുഖമുദ്രയും. വൈകാതെ സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുകയും ഖാദി ബോര്‍ഡ് കുടില്‍വ്യവസായമായി അംഗീകരിക്കുകയും ചെയ്തു.

പിന്നീട് ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല ലിജ്ജഡിന്. പത്ത് വര്‍ഷം തികയും മുന്‍പ് അവര്‍ മഹാരാഷ്ട്രയ്ക്ക് പുറത്തുമെത്തി. ഗുജറാത്തിലെ വലോഡില്‍ ആദ്യത്തെ ശാഖ തുറന്നു. പിന്നെ വൈവിധ്യവത്കരണത്തിന്റെ കാലമായി. സാദാ പപ്പടത്തിന് പുറമെ മസാല പപ്പടവും ജീരക പപ്പടവും ആട്ട പപ്പടവും ചപ്പാത്തിയും അപ്പളവും അലക്കുസോപ്പും അലക്കുപൊടിയുമെല്ലാം ലിജ്ജഡിന്റെ വിശ്വസ്ത ബ്രാന്‍ഡ് നെയിമില്‍ വിപണിയിലെത്തി. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് ചിറകുവിരിക്കുകയും ചെയ്തു. ഇന്ന് രാജ്യത്താകമാനം എണ്‍പത്തിരണ്ട് ശാഖകളുണ്ട്. ഇംഗ്ലണ്ടും അമേരിക്കയും നെതര്‍ലന്‍ഡ്‌സും സിംഗപ്പൂരും തായ്‌ലന്‍ഡും അടക്കം പതിനഞ്ച് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിയും.

പഴയ ഏഴ് പേര്‍ക്ക് പകരം ഇന്ന് നാല്‍പത്തിയയ്യായിരത്തോളം സ്ത്രീകളുണ്ട് പപ്പടനിര്‍മാണത്തില്‍. നാലു പാക്കിന് പകരം പ്രതിവര്‍ഷം നാല്‍പത് ലക്ഷം പപ്പടം ഉണ്ടാക്കുന്നുണ്ട്. ആദ്യ മൂലധനമായ എണ്‍പത് രൂപയ്ക്ക് പകരം വിറ്റുവരവ് ആയിരത്തിയറന്നൂറ് കോടിയും. വിശ്വാസ്യതയും ഗുണനിലവാരവും തന്നെയാണ് അന്നും ഇന്നും വിപണിയില്‍ ലിജ്ജഡിന്റെ വേറിട്ടുനിര്‍ത്തിയത്. പിന്നണിയിലെ കരുത്ത് കഠിനാധ്വാനവും സമര്‍പ്പണവും. നിര്‍മാണത്തില്‍ പലരും പങ്കാളികളായതുകൊണ്ടു തന്നെ ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക എളുപ്പമല്ല. അതിനവര്‍ കണ്ട ഒരു മാര്‍ഗം അസംസ്‌കൃത ഉത്പന്നങ്ങള്‍ ഒരിടത്ത് നിന്നു വാങ്ങി കുഴച്ച് മറ്റു സ്ഥലങ്ങളിലേയ്ക്ക് വിതരണം ചെയ്യുക എന്നതാണ്. വാഷിയിലും നാസിക്കിലുമാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമെല്ലാം അവര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. പപ്പടത്തിന്റെ ഹൈലൈറ്റായ കുരുമുളക് കേരളത്തിന്റെ സംഭാവനയാണ്. പപ്പടം നിര്‍മിക്കുന്ന വീടുകളില്‍ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കാന്‍ പതിവായ പരിശോധനയും ഉണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ മാത്രം ഇരുപതിലേറെ ജീവനക്കാരുണ്ട് ഇന്ന് കമ്പനിയില്‍. ഈ ഗുണനിലവാരം മുദ്രയാക്കി ഇന്ത്യയുടെ തന്നെ ഒരു ഐക്കണായി മാറി ലിജ്ജഡ്.

