
-
കഴിഞ്ഞ മാസമാണ് കുറുവടി പ്രകടനത്തിലൂടെ സമൂഹമാധ്യമത്തിൽ ഒരെൺപത്തിയഞ്ചുകാരി താരമായത്. അസാമാന്യ വഴക്കത്തോടെ കുറുവടി അഭ്യാസം പ്രദർശിപ്പിച്ച ശാന്താഭായി പവാറിനെ തേടി നിരവധി അഭിനന്ദനങ്ങളുമെത്തി. ബോളിവുഡ് താരം സോനു സൂദും അക്കൂട്ടത്തിൽ ഒരു സഹായവാഗ്ദാനവുമായി എത്തിയിരുന്നു. ഇപ്പോൾ തന്റെ വാക്കു പാലിച്ചിരിക്കുകയാണ് സോനു.
വീഡിയോ വൈറലായതോടെ ശാന്താഭായി പവാറിനെ കാണാൻ ആഗ്രഹമുണ്ടെന്നും അവർക്കായി ഒരു പരീശീലന സ്കൂൾ തുറക്കാൻ താൽപര്യമുണ്ടെന്നുമാണ് സോനു അറിയിച്ചിരുന്നത്. രാജ്യത്തിലെ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ മാർഗങ്ങൾ പരിശീലിക്കാൻ ഇതു സഹായകമാകുമെന്നും സോനു പറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ പറഞ്ഞത് പ്രാവർത്തികമാക്കിയിരിക്കുകയാണ് സോനു.
ഗണേശ ചതുർഥി ദിനത്തിലാണ് സോനു ശാന്താഭായി പവാറിനായി ട്രെയിനിങ് സ്കൂൾ തുറന്നിരിക്കുന്നത്. പെൺകുട്ടികളെയും ചെറിയ കുട്ടികളെയും ആയോധനകല പഠിപ്പിക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം. സോനുവിനോടുള്ള നന്ദിസൂചകമായി സ്കൂളിനും സോനുവിന്റെ പേരു തന്നെയാണ് മുത്തശ്ശി നൽകിയിരിക്കുന്നത്. വൈകാതെ സ്കൂളിൽ സന്ദർശനത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ശാന്താഭായി പറയുന്നു.
താൻ ഏറെ സന്തുഷ്ടയാണ് ഇപ്പോഴെന്നും സോനുവിനോട് എന്നും നന്ദിയുണ്ടായിരിക്കുമെന്നും ശാന്താഭായി പറയുന്നു. കുട്ടികളെ ശാന്താഭായി കുറുവടി പ്രകടനം അഭ്യസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് ക്ലാസ് നടത്താൻ ഉദ്ദേശിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി ഇതിനകം മുപ്പതോളം പേർ ശാന്താഭായിയുടെ ശിഷ്യത്വം തേടിയെത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള കഴിവുകൾ മറ്റുള്ളവരിലേക്കു കൂടി എത്തേണ്ടതുകൊണ്ടാണ് താൻ ശാന്താഭായിക്കായി സ്കൂൾ ഒരുക്കാൻ തീരുമാനിച്ചതെന്ന് സോനു സൂദ് പറയുന്നു. ഈ പ്രായത്തിലും ഇങ്ങനെ ചെയ്യുന്ന ശാന്താഭായിക്ക് ഒരുപാടുപേരെ പ്രചോദിപ്പിക്കാൻ കഴിയും. സ്കൂൾ ശാന്താഭായിയുടെ പേരിൽ തന്നെ വേണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അവർ സോനു സൂദ് എന്നാണ് പേരിടുക എന്നു തീർത്തു പറഞ്ഞെന്നും അദ്ദേഹം പറയുന്നു.
താൻകൂടി ഉദ്ഘാടന ദിവസം വേണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. വീഡിയോ കോൾ വഴി സംസാരിക്കുകയും ചെയ്തു. പക്ഷേ മുംബൈയിലെ ജോലിത്തിരക്കുകൾ കൊണ്ട് പോകാൻ സാധിച്ചില്ല. മാത്രവുമല്ല അത് ശാന്താഭായിയുടെ സ്കൂൾ ആണ്, ആ ദിവസം അവരിൽ നിന്ന് എന്നിലേക്ക് ശ്രദ്ധ വരുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല- സോനു സൂദ് പറയുന്നു.
മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ് ശാന്താഭായ്. തന്റെ എട്ടാം വയസ്സുമുതൽ കുറുവടി വിദ്യ അഭ്യസിക്കുന്നുണ്ട്. തെരുവുകളിൽ കുറുവടി അഭ്യാസം നടത്തി വീടു പരിപാലിക്കുന്നതിൽ എന്നും അഭിമാനം മാത്രമേയുള്ളുവെന്ന് ശാന്താഭായ് പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചത് അച്ഛനാണ്. കൊറോണക്കാലത്ത് ആളുകളിലേറെയും വീട്ടകങ്ങളിലാണ്, അവരുടെ ശ്രദ്ധയാകർഷിക്കാൻ പാത്രങ്ങൾ കൊട്ടി ശബ്ദമുണ്ടാക്കിയാണ് അഭ്യാസം തുടങ്ങാറുള്ളത്.
Content Highlights: Sonu Sood Opens Martial Arts Training School For Pune’s 85-YO Warrior Aaji
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..