ജുഷ്ന, ജുഷ്ന ഷാഹിൻ
: ‘ഹോല ലിയോ (ഹലോ...ലിയോ), എന്റെ നാട്ടിലിരുന്ന് ചിന്തിക്കുമ്പോൾ സ്പെയിനിൽ വരുന്നതും ഈ കത്ത് എഴുതുന്നതും ഒരുപാടൊരുപാട് കിലോമീറ്ററുകളുടെ ദൈർഘ്യമുള്ള കാര്യമായിരുന്നു.
ഇപ്പോൾ സ്പെയിനിലെ ഹെറസ് ഡി ലാ ഫ്രോണ്ടേരയിൽനിന്നാണ് ഞാൻ ഈ കത്ത് എഴുതുന്നത്...’ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ജുഷ്ന ഷഹിൻ (27) അർജന്റീനിയൻ ഫുട്ബോൾ നായകൻ ലയണൽ മെസ്സിക്ക് (ലിയോ) സ്പാനിഷ് ഭാഷയിലയച്ച കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.
മെസ്സിക്ക് ജുഷ്ന കത്ത് അയക്കുകയല്ല ചെയ്തത്. എഫ്.സി. ബാഴ്സലോണ ഓഫീസിലെത്തി കത്ത് കൈമാറുകയായിരുന്നു. അദ്ദേഹം അത് കൈപ്പറ്റിയോ വായിച്ചോ എന്നൊന്നുമറിയില്ലെങ്കിലും ഇത്രയും സാധിച്ചതിൽ അഭിമാനമേറെ. മെസ്സിയോടുമുള്ള കടുത്ത ആരാധന കാരണം മെസ്സി ഉപയോഗിക്കുന്ന ഭാഷയായ സ്പാനിഷിൽ ബിരുദാനന്തരബിരുദം നേടിയ ആൾ. മെസ്സി 13-ാം വയസ്സിൽ കുടിയേറിയ സ്പെയിനിൽ ജോലി സമ്പാദിച്ച പെൺകുട്ടി. മെസ്സിയുടെ കളി രണ്ടുതവണ റിപ്പോർട്ട് ചെയ്ത ഫ്രീ ലാൻസ് പത്രപ്രവർത്തക. നാലുതവണ മെസ്സിയെ നേരിട്ടുകാണാൻ കഴിഞ്ഞ ആരാധിക. ജുഷ്ന ഷഹിന്‍ ഈ വിശേഷണങ്ങളെല്ലാം ചേരും.
ഫുട്ബോൾ കുടുംബകാര്യം
മുൻ പത്രപ്രവർത്തകൻ സി.കെ. അബ്ദുൾ ജബ്ബാറിന്റെയും സി.എച്ച്. നാസിലയുടെയും മകളായ ജുഷ്നയ്ക്ക് ഫുട്ബോൾ കുടുംബകാര്യമാണ്. വീട്ടുകാരും അടുത്ത ബന്ധുക്കളുമെല്ലാം ഫുട്ബോളിന്റെ തീവ്ര ആരാധകരും കളിക്കാരും. ഫുട്ബോൾ ജുഷ്നയുടെ മനസ്സിൽ കയറി ‘ഗോളടിച്ചത്’ ഇങ്ങനെ. മെസ്സിയുടെ ഭാഷയായ സ്പാനിഷ് പഠിക്കണമെന്നായിരുന്നു ആദ്യ ആഗ്രഹം. യൂട്യൂബിൽ പരിശീലനം നടത്തിയെങ്കിലും ഫലവത്തായില്ല.
സ്പാനിഷിൽ ഉപരിപഠനം നടത്തണമെന്ന ആഗ്രഹം വീട്ടുകാരുടെ മുൻപിൽ അവതരിപ്പിച്ചപ്പോൾ എതിർപ്പുണ്ടായില്ല. അങ്ങനെയാണ് ഡൽഹി ജെ.എൻ.യു.വിൽ ചേർന്നത്. അക്കാലയളവിൽ സ്പോർട്സ് ജേണലിസ്റ്റാകണമെന്നായിരുന്നു ആഗ്രഹം.
സ്പെയിനിൽ ലാംഗ്വേജ് ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് എന്ന തസ്തികയിൽ ജോലി ലഭിച്ചതോടെ 2019-ൽ സ്പെയിനിലേക്ക്. തിങ്കൾമുതൽ വെള്ളിവരെയാണ് ജോലി. ഇതിനിടയിൽ കിട്ടുന്ന ഒഴിവുദിനങ്ങളിൽ ഓൺലൈൻ വെബ്സൈറ്റായ ‘ഫൂട്ടി ടൈംസി’ന്റെ സ്പോർട്സ് ജേണലിസ്റ്റ്.
മെസ്സിയെ കണ്ടു, ഒരിക്കലല്ല... നാലുവട്ടം
‘സ്പേസ് ഇല്ലാത്തിടത്ത് അതുണ്ടാക്കി ഗോളടിക്കുന്ന താരമാണ് മെസ്സി. പ്രതിസിന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകാൻ അദ്ദേഹത്തിന് എപ്പോഴും കഴിഞ്ഞിട്ടുണ്ട്. തോറ്റാലും മുന്നോട്ടുപോകുന്ന വ്യക്തിത്വം. മെസ്സിയിൽനിന്നുള്ള പ്രചോദനം ജീവിതത്തിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്...’ ജുഷ്ന പറയുന്നു. മെസ്സിയെ നാലുതവണ കാണാനും രണ്ട് കളികൾ റിപ്പോർട്ട് ചെയ്യാനും കഴിഞ്ഞു. ഒരുതവണ കണ്ടത് പരിശീലനത്തിനിടെ.
കോപ്പ ഡെൽ റേ സെമിഫൈനൽ, യു.ഇ.എഫ്.എ. ചാമ്പ്യൻസ് ലീഗുകൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്ത കളികളിൽ ഉൾപ്പെടും. ജുഷ്നയുടെ ഭർത്താവ് അവാദ് അഹമ്മദും സ്പെയിനിൽ സ്കൂൾ ലാംഗ്വേജ് അസിസ്റ്റന്റാണ്. എവ അയ്റിൻ മകൾ.
നിങ്ങൾക്ക് പരിചയമുള്ള ‘മിടുക്കി’കളുണ്ടോ? midukky2022@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..