ഫാറൂഖ് സെൻസി
കോട്ടയ്ക്കൽ: ‘തോൽവികളിൽനിന്നാണ് വിജയംതുടങ്ങുന്നത്. പക്ഷേ, തോൽക്കുന്നവന് ഒരു സ്വപ്നമുണ്ടായിരിക്കണം. അത് എത്തിപ്പിടിക്കാനുള്ള ദൃഢനിശ്ചയവും...’, ഫാറൂഖ് സെൻസി സ്വന്തം ജീവിതംകൊണ്ടാണ് ഇതുപറയുന്നത്. സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ട, പരീക്ഷകളിൽ തോറ്റുതൊപ്പിയിട്ട ഒരുകുട്ടി പിന്നീട് ലോകമറിയുന്ന പരിശീലകനായ കഥയാണത്.
പൈലറ്റുമാർ ഉൾപ്പെടെ വിമാനജീവനക്കാർ അറിഞ്ഞിരിക്കേണ്ട അന്താരാഷ്ട്രനിയമങ്ങളിൽ വിദഗ്ധനാണ് ഫാറൂഖ് സെൻസി. ഖത്തർ എയർവെയ്സ് സർവീസ് തുടങ്ങുമ്പോൾ കരിപ്പൂരുൾപ്പെടെ ലോകത്തെ ഒട്ടേറെ വിമാനത്താവളങ്ങളിൽ നിയമപരിശീലനം നൽകിയത് ഫാറൂഖ് ഉൾപ്പെട്ട സംഘമായിരുന്നു. 2002-16 കാലത്ത് ഖത്തർ എയർവേയ്സിൽ ഇൻസ്ട്രക്ടർ, മാനേജർ തസ്തികകളിലിരിക്കേ അമ്പതോളം രാജ്യങ്ങളിൽ ക്ലാസെടുത്തു. ലോകത്ത് ഏറ്റവും കൂടുതൽ അയാട്ട കോഴ്സ് പൂർത്തിയാക്കിയ വ്യക്തിയെന്ന റെക്കോഡും നേടി. തുടർന്ന് ലണ്ടൻ സ്കൂൾ ഓഫ് മാനേജുമെന്റ് ഏവിയേഷൻ വിഭാഗം തലവനായി. 41 അയാട്ട യോഗ്യതകളാണ് സെൻസിക്കുള്ളത്. നാലുതവണ കരാട്ടേയിൽ ദേശീയ ചാമ്പ്യനായ സെൻസിക്ക് നടൻ അബുസലീം ഉൾപ്പെടെ വലിയ ശിഷ്യസമ്പത്തുണ്ട്.
ആ കഥ ഇങ്ങനെ
തിരൂർ നടുവിലങ്ങാടി മുല്ലത്തയിൽ കുടുംബാംഗമാണ് സെൻസി. പിതാവ് വ്യോമസേനയിൽ എയർമാനായിരുന്നു. ഏഴാംക്ലാസ് വരെ കേരളത്തിനുപുറത്തായിരുന്നതിനാൽ പിന്നീട് തിരൂരിൽവന്നപ്പോൾ മലയാളം എഴുത്തും വായനയും വെല്ലുവിളിയായി. ‘കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുമ്പൊ, എന്നേം ചേട്ടനേം സ്കൂളിൽനിന്ന് പുറത്താക്കി’, സെൻസി ഓർക്കുന്നു: ‘സിനിമാപ്രാന്തുകാരണം ക്ലാസ് കട്ടുചെയ്ത് സിനിമയ്ക്ക് പോകുന്നതായിരുന്നു കുറ്റം. അഭിനേതാവാകാൻ മോഹിച്ച് ശരീരഭാരം കുറയ്ക്കാൻ കരാട്ടേ ക്ലബ്ബിൽ ചേർന്നത് അന്നാണ്. വീട്ടുകാർ എതിരായതിനാൽ ഫീസ് പ്രശ്നമായി. പിതാവ് തന്ന റിസ്റ്റുവാച്ച് വിറ്റാണ് ആദ്യംപണംകണ്ടെത്തിയത്. പിന്നെ ഫീസിനുപകരം കരാട്ടേ ക്ലബ്ബിന്റെ പോസ്റ്ററുകൾ വരച്ചുനൽകി. യെല്ലോ ബെൽറ്റ് ടെസ്റ്റിൽ ഞാനൊഴികെ എല്ലാരും പാസ്സായി. മറ്റൊരാഗ്രഹമായിരുന്നു പൈലറ്റാവുക. പൈലറ്റ് ട്രെയിനിങ്ങിന് തിരുവനന്തപുരത്തുനടന്ന പരീക്ഷയിൽ ജയിച്ചെങ്കിലും ഉയരക്കൂടുതൽകാരണം ഇന്റർവ്യൂവിൽ പുറത്തായി. അപ്പോൾ കുവൈത്തിലായിരുന്ന പിതാവ് അയാട്ട കോഴ്സിന്റെ ബ്രോഷർ എത്തിച്ചുതന്നു. വിദൂരവിദ്യാഭ്യാസംവഴി കാനഡയിൽനിന്ന് പഠനക്കുറിപ്പ് കിട്ടിയെങ്കിലും ഒന്നും മനസ്സിലായില്ല. കൊച്ചിയിലെ പരീക്ഷയിൽ തോറ്റു.
നേരത്തേ കോഴിക്കോട്ടെ സ്കൂളിൽനിന്നുപുറത്താക്കപ്പെട്ട ഞാൻ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അഡ്മിഷനുള്ള ശ്രമത്തിലും പരാജയപ്പെട്ടിരുന്നു. അങ്ങനെയാണ് തിരൂർ ബോയ്സിൽ ചേരുന്നതും എട്ടും ഒൻപതും എങ്ങനെയോ പാസ്സാകുന്നതും. പത്തിൽ തോറ്റു.
ട്യൂഷനുപോയി പത്താംക്ലാസ് കഷ്ടിച്ചുപാസ്സായി. തുഞ്ചൻ കോളേജിൽ പ്രീഡിഗ്രിക്കുചേർന്നു. അവിടെ ഞാനാകെ മാറി. ടോപ് സ്കോററായി. കലാകായികമത്സരങ്ങളിൽ പങ്കെടുത്തു.
ആദ്യബെൽറ്റ് ടെസ്റ്റിൽ തോറ്റ ഞാൻ ശ്രമംതുടർന്ന് 16-ാംവയസ്സിൽ കരാട്ടേ പരിശീലകനായി. ഡിഗ്രിയെടുത്തു. അയാട്ട പഠിച്ചുജയിച്ചു.
മറ്റു നേട്ടങ്ങൾ
2020ലെ വേൾഡ് ഐക്കൺ പുരസ്കാരം നേടി. രണ്ടു ലോകകരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ ഖത്തറിനെ പ്രതിനിധീകരിച്ചു. ഇറ്റലിയിലും ബ്രസീലിലും. വേൾഡ് യൂണിയൻ ഓഫ് കരാട്ടെ ഡു ഫെഡറേഷന്റെ ഏഷ്യൻ ബ്രാൻഡ് അംബാസിഡറായി. ഇപ്പോൾ നേതൃ പരിശീലനത്തിലാണ് ശ്രദ്ധ. ഭാര്യ: ലൈല. മക്കൾ: ഹെന്ന, ഡോ.സുഹാന.
Content Highlights: success story of farookh sensei, inspiring life, iata course
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..