എം.ടി, കലാമണ്ഡലം സരസ്വതി/ ഫോട്ടോ: സാജൻ വി നമ്പ്യാർ
കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം ഇരുപത്തിനാലാം ഭാഗം വായിക്കാം
വിശ്രമം എന്ന വാക്കിനെ ഞാന്‍ ഏറ്റവും കൂടുതല്‍ പഴിച്ചിട്ടുണ്ടായിരിക്കാം. ഇരിക്കാനും ഉണ്ണാനും ഉറങ്ങാനും സമയം കിട്ടുന്നില്ലെന്ന് നിരന്തരം എന്നോട് തന്നെ പരാതിയായിരുന്നല്ലോ. കലാദേവത അറിഞ്ഞുകൊണ്ടുതന്നെ എനിക്ക് വിശ്രമം കല്പ്പിച്ചു. ഇന്നും അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് വേദനയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗലാപുരം ഉഡുപ്പി ശ്രീകൃഷ്ണാക്ഷേത്രത്തില് നൃത്തപരിപാടി അവതരിപ്പിക്കാന്‍ ക്ഷണം വന്നതും ഞങ്ങള്‍ക്ക് അതിയായ സന്തോഷമായി. കുട്ടികളെയെല്ലാം നന്നായി പ്രാക്ടീസ് ചെയ്യിച്ചു. വര്‍ണം ഞാന്‍ ചെയ്യുമെന്നാണ് ഏറ്റത്. ശേഷം മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് കുട്ടികള്‍ ഒന്നൊന്നായി നൃത്തം അവതരിപ്പിക്കും. വലിയ പരിപാടിയാണ്. ധാരാളം ആളുകള്‍ കാണാന്‍ വരും. പ്രമുഖരായവര്‍ തന്നെ ഏറെയുണ്ടാകും. അവരുടെ പ്രത്യേക ക്ഷണപ്രകാരമുള്ള വേദിയായതിനാല്‍ നൃത്തത്തെ സ്നേഹിക്കുന്ന എല്ലാ തലമുറയില്‍പ്പെട്ട ആളുകളും വേദിയില്‍ സന്നിഹിതരായിരുന്നു. വര്‍ണം ചെയ്യാനായി ഞാന്‍ സ്റ്റേജില്‍ കയറി. നട്ടുവാംഗം തുടങ്ങി, പദങ്ങള്‍ സ്ഫുടമായി കേട്ടു. പക്കവാദ്യക്കാരെല്ലാം ഭംഗിയായി ആരംഭിച്ചു. വര്‍ണം കഴിഞ്ഞയുടന്‍ തന്നെ നൃത്തമവതരിപ്പിക്കാനുള്ള കുട്ടികള്‍ മേക്കപ്പെല്ലാം കഴിഞ്ഞ് തയ്യാറായി നില്‍ക്കുന്നുണ്ട്. പക്ഷേ വര്‍ണം കഴിഞ്ഞതും ഞാന്‍ അടുത്ത പദത്തിലേക്കുള്ള ചുവടുകള്‍ വെക്കാന്‍ തുടങ്ങി. നട്ടുവാംഗം ചെയ്തുകൊണ്ടിരുന്ന നയന്‍താരയെ പക്കവാദ്യക്കാന് നോക്കി, രണ്ടുകൂട്ടരും പകച്ചുവെങ്കിലും നട്ടുവാംഗം തുടരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. സദസ്സില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. പാളിച്ചപറ്റിയത് അവര്‍ അറിയാന്‍ പാടില്ലല്ലോ.
