-
അമിതവണ്ണത്തിന്റെ പേരിൽ സമൂഹമാധ്യമത്തിലും പുറത്തുമൊക്കെ ക്രൂരമായി അപഹസിക്കപ്പെടുന്നവരും വിമർശനങ്ങൾക്കിരയാകുന്നവരും ഏറെയാണ്. ഇക്കാര്യത്തിൽ സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ ഉള്ള വ്യത്യാസവുമില്ല. പ്ലസ് സൈസ് മോഡലായ ടെസ് ഹോളിഡേയും അത്തരം ഒരനുഭവമാണ് പങ്കുവെക്കുന്നത്. ഗ്രാമിയിൽ താൻ ധരിച്ച സ്ട്രോബെറി വസ്ത്രത്തിന് കേട്ട വിമർശനങ്ങളെക്കുറിച്ചാണ് താരം പങ്കുവെക്കുന്നത്.
ജനുവരിയിൽ നടന്ന ഗ്രാമിയിൽ ഡിസൈനർ ലിറിക മറ്റോട്ടി ഡിസൈൻ ടെയ്ത പിങ്ക് ഫ്രോക്കാണ് മുപ്പത്തിയഞ്ചുകാരിയായ ഹോളിഡേ ധരിച്ചിരുന്നത്. ഫ്രോക്കിലെമ്പാടുമുള്ള സ്ട്രോബെറി ഡിസൈനായിരുന്നു പ്രത്യേകത. എന്നാൽ അന്ന് ഏറ്റവും മോശം വസ്ത്രം ധരിച്ചയാൾ എന്ന വിമർശനങ്ങളാണ് തന്നെ തേടിയെത്തിയിരുന്നതെന്ന് ഹോളിഡേ പറയുന്നു. ഇപ്പാേൾ അതേ വസ്ത്രം ടിക്ടോക്കിലെ മെലിഞ്ഞവർ ധരിക്കുമ്പോൾ പ്രശംസിക്കുന്നവരാണ് കൂടുതൽ. ഇത് സമൂഹത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് ഹോളിഡേ പറയുന്നു.
ഗ്രാമിയിൽ നിന്നുള്ള തന്റെ ചിത്രങ്ങളും വീഡിയോകളും സഹിതം ഇൻസ്റ്റഗ്രാമിൽ കുറിപ്പു പങ്കുവെക്കുകയും ചെയ്തു ഹോളിഡേ. ഗ്രാമിയിൽ താൻ ധരിച്ചപ്പോൾ ഏറ്റവും മോശം വസ്ത്രങ്ങളുടെ പട്ടികയിലിടം നേടിയ വസ്ത്രമാണിത്. ഇപ്പോൾ മെലിഞ്ഞവർ അതേ വസ്ത്രം ധരിച്ച് ടിക്ടോക്കിലും മറ്റും പ്രത്യക്ഷപ്പെടുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സമൂഹം വണ്ണമുള്ളവരെ വെറുക്കുന്നു. പ്രത്യേകിച്ച് നമ്മൾ വിജയിക്കുകയാണെങ്കിൽ.. - ഹോളിഡേ കുറിക്കുന്നു.
വണ്ണമുള്ളവർ പ്രത്യക്ഷത്തിലേ ഇല്ലെന്ന രീതിയിലാണ് സമൂഹം അവരെ സമീപിക്കുന്നതെന്നും ഹോളിഡേ പറയുന്നു. ഗ്രാമിക്കു ശേഷം ആഴ്ച്ചകളോളം വസ്ത്രത്തിന്റെ പേരിൽ താൻ വിമർശനങ്ങൾക്കിരയായിട്ടുണ്ട്. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം മെസേജുകൾ കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ വിമർശനങ്ങളേക്കാൾ ഫാഷൻലോകത്തിന്റെ പ്ലസ് സൈസ് ആളുകളോടുള്ള സമീപനമാണ് തന്നെ നിരാശപ്പെടുത്തുന്നതെന്നും ഹോളിഡേ പറയുന്നു.
ഏഴുമാസം മുമ്പ് തന്നെ രാജകുമാരിയെപ്പോലെ തോന്നിക്കും വിധത്തിൽ ഡ്രസ് ഡിസൈൻ ചെയ്തുതന്ന ഡിസൈനർക്ക് നന്ദി പറയുന്നുമുണ്ട് ഹോളിഡേ. നിരവധി പേരാണ് ഹോളിഡേയുടെ പോസ്റ്റിനു കാഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. ഹോളിഡേ സ്ട്രോബെറി ഫ്രോക്ക് ധരിച്ചു നിൽക്കുന്നതു കണ്ടാണ് താൻ ഓർഡർ ചെയ്യാൻ തീരുമാനിച്ചതെന്നും ഹോളിഡേ രാജകുമാരിയെപ്പോലെ തോന്നിക്കുന്നുവെന്നും അസൂയാലുക്കളാണ് കുറ്റങ്ങൾ കണ്ടെത്തുന്നത് എന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Society hates fat people Model Tess Holliday on strawberry dress and Bodyshaming
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..