Representative Image| Photo: Canva.com
വ്യക്തിപരവും തൊഴില്‍പരവുമായി ജീവിതത്തില്‍ നമ്മുടെ കൂടെയുള്ളവര്‍ അരക്ഷിതാരാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? പങ്കാളികള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ശക്തമാകുന്നുവെങ്കില്‍ അതവരുടെ ബന്ധത്തെ തകര്‍ക്കുകയും കൂടൂതല്‍ സങ്കീര്ണമാക്കിത്തീര്ക്കുകയും ചെയ്യും.
നല്ല ബന്ധങ്ങളില്‍പ്പോലും പങ്കാളിയുടെ അരക്ഷിതാവസ്ഥകളെ മനസിലാക്കാന്‍ കഴിയാതെ പോയാല്‍ അത് മോശം അവസ്ഥയിലേയ്ക്ക് നീങ്ങും.എല്ലാവരുടേയും ജീവിതം ഒരുപോലെയല്ല. ചിലര്‍ കയ്പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുവന്നവരാകാം.
അത് ചില സന്ദര്‍ഭങ്ങളില്‍ അവരുടെ ആത്മവിശ്വാസത്തെ കുറച്ചുകളഞ്ഞേക്കാം. ചിലസമയങ്ങളില്‍ ഇത്തരം അരക്ഷിതാവസ്ഥകള്‍ അവരുടെ ജീവിതത്തിലും തൊഴിലിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പങ്കാളികള്‍ക്കിടയില്‍ ഒരാള്‍ മറ്റൊരാളെക്കുറിച്ച് അരക്ഷിതരാകുന്നത് ജീവിതത്തിന്റെ താളം തെറ്റിക്കും.
അത് അസൂയ, വെറുപ്പ്, നിഷേധാത്മക പെരുമാറ്റം എന്നിവയിലേയ്ക്കും നയിച്ചേക്കും. ഗ്ലീഡന്‍ ഡേറ്റിങ് ആപ്പ് ഇന്ത്യ മാനേജരായ സിബില്‍ ഷിഡല്‍ ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. അതില്‍ പങ്കാളികള്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
1.സ്വതന്ത്രമായ സാമൂഹിക ജീവിതത്തിന്റെ അഭാവം
ഏത് ബന്ധങ്ങളിലായാലും രണ്ടു വ്യക്തികള്‍ക്കിടയില്‍ കൃത്യമായ ഇടമുണ്ടായിരിക്കണം. പങ്കാളിയ്ക്കപ്പുറത്തുള്ള ലോകത്തേയ്ക്ക് അവര്‍ക്ക് ചിന്തിക്കാനുകുന്നില്ലെങ്കില് അവര്‍ അരക്ഷിതരാണെന്നാണ് അര്‍ത്ഥം. പങ്കാളിയില്‍ നിന്നകന്ന് ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുകയും വ്യക്തമായ സാമൂഹികജീവിതമില്ലാതിരിക്കുന്നതും അരക്ഷിതരാവസ്ഥയുടെ ലക്ഷണമാണ്. അവര്‍ക്ക് മറ്റൊരിടത്ത് സുരക്ഷ ലഭിക്കില്ലെന്ന ചിന്തയാണ് സാമൂഹികജീവിതത്തില്‍ നിന്നുമവരെ അകറ്റിനിര്‍ത്തുന്നത്.
2.അസൂയ
ബന്ധങ്ങളെ തകര്‍ത്തെറിയുന്ന വില്ലനാണ് അസൂയ. പങ്കാളി മറ്റേയാളേക്കാള്‍ താഴ്ന്നവനാണെന്ന് തോന്നുകയും അവരെ നഷ്ടപ്പെടുമെന്ന കരുതുകയും ചെയ്യുന്ന രീതിയും അപകടമാണ്. സുരക്ഷിതത്വമില്ലാത്ത ബന്ധങ്ങളിലാണ് അസൂയ ഉടലെടുക്കുന്നത്.
3. ഇരയാക്കിത്തീര്ക്കല്
സംഭാഷണങ്ങളിലും തര്‍ക്കങ്ങളിലും പങ്കാളി മുഴുവന്‍ കുറ്റങ്ങളും മറ്റേയാളിന്റെ മേല്‍ ചുമത്തുകയും സ്വയം ഇരയായിത്തീര്ക്കുകയും ചെയ്യുന്നു. മുഴുവന്‍ ശ്രദ്ധയും തനിക്ക് കിട്ടണമെന്ന് അവര്‍ ചിന്തിക്കുന്നു.
അത് അയാളുടെ സ്വഭാവമോ വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ നിന്നും സ്വാംശീകരിച്ചെടുത്തതോ ആവാം. എന്നാല്‍ ഈ പെരുമാറ്റം തികച്ചും അനാരോഗ്യപരമാണ്.

4.പേഴ്സണല്‍ സ്പേസ് ഇല്ലാതിരിക്കല്‍
നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് പേഴ്സണല്‍ സ്പേയ്സ് നല്കുന്നില്ലെങ്കില് അവര്‍ നിങ്ങളുടെ കാര്യത്തില്‍ അരക്ഷിതാവസ്ഥ നേരിടുന്നുവെന്നാണര്ത്ഥം.നിങ്ങള്‍ പങ്കാളി ആവശ്യപ്പെട്ടിട്ടും അത് നല്‍കാതിരിക്കുന്നത് ബന്ധങ്ങളെ ഹാനികരമായി ബാധിക്കും. നിങ്ങളെ ചുറ്റിപ്പറ്റി നില്ക്കാന് ആഗ്രഹിക്കുന്നത് നഷ്ടപ്പെടുമോയെന്ന ഭയമുള്ളതിനാലാണ്. എന്നാല്‍ ഇതെല്ലാം ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുത്തും.