പക്കവാദ്യക്കാര്ക്ക് എന്റെ ചുവടുകള്‍ക്കൊപ്പം കൊട്ടാതെ നിവൃത്തിയില്ലെന്നായി. നൃത്തമവതരിപ്പിക്കാന്‍ തയ്യാറായി നില്ക്കുന്ന മക്കള്‍ കുട്ടികള്‍ പരസ്പം നോക്കി. ഞാന്‍ ഇവരെയാരെയും കണ്ടില്ല. പക്കവാദ്യം മാത്രമേ കേട്ടുള്ളൂ. നട്ടുവാംഗത്തിനനുസരിച്ചായിരുന്നോ എന്റെ താളവും എന്നറിയില്ല. നൃത്യാലയയില്‍ നിന്നും കൊണ്ടുവന്ന കുട്ടികള്‍ക്കാര്‍ക്കും തന്നെ വേദിയില്‍ കയറാന്‍ കഴിയാതെയായി. മണിക്കൂറുകളോളം ഞാന്‍ തളര്ച്ചയേതുമില്ലാതെ നൃത്തം ചെയ്തുകൊണ്ടേയിരുന്നു. പലപദങ്ങളും അപ്പപ്പോള്‍ത്തന്നെ വിപുലമാക്കിയത്രേ. എപ്പോഴാണ് അത് നിര്‍ത്തിയത് എന്നെനിക്കോര്‍മയില്ല. എങ്ങനെയാണ് നിര്‍ത്തിയതെന്നും അറിയില്ല. നീണ്ട ഉറക്കമായിരുന്നു പിന്നെ. തലേന്ന് സംഭവിച്ചത് ഇങ്ങനെയെല്ലാമായിരുന്നു എന്ന് പിന്നീട് നയന്‍താര പറഞ്ഞാണ് അറിഞ്ഞത്. അബോധാവസ്ഥയില്‍ എത്രനേരം ഞാന്‍ എന്തൊക്കെയാണ് വേദിയില്‍ കാട്ടിക്കൂട്ടിയത് എന്നോര്‍ത്തായിരുന്നു പിന്നെ എന്റെ ആധി മുഴുവന്‍. തകര്ന്നുപോകുന്നതെങ്ങനെയാണ് എന്ന് നന്നായി അറിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാന്‍ പറ്റാതാകുന്ന അവസ്ഥ! ആ അവസ്ഥ അതിജീവിക്കുകയെന്നത് അത്ര എളുപ്പമല്ലായിരുന്നു.
ഈയൊരു സംഭവത്തിന്റെ മുന്നൊരുക്കമെന്നോണം എന്റെ ബോധം വളരെ ചെറിയ രൂപത്തില്‍ എന്നെ പരീക്ഷിച്ചതാണ്. തൃപ്പൂണിത്തുറ സീമാ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിന് നൃത്യാലയയുടെ കലാപരിപാടികള്‍ അവര്‍ ബുക് ചെയ്തിരുന്നു. ശാരീരികമായി എനിക്കൊട്ടും വയ്യാത്ത അവസ്ഥ. ശരീരത്തേക്കാള്‍ കൂടുതല്‍ മനസ്സിനായിരുന്നു അകാരണമായ ഒരു കനം അനുഭവപ്പെട്ടിരുന്നത്. കാരണമറിയാത്ത ആ കനവും പേറി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് കുട്ടികളെയും കൊണ്ട് ഞാന്‍ പോയി. എന്റെ ഐറ്റം ഉണ്ടാവില്ല എന്ന് നേരത്തെ അറിയിച്ചു. എങ്കിലും കുട്ടികള്‍ പോകുമ്പോള്‍ ഞാനില്ലെങ്കില്‍ ഉത്തരവാദിത്തക്കുറവ് എനിക്കനുഭവപ്പെടാറുണ്ട്. സ്ഥലത്ത് എത്തിയപ്പോള്‍ ഗംഭീരമായ ഓഡിറ്റോറിയം കണ്ട് എല്ലാവര്ക്കും സന്തോഷമായി. ആദ്യദിനം കഴിഞ്ഞതും ഒരു പദമെങ്കിലും ചെയ്തൂടെ എന്ന നിര്‍ബന്ധം പലയിടങ്ങളില്‍ നിന്നും വരാന്‍ തുടങ്ങി. സ്വതവേ നൃത്താഭമായ അന്തരീക്ഷത്തില്‍ എത്തിയാല്‍ പിന്നെ മനസ്സും ശരീരവും മുഴുവന്‍ നൃത്തം വന്നു പൊതിയുന്നതാണ് എന്നെ. കുട്ടികളുടെ പരിപാടികള്‍ എന്നെ സന്തോഷിപ്പിക്കുമ്പോഴും എനിക്ക് വേദിയിലേക്ക് മനസ്സുകൊണ്ട് കയറാനാവുന്നില്ല!