കേവലം ഒരു പപ്പട കമ്പനിയുടെ വളര്‍ച്ചയുടെ പതിവ് കഥയല്ലിത്. ലിജ്ജഡിന്റെ വളര്‍ച്ച വഴിവച്ചത് അതിന്റെ അണിയറയിലെ ആയിരക്കണക്കിന് സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്തത്തിന് കൂടിയാണ്. സ്വന്തം വീട്ടിലിരുന്ന് തന്നെയാണ് അവര്‍ നിത്യവൃത്തി കണ്ടെത്തിയത്. പപ്പട നിര്‍മാണമായിരുന്നു ഭൂരിഭാഗം പേരുടെയും തൊഴില്‍. പപ്പടമുണ്ടാക്കാന്‍ വീട്ടില്‍ സ്ഥലസൗകര്യമില്ലാത്തവരെയാണ് പാക്കിങ് പോലുള്ള തൊഴിലുകള്‍ക്ക് ഉപയോഗിച്ചത്. തൊഴിലാളികള്‍ക്ക് അവരുടെ സൗകര്യമുള്ള സ്ഥലത്തിരുന്ന് സൗകര്യമുള്ള ജോലി ചെയ്ത് ജീവിക്കാം എന്നുചുരുക്കം. പുറത്ത് ജോലിക്ക് പോകുന്നവര്‍ക്ക് സുരക്ഷിതമായി പോയിവരാന്‍ കമ്പനിയുടെ തന്നെ വാഹനവുമുണ്ട്. ഇവിടെ ആരും തൊഴിലാളികല്ല, എല്ലാവരും ഓഹരി പങ്കാളികള്‍. മാഡം വിളികളില്ല. ബെന്‍ എന്നേയുള്ള പരസ്പര അഭിസംബോന. ലാഭവിഹിതം എല്ലാവര്‍ക്കും തുല്ല്യമായി വീതിക്കും. അത് തീരുമാനിക്കാനും മൊത്തം മേല്‍നോട്ടത്തിനും ഇരുപത്തിയൊന്ന് പേര്‍ അടങ്ങുന്ന ഒരു മാനേജിങ് കമ്മിറ്റിയുണ്ട്. ഈ കമ്മിറ്റിയില്‍ ആര്‍ക്കും തിരഞ്ഞെടുപ്പ് വഴി അംഗമാകാം. പത്താം വയസ്സില്‍ പഠനത്തിന്റെ ഇടവേളകളില്‍ അമ്മയ്‌ക്കൊപ്പം പപ്പടം പരത്തിത്തുടങ്ങിയ സ്വാതി പരഡ്കറാണ് ഇന്ന് സൊസൈറ്റിയുടെ അധ്യക്ഷ.

Photo: AFP

ലാഭവിഹിതത്തിന് പുറമെ ഒരുപാട് ആനുകൂല്യങ്ങള്‍ ഇന്ന് ലഭിക്കുന്നുണ്ട് ഇവിടുത്തെ സ്ത്രീകള്‍ക്ക്. ആവശ്യത്തിന് വായ്പ, ഇന്‍സെന്റീവ്, കുട്ടികള്‍ക്ക് സ്‌കോളര്‍പ്പിപ്പ്, സാക്ഷരതാ പ്രവര്‍ത്തനം.... കോവിഡ് മഹാമാരിക്കാലത്ത് മാത്രമാണ് പ്രവര്‍ത്തനം നിശ്ചലമായത്. എങ്കിലും സ്ത്രീകളെ ലിജ്ജഡ് പട്ടിണിക്കിട്ടില്ല. ഒരു ചെറിയ തുക എല്ലാ മാസവും അംഗങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. അങ്ങനെ നീളുന്നു പപ്പടത്തിന് പുറമേയുള്ള ലിജ്ജഡിന്റെ വിപ്ലവത്തിന്റെ ചുവടുകള്‍. ആഗോള കോര്‍പ്പറേറ്റ് വിണപി വേലി പൊളിച്ച് വന്നിട്ടും ഇന്നും ലിജ്ജഡിന് തളര്‍ച്ച ഒട്ടുമുണ്ടായിട്ടില്ല. പഴയ തദ്ദേശീയ ബ്രാന്‍ഡുകളെ മുഴുവന്‍ പുതിയ വമ്പന്‍ സ്രാവുകള്‍ വിഴുങ്ങിയിട്ടും ലിജ്ജഡ് മാത്രം പിടിച്ചുനിന്നു. വിപണി പല പുതുരൂപങ്ങളിലേയ്ക്കും പരിവര്‍ത്തനം ചെയ്തിട്ടും ലിജ്ജഡ് അതിന്റെ ലക്ഷ്യത്തില്‍ നിന്ന് ഒരു ചെറുചുവടു പോലും വ്യതിചലിച്ചില്ല. സ്ത്രീകളുടെ തൊഴില്‍ നഷ്ടമാകും എന്നതുകൊണ്ട് മാത്രം ഇന്നും യാതൊരുവിധത്തിലുള്ള യന്ത്രങ്ങളും അവിടെ ഉപയോഗിക്കുന്നില്ല. സ്ത്രീകള്‍ നേരിട്ട് കൈകൊണ്ട് കുഴച്ച്, കൃത്യമായ കനത്തിലും വ്യാസത്തിലും പരത്തിയെടുത്തുതന്നെയാണ് ഇന്നും പപ്പട നിര്‍മാണം. ലിജ്ജഡിന്റെ പിന്നണിയിലുള്ള സ്ത്രീകളുടെ എണ്ണം കുറയുകയല്ല, കൂടിവരികയേ ചെയ്തിട്ടുള്ളൂ. അതുകൊണ്ട് ഉപജീവനം കഴിക്കുന്ന കുടുംബങ്ങളുടേയും. സാമ്പത്തിക സ്വാശ്രയത്വം മാത്രമല്ല, സ്വാഭിമാനം കൂടി കൈവരിക്കുകയാണ് ഇതുവഴി അതിന്റെ ഭാഗമായ ആയിരക്കണക്കിന് സ്ത്രീകള്‍ ഇന്നും. പപ്പടം വാങ്ങുന്നവര്‍ മാത്രമല്ല, സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ കോടികള്‍ ചെലവിടുന്ന ഭരണകര്‍ത്താക്കളോ സ്ത്രീശാകതീകരണത്തിന്റെ ആസ്ഥാന ബ്രാന്‍ഡ് അംബാസിഡര്‍മാരോ അറിയുന്നുണ്ടോ എന്നു സംശയം, ഇങ്ങനെ സ്ത്രീകളുടെ ജീവിതം നിശബ്ദം സമൂലം മാറ്റിയെടുത്തൊരു സാമ്പത്തിക, സാമൂഹിക വിപ്ലവം ഇന്ത്യയുടെയെന്നല്ല ലോകത്തിന്റെ തന്നെ ചരിത്രത്തില്‍ തന്നെ ഏറെയുണ്ടായിട്ടില്ലെന്ന വസ്തുത.

