ജുവൽ കുടുംബത്തോടൊപ്പം
ലോക്ഡൗണിലെ വിരസത മാറ്റാന്‍ വേണ്ടിയാണ് കോതമംഗലം സ്വദേശിയായ ബേസില്‍.കെ വര്‍ഗീസ് മകളായ 7 വയസുകാരി ജുവല്‍ മറിയം ബേസിലിനെ നീന്തല്‍ പഠിപ്പിക്കുന്നതിനായി അടുത്തുള്ള നീന്തല്‍ പരിശീലന കേന്ദ്രത്തിലയ്ക്കുന്നത്. അമ്മയും അധ്യാപികയുമായ അഞ്ജലിയുടെയുടെ ഒപ്പമായിരുന്നു ജുവല്‍ ക്ലാസിന് പോയികൊണ്ടിരുന്നത്. പഠനം തുടങ്ങിയ ശേഷമായിരുന്നു ജുവലിന്റെ നീന്തലിലുള്ള പ്രാഗത്ഭ്യം പരിശീലകനായ ബിജു തങ്കപ്പന്‍ തിരിച്ചറിയുന്നത്. ഈ തിരിച്ചറിവാണ് അവളെ ഗിന്നസ് ബുക്കിലേക്ക് കൈ പിടിച്ചു നടത്താന്‍ ബിജുവിനെ പ്രേരിപ്പിച്ചത്.
ഇപ്പോള്‍ വേമ്പനാട്ട് കായല്‍ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന ഗിന്നസ് റെക്കോഡ് സ്വപ്‌നം കാണുകയാണ് ഈ കൊച്ചു മിടുക്കി. അടുത്ത മാസം ജനുവരി എട്ടിനായിരിക്കും ജുവലിന്റെ ഗിന്നസ് വേള്‍ഡ് അറ്റംപ്റ്റ് നടക്കുക. ഇതിനായുള്ള അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു ബേസിലും പരിശീലകന്‍ ബിജു തങ്കപ്പനും. ഏതാനും ചെറിയ ചവിട്ടുപടികള്‍ കൂടി കഴിഞ്ഞ് ജനുവരി എട്ടിന് ജുവലിന് മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞാല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലേക്കായിരിക്കും ഈ ഏഴു വയസ്സുകാരി നീന്തി കയറുക.
മാര്‍ അത്തനേഷ്യസ് കോളേജിന്റെ സ്വിമ്മിങ് പൂളില്‍ മുമ്പ് 21 ദിവസത്തെ സ്വിമ്മിങ് ക്യാമ്പ് നടന്നിരുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ചേട്ടന് കൂട്ടുപോയി തുടങ്ങിയതാണ് ജുവല്‍. അന്ന് തോന്നിയ തുടങ്ങിയ കൗതുകമാണ് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് അറ്റംപ്റ്റ് എന്ന ലക്ഷ്യത്തിലേക്ക് ഈ കുരുന്നിനെയും എത്തിച്ചത്.
ബിജു തങ്കപ്പന്റെ കീഴില്‍ നീന്തല്‍ പരിശീലിച്ച നിരവധി പേര്‍ റെക്കോഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. രണ്ട് രീതിയിലാണ് ഗിന്നസ് റെക്കോഡിന്റെ പ്രൊസീഡിംഗ്സ്. ഒന്ന് വന്ന് വേരിഫൈ ചെയ്യുന്ന തരത്തിലുള്ളത്. രണ്ടാമത് റെക്കോഡ് ചെയ്തു അയ്ക്കുന്നത്. വന്ന് വേരിഫൈ ചെയ്യുന്നത് ചെലവ് അധികമാക്കുന്നത് പരിഗണിച്ചാണ് റെക്കോഡ് ചെയ്തു അയ്ക്കാമെന്ന് തീരുമാനിക്കുന്നത്.
ചേട്ടനൊപ്പം കൂട്ടിന് വന്നിരുന്ന ജുവല്‍ ചെറുപ്പത്തിലെ തന്നെയും നീന്തല്‍ പഠിപ്പിക്കാമോയെന്ന് ചോദിക്കുമായിരുന്നെന്ന് പറയുന്നു പരിശീലകനായ ബിജു തങ്കപ്പന്‍. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
"എല്ലാ ദിവസവും തന്നെയും പഠിപ്പിക്കണമെന്ന് ജുവല്‍ ആവശ്യപ്പെടുമായിരുന്നു. ചെറുപ്പമായതിനാല്‍ അതിന് ഞാന്‍ അനുവദിച്ചില്ല. എല്ലാ ദിവസവും കരഞ്ഞോണ്ടു പോകും. കോതമംഗലം പുഴയിലായിരുന്നു പരിശീലനം. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ്. മെല്ലെ അവളെയും നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നാല് കിലോമീറ്റര്‍ ഒക്കെ അനായാസേന നീന്തും. ഒരു ഒഴിവ് ദിവസം പോലുമെടുക്കാതെയായിരുന്നു പരിശീലനം. രാവിലെ രണ്ടര മണിക്കൂര്‍ പൂളിലും വൈകുന്നേരം ഒന്നര മണിക്കൂര്‍ പുഴയിലുമാണ് പരിശീലനം", ബിജു തങ്കപ്പന്‍ പറഞ്ഞു.

13 വയസ്സുള്ള ഒരാളെ കൊണ്ട് തന്റെ പരിശീലനത്തില്‍ ബിജു തങ്കപ്പന്‍ വേമ്പനാട് കായലില്‍ നീന്തിച്ചിരുന്നു. കാഴ്ചക്കാരിയായി ജുവല്‍ ഉണ്ടായിരുന്നു. മതി എന്ന വാക്ക് ജുവലിന്റെ ഡിഷ്ണറിയിലില്ല. ഒരു ദിവസം എത്ര നേരം പരിശീലനം നല്‍കിയാലും അവള്‍ മതിയായെന്ന് പറയാറേയില്ലെന്നും ബിജു പറയുമ്പോള്‍ തെളിയുക ആ ഗുരുവിന് പ്രിയ ശിഷ്യയോടുള്ള സ്നേഹത്തിന്റെ വ്യാപ്തിയാണ്.
മക്കള്‍ പുഴയിലിറങ്ങുമ്പോള്‍ വേവലാതി പെടുന്ന മാതാപിതാക്കള്‍ക്കിടയില്‍ വ്യത്യസ്തരാവുകയാണ് ബേസിലും അഞ്ജലിയും. മകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത് അമ്മയാണ്. ഇരുവര്‍ക്കും ഏഴു വയസ്സുകാരി മകള്‍ വേമ്പനാട്ട് കായല്‍ നീന്തികിടക്കുന്നതില്‍ യാതൊരു ആശങ്കയുമില്ല. കാരണം അവര്‍ക്കറിയാം നീന്തികടക്കാന്‍ കടമ്പകള്‍ ഒട്ടെറെയുള്ള ജീവിതത്തില്‍ ഇതവള്‍ക്ക് ഗുണം ചെയ്യുമെന്ന്. അനിയത്തിക്ക് ഫുള്‍ സപ്പോര്‍ട്ടുമായി ചേട്ടനുമുണ്ടെന്ന് പറയുന്നു ബേസില്‍. കറുകടം വിദ്യാവികാസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജുവല്‍.
Content Highlights: seven years old jewel to attempt for guiness world record
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..