ദേവനശ്രിയ | Photo: Mathrubhumi
മൂന്നുവര്‍ഷം മുമ്പൊരു ദിവസം. ചോറും കറിയുംവെച്ച് കളിക്കുകയായിരുന്ന ദേവനശ്രിയ വെറുതേയൊരു പാട്ടുപാടി, 'ശ്രീരാഗമോ തേടുന്നു നീ...' അമ്മ ശരത്ശ്രീ മൊബൈല്‍ ഫോണില്‍ അതിന്റെ വീഡിയോയെടുത്ത് സാമൂഹികമാധ്യമത്തില്‍ സ്റ്റാറ്റസാക്കിയിട്ടു. കണ്ട സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പറഞ്ഞത് ഒറ്റക്കാര്യം, അതിമനോഹരം.
സ്വകാര്യചാനലിലെ റിയാലിറ്റി ഷോയില്‍ പാട്ടുകള്‍ പാടി തിളങ്ങി നില്‍ക്കുകയാണിപ്പോളീ പന്ത്രണ്ടുകാരി. നാട്ടിലും സ്‌കൂളിലും സുഹൃത്തുക്കള്‍ക്കിടയിലുമെല്ലാം അങ്ങനെ ദേവനശ്രിയ സ്റ്റാറായി.
തൊഴില്‍വകുപ്പില്‍ ജോലിചെയ്യുന്ന പന്തിരിക്കരയ്ക്ക് സമീപം കൂമുള്ളില്‍ സുരേഷിന്റെയും ശരത്ശ്രീയുടെയും ഏക മകളാണ് ഈ കൊച്ചുഗായിക. വടക്കുമ്പാട് എച്ച്.എസ്.എസില്‍ ഏഴാംതരം വിദ്യാര്‍ഥിനി. കുഞ്ഞുപ്രായത്തില്‍തന്നെ പാട്ടുകേട്ടാല്‍ അതില്‍ മതിമറന്നുനില്‍ക്കുന്ന കുട്ടിയായിരുന്നു ദേവനയെന്ന് അമ്മ പറയുന്നു. ചങ്ങരോത്ത് ഗവ. എല്‍.പി സ്‌കൂളില്‍ എത്തിയപ്പോള്‍ കലോത്സവങ്ങളില്‍ പാട്ടുപാടി സമ്മാനങ്ങള്‍ വാരിക്കൂട്ടി.
മാപ്പിളപ്പാട്ട്, പദ്യംചൊല്ലല്‍, ലളിതഗാനം എന്നിവയെല്ലാമായിരുന്നു ഇഷ്ട ഇനങ്ങള്‍. സബ്ജില്ലാതലത്തില്‍ സമ്മാനങ്ങള്‍ ലഭിച്ചതോടെ പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്സില്‍ ചേര്‍ന്ന് സംഗീതാധ്യാപിക പാലേരിയിലെ നീമയുടെ ശിക്ഷണത്തില്‍ പാട്ട് ശാസ്ത്രീയമായി പഠിച്ചുതുടങ്ങി.
അങ്ങനെയിരിക്കെയാണ് സംഗീതപരിപാടിക്കായി ഓഡിഷനില്‍ പങ്കെടുത്തത്. 22 പേരില്‍ ഒരാളായി തിരഞ്ഞടുക്കപ്പെട്ടപ്പോള്‍ ആദ്യം അമ്പരന്നു. പിന്നെ രണ്ടുവര്‍ഷമായി എത്രയോ നല്ലഗാനങ്ങള്‍ ദേവനശ്രിയയുടെ ശബ്ദത്തില്‍ ലോകം കേട്ടു. എം.ജി. ശ്രീകുമാറടക്കമുള്ള വിധികര്‍ത്താക്കള്‍ക്കൊപ്പമെല്ലാം ചേര്‍ന്നുപാടി. കുടുംബത്തിന്റെയും നാടിന്റെയുമെല്ലാം പ്രോത്സാഹനമാണ് ഗാനരംഗത്ത് ഈ മിടുക്കിയെ മുന്നോട്ടേക്ക് നയിക്കുന്നത്.
Content Highlights: singer devana shriya reality show contestant


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..