ഒരു പദമെങ്കിലും ചെയ്യൂ എന്ന നിര്‍ബന്ധം കൂടിക്കൂടി വന്നപ്പോള്‍, ഇനിയും നിഷേധിച്ചാല്‍ അഹങ്കാരമാകുമല്ലോ എന്ന ഭയത്തോടെ ചെറിയൊരു പദം ചെയ്യാന്‍ തീരുമാനിച്ചു. വേഷഭൂഷാദികളൊന്നും കയ്യില്‍ കരുതിയിട്ടില്ല. നേരത്തേ തീരുമാനിച്ചതാണല്ലോ സ്റ്റേജില്‍ കയറുന്നില്ല എന്ന്. നയന്‍താര നട്ടുവാംഗം ചെയ്യാനായി ഒരുങ്ങി. കുട്ടികളില്‍ മുതിര്‍ന്നയാളുടെ വേഷം എന്റെ പാകത്തില്‍ വലിച്ചുകുത്തി എടുപിടീന്ന് സ്റ്റേജില്‍ കയറി. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള പദത്തെ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഞാന്‍ വേദിയില്‍ വലിച്ചുനീട്ടാന്‍ തുടങ്ങി. നട്ടുവാംഗം ചെയ്തുകൊണ്ടിരുന്ന നയന്‍താര പക്കവാദ്യക്കാരെ നോക്കി. നാലുമിനിറ്റില്‍ നില്‍ക്കില്ല, വിശദമാക്കിത്തന്നെയാണ് നൃത്തം എന്നവര്‍ പരസ്പരം മനസ്സിലാക്കി. വേഗം ഒരു പദം ചെയ്തിറങ്ങാന്‍ തിടുക്കം കാണിച്ചിരുന്ന ഞാന്‍ നാല്പത് മിനിറ്റോളം ഒരു പദത്തെ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ അവതരിപ്പിക്കാന്‍ തുടങ്ങി. നട്ടുവാംഗക്കാരിയും പക്കവാദ്യക്കാരും എന്റെ താളത്തെയനുസരിച്ച് അവരുടെ താളത്തെ മാറ്റി. വേദിയറിയാതെ, മനസ്സിനെ വരുതിയില്‍ കിട്ടാതെ ഞാന്‍ നൃത്തം തുടര്‍ന്നുകൊണ്ടേയിരുന്നു. ആവര്ത്തനമുണ്ടായിരുന്നോ, പദാനുസരണമായിരുന്നോ, പക്കവാദ്യക്കാര്ക്ക് ബുദ്ധിമുട്ടാകുമോ എന്നൊന്നും എന്നെ അലട്ടിയിരുന്നില്ല. കയ്യടികള്‍ ഉയര്‍ന്നപ്പോഴാണ് നൃത്തം അവസാനിച്ചു എന്നെനിക്ക് തിരിച്ചറിവുണ്ടായത്.
ഉഡുപ്പിയിലെ 'സംഭവം' കഴിഞ്ഞ് പുലര്‍ച്ചെയാണ് കോഴിക്കോട് എത്തിയത്. വണ്ടിയില്‍ കയറിയിരുന്നതല്ലാതെ ഒരക്ഷരം ആരോടും എനിക്കുമിണ്ടാനില്ലായിരുന്നു. വീടെത്തിയപ്പോള്‍ ആരോടും യാത്ര പറയാതെ നേരെ മുറിയില്‍ക്കയറി വാതിലടച്ചു കിടന്നു. നേരം പുലര്‍ന്നപ്പോള്‍ തന്നെ ശ്രീധരന് മാസ്റ്റര്‍ വീട്ടിലെത്തി. മാഷായിരുന്നു എന്നത്തെയും പോലെ അന്നും മേക്കപ്മാന് കം ഫോട്ടോഗ്രാഫര്‍. എം.ടി ഓഫീസിലേക്ക് ഇറങ്ങാന്‍ പോകുന്നതിനുമുമ്പ് തന്നെ വീട്ടിലെത്തി തലേന്ന് നടന്നതെല്ലാം വിശദീകരിച്ചു പറഞ്ഞു. എം.ടി എല്ലാം കേട്ട് ഇരുന്നു.
