സഞ്ജു ഹരോൾഡ്|special arrangement
റോളര്‍ സ്‌കേറ്റിങ് സഞ്ജു ഹാരോള്‍ഡിന് തമാശയല്ല..ഒന്നിനുപിന്നാലെയൊന്നായി അവന്‍ വാരിക്കൂട്ടിയ മെഡലുകളാണ് അതിനുത്തരം തരുന്നത്. അവന്റെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് ഒരോ വിജയത്തിലേയ്ക്കും അവനെ കൈപിടിച്ചു നടത്തിയത്. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ സഞ്ജുവിന് എട്ടുവര്‍ഷം മുന്‍പ് റോളര്‍ സ്‌കേറ്റിങ്ങ് പഠിച്ചെടുക്കുന്നതും ഒട്ടും എളുപ്പമായിരുന്നില്ല.
എന്നാല്‍ ഇന്നവന്‍ തൊടുന്നതിനെല്ലാം വിജയത്തിന്റെ തിളക്കമാണ്.ഹൈദ്രാബാദില്‍ നടന്ന ഡൗണ്‍ സിന്‍ഡ്രോം നാഷണല്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും വെങ്കലവും, ഹരിയാ\ണയില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു വെള്ളിമെഡലുകള്‍, ബംഗളൂരുവില്‍ വെച്ച് നടന്ന റോളര്‍ സ്‌കേറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം ഇങ്ങനെ നീളുന്നതാണ് അവന്റെ വിജയഗാഥ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുജന്‍ ഷാനിന്റെ സ്‌കേറ്റിങ്ങ് ക്ലാസ് കാണാനിറങ്ങിയ സഞ്ജുവും സ്‌കേറ്റിങ്ങ് പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അതൊട്ടും എളുപ്പമായിരുന്നില്ല, ഓരോ വീഴ്ച്ചയില്‍ നിന്നും കൂടുതല്‍ ആത്മവിശ്വാസത്തോടെ എഴുന്നേറ്റുനിന്നു.സഞ്ജുവിന്റെ കാലിടറി പോകാതിരിക്കാന്‍ ഷാന്‍ കൂടുതല്‍ മുറുകേപ്പിടിച്ചു.
.jpg?$p=8a6554b&&q=0.8)
'അവരങ്ങനെയാണ് കൂട്ടുകാരെപ്പോലെ, ഷാന്‍ ചെയ്യുന്നതൊക്കെ സഞ്ജുവിനെ പഠിപ്പിക്കും. അവനുണ്ടേല്‍ സഞ്ജുവിനും ഉത്സാഹമാണ്-അമ്മ നെക്‌സിയുടെ വാക്കുകളില്‍ സ്‌നേഹം നിറഞ്ഞു. ദിവസവും കൃത്യമായി മഹാരാജ ക്ലബ്ബില്‍ കോച്ച് കെ.എസ്.സുധീറിന്റെ നേതൃത്വത്തില്‍ സഞ്ജു പരീശീലനത്തിന് പോകും.
അനിയനൊപ്പം വാശിയ്ക്കാണ് പരിശീലനം. കാക്കനാട് സ്‌നേഹനിലയം സ്‌പെഷ്യല്‍ സ്‌കൂളിലാണ് സഞ്ജു പഠിക്കുന്നത്. 22 വയസുകാരനായ സഞ്ജു കലാമത്സരങ്ങളിലും അതീവ തത്പരനാണ്. സ്‌കൂളിലെ പരിപാടികളിലെല്ലാം അവന്‍ മുന്നില്‍തന്നെയുണ്ട്. ബാന്റായാലും ചെണ്ടയായാലും എന്തിനും സഞ്ജു മുന്നിട്ടിറങ്ങും-അമ്മയുടെ വാക്കുകളില്‍ അഭിമാനം.
.jpg?$p=8384990&&q=0.8)
നൃത്തവും അഭിനയവും അതേപോലെ സഞ്ജുവിന്റെ പ്രിയപ്പെട്ട മേഖലയാണ്. അടുത്ത് മാസം റിലീസിനൊരുങ്ങുന്ന അഞ്ചു സെന്റും സെലീനയും എന്ന ചിത്രത്തിലും സഞ്ജു വേഷമിട്ടു. ജെക്‌സണ്‍ ആന്റണിയാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലും സജീവമാണ് സഞ്ജു. നൃത്തവും റീല്‍സുമൊക്കെയായി അവന്‍ തിരക്കിലാണ്.
.jpg?$p=74dd70a&&q=0.8)
സ്‌കേറ്റിങ് ഷൂവിട്ടാലും പാട്ട് കേട്ടാല്‍ അവന്‍ നൃത്തം ചെയ്യും. ഭിന്നശേഷിക്കാരനായ മകനെ എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പിതാവ് ഹരോള്‍ഡ് പോളും മുന്നില്‍ തന്നെയാണ്. 'ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള മത്സരങ്ങള്‍ ഇപ്പോഴാണ് സജീവമാകുന്നത്.അതിന് മുന്‍പും സഞ്ജു മത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുത്തിരുന്നു.സ്വര്‍ണമൊന്നും കിട്ടിയില്ലെങ്കിലും അവന്‍ പങ്കെടുക്കുന്നുവെന്നതായിരുന്നു വലിയ സന്തോഷം'-നെക്‌സി പറഞ്ഞു.
മകന്റെ വിജയങ്ങള്‍ക്ക് താങ്ങും തണലുമായി പിതാവ് ഹരോള്‍ഡ് പോളും കൂടെ തന്നെയുണ്ട്. സഞ്ജുവിന്റെ മത്സരങ്ങള്‍ക്കായി കുടുംബസമേതമാണ് യാത്രകളെല്ലാം തന്നെ. സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനാണ് ഹരോള്‍ഡ്. എറണാകുളം കത്രൃക്കടവിലാണ് താമസം.
Content Highlights: roller skating, Sanju harold, Down Syndrome,Down Syndrome National Games , differently abled
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..