ഒമ്പതാം വയസ്സിൽ വിവാഹം, ഭർതൃവീട്ടിലെ പീഠനം , ഭിക്ഷാടനം; ഒടുവിൽ അനാഥക്കുഞ്ഞുങ്ങളുടെ അമ്മ


താൻ കടന്നുപോയ കഠിനകാലത്തെക്കുറിച്ച് സിന്ധുതായ് മുമ്പ് പങ്കുവെച്ച കുറിപ്പാണ് വീണ്ടും വാർത്തയിൽ നിറയുന്നത്.

സിന്ധുതായ് സപ്കൽ | Photos: instagram.com/dr.sindhutaisapkal/

മാതാപിതാക്കളും ഉറ്റവരും ഉടയവരും എല്ലാം ഉപേക്ഷിച്ച്‌ തെരുവിലെറിയപ്പെട്ട ആയിരക്കണക്കിന്‌ കുഞ്ഞുങ്ങളെ മാറോടണച്ച്‌ മാതൃസ്നേഹവും വാത്സല്യവും നൽകി വളർത്തിയ സിന്ധുതായ് സപ്കലിന്റെ മരണത്തോടെ നിരവധി അനാഥക്കുഞ്ഞുങ്ങളാണ് വീണ്ടും അനാഥരാകുന്നത്. ആയിരത്തോളം മക്കളെ ഏറ്റെടുത്ത് വളർത്തുന്ന സിന്ധുതായിയുടെ ജീവിതം അനാഥക്കുഞ്ഞുങ്ങൾക്കായി ഉഴിഞ്ഞുവച്ചതായിരുന്നു. അനാഥക്കുട്ടികളുടെ അമ്മ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ മഹാരാഷ്ട്രക്കാരിയെ കഴിഞ്ഞ വർഷം രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താൻ കടന്നുപോയ കഠിനകാലത്തെക്കുറിച്ച് സിന്ധുതായ് മുമ്പ് പങ്കുവെച്ച കുറിപ്പാണ് വീണ്ടും വാർത്തയിൽ നിറയുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ പേജിനു നൽകിയ കുറിപ്പിലാണ് സിന്ധുതായ് ഒമ്പതാം വയസ്സിലെ വിവാഹത്തെക്കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ചും അനാഥക്കുട്ടികളെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചുമൊക്കെ പങ്കുവെച്ചത്.

കുറിപ്പിലേക്ക്...

'' ഒരു അമ്മയുടെ സ്‌നേഹം ഞാനൊരിക്കലും അനുഭവിച്ചിട്ടില്ല, കാരണം ഞാന്‍ അവര്‍ ആഗ്രഹിക്കാതെ ജനിച്ച പെണ്‍കുട്ടിയായിരുന്നു. എനിക്ക് വേണ്ടത്ര വിദ്യാഭ്യാസം നല്‍കിയിരുന്നില്ല, ഒമ്പതു വയസ്സുള്ളപ്പോഴാണ് 32കാരനുമായി വിവാഹം കഴിപ്പിച്ചയക്കുന്നത്. എനിക്കൊരു കരച്ചില്‍ വന്നിരുന്നില്ല, ആശ്വാസമാണ് അന്നു തോന്നിയിരുന്നത്.

പക്ഷേ ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും മാതാപിതാക്കളും എന്നെ മര്‍ദിക്കാനുള്ള ഒരവസരവും പഴാക്കിയില്ല. പശുവിനെ പരിപാലിച്ചും പാചകം ചെയ്തും വീടുവൃത്തിയാക്കിയുമൊക്കെ ദിവസങ്ങള്‍ പോയി. ഇരുപതാം വയസ്സില്‍ ഞാന്‍ ഒമ്പതുമാസം ഗര്‍ഭിണിയായ സമയത്ത് ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. ആ സമയത്ത് എന്റെ വേതനം തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുമായി വാക്കേറ്റമുണ്ടായി. പക്ഷേ ഒരു പെണ്ണ് ഉയര്‍ന്നുനിന്ന് സംസാരിച്ചത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞാന്‍ മറ്റൊരു പുരുഷനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് എന്റെ ഭര്‍ത്താവിനെ അയാള്‍ തെറ്റിദ്ധരിപ്പിച്ചു. ആ ദേഷ്യത്തിന് ഭര്‍ത്താവ് വയറ്റിലേക്കു ചവിട്ടുകയും അബോധാവസ്ഥയിലാകും വരെ മര്‍ദിക്കുകയും ചെയ്ത് പശുത്തൊഴുത്തിലേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ മരിക്കുമെന്ന പ്രതീക്ഷയോടെ.

പക്ഷേ ആ രാത്രി ഞാന്‍ മംമ്തയ്ക്കു ജന്മം നല്‍കി, കല്ലുപയോഗിച്ചാണ് പൊക്കിള്‍ക്കൊടി നീക്കിയത്. തിരിച്ച് അമ്മയുടെ അടുക്കലെത്തിയപ്പോള്‍ അവരും എന്നെ സ്വീകരിച്ചില്ല. അങ്ങനെ എല്ലാ അര്‍ഥത്തിലും അനാഥയായ ഞാന്‍ ഭിക്ഷ യാചിക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തോളെ ട്രെയിനുകളിലും തെരുവുകളിലുമൊക്കെ പാടി ഞാന്‍ ഭിക്ഷ യാചിച്ചു. ഓരോ തവണയും മംമ്ത വിശന്നു കരയുമ്പോള്‍ അവള്‍ ഇതിലും മികച്ച ജീവിതം അര്‍ഹിക്കുന്നില്ലേ എന്ന് ഞാനോര്‍ക്കും. അങ്ങനെയാണ് അവളെ ദത്തുനല്‍കാന്‍ തീരുമാനിച്ചത്. ഹൃദയം തകര്‍ന്നാണ് ആ തീരുമാനമെടുത്തത്.

