സാനിയ മിർസ മകനൊപ്പം | Photo: instagram/ sania mirza
ഇന്ത്യയുടെ ടെന്നീസ് ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടത്തിന് ഉടമയാണ് സാനിയ മിര്‍സ എന്ന ഹൈദരാബാദുകാരി. മഹേഷ് ഭൂപതിക്കും രോഹന് ബൊപ്പണ്ണയ്ക്കുമൊപ്പം ലോക ടെന്നീസ് വേദികളില്‍ ഇന്ത്യക്ക് മേല്‍വിലാസമുണ്ടാക്കി കൊടുത്ത താരം. സുവര്‍ണ കാലത്തിന് ശേഷം ഇപ്പോള്‍ കരിയറിന് വിരാമമിടാന്‍ ഒരുങ്ങുകയാണ് ഈ 36-കാരി.
2022 അവസാനത്തോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സാനിയ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യു.എസ് ഓപ്പണിന് മുന്നോടിയായി പരിക്കേറ്റതോടെ താരം വിരമിക്കല്‍ പദ്ധതിയില്‍ മാറ്റം വരുത്തി. ഇപ്പോഴിതാ ഈ വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ഓപ്പണോടെ ടെന്നീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സാനിയ പറയുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാന ഗ്രാന്സ്ലാം ടൂര്‍ണമെന്റാകുമെന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആറാം വയസ്സില്‍ തുടങ്ങിയ പോരാട്ടം അവസാന ഘട്ടത്തില്‍ എത്തി നില്ക്കുമ്പോള് തന്റെ കണ്ണുകള്‍ നിറയുകയാണെന്നും ഇരുപത് വര്‍ഷങ്ങളാണ് പിന്നിട്ടതെന്നും സാനിയ കുറിപ്പില്‍ പറയുന്നു. ഈ കരിയറില്‍ തനിക്ക് എല്ലാ പിന്തുണയും നല്കി കൂടെ നിന്ന കുടുംബത്തോടും ടീമിനോടും കോച്ചുമാരോടും ഒരുപാട് നന്ദിയുണ്ടെന്നും മകന് തന്നെ ഏറ്റവും ആവശ്യമുള്ള സമയമാണ് ഇതെന്നും സാനിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പമാണ് സാനിയ കരിയറിലെ ആദ്യ ഗ്രാന്സ്ലാം കിരീടം നേടുന്നത്. 2016-ല്‍ മെല്‍ബണ്‍ പാര്‍ക്കില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പമായിരുന്നു അവസാന ഗ്രാന്സ്ലാം നേട്ടം. ഇതിനിടയില്‍ ആറ് ഗ്രാന്സ്ലാം കിരീടങ്ങള്‍ താരം അക്കൗണ്ടിലെത്തിച്ചു.
'മുപ്പത് (അതെ, 30!) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലെ നസര്‍ സ്കൂളില്‍ പഠിക്കുകയായിരുന്ന ആറ് വയസ്സുള്ള പെണ്‍കുട്ടി അവളുടെ മാതാവിനൊപ്പം നിസാം ക്ലബ്ബിലെ ടെന്നീസ് കോര്‍ട്ടിലേക്ക് കടന്നുചെന്നു. ടെന്നീസ് കളിപ്പിക്കാന്‍ തന്നേയും പഠിപ്പിക്കണമെന്ന് പരിശീലകനോട് വഴക്കിട്ടു. അവള് നന്നെ ചെറുപ്പമാണെന്നായിരുന്നു പരിശീലകന്റെ മറുപടി. സ്വപ്നങ്ങളിലേക്കുള്ള പോരാട്ടം അങ്ങനെ ആറാം വയസ്സില്‍ തുടങ്ങുകയായിരുന്നു.
2005-ലെ ഓസ്ട്രേലിയന്‍ ഓപ്പണോടെയാണ് എന്റെ ഗ്രാന്സ്ലാം യാത്ര തുടങ്ങിയത്. അതുകൊണ്ട് എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഗ്രാന്സ്ലാം ഇതായിരിക്കുമെന്ന് പറയാതെവയ്യ. ഞാന്‍ ആദ്യമായി ഗ്രാന്സ്ലാം കളിച്ചത് 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അവസാന ഗ്രാന്സ്ലാം കളിക്കാന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. അതിനുശേഷം ഫെബ്രുവരിയില്‍ ദുബായ് ഓപ്പണും. എന്നില്‍ നിരവധി വികാരങ്ങള്‍ മിന്നിമായുന്നുണ്ട്. എന്റെ പ്രൊഫഷണല്‍ കരിയറിലെ കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരോടും ഞാന്‍ വളരെയധികം നന്ദിയുള്ളവളാണ്.
ജീവിതം മുന്നോട്ടുപോകുക തന്നെ വേണം. ഇത് ഒന്നിന്റേയും അവസാനമായി ഞാന്‍ കാണുന്നില്ല. ഇനിയുമേറെ ഓര്‍മകള്‍ കാത്തിരിപ്പുണ്ട്. അതിന്റെ തുടക്കം മാത്രമാണിത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക തന്നെവേണം. പുതിയ ലക്ഷ്യങ്ങള്‍ സജ്ജമാക്കണം. കുഞ്ഞിന് എന്നെ ഏറ്റവും അധികം ആവശ്യമുള്ള സമയമാണിത്. എനിക്കിതുവരെ അവന് നല്കാന് കഴിഞ്ഞതില്‍ കൂടുതല്‍ സമയം ഇനി നല്‍കണം. ഇത് പുതിയ തുടക്കമാണ്. ഈ മത്സരവും ആഘോഷിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. സ്നേഹം'-സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ സാനിയ പറയുന്നു.
ഈ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കസാഖ്സ്താന്റെ അന്ന ഡാനിലിനക്കൊപ്പമാണ് സാനിയ വനിതാ ഡബിള്‍സില്‍ കളിക്കുക. ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിള്‍സിലും കളിക്കും.
Content Highlights: sania mirza announces retirement with a heart melting note and her bond with son
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..