5.വിമര്‍ശനങ്ങളെ താങ്ങില്ല
അരക്ഷിതരായവര്‍ക്ക് വിമര്‍ശനങ്ങളെ താങ്ങാന്‍ കഴിയില്ല. അതിനോട് ഉച്ചത്തിലും തീവ്രവുമായാണ് അവര്‍ പ്രതികരിക്കുക. അവരെക്കുറിച്ചുള്ള അഭിപ്രായങ്ങളെപ്പോലും ഉള്‍ക്കൊള്ളാന്‍ ഈ കൂട്ടര്ക്കാവില്ല.
6. പക്വതയില്ലാത്ത പെരുമാറ്റം
പക്വതയില്ലാതെ പെരുമാറുന്നതും അരക്ഷിതാവസ്ഥയുള്ളവരുടെ രീതിയാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയില്ല. എല്ലാം വ്യക്തികേന്ദ്രീകൃതമായി മാത്രമാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. അനാവശ്യമായി വഴക്കടിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നവരാണിവര്‍.
7. നിരന്തരം ഉറപ്പാക്കല്‍
നിങ്ങള്‍ അവരെ സ്നേഹിക്കുന്നുവെന്ന് എത്ര പ്രകടപ്പിച്ചാലും അവര്‍ക്കത് മനസിലാക്കാന്‍ കഴിയാതെ വരുന്നു. നിങ്ങള്‍ അവരെ സ്നേഹിക്കുന്നവെന്നതിനെ എല്ലായ്പ്പോഴും ഉറപ്പ് നല്കി ബോധ്യപ്പെടുത്തേണ്ടിവരും. മറ്റേയാള്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇവര്‍ അറിയുന്നില്ല.
8. നിസാര കാര്യങ്ങള്‍ക്കുള്ള ക്ഷമാപണം
എല്ലാ ബന്ധങ്ങളിലും തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും സംഭവിക്കാറുണ്ട്. അത് സ്വഭാവികവുമാണ്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ വലുതാക്കുകയും അതിലൊക്കെ പതിവായി ക്ഷമാപണം നടത്തുന്നതും അരക്ഷിതമായ ബന്ധങ്ങളുടെ ലക്ഷണമാണ്. ഇത് പലപ്പോഴും മറ്റേയാളില്‍ അസ്വസ്ഥതയുണ്ടാക്കും.
9. എല്ലാത്തിലും താരതമ്യം ചെയ്യല്‍
പങ്കാളികള്‍ വ്യത്യസ്തരായ രണ്ടു വ്യക്തികളാണ്.അവര്‍ക്ക് അവരുടേതായ കുറവുകളും മേന്മകളുമുണ്ടാകും. എല്ലാത്തിനോടും താരതമ്യം ചെയ്തുള്ള പെരുമാറ്റം മറ്റൊരാളില്‍ മടുപ്പ് സൃഷ്ടിക്കും.താരതമ്യം ചെയ്യല്‍ മറ്റേയാളുടെ ആത്മാഭിമാനം വ്രണപ്പെടുത്തും.

10. ഓവര്‍ തിങ്കിങ്
ഒരേ കാര്യങ്ങളെക്കുറിച്ച് നിരന്തരം ചിന്തിച്ചു കാടുകയറുകയും ഇല്ലാത്ത അനുമാനങ്ങളില്‍ എത്തിചേരുകയും ചെയ്യുന്ന രീതി. മറ്റൊരാള്‍ ഇങ്ങനെ വിചാരിച്ചുവെന്നും കരുതി അതില്‍ ഉത്കണ്ഠപ്പെടുക എന്നിവയെല്ലാം അരക്ഷിതനായ ഒരാള്‍ ചെയ്യും.
ബന്ധങ്ങളില്‍ അരക്ഷിതരായിരിക്കുന്ന പങ്കാളികളെ സഹാനുഭൂതിയോടെ മനസിലാക്കേണ്ടത് പ്രധാനമാണ്. പങ്കാളികളൊരുമിച്ച് നിന്ന് വേണം ബന്ധങ്ങളിലെ അസ്വാരസ്യങ്ങളെ പരിഹരിക്കുവാന്‍. എല്ലാ ബന്ധങ്ങളിലും ഉയര്‍ച്ച താഴ്ചകളുടെ ഘട്ടങ്ങളുണ്ടാകും. ഇരുവരും അതിനെ പക്വതയോടെ കൈകാര്യം ചെയ്യുമ്പോഴാണ് ജീവിതവിജയമുണ്ടാകുന്നത്.
ഒരാള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നത് മനസിലാക്കിയാല്‍ ശാന്തമായി അതിനെ കൈകാര്യം ചെയ്യാന്‍ പങ്കാളി തയ്യാറാകണം. പരസ്പരമുള്ള ആശയവിനിമയവും ശക്തമാക്കണം. എന്നാല്‍ എത്ര പരിശ്രമിച്ചിട്ടും കാര്യങ്ങള്‍ വഷളാകുകയാണെങ്കില്‍ അതില്‍ മറ്റേയാള്‍ നിസഹായനായിത്തീരും. ഒരാള്‍ക്ക് മാത്രമായി ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലയെന്ന് മനസിലാക്കണമെന്നും സിബില്‍ പറയുന്നു.
Content Highlights: relationship,insecurity,mental health,couple
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..