ഉഡുപ്പിയില്‍ നിന്നും തിരികെയെത്തിയപ്പോള്‍ മുതല്‍ മനസ്സ് അസ്വസ്ഥമായിരുന്നു. കലശലായ തലവേദന തുടങ്ങി. ഞാനിങ്ങനെ ചെയ്തുപോയല്ലോ എന്ന വിഷമം എനിക്കു നിയന്ത്രിക്കാന്‍ പറ്റുന്നതല്ലായിരുന്നു. സിതാരയിലെത്തിയാല് പൊതുവേ എല്ലാത്തരം അസ്വസ്ഥതകളെയും ഞാന്‍ പുറത്ത് നിര്‍ത്തുകയാണ് പതിവ്. എം.ടി സ്വസ്ഥമായി ഇരിക്കുന്നയിടമാണ്. അവിടേക്ക് അസ്വസ്ഥതകളും അസ്വാരസ്യങ്ങളും കൊണ്ടുവരുന്നത് എനിക്കിഷ്ടമില്ല, മറ്റുള്ളവര്‍ കൊണ്ടുവരുന്നതും ഇഷ്ടമില്ല. മുറിക്കുള്ളില്‍ അടച്ചുകിടക്കുക എന്നതായിരുന്നു ആകെയുള്ള സമാധാനം. ശബ്ദങ്ങള്‍ കേള്‍ക്കുന്നത് എനിക്കു പ്രശ്നമായിത്തുടങ്ങി. നൃത്യാലയയെക്കുറിച്ചോര്ത്ത് ആധിയില്ലായിരുന്നു. എന്നെ സഹായിക്കാന്‍ വരുന്ന ടീച്ചര്മാര് എന്നെക്കാള്‍ നന്നായി സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോയിരുന്നു.
എന്താണ് സംഭവിച്ചതെന്ന് എം.ടി ഒരിക്കലും ചോദിച്ചിട്ടില്ല. പൊതുവേദിയില്‍ അന്നങ്ങനെ സംഭവിച്ചുപോയി എന്നത് എനിക്ക് ഉള്‍ക്കൊള്ളാനോ ന്യായീകരിക്കാനോ കഴിയുന്നതായിരുന്നില്ല. അതേക്കുറിച്ച് ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടേയിരുന്നു. ആദ്യമായി എം.ടി എന്റെ കാര്യത്തില്‍ ഒരു അഭിപ്രായം ശ്രീറാമിനോട് പറഞ്ഞു: ''അവര്‍ക്ക് കുറച്ച് റെസ്റ്റ് ആവശ്യമാണ്. നല്ലൊരു ഡോക്ടറെ കാണിച്ച് വേണ്ടത് ചെയ്യാം.'' എം.ടിയുടെ അഭിപ്രായം ഞാന്‍ അകത്തിരുന്ന് കേട്ടു. കുറച്ചുകാലത്തേക്ക് എന്റെ ഉത്തരവാദിത്തത്തില്‍ വേദികള്‍ ഏറ്റെടുക്കുന്നില്ല, ഞാന്‍ വിട്ടുനില്‍ക്കുകയാണ് എന്ന തീരുമാനം സ്വയമെടുത്തു. എം.ടി പറഞ്ഞ റെസ്റ്റ് അതുതന്നെയാണല്ലോ. കലാമണ്ഡലം സരസ്വതി എന്ന പേര് മനസ്സില്‍ ഒരു മുഴക്കമായി നില്ക്കുന്നതുപോലെ തോന്നി.

എന്റെ അടച്ചിരിപ്പ് എം.ടിയെ അസ്വസ്ഥനാക്കിയിരുന്നു. എം.ടിയുടെ മൗനം പോലെ ക്ഷമയും ഞാന്‍ അടുത്തറിഞ്ഞ നാളുകളായിരുന്നു അത്. എം.ടിയ്ക്ക് ഒരു രോഗിയെ നന്നായി പരിപാലിക്കാനറിയാം. ഭക്ഷണം കഴിക്കുമ്പോഴും വിശ്രമിക്കുമ്പോഴും, കൃത്യമായി ഡോക്ടറെ കാണുന്നതിലും എല്ലാം എം.ടിയുടെ ശ്രദ്ധയനുഭവിച്ചു. എന്നാല്‍ ഒരു അമ്മയുടെ കരുതല്‍ തിരികെ കിട്ടിയതായിരുന്നു എനിക്കേറെ ആശ്വാസം തന്നത്. അശ്വതിയായിരുന്നു ആ അമ്മ. പ്രസവിച്ച് ഇരുപത്തിയെട്ടാം ദിവസം മുതല്‍ എന്റെ അമ്മയെ ഏല്‍പ്പിച്ചുപോയതാണ് ഞാന്‍ അവളെ. കൊഞ്ചിക്കാനറിയാത്തതുകൊണ്ടുതന്നെ സ്നേഹത്തിന്റെ പ്രകടനപരതയൊന്നും അവള് അനുഭവിച്ചിട്ടില്ല. പക്ഷേ കാലം അതിന് പകരം വീട്ടി. നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താണുപോകുന്ന മനസ്സിനെ അവളായിരുന്നു രണ്ടുകൈകളിലും മുറുകെപ്പിടിച്ച് സുരക്ഷിതമാക്കിയത്. പൂര്‍ണമായും അശ്വതിയുടെ സംരക്ഷണത്തിലായിരുന്നു പിന്നീടുള്ള എന്റെ നാളുകള്‍. ചെറുപ്പം തൊട്ടേ കൂട്ടുകുടുംബത്തില്‍ വളര്‍ന്നുവന്ന എനിക്ക് തളര്‍ച്ച വരുമ്പോള്‍ താങ്ങാന്‍ നാലുപാടും കരങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ അശ്വതിയുടെ കാര്യത്തില്‍ നേരെ തിരിച്ചായിരുന്നു. അവള് എല്ലാം സ്വന്തമായി കൈകാര്യം ചെയ്തു. ആരുടെയും സഹായം ആവശ്യമില്ലായിരുന്നു. എപ്പോഴാണ് ഇത്രയും സ്വയംപര്യാപ്തമായത് എന്ന് ഞാനോര്ത്തുനോക്കിയിട്ടുണ്ട്. ഞാനെന്തു കാര്യത്തിലായിരുന്നു അവളെ സഹായിച്ചത് എന്ന എതിര് ചോദ്യമാണ് മനസ്സിലുയര്‍ന്നത്. അതൊരു ഓര്‍മപ്പെടുത്തലായിരുന്നു എനിക്ക്; കാലത്തിന്റെ.
എം.ടിയും അശ്വതിയും കൂടി ഒരു ന്യൂറോ സര്ജന്റെയടുക്കല് കൊണ്ടുപോയി. നാഡീസംബന്ധമായ ഒരു പ്രശ്നം പയ്യെ തലപൊക്കിത്തുടങ്ങുന്നു. സ്ഥിരമായി മരുന്ന് കഴിക്കണം. ടെന്‍ഷന്‍ വരാന്‍ പാടില്ല. നന്നായി ഉറങ്ങണം, കൃത്യമായി മരുന്നു കഴിക്കണം. കുറച്ച് അധികം കാലം തന്നെ മരുന്ന് തുടരേണ്ടി വരും...നിര്‍ദ്ദേശങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെയുണ്ടായിരുന്നു. എം.ടിയുടെ സാമീപ്യം ആ അവസരത്തിലാണ് എനിക്കേറ്റവും കൂടുതലായി അനുഭവപ്പെട്ടത്. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാല്‍ മിണ്ടുന്ന എം.ടി വിശേഷങ്ങള്‍ ഇങ്ങോട്ട് പറയാന്‍ തുടങ്ങി. പലതും എം.ടിയുടെ തറവാട്ടിലെ കാര്യങ്ങളാണ്, സുഹൃത്തുക്കളെപ്പറ്റിയാണ്, കലയും സാഹിത്യവുമൊന്നും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് വലിയ കാര്യമൊന്നുമില്ലല്ലോ.
(തുടരും)
തയ്യാറാക്കിയത്:ഷബിത
Content Highlights: saraswatham autobiography of kalamandalam saraswathy part 24
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..