കൽപന | Photos: linkedin.com/in/prasad-jambhale-600557143/
പഠനത്തിന് പ്രായമുണ്ടോ എന്നു ചോദിച്ചാൽ നിസ്സംശയം ഇല്ല എന്നു പറയുന്നവരാണ് ഏറെയും. എന്നാൽ ചിലരാകട്ടെ പഠിക്കാനോ, ഈ പ്രായത്തിലോ എന്നൊക്കെ പറഞ്ഞ് അവസരങ്ങൾക്ക് മുന്നിൽ മുഖം തിരിക്കും. അത്തരക്കാർക്ക് മുമ്പിൽ ജീവിതം കൊണ്ട് മാതൃകയാവുകയാണ് കൽപന എന്ന അമ്പത്തിമൂന്നുകാരി. കൽപനയെക്കുറിച്ച് മുപ്പത്തിയേഴുകാരനായ മകൻ പ്രസാദ് ജംബാലെയാണ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
മുംബൈയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ പ്രസാദ് ലിങ്ക്ഡിനിലൂടെയാണ് അമ്മയുടെ പഠനത്തെക്കുറിച്ച് പങ്കുവെച്ചത്. പതിനാറാം വയസ്സിൽ കുടുംബത്തെ സഹായിക്കാൻ പഠനം നിർത്തിയതായിരുന്നു കൽപന. അച്ഛൻ മരിച്ചതിനു പിന്നാലെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൽപന ചെറുപ്രായത്തിലേ ജോലികൾ ചെയ്തുതുടങ്ങി. വിദ്യാഭ്യാസം എന്നത് വിദൂരസ്വപ്നം മാത്രമായി. എന്നാൽ വർഷങ്ങൾക്കിപ്പുറം വീണ്ടും കൽപനയ്ക്ക് പഠനം പൂർത്തിയാക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചാണ് മകൻ പങ്കുവെക്കുന്നത്.
.jpg?$p=8f01a87&&q=0.8)
വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചവർക്ക് പത്താംതരം എഴുതിയെടുക്കാനായി സർക്കാരിന്റെ പദ്ധതി ഉണ്ട് എന്ന് കേട്ടറിഞ്ഞ കൽപന അതിലേക്ക് മുന്നിട്ടിറങ്ങുകയായിരുന്നു. അങ്ങനെ 2021 ഡിസംബർ മുതൽ കൽപന പഠനത്തിനായി സമയം മാറ്റിവെച്ചുതുടങ്ങി. വീട്ടിലുള്ള ആരും അറിയാതെയായിരുന്നു കൽപന പഠിച്ചിരുന്നത്. നടക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് സായാഹ്ന ക്ലാസ്സുകളിൽ പങ്കെടുത്തത്. അന്ന് അയർലന്റിലായിരുന്ന പ്രസാദ് വിളിക്കുമ്പോൾ പലപ്പോഴും അമ്മയെ കിട്ടിയിരുന്നില്ല. താനും വിചാരിച്ചിരുന്നത് അമ്മ നടക്കാൻ പോയിരിക്കും എന്നാണ് എന്ന് പോസ്റ്റിൽ കുറിക്കുന്നു. അച്ഛനും സഹോദരനും പോലും ഒരുമാസത്തോളം വിവരം അറിഞ്ഞിരുന്നില്ലെന്നും കുറിപ്പിലുണ്ട്.
അയർലന്റിൽ നിന്ന് പ്രസാദ് തിരികെയെത്തിയപ്പോഴാണ് കൽപന പഠനത്തെക്കുറിച്ച് പറയുന്നത്. തന്റെ നോട്ട്ബുക്കുകളും മകനെ കാണിച്ചു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരും വീണ്ടും തിരികെ വിദ്യാഭ്യാസത്തിലേക്ക് കടന്നവരുമായ തന്റെ സുഹൃത്തുക്കളെക്കുറിച്ചും കൽപന മകനോട് പറഞ്ഞു.
തീർന്നില്ല ബാച്ചിലെ മികച്ച വിദ്യാർഥിയാണ് അമ്മയെന്നും പ്രസാദ് പറയുന്നുണ്ട്. ഇതിനിടയിൽ തന്റെ വിവാഹം വന്നപ്പോഴും അമ്മ പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോയതിന്റെ ഫലം ഒടുവിൽ ലഭിച്ചുവെന്നും പറയുകയാണ് പ്രസാദ്. വെറുതെ പാസാവുക മാത്രമല്ല, എഴുപത്തിയൊമ്പത് ശതമാനം മാർക്കോടെ ഉന്നത വിജയം കൂടിയാണ് കൽപന കരസ്ഥമാക്കിയത്.
Content Highlights: son shares story of how mother cleared tenth class exam, inspiring women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..