സൽമാൻ ഖാനും സോമി അലിയും
ബോളിവുഡ് താരം സൽമാൻ ഖാനൊപ്പമുള്ള ദുസ്സഹമായ പ്രണയകാലത്തെക്കുറിച്ച് നിരവധി തവണ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് മുൻനടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി. ഇപ്പോഴിതാ വീണ്ടും സൽമാനൊപ്പമുണ്ടായിരുന്ന എട്ടുവർഷക്കാലം ദുരിതം നിറഞ്ഞതായിരുന്നു എന്നു വ്യക്തമാക്കുകയാണ് സോമി. സൽമാനിൽ നിന്ന് മാനസികവും ശാരീരികവുമായി നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചാണ് മുൻകാമുകിയായ സോമി അലി പറഞ്ഞിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സോമി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. നേരത്തേ സൽമാൻ ഖാനിൽ നിന്നുണ്ടായ ഗാർഹിക പീഡനത്തെക്കുറിച്ചും മറ്റും പങ്കുവെച്ച് പോസ്റ്റ് ചെയ്തിരുന്ന കുറിപ്പുകൾ പിന്നീട് സോമി തന്നെ പിൻവലിച്ചിരുന്നു. അതിനുശേഷം ഇപ്പോൾ വീണ്ടും അക്കാലത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് സോമി. സൽമാനൊപ്പം ഉണ്ടായിരുന്ന ആ എട്ടുവർഷം തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു എന്നാണ് സോമി പറയുന്നത്.
സൽമാൻ തന്നെ വിലകെടുത്തിയും ചെറുതാക്കിയും സംസാരിക്കാതെ ഒരുദിവസവും പോലും കടന്നുപോയിരുന്നില്ലെന്ന് സോമി പറയുന്നു. വൃത്തികെട്ടവൾ, ബുദ്ധിയില്ലാത്തവൾ എന്നെല്ലാം നിരന്തരം വിളിക്കുമായിരുന്നു. വർഷങ്ങളോളം പൊതുയിടത്തിൽ അദ്ദേഹം തന്നെ കാമുകിയാണെന്ന് അംഗീകരിച്ചിരുന്നില്ല. അങ്ങനെ ചെയ്തപ്പോഴാകട്ടെ സുഹൃത്തുക്കൾക്ക് മുമ്പിൽ വച്ച് നിർത്താതെ അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ തന്നെ സ്നേഹിക്കുകയും കരുതൽ നൽകുകയും ചെയ്യുന്ന ബന്ധങ്ങൾ തിരഞ്ഞെടുത്തു എന്നു പറയുന്നതിൽ മനസ്താപം ഇല്ല എന്നും സോമി പറയുന്നു.
സൽമാനും തനിക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നും സോമി പറയുന്നുണ്ട്. താൻ കണ്ട പുരുഷന്മാരെല്ലാം തന്നെ ഉപയോഗിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാൻ വൈകിയെന്നാണ് സോമി പറയുന്നത്. തന്റെ മറ്റു ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ അതുപറഞ്ഞും സൽമാൻ ഉപദ്രവിച്ചു തുടങ്ങിയെന്ന് സോമി പറയുന്നു. താനൊരു പുരുഷനാണെന്നും പുരുഷന്മാർക്ക് മാത്രമേ വഞ്ചിക്കാനാവൂ എന്നും സൽമാൻ പറഞ്ഞു. സെക്സിസ്റ്റായ ആ പരാമർശം തന്നെ ഏറെ അസ്വസ്ഥയാക്കി. സൽമാനോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ നിങ്ങളോട് നന്നായി പെരുമാറുന്നു എന്നു കരുതി എല്ലാവരോടും അവർ അങ്ങനെയായിരിക്കുമെന്ന് കരുതരുത് എന്നും വാക്കുകളാലും ലൈംഗികമായും ശാരീരികമായുമൊക്കെ താൻ അതിന്റെ മോശം അവസ്ഥകളിലൂടെ കടന്നുപോയതാണെന്നും സോമി പറയുന്നു.
Content Highlights: somy ali on relationship with salman kahan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..