-
കൊച്ചി: ഇരുണ്ട കാലത്തിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ഇന്ത്യയും ഇറാനുമടക്കമുള്ള രാജ്യങ്ങളില്‍ പ്രതീക്ഷ നല്‍കുന്നത് സ്ത്രീകളുടെ മുന്നേറ്റമാണെന്ന് അമേരിക്കയില്‍ താമസിക്കുന്ന ഇറാന്‍ കവയിത്രിയും നാടക പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഷോലെ വൂള്‍പി പറയുന്നു. മതത്തിന്റെയും അതിര്‍ത്തികളുടെ രേഖകളുടെയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന കാലത്ത് പ്രതീക്ഷ നല്‍കുന്നത് പോരാട്ടങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന സ്ത്രീകളാണെന്നും അവര്‍ പറഞ്ഞു.
ചിത്രകാരിയും ഫോട്ടോഗ്രാഫറും കൂടിയായ ഷോലെ വോള്‍പി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ്, പങ്കാളിയും സോഷ്യോളിസ്റ്റുമായ എഡ്വേഡ് ടെല്ലിസുമൊത്ത് കൊച്ചിയിലെത്തിയത്. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട, അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ചവയാണ് ഷോലെയുടെ കവിതകള്‍.
'കീപ്പിങ് ടൈം വിത്ത് ബ്‌ളൂ ഹയാസിന്റസ്', 'സ്‌കാര്‍ സലൂണ്‍', 'റൂഫ് ടോപ്പ് ഓഫ് ടെഹ്റാന്‍', 'കോണ്‍ഫറന്‍സ് ഓഫ് ദ ബേര്‍ഡ്‌സ്' എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്ത്യയില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ സ്ത്രീകളുണ്ടെന്നത് സന്തോഷകരമാണ്. അടിച്ചമര്‍ത്തലുകള്‍ക്കെതിരേ വിദ്യാഭ്യാസ്യമുള്ള, സാമൂഹികബോധമുള്ള ഒരു തലമുറ മുന്നോട്ട് വരുന്നുണ്ട്. ഭാവിയിലെ സമത്വസുന്ദര ലോകം അവര്‍ പണിയുമെന്നാണ് വിശ്വാസം.
അടിച്ചമര്‍ത്തല്‍ അധികകാലം തുടരാനാവില്ല
'ഇത് പുരുഷന് ആധിപത്യമുളള ലോകമാണ്... അവിടെ സ്ത്രീകളുടെ ശബ്ദം മുഴങ്ങണമെന്നും സമത്വം യാഥാര്‍ത്ഥ്യമാകണമെന്നുമാണ് എന്റെ നിലപാട്. സ്ത്രീകള്‍ക്കെതിരെയുള്ള മനുഷ്യാവകശാല ലംഘനങ്ങളില്‍ വലിയ ഉത്കണ്ഠകളുണ്ട്. നമ്മുടെ അമ്മാര്‍ സ്വയം അടിച്ചമര്‍ത്തലിന്റെ ഇരയാകുകയും അത് തങ്ങളുടെ പെണ്‍മക്കളുടെ മേല്‍ നടപ്പാക്കുകയും ചെയ്യുകയാണ്. പക്ഷേ, സ്ത്രീകള്‍ ലോകത്തെല്ലായിടത്തും കുരുക്കുകളില്‍ നിന്ന് മോചിതരായിക്കൊണ്ടിരിക്കുകയാണ്. അടിച്ചമര്‍ത്തലുകള്‍ അധികകാലം ഇതുപോലെ തുടരാനാവില്ല.'
ഭരണകൂടത്തെ അനുകൂലിക്കില്ല, ഇറാന്‍ ജനതയ്ക്ക് ഒപ്പം മാത്രം
'അമേരിക്ക-ഇറാന്‍ വിഷയം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന ഒന്നാണ്. ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ഭീതിയിലാണ് ഇറാനിലെ ജീവിതം. യുദ്ധംകൊണ്ട് ഒന്നും നേടാനാവില്ലെന്ന് ചരിത്രം ബോധ്യപ്പെടുത്തിയതാണ്. അഭായര്‍ത്ഥികള്‍ നിറഞ്ഞ ലോകമാണ് യുദ്ധത്തിന്റെ ബാക്കിപത്രം. ഇറാനെതിരേ ഒരു ആക്രമണമുണ്ടാവരുതേയെന്നാണ് പ്രാര്‍ത്ഥന. എന്നാല്‍ ഇറാനിലെ ഭരണകൂടത്തോട് യോജിപ്പില്ല. യുദ്ധം വന്നാല്‍ ഇറാന്‍ ജനതയ്‌ക്കൊപ്പമേ നില്‍ക്കൂ. ഒരിക്കലും ഭരണകൂടത്തെ പിന്തുണയ്ക്കില്ല. ജനിച്ചുവളര്‍ന്ന നാടെന്ന നിലയില്‍ ഇറാന്‍ എപ്പോഴും പിന്‍വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയൊരു മടങ്ങിപ്പോക്ക് എളുപ്പമല്ലെന്നറിയാം. അമേരിക്കയുടെ കണ്ണിലെ കരടായതിനാല്‍ ലോകശ്രദ്ധ ഇറാനുമേലാണ്. അവിടെ കാര്യങ്ങള്‍ സുരക്ഷിതമല്ല, ജനങ്ങളെ എല്ലാ തരത്തിലും അടിച്ചമര്‍ത്തുകയാണ്. പതിമൂന്ന് വയസ്സുള്ളപ്പോഴാണ് ഞാന്‍ ഇറാന്‍ വിടുന്നത്. ട്രിനിഡാഡില്‍ അമ്മായിക്കൊപ്പം കഴിയാനായി അച്ഛനുമമ്മയും എന്നെ അയച്ചു. ഒരു വര്‍ഷത്തിനു ശേഷം ഇംഗ്‌ളണ്ടിലേക്ക് സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കാന്‍ പോയി. പീന്നീട് ഒരു തവണയേ ഇറാന്‍ സന്ദര്‍ശിച്ചിട്ടുള്ളു. അപ്പോഴേക്ക് അവിടെ വിപ്‌ളവം നടന്നിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇറാനിലുണ്ട്.
തങ്ങളുടെ കുട്ടികളും മാതാപിതാക്കളും തടവിലടയ്ക്കപ്പെടുമ്പോഴും വെടിയേല്‍ക്കുമ്പോഴുമൊക്കെ, അവിടെയുള്ള ബന്ധുക്കളുടെ വേദനകളും ദുരിതവുമെല്ലാം എനിക്ക് നന്നായി അറിയാം. ഇറാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇറാനിയനാണ് ഞാന്‍. അതേസമയം, അമേരിക്കന്‍ ഭര്‍ത്താവും കുട്ടികളുമുള്ള അമേരിക്കക്കാരിയുമാണ്. ഒരിടത്തുമാവാതിരിക്കുന്നതില്‍ ചിലപ്പോള്‍ ദുഃഖം തോന്നാറുണ്ട്.'
എന്തുകൊണ്ട് പട്ടിണിമാറ്റാന്‍ ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല...?
'മൂന്നാമത്തെ തവണയാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യ കാണുംമുമ്പേ 'ഗംഗാതീരത്ത്' എന്ന കവിത എഴുതിയിട്ടുണ്ട്്. വായിച്ചും കേട്ടും ഇന്ത്യയെ അറിഞ്ഞതുവെച്ചാണ് അത്. ഇവിടെ എത്ര കണ്ടാലും തീരാത്ത കാഴ്ചകളുണ്ട്.
എന്നാല്‍, നഗരങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്... ദരിദ്രരുടെ എണ്ണം കൂടുന്നു... ടൂറിസ്റ്റുകളില്‍ നിന്ന് ഈടാക്കുന്ന പണം മുഴുവന്‍ എവിടെ പോകുന്നു...? എന്തുകൊണ്ട് ജനങ്ങളുടെ പട്ടിണി മാറുന്നില്ല...? കാഴ്ചകള്‍ക്കെല്ലാം മനോഹരവും വേദനിപ്പിക്കുന്നതുമായ രണ്ടു വശങ്ങളുണ്ട്. ഇന്ത്യ സംവാദപരമായി, ആത്മീയമായി സങ്കീര്‍ണമാണ്. നിരാശപ്പെടുത്തുന്ന കാഴ്ചകളില്ലാത്ത ഇന്ത്യയിലേക്ക് വീണ്ടും വരണമെന്നുണ്ട്.'
Content Highlights: Sholeh Wolpe talks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..