എക്ഷ കെരുംഗ് സുബ്ബ | Photo: instagram/ eksha kerung subba
എക്ഷ എന്ന വാക്കിന് അര്‍ഥം തൂവല്‍ എന്നാണ്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മകള്‍ക്ക് ആ പേരിടുമ്പോള്‍ കെരുംഗ് സുബ്ബ എന്ന അച്ഛന് അറിയില്ലായിരുന്നു അവള്‍ ചിറകു വിരിച്ച് ലോകം മുഴുവന്‍ പറക്കുമെന്ന്. സിക്കിമിലെ സൊബാരിയയില്‍ ജനിച്ച എക്ഷ കെരുംഗ് സുബ്ബ ഇന്ന് രാജ്യത്തെ യുവതലമുറയുടെ പ്രചോദനവും വഴികാട്ടിയുമാണ്.
സിക്കിം പോലീസ് ഡിപാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥയായ അവരുടെ പേരിന് നേരെയുള്ള വിശേഷണങ്ങള്‍ ഏറെയാണ്. സൂപ്പര്‍ മോഡലും ബൈക്ക് റൈഡറും ദേശീയ ബോക്‌സിങ് താരവും ഡാന്‍സറുമാണ് എക്ഷ. പെണ്‍കുട്ടി എന്ന പരിമിതിയെ തോല്‍പ്പിച്ച് തനിക്ക് വഴങ്ങാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് അവര്‍.
ഇടതു കൈണ്ടത്തയില്‍ 'രാജ്ഞി' എന്ന് പച്ചകുത്തിയ എക്ഷയ്ക്ക് കുട്ടിക്കാലം മുതല്‍ ഒരു സൂപ്പര്‍ മോഡല്‍ ആകാനായിരുന്നു താത്പര്യം. സകൂളില്‍ പഠിക്കുന്ന കാലത്ത് നൃത്ത മത്സരങ്ങളിലും ഫാഷന്‍ ഷോയിലും എക്ഷയുടെ പേര് എപ്പോഴുമുണ്ടായിരുന്നു. കോളേജ് കാലത്ത് മിസ് ഫ്രെഷേഴ്‌സ് എന്ന ടൈറ്റിലും അവള്‍ സ്വന്തമാക്കി.
ഇതിനിടയില്‍ ബോക്‌സിങ് റിങ്ങിലും എക്ഷ തന്റെ കഴിവ് പുറത്തെടുത്തിരുന്നു. ഫിറ്റ്‌നെസ് നിലനിര്‍ത്താനായി ബോക്‌സിങ് പരിശീലിക്കാന്‍ അച്ഛനാണ് അവളെ ഉപദേശിച്ചത്. സിക്കിമിനെ പ്രതിനിധീകരിച്ച് ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് മെഡല്‍ നേടുകയും ചെയതു. പിന്നാലെ 19-ാം വയസ്സില്‍ സിക്കിം പോലീസ് ഡിപാര്‍ട്‌മെന്റില്‍ ചേര്‍ന്നു. വീട്ടിലേക്ക് മുതിര്‍ന്ന കുട്ടി ആയതിനാല്‍ വരുമാനം കണ്ടെത്തുന്നതിനൊപ്പം രാജ്യത്തെ സേവിക്കുക എന്ന ആഗ്രഹം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു. 14 മാസത്തെ പരിശീലനത്തിന് ശേഷം സിക്കിം പോലീസിലെ ആന്റി റയറ്റ് ഫോഴ്‌സിലേക്ക് അവള്‍ തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ മോഡലാകുക എന്ന സ്വപ്‌നം കൈവിട്ടിരുന്നില്ല. 2018-ല്‍ സൊംബാരിയയെ പ്രതിനിധീകരിച്ച് മിസ് സിക്കിം മത്സരത്തില്‍ പങ്കെടുത്തു കിരീടം ചൂടി. മൂന്നു വര്‍ഷത്തിന് ശേഷം എംടിവിയുടെ മോഡലിങ് റിയാലിറ്റി ഷോ ആയ എംടിവി സൂപ്പര്‍ മോഡലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് ആ ഷോയിലെ ജഡ്ജ് ആയിരുന്ന ബോളിവുഡ് താരം മലൈക അറോറ എക്ഷയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.'ഇങ്ങനെയുളള പെണ്‍കുട്ടികള്‍ക്കാണ് നമ്മള്‍ സല്യൂട്ട് നല്‍കേണ്ടത്'. അത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷം ആയിരുന്നെന്ന് എക്ഷ പറയുന്നു.
ഒഴിവുസമയങ്ങളില്‍ കൂട്ടുകാരോടൊപ്പം ബൈക്കില്‍ ചുറ്റിക്കറങ്ങാനാണ് 22-കാരിക്ക് ഇഷ്ടം. ഒന്നാന്തരം റൈഡര്‍ കൂടിയാണ് എക്ഷ. കെടിഎം ആര്‍സി 200 മോട്ടോര്‍ ബൈക്കും അവര്‍ക്ക് സ്വന്തമായുണ്ട്.
Content Highlights: sikkim's eksha hangma subba is a police officer, a supermodel, a biker and a boxer too
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..