ലിജ്ജഡിന്റെ വിപണിയിലെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഒരു കാര്യം കൂടിയുണ്ട്. അതൊരു സ്ത്രീയല്ല. ഒരു മുയലാണ്. നീണ്ട ചെവിയുള്ള ആ വെള്ള മുയലും പഴയകാലത്തെ ദൂരദര്‍ശന്‍ പരസ്യത്തിലെ അതിന്റെ പാട്ടുമായിരുന്നു ഒരുകാലത്ത് ലിജ്ജഡിന്റെ മുഖമുദ്ര. ലിജ്ജഡിനെ തൊണ്ണൂറുകളുടെ തുടക്കം മുതല്‍ രാജ്യമെങ്ങുമുള്ള ജനപ്രിയ ബ്രാന്‍ഡാക്കിമാറ്റിയതും ഈ പരസ്യം തന്നെ. ഒരിക്കല്‍പ്പോലും ലിജ്ജഡ് പപ്പടം രുചിക്കാത്തവരുടെ നാവിന്‍തുമ്പില്‍ പോലും പാവ മുയല്‍ പാടുന്ന 'ഖറം ഖുറം' എന്ന ജിംഗിളിന്റെ വരി മായാതെ നിന്നു കാലങ്ങളോളം. ലിജ്ജഡിന്റെ അഭ്യുദയകാംക്ഷിയായിരുന്ന നടന്‍ അപ്പി ഉമറാണിയാണ് ഈ ഐക്കോണിക് പരസ്യത്തിന്റെ കാരണഭൂതന്‍. ഉമറാണിയാണ് എണ്‍പതുകളുടെ അവസാനം അക്കാലത്തുതന്നെ പ്രശസ്തനായ വിഖ്യാത വെന്‍ട്രിക്വലിസ്റ്റും പാവനാടകകാരനും പാവ നിര്‍മാതാവുമായ സത്യജിത്ത് രാമദാസ് പാദ്യേയെ ലിജ്ജഡില്‍ എത്തിക്കുന്നത്. ലിജ്ജഡിന്റെ പേട്രണ്‍ കൂടിയായ പുരുഷോത്തം ദാമോദര്‍ ദത്താനി എന്ന ദാദാജിയും ഉണ്ടായിരുന്നു കാണുമ്പോള്‍ കൂടെ. ചെലവേറിയ താര മോഡലുകളൊന്നും വേണ്ടെന്ന് തുടക്കത്തില്‍ തന്നെ കട്ടായം പറഞ്ഞു കണിശക്കാരനായ ദാദാജി. പകരം പുതുമയുള്ളതെന്തെങ്കിലും വേണം. ആളുകളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. അങ്ങനെയാണ് ആ മുയല്‍ ഫ്രെയിമിലേയ്ക്ക് വരുന്നത്. രാമദാസിന്റേതായിരുന്നു ഐഡിയ. മുയല്‍ പപ്പടം കറുമുറ ശബ്ദത്തില്‍ കടിച്ചുതിന്നുന്നതാവും നല്ലതെന്ന രാമദാസിന്റെ ആശയം ആദ്യം ഉള്‍ക്കൊള്ളാന്‍ പ്രായസമായിരുന്നു ഉമറാണിക്കും ദാദാജിക്കും. 'മുയല്‍ പപ്പടം തിന്നുകയോ? ആളുകള്‍ അതെങ്ങനെ സ്വീകരിക്കും?' ബാന്ദ്ര ഓഫീസിലിരുന്ന് നെറ്റി ചുളിച്ചു ദാദാജി. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒരു മുയലിന്റെ രൂപമുണ്ടാക്കി തന്നെ കൊച്ചുമകനായി കണ്ട ദാദാജിക്ക് കൊടുത്തു രാമദാസ്. ഉമാറാണിക്കും ദാദാജിക്കും മുയലിനെ ഇഷ്ടമായെങ്കിലും അതിനെ എങ്ങനെ പരസ്യത്തില്‍ ഉപയോഗിക്കും എന്ന കാര്യത്തില്‍ വലിയ ഉറപ്പുണ്ടായിരുന്നില്ല അപ്പോഴും രാമദാസിന്.

