ലയന എസ് കുറുപ്പ് | Photo: instagram/ layana s kurup
'പല്ല് ഉന്തിയ കുട്ടി'... എന്നാണ് ക്ലാസിലെ കുട്ടികളും വീടിന് അടുത്തുള്ളവരുമൊക്കെ എന്നെ വിളിച്ചിരുന്നത്. എന്റെ ഐഡന്റിറ്റി അതായിരുന്നു. ലയന എന്ന പേരോ എന്റെ മറ്റെന്തെങ്കിലും പ്രത്യേകതകളോ സൂചിപ്പിച്ച് ആരും പരിചയപ്പെടുത്തുന്നതായി ഞാന്‍ കേട്ടിട്ടില്ല.'- പത്താം വയസുമുതല്‍ താന്‍ അനുഭവിച്ച അവഗണനയെപ്പറ്റി മാതൃഭൂമി ഡോട്ട് കോമിനോട് പറയുകയായിരുന്നു ലയന. തൃശൂര്‍ പുതുക്കാട് സ്വദേശിനിയാണ് ലയന. പത്ത് വയസിന് ശേഷമാണ് ലയനയുടെ മോണ പുറത്തേക്ക് തള്ളാന്‍ തുടങ്ങിയത്. പതിനെട്ട് വയസിന് ശേഷം ശസ്ത്രക്രിയ ചെയ്ത് മോണയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഇക്കാലയളവില്‍ ലയന നേരിട്ട കളിയാക്കലുകളും അവഗണനകളും ചെറുതല്ല. ഇന്ന് എല്ലാം പോസിറ്റീവായി കാണാന്‍ പഠിച്ച ലയന തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.
പല്ലി, പല്ലിച്ചി...അങ്ങനെ നീളും വിളിപ്പേരുകള്‍
പത്ത് വയസിന് ശേഷമാണ് എന്റെ മോണ പുറത്തേക്ക് തള്ളാനും പല്ലുകള്‍ ശരിയായ രീതിയില്‍ വളരാതെയുമായത്. അന്നുമുതല്‍ സമൂഹം എന്നെ വിളിച്ചത് കോന്ത്രംപല്ലി, പല്ലി, പല്ലിച്ചിയെന്നുമൊക്കെയാണ്. റോഡിലൂടെ പോകുമ്പോള്‍ പലര്‍ക്കും ഞാനൊരു അത്ഭുത വസ്തുവാണ്. ബസിലൊക്കെ പോകുമ്പോള്‍ എന്നെയൊരു അത്ഭുത വസ്തുവായി എല്ലാവരും നോക്കുമായിരുന്നു. ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും പിന്നീട് അതൊക്കെ മാറി. വീട്ടില്‍ അച്ഛനോടും അമ്മയോടുമൊക്കെ കുറ്റം പറയുമ്പോഴായിരുന്നു ഏറ്റവുമധികം വിഷമം തോന്നിയിരുന്നത്. ആദ്യമൊക്കെ ഇതെല്ലാം കേട്ട് കരയുമായിരുന്നു. ഇപ്പോള്‍ ഇതൊന്നും ഒരു വിഷയമേ അല്ല. എന്നെ കളിയാക്കിയവരോടൊക്കെ ഞാനും അടിപൊളിയാണെന്ന് ഒരു ദിവസമെങ്കിലും പറയിപ്പിക്കണമെന്നുണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ ഞാനിപ്പോള്‍ സ്റ്റാറാണ്.
മാറ്റം ടിക് ടോക്കിന് ശേഷം
കാഴ്ചപ്പാടുകളെല്ലാം മാറിയത് ടിക് ടോക്ക് ചെയ്ത് തുടങ്ങിയതിന് ശേഷമാണ്. ആദ്യമൊക്കെ ഒരു കൈകൊണ്ട് മുഖം മറച്ചായിരുന്നു വീഡിയോകള്‍ ചെയ്തിരുന്നത്. പിന്നീട് ആ കൈ ഞാന്‍ തന്നെ മാറ്റി. വീഡിയോക്ക് കമന്റായി പലരും എന്റെ പല്ലിനെക്കുറിച്ച് പറഞ്ഞ് സപ്പോര്‍ട്ട് നല്‍കിയും കുറേ പേര്‍ പതിവ് പോലെ കളിയാക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലും ഈ വിളിപ്പേരുകളെല്ലാം കേട്ടു. ഇപ്പോഴും കേള്‍ക്കുന്നുണ്ട്. ഇത് എന്റെ പല്ലാണെന്നും ഇത് കുറവല്ലെന്നും ഞാന്‍ മനസിലാക്കിയത് സോഷ്യല്‍മീഡിയയില്‍കൂടി തന്നെയായിരുന്നു. എന്റെ സര്‍ജറിക്ക് മുന്‍പ് ഇപ്പോഴുള്ള രൂപത്തില്‍ തന്നെ ഫോട്ടോഷൂട്ട് ചെയ്യണമെന്ന ആഗ്രഹവും സോഷ്യല്‍മീഡിയ വഴി തന്നെയാണ് സാധിച്ചത്.
.jpg?$p=3c0c101&&q=0.8)
രണ്ട് സര്‍ജറി കഴിഞ്ഞു, ഇപ്പോള്‍ ട്രീറ്റ്‌മെന്റിലാണ്
പത്ത് വയസിന് ശേഷമാണ് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായത്. ഒരുപാട് ഡോക്ടര്‍മാരെ കാണിച്ചെങ്കിലും എല്ലാവരും പറഞ്ഞത് പല്ല് ശരിയാക്കുന്നതിനായി പതിനെട്ട് വയസ് കഴിയണമെന്നാണ്. എന്റെ പല്ലുകളെല്ലാം ചെറുതാണ്. എല്ലാം മോണ വന്ന് മൂടിയിട്ടാണുള്ളത്. എല്ലാ പല്ലും ആശുപത്രിയില്‍ നിന്നാണ് പറിച്ചിട്ടുള്ളത്. വീട്ടില്‍ നിന്ന് ഒരെണ്ണം പോലും പറിക്കേണ്ടി വന്നിട്ടില്ല. ആദ്യമൊക്കെ പല്ല് പറിക്കാന്‍ പേടിയായിരുന്നെങ്കിലും ഇപ്പോള്‍ ഒരു പേടിയുമില്ല. പതിനെട്ട് വയസായാല്‍ സര്‍ജറി ചെയാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പക്ഷേ പതിനെട്ട് ആയപ്പോഴേക്കും അമ്മക്ക് കുറച്ച് ബുദ്ധിമുട്ടുകളുണ്ടായി. അങ്ങനെ സര്‍ജറി കുറച്ച് കാലം കൂടി നീണ്ടുപോയി. ഇപ്പോള്‍ രണ്ടെണ്ണം കഴിഞ്ഞു. ഇനിയുമുണ്ട്. എല്ലാ ഡോക്ടര്‍മാരും നല്ല ഫ്രണ്ട്‌ലിയായിട്ടാണ് പെരുമാറുന്നത്. ഇനി സര്‍ജറി കൊണ്ടൊന്നും ശരിയായില്ലെങ്കില്‍ മൊത്തത്തില്‍ മാറ്റി തരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്
കോണ്‍ഫിഡന്‍സ് കൂടിയ നിമിഷം; ബ്രൈഡല്‍ ഫോട്ടോഷൂട്ട്
ഇപ്പോഴുള്ള രൂപത്തില്‍ തന്നെ ഒരു ഫോട്ടോഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി ഒന്ന് രണ്ട് പേരെ സമീപിച്ചെങ്കിലും ശരിയായില്ല. ഒടുവില്‍ സര്‍ജറി ആരംഭിക്കുന്നതിന് മുന്‍പായി ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പറഞ്ഞുകൊണ്ട് ഒരു ഓണ്‍ വോയിസ് ഇട്ടു. അത് കണ്ടതിന് ശേഷം മമ്മി വിളിച്ച് ശരിക്കും ചീത്ത പറയുകയായിരുന്നു. മമ്മി എന്ന് പറയുന്നത് ട്രാന്‍സ്‌ജെന്‍ഡറായ ദീപ എസ് റാണിയാണ്. ഞങ്ങള്‍ തമ്മില്‍ അഞ്ചോ ആറോ വര്‍ഷത്തെ പരിചയമുണ്ട്. അങ്ങനെ മമ്മി എന്നോട് എന്ത് തീം വേണമെന്ന് ചോദിച്ചു, ഏതായാലും മതി എന്നായിരുന്നു എനിക്ക്. മമ്മിയുടെ ആദ്യത്തെ ഫോട്ടോഷൂട്ട് നടത്തിയ അതേ ചുവന്ന ലഹങ്ക തന്നെ എനിക്കും തരുകയായിരുന്നു. മനോഹരമായി ഒരു കല്യാണപ്പെണ്ണിനെപ്പോലെ എന്നെ അണിയിച്ചൊരുക്കുകയായിരുന്നു.- ഇത് പറഞ്ഞ് നിര്‍ത്തുമ്പോള്‍ ലയനയുടെ മുഖത്ത് തെളിഞ്ഞ ചിരിയായിരുന്നു.
കല്യാണപ്രായമായി, കാഴ്ചപ്പാട് മാറ്റിക്കൂടെ
കല്യാണ പ്രായമായില്ലേ, കെട്ടിച്ചു വിടണ്ടേ? അപ്പോള്‍ ഈ പല്ലൊക്കെ ശരിയാക്കേണ്ടേ എന്നൊക്കെയാണ് എല്ലാവര്‍ക്കും ചോദിക്കാനുള്ളത്. എനിക്ക് കൈ ഉണ്ട്, കാലുണ്ട്, സംസാരിക്കാന്‍ കഴിയും, കേള്‍ക്കാം എല്ലാമുണ്ട്. ആകെ ഉള്ള പ്രശ്‌നം ഈ പല്ല് മാത്രമാണ്. എന്നാല്‍ എനിക്ക് അതൊരു കുറവായിട്ട് തോന്നിയിട്ടില്ല. എന്റെ ഈ പല്ല് കൊണ്ട് എനിക്കൊരു കുഴപ്പവും തോന്നിയിട്ടില്ല. ഇനി ഇത് നിങ്ങള്‍ക്കൊരു പ്രശ്‌നമാണെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്. നിങ്ങളുടെ കാഴ്ചപ്പാടിന്റെ മാത്രം പ്രശ്‌നമാണ്.
Content Highlights: social media influencer layana s kurup interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..