കുറച്ചുകാലംകഴിഞ്ഞപ്പോള്‍ പൂനെ സ്റ്റേഷനില്‍ വച്ച് രക്തമൊലിപ്പിച്ചു കിടക്കുന്ന ദീപക് എന്നൊരു കൊച്ചുപയ്യനെ കണ്ടുമുട്ടി. മാതാപിതാക്കള്‍ ഉപേക്ഷിച്ചതായിരുന്നു അവനെ. എന്റെ കാര്യം മറന്ന് ഞാന്‍ അവനെ ഏറ്റെടുത്തു. എല്ലാ ദിവസവും യാചിച്ച് അവനു ഭക്ഷണം നല്‍കി. പതിയെ അനാഥരായ ഒരുപാടു കുട്ടികള്‍ എന്നെത്തേടിയെത്തി. അങ്ങനെ ഞാനവരുടെ 'മാ' ആയി.

എനിക്കു കിട്ടുന്ന ഓരോ തുട്ടും അവരെ വളര്‍ത്താന്‍ ഉപയോഗിച്ചു. അവരെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കയച്ചു. വൈകാതെ ഞാന്‍ അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെട്ടു തുടങ്ങി. വര്‍ഷങ്ങളോളം തെരുവുകളില്‍ ഉറങ്ങിയും പട്ടിണികിടന്നുമൊക്കെ ഞങ്ങള്‍ കഷ്ടപ്പെട്ടു. പക്ഷേ കുട്ടികള്‍ ഒരിക്കലും എന്നെ വിട്ടുപോയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ദീപക്കിന് പാരമ്പര്യമായി അവകാശപ്പെട്ട കുറച്ചു സ്ഥലം കിട്ടിയപ്പോള്‍ ഞങ്ങള്‍ അവിടെ ആദ്യത്തെ അനാഥാലയം ഉണ്ടാക്കി. മംമ്തയുമായും ഞാന്‍ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു, അവളും ഞങ്ങളെ സഹായിച്ചു.

കാലം കടന്നുപോകവെ എന്റെ മക്കള്‍ ഡോക്ടര്‍മാരും അധ്യാപകരും നിയമജ്ഞരുമൊക്കെയായി. അവരുടെയെല്ലാം ബിരുദദാനചടങ്ങിലും വിവാഹ ചടങ്ങിലും ഞാന്‍ പങ്കെടുത്തു, ആ കുടുംബങ്ങളെല്ലാം എന്റേതുമായി.

ഇന്ന് നാലായിരത്തോളം കുട്ടികളുടെ അമ്മയാണ് ഞാന്‍. 4 അനാഥമന്ദിരങ്ങളുണ്ട്. അമ്മയുടെ സ്‌നേഹം അനുഭവിക്കാതെ വളരുമ്പോള്‍ എങ്ങനെയാണെന്ന് അനുഭവിച്ചയാളാണ് ഞാന്‍. അന്നു ലഭിക്കാത്ത സ്‌നേഹത്തിനെല്ലാം നന്ദിയുണ്ട്, അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവരുടെയൊക്കെ 'മാ' ആകുമായിരുന്നില്ലല്ലോ.''

ഹൃദയാഘാതമാണ് സിന്ധുതായിയുടെ മരണകാരണം. 1948 നവംബർ പതിനാലിന് മഹാരാഷ്ട്രയിലെ വർധാ ജില്ലയിലാണ് സിന്ധുതായിയുടെ ജനനം. ജീവിതത്തിൽ നേരിട്ട ഇത്തരം സാഹചര്യങ്ങളാണ് പിൽക്കാലത്ത് അനാഥക്കുട്ടികൾക്കായി ആശ്രയം ഒരുക്കാൻ സിന്ധുതായിയെ പ്രേരിപ്പിച്ചത്. പത്മാ പുരസ്കാരത്തിനു പുറമെ 750 ഓളം വലുതും ചെറുതുമായ പുരസ്കാരങ്ങളും സിന്ധു തായിയെ തേടിയെത്തിയിരുന്നു. പുരസ്കാരത്തിൽ നിന്നു ലഭിക്കുന്ന പണവും അനാഥക്കുട്ടികൾക്ക് ആശ്രയമൊരുക്കാനാണ് സിന്ധുതായ് ചിലവഴിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ സിന്ധു തായിക്ക് അനുശോചനം അറിയിച്ച് കമന്റ് ചെയ്തു. സമൂഹത്തിന് നൽകിയ ശ്രേഷ്ഠമായ സേവനത്തിന്റെ പേരിൽ സിന്ധുതായ് എന്നെന്നും ഓർമിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു. അവരുടെ പരിശ്രമഫലമായി നിരവധി കുട്ടികൾക്ക് നല്ല ജീവിതം നയിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കുറിച്ചു.

Content Highlights: sindhutai sapkal death, mother of orphans, life of sindhutai sapkal, humans of bombay

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented