Photo: Humans of Bombay
ഒരാളുടെ നിറത്തെയും വണ്ണത്തെയും ശരീരപ്രകൃതിയെയുമൊക്കെ പരസ്യമായി ആക്ഷേപിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുണ്ട്. ബോഡിഷെയിമിങ്ങിന്റെ വേദനയും ഗൗരവവുമൊന്നും തിരിച്ചറിയാത്ത ധാരാളം പേര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തില്‍ നിറത്തിന്റെ പേരില്‍ താന്‍ അനുഭവിച്ച മാറ്റിനിര്‍ത്തലുകളെയും പരിഹാസങ്ങളെയും അതിജീവിച്ച് മുന്നോട്ടു വന്ന ബാഡ്മിന്റണ്‍ പ്ലേയര്‍ കൂടിയായ സൃഷ്ടി ജുപുദിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക് പേജിലൂടെയാണ് സൃഷ്ടി തന്റെ കഥ പങ്കുവെക്കുന്നത്. സഹപാഠികള്‍ നിറത്തെച്ചൊല്ലി തന്നെ കളിയാക്കിയിരുന്നതും വരിയില്‍ ഏറ്റവും ഒടുവിലേക്ക് മാറ്റിനിര്‍ത്തിയതുമൊക്കെ പങ്കുവെക്കുകയാണ് സൃഷ്ടി. ബാഡ്മിന്റണ്‍ പരിശീലനത്തിലൂടെ ആശ്വാസം കണ്ടെത്തിയപ്പോള്‍ അവിടെയും തനിക്ക് വേര്‍തിരിവുകള്‍ക്ക് സാക്ഷിയാകേണ്ടി വന്നുവെന്ന് സൃഷ്ടി പറയുന്നു. മോഡലിങ്ങിലേക്ക് ചുവടുവച്ചപ്പോഴും നിറം ഒരു പ്രശ്‌നമായി നിലനിന്നപ്പോള്‍ ആദ്യമൊക്കെ തളര്‍ന്നു പോയെങ്കിലും ഇപ്പോള്‍ അതിനോടു പോരാടാന്‍ പഠിച്ചുവെന്നും സൃഷ്ടി കുറിക്കുന്നു.
കുറിപ്പിലേക്ക്..
കുട്ടിക്കാലത്ത് സ്‌കൂളില്‍പോകുന്നത് ഞാന്‍ വെറുത്തിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വരിയിലെ ഏറ്റവും അവസാനം എന്നെ നിര്‍ത്തിയിരുന്നത് ഓര്‍മ വരുന്നു, അതും കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ കുട്ടിയായിരുന്നിട്ടു കൂടി. നിറത്തിന്റെ പേരില്‍ സഹപാഠികളില്‍ പലരും എന്നെ തൊട്ടുകൂടാത്തവളെന്നു പറഞ്ഞിരുന്നു.
കരഞ്ഞു തീര്‍ക്കുന്ന ആ ദിവസങ്ങളില്‍ അല്‍പം ആശ്വാസം തോന്നിയത് അമ്മ ബാഡ്മിന്റണ്‍ സമ്മര്‍ ക്യാമ്പിനു ചേര്‍ത്തപ്പോഴാണ്. ക്ലാസിലിരിക്കുന്നതിനേക്കാള്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചിരുന്നത്. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ കായികമേഖലയുമായി അടുക്കുകയും പ്രൊഫഷണല്‍ പ്ലേയറാകണമെന്ന് തീരുമാനിക്കുകയും ചെയ്തു. സഹകളിക്കാരുമായും ഞാന്‍ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പക്ഷേ അവരിലൊരു കുട്ടി ഒരു ദിവസം '' രാത്രി പുറത്തിറങ്ങി നടക്കല്ലേ, ഞങ്ങള്‍ക്ക് നിന്നെ കാണാന്‍ കഴിയില്ല'' എന്നു പറഞ്ഞത് ഏറെ വേദനിപ്പിച്ചു. ബാക്കിയുള്ളവരും അവള്‍ക്കൊപ്പം കൂടി. ബ്ലാക്കി എന്നും കറുത്തവള്‍ എന്നുമൊക്കെ വിളിക്കുന്നത് എനിക്കു ശീലമായി.
പരിശീലനം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മുഖം വീണ്ടും വീണ്ടും കഴുകും, എന്റെ ഇരുണ്ടനിറം നീങ്ങുമെന്ന പ്രതീക്ഷയില്‍. പല ഫെയര്‍നസ് ക്രീമുകളും ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും സ്‌പോര്‍ട്‌സിനോടുള്ള കമ്പവും വിട്ടില്ല. പതിനേഴാം വയസ്സില്‍ ഞാന്‍ നാഷണല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയും ഇന്ത്യയില്‍ ഒന്നാം റാങ്ക് നേടുകയും ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങളിലും ഞാന്‍ പങ്കെടുത്തു.
ആയിടയ്ക്ക് ഒരു സ്‌പോര്‍ട്‌സ് പരസ്യത്തിന് എന്നെ സമീപിച്ചിരുന്നു. ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ എന്നെ തിരഞ്ഞെടുക്കുമെന്നു തന്നെയാണ് കരുതിയിരുന്നത്. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്നേക്കാള്‍ നിറമുള്ള മറ്റൊരു പെണ്‍കുട്ടിയെ തിരഞ്ഞെടുത്തതായി അറിഞ്ഞു. അന്നെനിക്ക് മനസ്സിലായി എത്രയൊക്കെ വിജയങ്ങള്‍ കൊയ്താലും എന്റെ നിറം ഒരു പ്രതിബന്ധം തന്നെയാണന്നെ്.
മോഡലിങ്ങില്‍ ഒരു കൈ നോക്കാമെന്നു പരീക്ഷിച്ചപ്പോഴും അരക്ഷിതാവസ്ഥ തലയുയര്‍ത്തി. ഒരിക്കല്‍ ഒരു സുഹൃത്തിന്റെ അമ്മ എന്റെ ഫോട്ടോയെടുത്തപ്പോള്‍ അഭിനന്ദിക്കാനാകുമെന്നാണ് ഞാന്‍ കരുതിയത്. ' നീ കറുത്ത സൗന്ദര്യത്തിന്റെ പ്രതീകമാണ്' എന്നാണ് അവര്‍ പറഞ്ഞത്. അവര്‍ മനപ്പൂര്‍വം പറഞ്ഞതല്ലെങ്കിലും അതെന്നെ തളര്‍ത്തി. ഞാന്‍ എന്തെല്ലാം ചെയ്താലും ഇതു കേള്‍ക്കുമെന്നു ബോധ്യമായി, ആര്‍ക്കു വേണ്ടിയും ഒന്നും ചെയ്യേണ്ടതില്ലെന്നും.
നിലവിലുണ്ടായിരുന്ന കാഴ്ച്ചപ്പാടുകളെല്ലാം മാറാന്‍ സമയമെടുത്തു. ലോകം എന്നെ സ്വീകരിക്കുന്നതിനേക്കാള്‍ ഞാന്‍ എന്നെ സ്വീകരിക്കണമെന്ന് തിരിച്ചറിഞ്ഞു. പക്ഷപാതം തീര്‍ച്ചയായും ഉണ്ടാവും, പക്ഷേ അതിനെതിരെ പോരാടുകയാണ് വേണ്ടത്. 'ഞാന്‍ സുന്ദരിയാണ്, നിറം ഒരു പ്രശ്‌നമല്ല' എന്നു പറയാന്‍ എളുപ്പമാണ്, പക്ഷേ അതു ജീവിച്ചുകാണിക്കുന്നതാണ് കഠിനം.
Content Highlights: srishti jupudi sharing body shaming experience
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..