ഒരാഴ്ചയിലേറെയെടുത്തു കുഞ്ഞു പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാവാന്‍. ഒരു പാട് ആശയങ്ങള്‍ വന്ന് നിറഞ്ഞ് ആകെ ആശയക്കുഴപ്പത്തിലായിരുന്നു രാമദാസ്. തുടക്കത്തില്‍ തയ്യാറാക്കിയ പരസ്യത്തില്‍ വലിയ തൃപ്തി തോന്നിയില്ല ലിജ്ജഡിന്റെ അണിയറക്കാര്‍ക്ക്. ഒരു പഞ്ചിന്റെ, മനസ്സില്‍ കുറിക്ക് കൊളളുന്നൊരു വാചകത്തിന്റെ കുറവുണ്ടായിരുന്നു എന്നതായിരുന്നു പരാതി. അതാണ് രാമദാസിനെ കുഴപ്പിച്ചത്. ആ പഞ്ച് കണ്ടെത്താനുള്ള ശ്രമമാണ് പരസ്യത്തിലെ വേറിട്ട ചിരിയില്‍ കലാശിച്ചത്. ചിരിയുടെ കാര്യത്തില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു. ഒടുവില്‍ രണ്ടും കല്‍പിച്ച് ഈ ചിരി പരസ്യത്തില്‍ നിലനിര്‍ത്തുകയായിരുന്നു രാമദാസ്. ഒടുവില്‍ ആ സൈന്‍ ഓഫ് ചിരിയും ജിംഗിളലെ ഖർറും ഖുർറും എന്ന വാചകവും തന്നെയായി പരസ്യത്തിന്റെ ഹൈലൈറ്റും. അതിനെ സൂപ്പര്‍ഹിറ്റാക്കിയതും, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അന്നേ വൈറലാക്കിയതും അതുതന്നെ.

