Photo: instagram.com|bohrasisters
സക്കീനയും സൈനബയും സഹോദരിമാരാണ്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഇരുവരുടെയും ജന്മ ദേശം. എല്ലാ കുട്ടികളെയും പോലെ പഠിച്ച് ഉയര്‍ന്ന് നല്ല ജോലി വാങ്ങി ജീവിക്കുക എന്ന സ്വപ്‌നത്തിലേക്ക് പറന്നവര്‍. സക്കീന സാന്‍ഫ്രാന്‍സിസ്‌കോയിലും സൈനബ കുവൈത്തിലുമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. രണ്ടിടങ്ങളിലാണെങ്കിലും ഇരുവരുടെയും ജീവിതത്തെ ചേര്‍ത്തു നിര്‍ത്തുന്ന ഒന്നുണ്ട്. ബൊഹ്‌റാ സിസ്‌റ്റേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട്.
സ്‌റ്റോപ്പ് മോഷന്‍ ആനിമേഷന്‍ വീഡിയോകളും ജിഫുകളുമാണ് ഇവര്‍ തങ്ങളുടെ പേജില്‍ ഒരുക്കുന്നത്. കുടുംബം, ഭക്ഷണശീലങ്ങള്‍, സംസ്‌കാരം, സ്ത്രീകളുടെ ഉന്നമനം, കൈമാറേണ്ട നന്മകള്‍... ഇങ്ങനെ പലകാര്യങ്ങളെ ഡിജിറ്റല്‍ സാങ്കേതികവിദ്യയും ചിത്രങ്ങളും ഒന്നിച്ചു ചേര്‍ത്ത് ആളുകളിലേക്ക് എത്തിക്കുകയാണ് ഇരുവരും ചെയ്യുന്നത്. സ്വന്തം അനുഭവങ്ങള്‍ തന്നെയാണ് സഹോദരിമാര്‍ ഓരോ വീഡിയോക്കും വിഷയങ്ങളാക്കുന്നത്.
ആരാണ് ബൊഹ്‌റ സഹോദരിമാര്‍ എന്ന് ഒരിടത്തും തിരഞ്ഞിട്ട് കാര്യമില്ല. തങ്ങളുടെ ചിത്രം പങ്കുവയ്ക്കാന്‍ ഇവര്‍ തയ്യാറല്ല എന്ന് ഒരു അഭിമുഖത്തില്‍ ഇരുവരും വെളിപ്പെടുത്തിയിരുന്നു.
രണ്ട് പേരും ബംഗളൂരുവില്‍ നിന്ന് എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ് വിദേശത്തേക്ക് കുടിയേറിയത്. സൈനബ ഒരു മാര്‍ക്കറ്റിങ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സക്കീനക്ക് ചെറുപ്പം മുതലേ ക്രാഫ്റ്റുകളോടും ചിത്രരചനയോടുമെല്ലാം വലിയ ഇഷ്ടമായിരുന്നു. കൊറോണക്കാലമെത്തിയതോടെ ഇരുവരും മുഴവന്‍ സമയ ചിത്രകാരികളായി.
2015 മുതലാണ് ഇവര്‍ തങ്ങളുടെ ആശയങ്ങളെ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചുതുടങ്ങിയത്. നാടും വീടും വിട്ടു നില്‍ക്കുമ്പോള്‍ എപ്പോഴും ഓര്‍മവരുന്ന ഗൃഹാതുരതകളായിരുന്നു ആദ്യത്തെ വര്‍ക്കുകളെല്ലാം. മുത്തശ്ശനും മുത്തശ്ശിയും, അടുക്കളയില്‍ ജോലി എടുക്കുന്ന അമ്മയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍, പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന മുത്തശ്ശി, വീട്, രാജസ്ഥാനിലെ പാരമ്പര്യം, ഉത്സവങ്ങള്‍, കുട്ടിക്കാലം, പിതാവിനൊപ്പമുള്ള നിമിഷങ്ങള്‍... എന്നിവയെല്ലാമായിരുന്നു അവ. എല്ലാം തന്നെ ഇരുവരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും. പഴയകാല ചലച്ചിത്രഗാനങ്ങളുടെ അകമ്പടിയോടെയാണ് വീഡിയോകള്‍ ചെയ്തിരിക്കുന്നത്.
സാമൂഹികമായ മാറ്റങ്ങളും ശ്രദ്ധയും ആവശ്യമായ പലകാര്യങ്ങളെ പറ്റിയും ഇവര്‍ വീഡിയോകള്‍ ഒരുക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള വിവേചനം ഒഴിവാക്കുക, കൊറോണക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പാവപ്പെട്ടവരെ സഹായിക്കുക, ഭക്ഷണം പാഴാക്കുന്നത് തടയുക... തുടങ്ങീ പല വിഷയങ്ങളിലും മനോഹരമായ വീഡിയോകള്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ വീഡിയോ കാണുന്നവരുടെ മുഖത്ത് ഒരു ചെറു പുഞ്ചിരിയെങ്കിലും വിരിയണം മനസ്സില്‍ ഒരു നല്ല ചിന്തയെങ്കിലും വളരണം എന്നതാണ് സൈനബയുടെയും സക്കീനയുടെയും ലക്ഷ്യം. ഇന്‍സ്റ്റ ഗ്രാമിനൊപ്പം ബൊഹ്‌റ സിസ്‌റ്റേഴ്‌സ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്.
ഇരുവരുടെയും വീഡിയോകള്‍ കണ്ട് മാര്‍ക്കറ്റിങ് വീഡിയോകള്‍ക്കായി ധാരാളം കമ്പനികളും സഹോദരിമാരെ തേടി ഇപ്പോള്‍ എത്തുന്നുണ്ട്.
Content Highlights: Siblings Sakina and Zainab narrate stories with a personal touch on Instagram for Social changes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..