ഷാമെറിൻ രാജേന്ദ്രൻ
പട്ടുസാരികള്‍ ഇഷ്ടമില്ലാത്ത പെണ്ണുങ്ങളുണ്ടോ...? അലമാര നിറച്ച് സാരിയുണ്ടെങ്കിലും ഒരേ സാരി രണ്ട് ചടങ്ങുകള്‍ക്ക് ഉടുക്കാന്‍ സ്ത്രീകള്‍ക്ക് മടിയാണ്.
'ഇതൊരു തവണ ഉടുത്തതല്ലേ, ആ ഫങ്ഷന് ഉണ്ടായ എല്ലാവരും ഇവിടെയും കാണും. എന്തായാലും പുതിയൊരു സാരി വാങ്ങണം...'. കുടുംബത്തിലോ അയല്‍പക്കത്തോ അല്ലെങ്കില്‍, സുഹൃത്തുക്കളുടെ വീട്ടിലോ എന്തെങ്കിലും ചടങ്ങ് ഉണ്ടെങ്കില്‍ സ്ത്രീകളുടെ ആദ്യചിന്ത ഇതായിരിക്കും.
ഇങ്ങനെ ഓരോ ചടങ്ങിനും പരിചിതര്‍ക്കിടയില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രം സ്റ്റാറായി അലമാരയിലൊതുങ്ങിപ്പോയ എത്രയെത്ര സാരികള്‍... അലമാര നിറച്ച് വെറുതേ സാരികള്‍ വാങ്ങിക്കൂട്ടിയിട്ട് എന്തിനാണ്...? അതിന് മികച്ചൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഷാമെറിന്‍ രാജേന്ദ്രന്‍. ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ച സാരികള്‍ വാടകയ്ക്ക് കൊടുത്താണ് ഷാമെറിന്‍ തന്റെ വാര്‍ഡ്രോബിനെ രക്ഷിച്ചത്. പണ്ടത്തെ പട്ടുസാരികളുടെ പ്രൗഢിയും നിലവാരവുമൊന്നും ഇന്ന് കിട്ടുന്ന സാരികള്‍ക്കില്ല. ആര്‍ക്കും ഇണങ്ങുന്ന ഒരിക്കലും ട്രെന്‍ഡ് ഔട്ട് ആകാത്ത ഒന്നാണ് പട്ടുസാരികള്‍.
നല്ല പട്ട് സാരി വാങ്ങണമെങ്കില്‍ കുറഞ്ഞത് 15,000 മുതൽ 30,000 രൂപയെങ്കിലും ചെലവഴിക്കണം. എല്ലാ സ്ത്രീകളും സാരികളോട് പ്രണയമുള്ളവരാണെങ്കിലും. ഇത്രയും തുക കൊടുത്ത് ഒരു സാരി വാങ്ങുക എല്ലാവര്‍ക്കും സാധ്യമല്ല. ഇനി ഈ വിലകൊടുത്ത് സാരി വാങ്ങിയാലും അധികനാള്‍ സാരി ഉപയോഗിക്കുന്നില്ലെങ്കില്‍ ആ പണം നഷ്ടമാണ്. ഈ ചിന്തയില്‍ നിന്നാണ് തന്റെ കൈവശമുള്ള സാരികള്‍ വാടകയ്ക്ക് കൊടുക്കുന്നതിനെക്കുറിച്ച് ഷാമെറിന്‍ ആലോചിച്ചത്.
സാരികളുടെ പുനരുപയോഗം
സാരികളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഇതുവഴി പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും സാമ്പത്തികമായി ഓരോരുത്തര്‍ക്കും വളരെയധികം പ്രയോജനപ്പെടുന്ന രീതിയാണ് ഇതെന്നും ഷാമെറിന്‍ പറയുന്നു. 'പഴയതും പുതിയതുമായ നിരവധി പട്ടുസാരികള്‍ എന്റെ കൈയിലുണ്ട്. വില്‍ക്കാമെന്ന് വിചാരിച്ചാല്‍ ഇന്നത്തെക്കാലത്ത് അത്തരം സാരികള്‍ കിട്ടാനില്ല. അതുകൊണ്ടാണ് വാടകയ്ക്ക് സാരികള്‍ കൊടുക്കുക എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്' ഷാമെറിന്‍ വ്യക്തമാക്കി.
ബനാറസ്, കാഞ്ചീപുരം പൈത്തനി പട്ടുസാരികളും ഓഫ് സില്‍ക് സാരികളും സ്വന്തമായി ഡിസൈന്‍ ചെയ്ത ഡിസൈനര്‍ സാരികളും സെറ്റ് സാരികളും ഷാമെറിന്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ഇതില്‍ ഉപയോഗിക്കാത്ത സാരികളുമുണ്ട്. ഇത്തരത്തില്‍ 50ഓളം സാരികളാണ് ഷെറിന്റെ പക്കലുള്ളത്. 30,000 രൂപ വരെ വിലയുള്ള സാരികളും ഇക്കൂട്ടത്തിലുണ്ട്.
ഒരു സാരി ഒരാഴ്ച വരെ വാടകയ്ക്ക് എടുക്കാം. 2,500 മുതൽ 3,000 രൂപ വരെയാണ് നിരക്ക്. സാരിയുടെ വിലയുടെ പകുതി മുന്‍കൂറായും വാങ്ങാറുണ്ട്, സാരി നഷ്ടപ്പെടാതിരിക്കാനാണ്. ഒരു ഡാമേജുമില്ലാതെ സാരി തിരിച്ചുനല്‍കിയാല്‍ ഈ തുക മടക്കി നല്‍കും.
ഇതുകൂടാതെ, സാരിക്കിണങ്ങുന്ന ബ്ലൗസും ഷാമെറിന്‍ തന്നെ ഡിസൈന്‍ ചെയ്ത് തയ്ച്ചുതരും. സാധാരണ ലൈനിങ് ബ്ലൗസിന് 500 - 550 രൂപയാണ് തയ്യല്‍ക്കൂലി. ബ്ലൗസ് പുറത്തുനിന്ന് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയും ചെയ്യാം. ഇത് ഉപഭോക്താവിന്റെ ചോയ്‌സ് ആണ്.
വാടകയ്ക്ക് കൊടുക്കുന്ന സാരികള്‍ ഷാമെറിന്‍ തന്നെ ഡ്രൈക്ലീന്‍ ചെയ്ത് വെക്കും. ഇതല്ലാതെ സാരി ബ്ലൗസ് ഡിസൈനിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കാറുണ്ട്. പരിചയക്കാര്‍ക്ക് സാരി ഉടുപ്പിച്ചുകൊടുക്കാറുമുണ്ട്. ഇതിനായി പ്രത്യേക നിരക്കൊന്നും ഈടാക്കാറില്ല.
സാരികള്‍ വാടകയ്ക്ക് കൊടുക്കാന്‍ തുടങ്ങിയിട്ട് ഒരുമാസമേ ആയുള്ളുവെങ്കിലും കേട്ടറിഞ്ഞെത്തുന്നവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഷാമെറിന്‍ പറയുന്നു.
Content Highlights: SilkSaree For Rent
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..