-
ചെന്നൈയിലെ പാട്ടിന്റെ വീട്ടില്‍ ചെറിയൊരു 'തര്‍ക്കം' നടക്കുകയാണ്. അതും ഒരു പാട്ടിന്റെ പേരില്‍. എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കി 'പുതിയമുഖം' സിനിമയില്‍ സുജാത ആലപിച്ച 'നേട്രു ഇല്ലാത മാട്രം' പാടിയത് ശ്വേതാമോഹന്‍ ആണെന്നാണ് കൊച്ചുമകള്‍ ശ്രേഷ്ഠയുടെ കണ്ടുപിടുത്തം. അത് തന്റെ പാട്ടാണെന്ന് അമ്മൂമ്മ എത്രപറഞ്ഞിട്ടും ശ്രേഷ്ഠ സമ്മതിക്കുന്നില്ല. കാരണം യൂട്യൂബില്‍ എപ്പോഴും അമ്മ പാടുന്നതാണ് അവള്‍ കണ്ടിരിക്കുന്നത്. 'ഞാന്‍ പാടിയത് യൂട്യൂബില്‍ കുറവാണ്. പക്ഷേ ശ്വത ഒരുപാട് സ്റ്റേജുകളില്‍ ഈ ഗാനം പാടിയിട്ടുണ്ട്. അതെല്ലാം യൂട്യൂബിലുണ്ട്. എന്റെ വേര്‍ഷന്‍ എപ്പോള്‍ കേട്ടാലും ഇതല്ല എന്റെ അമ്മയുടെ പാട്ടാണ് വയ്‌ക്കേണ്ടതെന്ന് അവള്‍ പറയും.ഞാന്‍ കഷ്ടപ്പെട്ടു പാടിയിട്ട് അതിന്റെ ക്രഡിറ്റുമുഴുവന്‍ നിന്റെ അമ്മ കൊണ്ടുപോയല്ലോ എന്ന് ഞാന്‍ തമാശയ്ക്ക് പറയാറുണ്ട്.' സുജാത കൊച്ചുമകളെ നോക്കി വാത്സല്യത്തോടെ ചിരിച്ചു. അവള്‍ പരിഭവം മറന്ന് അമ്മൂമ്മയ്ക്കരികിലേക്ക് ഓടി വന്നു. 'ഞങ്ങളുടെ വീട്ടില്‍ ഓരോരുത്തര്‍ക്കും ഓരോ പാട്ടുകളോടാണ് ഇഷ്ടം.' മറക്കാന്‍ പറ്റാത്ത പാട്ടുകളിലൂടെ സുജാത യാത്ര തുടങ്ങി.
മാറി നിന്ന വര്‍ഷങ്ങള്‍
നാല്പത്തിയാറു വര്‍ഷത്തെ പാട്ടുജീവിതത്തില്‍നിന്ന് ചെറിയൊരു കാലത്തുമാത്രം മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ട് സുജാതയ്ക്ക്. ആ ഇടവേള കഴിഞ്ഞ് വീണ്ടും പാടാന്‍ വന്ന ആ ദിവസങ്ങള്‍ അവരുടെ ഓര്‍മയില്‍ ഇപ്പോഴും മങ്ങാതെ നില്‍ക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു അത്.
കൊച്ചു നാളില്‍ ആദ്യം പാടിയ പാട്ടുകളൊന്നും ഒരിക്കലും മറക്കാന്‍ പറ്റാത്തവയാണ്. കുഞ്ഞു നാളിലായതുകൊണ്ട് അതിന്റെ പിന്നിലെ കാര്യങ്ങളോ അത് പാടുമ്പോഴുള്ള വികരങ്ങളോ എന്റെ ഓര്‍മയിലില്ല. എന്റെ രണ്ടാമത്തെ വരവില്‍ ആദ്യം പാടിയ ഗാനം ഒരിക്കലും മറക്കാന്‍ പറ്റില്ല. കടത്തനാടന്‍ അമ്പാടിയായിരുന്നു സിനിമ. അതിലെ 'നാളെ അന്തിമയങ്ങുമ്പോള്‍ വാനിലമ്പിളി പൊന്തുമ്പോള്‍' എന്ന പാട്ട് എന്നെ തേടിവന്നു. അതൊരു ഒപ്പനപ്പാട്ടുപോലെയാണ്.'
പ്രിയദര്‍ശന്റെ സിനിമയായിരുന്നു. എം.ജി. ശ്രീകുമാറിന്റെ കൂടെയാണ് പാടേണ്ടത്. രാഘവന്‍മാസ്റ്ററായിരുന്നു സംഗീതം. ആദ്യമായി പാടാന്‍ പോവുന്ന അതേ ചങ്കിടിപ്പോടെയാണ് ഞാനന്ന് സ്റ്റുഡിയോയിലേക്ക് പോയത്. ഇപ്പോഴും അന്നത്തെ ഭയം എന്റെ ഉള്ളില്‍ വരുന്നുണ്ട്. പ്രസാദ് സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. അതില്‍ രാഘവന്‍മാസ്റ്ററെ അസിസ്റ്റ് ചെയ്യുന്നത് രഘുവേട്ടനും രാജാമണിയുമായിരുന്നു. രാഘവന്‍മാസ്റ്ററൊരു പാവം. പക്ഷേ അസിസ്റ്റ് ചെയ്യുന്ന ഈ രണ്ടുപേരുമാവട്ടെ നല്ല കണിശക്കാരും. ശ്രീക്കുട്ടന്‍ (എം.ജി.ശ്രീകുമാര്‍) ഇപ്പോഴും പറയാറുണ്ട്. അന്ന് പാടിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കൈയൊക്കെ വല്ലാതെ വിയര്‍ത്തിരുന്നുവെന്ന്. കുറെനാളുകള്‍ക്ക് ശേഷം മൈക്കിന് മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ ഉള്ള വികാരം പറഞ്ഞറിയിക്കാന്‍ പറ്റുന്നതായിരുന്നില്ല. പാടിക്കൊണ്ടിരുന്നയാള്‍ ഒരു ഗ്യാപ്പെടുത്തിട്ട് വീണ്ടും പാടുകയെന്നു പറയുമ്പോള്‍ ആള്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ഒരു ലെവലില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്നൊരു ആശങ്കവരും. പക്ഷേ അന്ന് പാടിത്തുടങ്ങിയതോടെ ഞാനെല്ലാം മറന്നു. പിന്നെ അതിന്റെ വൈബ്രേഷന്‍സ് മാത്രമേ ചുറ്റിലും ഉണ്ടായിരുന്നുള്ളു. അതൊരു പ്രത്യേക മുഹൂര്‍ത്തമായിരുന്നു.''സുജാത അത്ഭുതത്തോടെ ആലോചിച്ചു, 'ഈശ്വരാ, ആ പാട്ട് ഞാന്‍ എങ്ങനെ പാടി.'
Content Highlights: Singer Sujatha Mohan share her favorite songs and singing experiences


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..