മുംബൈയിലെ ഒരു വീട്ടില്‍ വളരെ ചെലവ് കുറച്ചായിരുന്നു പരസ്യ ചിത്രീകരണം. കഥാപാത്രങ്ങള്‍ക്കുള്ള വോയ്‌സ് ഓവര്‍ നല്‍കിയതും മികച്ച ശബ്ദ കലാകാരന്‍ കൂടിയായ രാമദാസ് തന്നെ. മുയല്‍ പപ്പടം കഴിമ്പോള്‍ എന്തു ശബ്ദമാണ് ഉണ്ടാക്കുക എന്ന ചോദ്യത്തിന് രാമദാസ് നല്‍കിയ ഉത്തരമാണ് പില്‍ക്കാലത്ത് ബോളിവുഡ് ഗാനങ്ങളെപ്പോലും പിന്നിലാക്കിയ ഹിറ്റ് വരികളായ ഖറം ഖുറം. എന്തായാലും പരസ്യം ദൂരദര്‍ശനില്‍ പ്രത്യക്ഷപ്പെട്ടതോടെ കഥ മാറി. കുട്ടികളുടെയും വലിയവരുടെ പോലും ചുണ്ടില്‍ മുയലിന്റെ ഖറം ഖുറം തത്തിക്കളിച്ചു. മുയല്‍ തിന്നുന്ന പപ്പടം രാജ്യം മുഴുവന്‍ സൂപ്പര്‍ഹിറ്റുമായി. പല ബോളിവുഡ് ഹിറ്റ് മെലഡികളെയും ഈ ജിംഗിള്‍ അപ്രസക്തമാക്കുന്ന കാഴ്ചയും അക്കാലത്ത് കണ്ടു. വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രശസ്ത നടി ശ്വേത തിവാരിയെല്ലാം ഈ പരസ്യത്തിന്റെ ഭാഗമാകുന്നത്. എന്തായാലും എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ദൂരദര്‍ശന്‍ പ്രേക്ഷകരുടെ വലിയ നൊസ്റ്റാള്‍ജിയകളില്‍ ഒന്നാണ് ലിജ്ജഡ് പപ്പടവും അതിന്റെ ജിംഗിളും പിന്നെ ആ കൊതിയന്‍ മുയലും. പരസ്യം ആസ്വദിച്ചവര്‍ പക്ഷേ, അത് ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചു എന്ന കഥ മാത്രം അറിഞ്ഞിരുന്നില്ല. തങ്ങള്‍ നുണഞ്ഞത് അവര്‍ സ്വന്തം ജീവിതം കൊണ്ട് ചുട്ടെടുത്ത വിപ്ലവത്തിന്റെ രുചിയാണെന്നും അറിഞ്ഞില്ല.

ജസ്വന്ത്‌ബെന്‍ ജംനാദാസ് പൊപ്പട് രാംനാഥ് കോവിന്ദിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങുന്നു. Photo: AFP

ഈ വിപ്ലവത്തിന് തിരികൊളുത്തിയ ഏഴു പേരില്‍ ഇന്ന് ഒരാള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ജസ്വന്ത്‌ബെന്‍ ജംനാദാസ് പൊപ്പട്. തൊണ്ണൂറ്റിരണ്ടാം വയസ്സിലും ഊര്‍ജസ്വലതയോടെ സജീവമാണവര്‍ ലിജ്ജഡ് എന്ന വമ്പന്‍ ബ്രാന്‍ഡിന്റെ പിന്നണിയില്‍. കഴിഞ്ഞ വര്‍ഷം രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചു വീല്‍ച്ചെയറിലാണ് അവര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ഡെല്‍ഹിയിലെത്തി പുരസ്‌കാരം ഏറ്റാവാങ്ങിയത്. ഈ പ്രായത്തിലും എങ്ങനെ മടുക്കാതെ, തളരാതെ കാര്യങ്ങള്‍ നോക്കുന്നു എന്ന അക്കാലത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുത്തരമേ നല്‍കാനുണ്ടായിരുന്നുള്ളൂ ജസ്വന്ത്‌ബെന്നിന്. 'അന്നു മുതല്‍ ഇന്നുവരെ ലാഭം മാത്രമേ തിരിച്ചുതന്നിട്ടുള്ളൂ ലിജ്ജഡ്. പിന്നെ എങ്ങനെ മടക്കും. സാമ്പത്തിക സ്വായംപര്യാപ്തത ഉറപ്പുള്ളതുകൊണ്ട് എന്നും ലിജ്ജഡിന്റെ ഭാഗമാവാന്‍ സ്ത്രീകള്‍ ഒരുക്കമായിരുന്നു.' പപ്പടത്തിന്റെ രൂപത്തില്‍ മാത്രമല്ല, പൊടിയായും സോപ്പായുമെല്ലാം ലിജ്ജഡ് ഇനിയും വളരുമെന്ന ഉറപ്പുണ്ട് ഈ വാക്കുകളില്‍. വിപണിയിലല്ല, കുറേ വിലപ്പെട്ട ജീവനിലാണ്, വിലയേറിയ ഒരു വിപ്ലവത്തിലാണ് അതിന്റെ നിലനില്‍പ്. എല്ലാ വിപ്ലവങ്ങളുടെയും വരവ് തോക്കിന്‍കുഴലിലൂടെയാവണമെന്നില്ലല്ലോ. നാവിന്‍തുമ്പിലൂടെയും വരും വിപ്ലവം.

Content Highlights: lijjad pappad, haripad marriage brawl, women empowerment, success story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented