-
ബോളിവുഡില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം നേടിയ താരപുത്രിയാണ് നടി സാറ അലി ഖാന്‍. അച്ഛന്‍ സെയ്ഫ് അലി ഖാനും അമ്മ അമൃത സിങ്ങും തന്റെ കുട്ടിക്കാലത്തു തന്നെ പിരിഞ്ഞതാണെങ്കിലും ഇരുവരുടേയും കരുതലും സ്‌നേഹവുമാണ് തന്റെ വളര്‍ച്ചയ്ക്കു പിന്നിലെന്ന് താരം എപ്പോഴും പറയാറുണ്ട്. ഒറ്റയ്ക്ക് വളര്‍ത്തിയ അമ്മയോട് ഒരു പ്രത്യേക ഇഷ്ടക്കൂടുതല്‍ ഉണ്ടെന്നു പറയാറുള്ളപ്പോഴും അച്ഛന്‍ സെയ്ഫിനെ ചേര്‍ത്തുനിര്‍ത്താനും സാറ മറക്കാറില്ല. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും സാറയുടെ അച്ഛനോടുള്ള സ്‌നേഹമാണ്.
കുറച്ചുദിവസം മുമ്പ് ഒരു അഭിമുഖത്തിനിടെയാണ് അമൃതയുമായുള്ള വിവാഹമോചനത്തേക്കുറിച്ച് സെയ്ഫ് പങ്കുവച്ചിരുന്നത്. ഇങ്ങനെയായിരുന്നെങ്കിലും താന്‍ ഒരുതരത്തിലും മക്കള്‍ക്ക് മുന്നില്‍ അസാന്നിധ്യത്തിലുള്ള അച്ഛനായിരുന്നില്ലെന്നും സെയ്ഫ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തോടു പ്രതികരിച്ചിരിക്കുകയാണ് സാറയിപ്പോള്‍.
'' എന്റെ ഇരുപതുകളില്‍ ഞാന്‍ പല കാര്യങ്ങളിലും ചിലപ്പോള്‍ ഉത്തരവാദിത്തം കാണിച്ചിട്ടില്ലായിരിക്കാം. പക്ഷേ എന്റെ മക്കള്‍ക്കു വേണ്ടി കഴിയുന്നതിന്റെ പരമാവധി ചെയ്യാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അവര്‍ക്കു മുന്നില്‍ അസാന്നിധ്യത്തിലുള്ള അച്ഛനാണ് ഞാനെന്ന് എനിക്കു തോന്നിയിട്ടില്ല''- എന്നായിരുന്നു സെയ്ഫിന്റെ പരാമര്‍ശം.
അച്ഛനെ തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം തന്നെപ്പോലെയാണെന്നുമാണ് സാറയുടെ പ്രതികരണം. '' ഞാന്‍ എന്റെ അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഒരു വികാരം കാണിക്കാന്‍ ഒരുപാട് സമയമുണ്ടെങ്കില്‍ അതു വളരെ എളുപ്പമായിരിക്കും. അമ്മ എന്നെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് ദിവസവും കാണിക്കാന്‍ കഴിയുമായിരുന്നു, പക്ഷേ ഞാന്‍ എന്റെ അച്ഛനോടൊപ്പം ജീവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം വികാരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് അനുഭവിച്ചിട്ടില്ല. പക്ഷേ അദ്ദേഹം നല്ലൊരു അച്ഛനായിരുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയും. ഞങ്ങള്‍ക്കൊപ്പം ജീവിച്ചില്ലെങ്കിലും അദ്ദേഹം വേണ്ടസമയത്തെല്ലാം കൂടെയുണ്ടാകുമായിരുന്നു. ഞങ്ങളുടെ കൂടെ അധികം ജീവിച്ചിട്ടില്ലെന്ന തോന്നല്‍ ഉണ്ടാക്കാതിരുന്നതുകൊണ്ടു തന്നെ അദ്ദേഹം പ്രത്യേകം സ്‌നേഹം അര്‍ഹിക്കുന്നുണ്ട്. ഒരു ഫോണ്‍കോളിനപ്പുറം എപ്പോഴും ഉണ്ടാകുമായിരുന്നു, അതു വളരെയധികം ആശ്വാസവും നല്‍കിയിരുന്നു.''- സാറ പറഞ്ഞു.
Content Highlights: Sara Ali Khan opens up on Saif Ali Khan's 'absentee father' comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..